Thursday 23 March 2017

മർഹൂം കോഹിനൂർ അമ്പാച്ച / അസ്‌ലം മാവില

മർഹൂം കോഹിനൂർ അമ്പാച്ച

അസ്‌ലം മാവില

അങ്ങിനെ പറഞ്ഞാലേ അദ്ദേഹത്തെ എല്ലാവർക്കുമറിയൂ. കുന്നിൽ മമ്മദുൻചാന്റെ മക്കളിൽ അവസാനത്തെ ആളും അല്ലാഹുവിന്റെ വിധിക്കുത്തരം നൽകി. ഇന്നാലില്ലാഹ്

കുന്നിൽ മമ്മദുൻചാനെ അറിയുന്ന പഴയ തലമുറതന്നെ ഇപ്പോഴുണ്ടോന്നറിയില്ല. അനീച്ചാന്റെ  മമ്മുച്ചാക്കൊ ബഷീറിന്റെ ഉമ്മാക്കോ മറ്റോ ഓർമ്മ കാണുമായിരിക്കും. ആദ്യത്തെ പട്‌ലക്കാരിൽ ഇവരുടെ കുടുംബമുണ്ട്. ആറ് പെൺമക്കളും ഒരു ആണുമടങ്ങിയ കുടുംബമായിരുന്നു. ആ ഒറ്റമകന്റെ മക്കളാണ് കോഹിനൂർ അമ്പാച്ചയും അദ്ദേഹത്തിന്റെ സഹോദരരും - മൂന്ന്  പെണ്ണും നാല് ആണും.  ഉപ്പ ഇവരെ എനിക്ക് പരിചയപ്പെടുത്തിയത്, they belong to our  second cousins family എന്നാണ്,  ഉമ്മമാന്റെ അമ്മാവന്റെ മക്കൾ.

പഴയ മില്ല് ഉള്ള ഭാഗത്തായിരുന്നു അവരുടെ തറവാട് വീട്.   അതിനു മുമ്പ് അവരുടെ കുടുംബം പട്‌ലയിൽ  എവിടെയായിരുന്നു താമസമെന്ന്  എനിക്ക് അറിയില്ല.  മക്കളിൽ മൂന്ന് പേരും പുറം നാട്ടിൽ പോയി. പക്ഷെ ആരും പെറ്റ നാടിന്റെ കണ്ണി വിട്ടില്ല. വിറ്റ് പെറുക്കി പോവുകയും ചെയ്തില്ല. സ്വത്തവർ ദാനമായി നൽകി. മദ്രസ്സയും മസ്ജിദും ആ ഉദാരമതികൾ വഖഫ് ചെയ്ത സ്ഥലത്താണ് എന്നത് നമ്മുടെ ഓർമ്മയിൽ എപ്പോഴുമുണ്ടാകും.  അവിടം സുജൂദ് ചെയ്യുന്ന കാലം വരെ, അവിടം കുട്ടികൾ പഠിചിറങ്ങുന്ന കാലം വരെ  പ്രവാഹം വറ്റാത്ത (ജാരിയായ) സ്വദഖയായി    അവയവരുടെ നന്മയുടെ താളുകളിൽ രേഖപ്പെടുത്തിക്കൊണ്ടേയിരിക്കും.  നന്മയുള്ള മനുഷ്യർ അങ്ങിനെയാണല്ലോ  മനുഷ്യമനസ്സുകളിൽ തലമുറതലമുറകളായി ഇടം പിടിക്കുന്നത്.

മുൻ പഞ്ചായത്തംഗം മർഹൂം  ജി. അബ്ദുൽ ഖാദർ ഹാജി, മർഹൂം കാസർകോട് അബ്ദുല്ലകുഞ്ഞി , മർഹൂം ജി. മൊയ്തീൻ കുഞ്ഞി ഇവരാണ് അമ്പാച്ചന്റെ ജേഷ്ഠാനുജന്മാർ. വേറെ മൂന്ന് സഹോദരിമാരും. ഒരു സഹോദരി പുത്രനാണ് സാമൂഹ്യപ്രവർത്തകനും മാംഗ്ലൂരിലെ  നിറഞ്ഞ സാന്നിധ്യവുമായ  മംങ്ങലാരം ഔക്കന്ച്ച എന്ന് പറയുന്ന ജി. അബൂബക്കർ സാഹിബ്.

കുന്നിലെ മമ്മദുൻചാക്ക്കുതിരവണ്ടി ഉണ്ടായിരുന്നു പോൽ. അതുകൊണ്ടാണോ എന്നറിയില്ല,   പൊതുവെ അദ്ദേഹത്തിന്റെ ആണ്മക്കൾ എല്ലാവരും  വാഹനങ്ങളുടെ തോഴന്മാരാണ്. മോൻച്ച ഒഴികെ എല്ലാവര്ക്കും ബസ്സുകൾ.  അസ്‌ലം, പട്‌ല, കോഹിനൂർ പേരുകളിൽ ബസ്സുകൾ ആരും മറക്കില്ലല്ലോ. ദീർഘ ദൂര ബസ്സുകളോടാണ് അമ്പാചാക്ക് പ്രിയം. കാസർകോട് - മുംബൈ റൂട്ടിൽ ഓടുന്ന കോഹിനൂർ ബസ്സുകൾ ഞങ്ങളൊക്കെ കോളേജിൽ പഠിക്കുന്നകാലത്ത് പട്‌ലയുടെ വലിയ വിശേഷങ്ങളായി കൂട്ടുകാരോട് എണ്ണിപ്പറയാറുള്ള ഒന്നായിരുന്നു.

കഷണ്ടി മുഴുവനായി  കയറിയ തലയും പുഞ്ചിരിക്കുന്ന മുഖവും മംഗലാപുരംചുവ കടമെടുത്ത സംസാരവും , അമ്പാച്ചാനെ ആരും അത്രപെട്ടെന്ന് മറക്കില്ല. ആജാനുബാഹുവായ മനുഷ്യൻ. ഇന്സൈഡ് ചെയ്ത് പാന്റ്സും ഷർട്ടിലുമാണ് അദ്ദേഹത്തെ ഞാൻ നാട്ടിൽ കണ്ടിട്ടുള്ളത്. കുറച്ചു കാലമായി അസുഖ ബാധിതനായി കിടപ്പിലുമായിരുന്നു. അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി അദ്ദേഹം ഇന്ന് വിടപറഞ്ഞു, ഇന്നാ ലില്ലാഹ് ....

No comments:

Post a Comment