Saturday, 4 March 2017

ദുനിയാവ് from FB

അഞ്ചു മനോഹര പുഷ്പങ്ങൾ
വിരിഞ്ഞു നില്ക്കേണ്ട ഒരുദ്യാനമാണ്
ഈ ദുനിയാവ്.
പണ്ഡിതരുടെ ജ്ഞാനം,
നേതാക്കളുടെ നീതി, 
അടിമകളുടെ ആരാധന,
വ്യാപാരികളുടെ വിശ്വസ്തത, തൊഴിലാളികളോടു ഗുണകാംക്ഷ എന്നിവയാണവ.
എന്നാൽ.. പിശാചു വന്ന് തന്റെ കൊടിയടയാളങ്ങൾ അവയ്ക്കു നേരെ സ്ഥാപിച്ചു!
ജ്ഞാനത്തിനു സമീപം അഹന്തയും, നീതിയ്ക്കെതിരെ അക്രമവും, ആരാധനയോടൊപ്പം പ്രകടനാത്മകതയും, വിശ്വസ്തയ്ക്കു സമീപം വഞ്ചനയും, ഗുണകാംക്ഷയ്ക്കു പകരം ചൂഷണവും കൊണ്ടുവന്നു വെച്ചു!!
(ഇമാം റാസി)


അവധിക്കാലം :
മുതിർന്ന വിദ്യാർത്ഥികൾ 
വളരെ അവശ്യം അറിഞ്ഞിരിക്കേണ്ടത് 

എസ്എസ്എൽസി,  പ്ലസ് വൺ,  പ്ലസ്ടു പരീക്ഷകൾ കഴിഞ്ഞു. ഇനിയോ  ? അവധിക്കാലം.  അതെങ്ങിനെ ചെലവഴിക്കാമെന്ന മൂഡിലായിരിക്കും എല്ലാ കുട്ടികളും.

ഒരു കാര്യം പറയട്ടെ, ഈ വിഷയത്തിൽ  മറ്റുജില്ലകളിലെ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു ധാരണ  ഉണ്ട്. വ്യക്തമായ കാഴ്ചപ്പാടുണ്ട്. നല്ല പ്ലാനിങ്ങുണ്ട്. അതിന്റെ ചുവടൊപ്പിച്ചാണ് അവർ ഈ അവധിക്കാലവും സജീവമാക്കുക. 

ഒന്ന് മുതൽ  ഒമ്പത്  വരെയുള്ള ക്‌ളാസ്സുകളിൽ പഠിക്കുന്ന  കുട്ടികളുടെ അവധിക്കാലം എങ്ങിനെ  സക്രിയമാക്കണമെന്ന് അവർക്കറിയാം,  പത്ത്, പ്ലസ് 1, പ്ലസ് 2 കഴിഞ്ഞ കുട്ടികളുടെ കാര്യം പിന്നെ പറയേണ്ടല്ലോ.

അതെങ്ങിനെ ? അവധിക്കാലത്തും പഠിപ്പോ ? കൊള്ളാലോ, ഓരോരൊ പുതിയ വഴിമുടക്കി കേസ്കെട്ടുകൾ ! കാസർകോട്ടുള്ള കുട്ടികൾക്ക് ചിലർക്കെങ്കിലും ഇങ്ങനെ  തോന്നുക സ്വാഭാവികം. അത്കൊണ്ട്  ഇവിടെ  വായന നിർത്തുന്നവർക്ക് നിർത്താം. അല്ലാത്തവർക്ക് അടുത്ത പാരഗ്രാഫിലേക്ക് വരാം. 

കുട്ടികളുടെ അവധിക്കാലാഘോഷവുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള സമീപനരീതിയിൽ ചെറിയ മാറ്റം വരുത്തിയാൽ, ഇവ്വിഷയം  അൽപം പോസിറ്റീവായി ആലോചിച്ചാൽ, തീരാവുന്ന തോന്നലുകൾ മാത്രമാണവ മുഴുവൻ.  പക്ഷെ, ആര് മുന്നിട്ടിറങ്ങും ?  പഠനത്തോടൊപ്പം അവധിക്കാലവും രസകരമായി ചെലവഴിക്കുന്ന രീതിയിലേക്ക് കുട്ടികളെ കൈപിടിച്ചു കൊണ്ട് വരൻ രക്ഷിതാക്കൾ മുൻകൈ എടുക്കണം.  

പഠനത്തോടൊപ്പം വിനോദം, തൊഴിലിനോടൊപ്പം വിനോദം, സേവനത്തോടൊപ്പം വിനോദം. ഇപ്രാവശ്യത്തെ അവധിക്കാലം ഇങ്ങനെയാക്കിയാലോ ?  പ്രത്യേകിച്ച് 10,11, 12 ക്‌ളാസ്സുകളിലെ കുട്ടികൾ ഈ വഴിക്ക് തീർച്ചയായും ആലോചിക്കണം. രക്ഷിതാക്കളുടെ സപ്പോർട്ട് കൂടിയാകുമ്പോൾ കാര്യങ്ങൾ എളുപ്പമായി, പുതിയ അനുഭവവുമായി. 

അപ്പോൾ കളിക്കണ്ടേ ? കുടുംബക്കാരെ കാണണ്ടേ ? ഒരു കൊല്ലം മുമ്പ് നിശ്ചയിച്ച ഫാമിലി ടൂറും ക്യാൻസൽ ചെയ്യണമെന്നാണോ ? തീരുമാനിച്ചുറപ്പിച്ച  ടൂർണമെന്റ് എന്ത് ചെയ്യും ? ഇമ്മാതിരി ചോദ്യങ്ങളും ആശങ്കകളും പ്രത്യേകിച്ച് ആൺപിള്ളേർക്ക് ഉണ്ടാവുക സ്വാഭാവികം; അവരുടെ ഭാഗത്ത്  ഞായവുമാണ്.

ആദ്യം മനസ്സിലാക്കേണ്ടത് ഇവിടെ നിങ്ങളുടെ ഒരു പ്രോഗ്രാമും ക്യാൻസൽ ആകുന്നില്ല, ആക്കുന്നുമില്ല. പകരം, കുറച്ചുകൂടി കരുതലോടെ  ഇവയൊക്കെ  നടക്കാനുള്ള സൗകര്യമൊരുക്കുന്നു. അതെങ്ങിനെ ?  ഇനിയുള്ള വരികളിലേക്ക് രക്ഷിതാക്കളും കുട്ടികളും ഒരുപോലെ കണ്ണ് മാറാതെ വായിച്ചാൽ അതെങ്ങനെയെന്ന് ഓരോരുത്തർക്കും അവരവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കി വ്യക്തമായ പ്ലാനിംഗ് ഉണ്ടാക്കാൻ സാധിക്കും.

ഒരു ദിവസത്തെ നാം രണ്ടു പകുതിയാക്കുന്നു. നമുക്ക് പകൽ മതി. അതിനെ വീണ്ടും നേർപകുതി. ഒരു പകുതി കളിച്ചാർമാദിക്കാൻ. മറ്റെ പകുതിയോ? അത് നേരത്തെ പറഞ്ഞ ഏർപ്പാടിന്,  നാമെന്താണ് തെരഞ്ഞെടുക്കുന്നത് അതിന്.

ആ പകുതി എങ്ങിനെ വിനിയോഗിക്കണം ? പഠനത്തിന് മുൻ‌തൂക്കം നൽകി ഇവിടെ സംസാരിക്കാം.  ഉച്ചയ്ക്ക് മുമ്പ് ഏതാണ് ഉച്ചയ്ക്ക്   ശേഷമേതാണ്  എന്ന് തീരുമാനിക്കാൻ കുട്ടികൾ അവസരം നൽകുക.  ഒന്ന് വിനോദത്തിനു, മറ്റൊന്ന് പഠനത്തിന്.  രാത്രി ? ഇറ്റ് ഈസ് ആസ് യൂഷുവൽ, സാധാരണയുള്ളത് പോലെ. മാത്രമല്ല സാധാരണ സ്‌കൂൾ ദിവസങ്ങളിലുണ്ടാകാറുള്ള  ഹോംവർക്ക് സ്വാഭാവികമായും രാത്രിയിൽ  കുറയും.  ശനി,  ഞായർ ദിവസങ്ങൾ  വെറുതെ വിടുക.  തുടക്കത്തിലോ ഒടുക്കത്തിലോ ഒരു ആഴ്ചക്കാലം നിങ്ങൾ കാലേകൂട്ടി നിശ്ചയിച്ച ഫാമിലി ടൂറുമായാൽ അവധിക്കാലം അടിപൊളി.  പാൽ പായസത്തിനൊപ്പം അടപ്രഥമൻ കൂടി കിട്ടിയ  സന്തോഷം !

പത്താം ക്‌ളാസ്സ് പരീക്ഷ എഴുതിയ മിക്കവാറും കുട്ടികളും പാസ്സാകും. അതിൽ ആർക്കും സംശയമില്ലല്ലോ. അതിൽ ബാക്കിയായ അഞ്ചു ശതമാനക്കാർ  തൊട്ടടുത്ത ''സേ'' പരീക്ഷയിൽ കരപറ്റുകയും ചെയ്യും. അതൊക്കെ ശരിയാണ്. പക്ഷെ,  ഇപ്പോഴത്തെ ട്രെൻഡ് എല്ലാവർക്കുമറിയാമല്ലോ, if your performance is above average,  you will  survive. നമ്മുടെ കാര്യക്ഷമത എങ്ങിനെ ? അതിനനുസരിച്ചാണ് ബാക്കികാര്യങ്ങൾ. അത്കൊണ്ട്  അതിജീവനത്തിന്റെ പുതിയ വഴികൾ തേടിയേ തീരൂ. ഏറ്റവും നന്നായി perform ചെയ്യുക എന്നതാണ് ഇവിടെ വിഷയം. 

ഞങ്ങൾ റെഡി, അതിനെന്ത് ചെയ്യണം ? രക്ഷിതാക്കളും കുട്ടികളും ഇതൊക്കെ വായിച്ചു മുന്നോട്ട് വരിക  സ്വാഭാവികം. ഉത്തരം -  ഉപരിപഠനത്തെ കുറിച്ചുളള ആലോചന ഇപ്പോഴേ തുടങ്ങുക.  ഏത് സ്ട്രീം തെരെഞ്ഞെടുക്കണം ? ഏതാണ് ഇഷ്ടവിഷയം ? നിലവിലുള്ള സാധ്യതകൾ ? അങ്ങിനെയങ്ങിനെ ഒരുപാട് കാര്യങ്ങൾ.  സയൻസ് ? ആർട്സ് ? കൊമേഴ്സ് ? സയൻസിൽ തന്നെ കണക്ക് കൂടി വേണോ ? ബയോളജി മാത്രമായി മതിയോ ? ഹ്യൂമാനിറ്റിസിന്റെ ടെസ്റ്റ്ഗ്രാഫ് ? തൊഴിലധിഷ്ഠിത കോഴ്‌സിന്റെ സാധ്യതകൾ. ഇതേ കുറിച്ച് പറ്റാവുന്ന ഡാറ്റകൾ എടുക്കുക.   പത്തിൽ നിന്നാണല്ലോ ഇവയിലേക്കൊക്കെ നാം വഴിപിരിയുന്നത്.

പ്ലസ് ടു വിദ്യാർത്ഥികളും, പ്രത്യേകിച്ച് സയൻസ് സ്ട്രീം തെരെഞ്ഞെടുത്ത കുട്ടികൾ എൻട്രൻസിന്റെ മുന്നൊരുക്കം തുടങ്ങണ്ടേ ?. ആ പരീക്ഷയും തൊട്ടടുത്താണല്ലോ. മുൻ വർഷങ്ങളേക്കാളും കുറച്ചു കൂടി സെലെക്ടിവ് ആയ കുട്ടികളാണ് മെഡിക്കൽ-എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയ്ക്ക് ഇരിക്കുന്നത് എന്ന പ്രത്യേകത കൂടി ഇപ്പ്രാവശ്യം ഉണ്ട്. എൻട്രൻസ് പരിശീലനത്തിന് മാത്രമായി വിവിധയിടങ്ങളിൽ ക്റാഷ് കോഴ്‌സുകൾ, കോച്ചിങ് സെന്ററുകളും മറ്റുമുണ്ട്.  പ്ലസ്‌ടു ബോർഡ് സംവിധാനം വരുന്നതിന് മുമ്പ്,അതത്  സയൻസ്കോളേജുകളിൽ പ്രീഡിഗ്രി കുട്ടികൾക്ക്മെഡിക്കൽ-എഞ്ചിനീയറിങ് എൻട്രൻസ് പരിശീലന ക്‌ളാസ്സുകൾ നടത്തുക പതിവുണ്ടായിരുന്നു. സാധാരണ പരീക്ഷയ്ക്ക് തയ്യാറെടുക്കേണ്ട രീതിയിലല്ല ഇത്തരം പരീക്ഷകളെ കുട്ടികൾ നോക്കികാണേണ്ടത് എന്നത് കൊണ്ടായിരുന്നു അന്നാ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നത്. അത്കൊണ്ട് നിലവിൽ ചെയ്യാൻ പറ്റുന്നത്,   ഏറ്റവും നല്ല പരിശീലനം നൽകുന്ന നല്ല ഫാക്കൽറ്റിയുള്ള സെന്ററുകൾ തപ്പിപ്പിടിച്ചു അതിനുള്ള മുന്നൊരുക്കങ്ങൾ ചെയ്യുക എന്നതാണ്. 

കുട്ടികൾ തയ്യാറാകണമെങ്കിൽ, രക്ഷിതാക്കൾ കൂടി ഇത് ഗൗരവത്തിലെടുക്കണ്ടേ ?  ശരിയായ സമയത്ത് സപ്പോർട്ട്  നൽകാൻ രക്ഷിതാക്കൾക്ക് പറ്റുന്നില്ല എന്നതാണ് കാസർകോടും മറ്റു ജില്ലകളും തമ്മിലുള്ള വ്യത്യാസം. പഠിച്ചു സെര്ടിഫിക്കറ്റ് കിട്ടിയതിന്റെ പിറ്റേദിവസം തന്നെ പണിയും കിട്ടണം, പക്ഷെ അങ്ങിനെയാർക്കും പണിയും കിട്ടുന്നില്ലെന്ന  വലിയ തെറ്റുധാരണ തലയിൽ കൊണ്ട്നടക്കുന്നത് കൊണ്ടാണ് പല രക്ഷിതാക്കളും ഈ വിഷയത്തിൽ അല്പം പിന്നോക്കമെന്നു തോന്നുന്നു. അത് പിന്നത്തെ കാര്യം. ആദ്യം രക്ഷിതാക്കൾ കുട്ടികൾക്ക് ഒരു ധാർമിക പിന്തുണ നൽകട്ടെ. 

 ഇപ്പോൾ  അഖിലേന്ത്യാടിസ്ഥാനത്തിൽ മെഡിക്കൽ-എൻജിനിയറിങ്ങിന്  ഒരൊറ്റ എൻട്രൻസ് പരീക്ഷ മാത്രമേയുള്ളൂ. വെക്കേഷൻ സമയം അതിനായി ശരിയായ രൂപത്തിൽ  വിനിയോഗിച്ചാൽ മാത്രമേ കുട്ടികൾക്ക് ഇഷ്ടപ്പെട്ട സ്ട്രീം ഇഷ്ടമുള്ളിടത്ത്  ലഭിക്കുകയുള്ളൂ.  ചിട്ടയോടു കൂടിയുള്ള പഠനവും കോച്ചിങ്ങും വളരെ ആവശ്യപ്പെടുന്ന സമയം കൂടിയാണിത്. 

രക്ഷിതാക്കൾ   ചില കുട്ടികളെ പരാതി പറയുന്നത് കണ്ടില്ലേ  ? പത്ത് വരെ മിടുക്കനും  മിടുക്കിയുമായിരുന്നു, പതിനൊന്ന് തൊട്ടാണ് പഠിത്തത്തിൽ പിന്നോട്ടു പോയതെന്ന്.  മനസ്സിലാക്കേണ്ടത് പത്ത് വരെയുള്ള പഠിത്തം പോലെയല്ല  തുടർന്നങ്ങോട്ടുള്ള ഉപരിപഠനം.  പതിനൊന്ന് തൊട്ട്  വിഷയങ്ങൾ കൂടുതൽ സ്പെസിഫൈഡ് ചെയ്തു പഠിക്കാൻ ആരംഭിക്കുകയാണ്. ചിലത് നാം അവിടന്നങ്ങോട്ട് പഠിക്കുന്നേയില്ല, ചിലതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നു.  ആ ഒരു പഠന അന്തരീക്ഷവുമായി താദാത്മ്യം പ്രാപിക്കണമെങ്കിൽ  മുന്നൊരുക്കമുണ്ടായേ തീരൂ.  അനുഭവസമ്പത്തുള്ള ഫാക്കൽറ്റി നടത്തുന്ന  ക്രാഷ് കോഴ്‌സുകൾ വലുതായി ഉപകരിക്കുമെന്ന് അനുഭവമുള്ള കുട്ടികൾ പറഞ്ഞു തരും, പ്രത്യേകിച്ച് സയൻസ് വിഷയങ്ങൾ തെരഞ്ഞെടുത്തു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ഫലം ചെയ്യും. 

കൂട്ടത്തിൽ പറയട്ടെ, ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ളത് സയൻസ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് തന്നെയാണ്. ആർട്സ്, കൊമേഴ്‌സ് വിഷയങ്ങൾക്ക് സാധ്യതയില്ലെന്ന് ഇപ്പറഞ്ഞതിന് അർത്ഥവുമില്ല.  വായനയിൽ  താൽപര്യമുള്ളവർക്ക് സയൻസേതര വിഷയങ്ങൾ തെരെഞ്ഞെടുക്കുന്നതാണ് കൂടുതൽ  അഭികാമ്യവും.  സയൻസ് ബിരുദമുള്ള ഒരാൾക്ക് രണ്ടു ജോലികളും ചെയ്യാനുള്ള സാധ്യത കൂടിയുണ്ട് എന്നതാണ് ഒരു പ്ലസ് പോയിന്റ്. യോജിച്ച ജോലി ലഭിക്കുമ്പോൾ അങ്ങോട്ട് എളുപ്പം മാറുകയും ചെയ്യാം..  

ശുഭകരമെന്ന് പറയട്ടെ, സാങ്കേതിക രംഗത്ത് പുതുമയുള്ള തൊഴിൽ സാധ്യതകളാണ് ഇനി വരാൻ പോകുന്നത്. ഗൾഫടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിലവിൽ തൊഴിൽ സാധ്യത  മങ്ങിയെന്നു പറയുന്നത് വെറുംവാക്ക് മാത്രമാണ്. ശരിയാണ്, സമർത്ഥരല്ലാത്തവർക്കും മടിയന്മാർക്കും  മുമ്പുള്ളപോലുള്ള സ്വീകാര്യത ഇനി ജോബ് മാർക്കറ്റിൽ കിട്ടിക്കൊള്ളണമെന്നില്ല, ജോലിക്കാരെ എടുക്കുമ്പോൾ കുറ്റമറ്റ തെരെഞ്ഞെടുപ്പ് കമ്പനി മേധാവികൾ ഇപ്പോൾ നിഷ്കർഷിച്ചു തുടങ്ങിയിട്ടുണ്ട്. അത് നല്ലതല്ലേ ? അർഹർക്ക് ജോലി ലഭിക്കാൻ അത്തരം പാരാമീറ്ററാണ് എപ്പോഴും  ആവശ്യം.  


നമ്മുടെ കുട്ടികളുടെ ഒരു മെന്റാലിറ്റി ഉണ്ട്, കുറ്റപ്പെടുത്തുകയല്ല കേട്ടോ. പരീക്ഷയ്ക്ക് തയ്യാറെടുപ്പോ ? അത് കൊല്ലാവസാനം പരീക്ഷ തിയ്യതി പ്രഖ്യാപിച്ചതിന് ശേഷം മാത്രമൊന്ന് ഇരുന്നാൽ മതിയെന്നതാണ് ആ  മെന്റാലിറ്റി. പേര് കൊടുത്തതിനു ശേഷം, സ്പോർട്സ്ഡേയുടെ നാല് ദിവസം മുമ്പ് ഓടിയും ചാടിയും പരിശീലിച്ചാൽ മതി,  കപ്പ് കയ്യിലൊതുക്കാമെന്ന പൊതുവെയുള്ള ധാരണയുണ്ടല്ലോ, അതുപോലെതന്നെയാണ് പരീക്ഷയെയും കുട്ടികൾ കാണുന്നത്. പരിശീലനം ലഭിക്കാതെ സ്പോർട്സിൽ മത്സരിച്ചാൽ  എങ്ങിനെ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നു അത്പോലെ തന്നെയായിരിക്കും മുന്നൊരുക്കമില്ലാത്ത ഏത് പരീക്ഷാ ഫലവും. അത്കൊണ്ട് അത്തരം ധാരണമുളയിലേ തിരുത്തുക 


ഒരു കാര്യം കൂടി, ശാസ്ത്ര വിഷയങ്ങൾക്ക് അഡിഷണൽ സപ്പോർട്ട് എപ്പോഴും ഗുണമേ ചെയ്യൂ. അത്തരം എക്സ്ട്രാ സപ്പോർട്ട് ലഭ്യമാക്കാനുള്ള അവസരങ്ങൾ കുട്ടികൾ ഉപയോഗപ്പെടുത്തുക തന്നെ വേണം. രക്ഷിതാക്കൾ  മക്കളോട് കൂടുതൽ ഇടപഴകി അവർക്ക് പിന്തുണ നൽകുകയും ചെയുക. ഇത് 2017 ആണ്. പത്തിരുപത് വർഷം പിന്നോട്ടുള്ളതല്ല ഓർമ്മ വരേണ്ടത്, പത്തിരുപത് വർഷം മുന്നോട്ടാണ് ചിന്തിക്കേണ്ടത്.

ഈ അവധിക്കാലം ഒരു ചെറിയ മാറ്റത്തോട് കൂടിയാകട്ടെ, ഭാവുകങ്ങൾ. അവധിക്കാല ആശംസകൾ !

No comments:

Post a Comment