Monday, 20 March 2017

ഒരു മനുഷ്യ ജീവൻ കൂടി അകാരണമായി പൊലിയുമ്പോൾ /അസ്‌ലം മാവില

ഒരു മനുഷ്യ ജീവൻ കൂടി
അകാരണമായി പൊലിയുമ്പോൾ

അസ്‌ലം മാവില

അക്ഷരങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനത്തിലെ  ഒരു മനുഷ്യ ജീവനെയാണ് ഇന്നലെ രാത്രി സാമൂഹ്യദ്രോഹികൾ എന്നെന്നേക്കുമായി  കെടുത്തിക്കളഞ്ഞത്. ആ അധ്യാപകന്റെ  ജീവനെടുത്ത് എന്തിവർ നേടി ? എന്ത് നേടാനാണ് ശ്രമിക്കുന്നത് ? വല്ല മെച്ചമുണ്ടായോ ?  മനസ്സമാധാനം നഷ്ടപ്പെടുത്താനല്ലാതെ ! ഒരു പ്രദേശം മുഴുവൻ അശാന്തിയുടെ കരിനിഴൽ വീഴ്ത്താനല്ലാതെ, ഇനിയൊരിക്കമൊരുസംഘര്ഷമുണ്ടാകില്ലെന്ന് കരുതിയ അമ്മമാരുടെ, കുഞ്ഞുകുട്ടികളുടെ മനസ്സിൽ ആശങ്കയുടെ വിത്ത് പാകാനല്ലാതെ !

കൊലനടത്തിയവർ ഇരുളിൽ ഒളിച്ചുകഴിഞ്ഞു, അവർ രക്ഷപ്പെടാനുള്ള മാർഗ്ഗങ്ങൾ ഇനിയുമാലോചിക്കുന്നുണ്ടാകും.  അവരെ വലവിരിച്ചു ക്രമസമാധാന പാലകരും അവരുടെ കൃത്യ നിർവ്വഹണം നടത്തുന്നുമുണ്ടാകും. നിയമത്തിലും നിയമപാലകരിലും നമുക്ക് വിശ്വാസമർപ്പിക്കാം. ക്രൂരകൃത്യം നടത്തിയവരും  അവരുടെ ചെവിയിലോതിയവരും എത്രയും പെട്ടെന്ന് പോലീസ് പിടിയിലാകുമെന്നും കരുതാം.

ആരുടെ അക്കൗണ്ടിലാണ് ഇത്തരം ദാരുണ കൊലപാതകങ്ങൾ വരവ് വെക്കുന്നത് ? 'മാതാപിതാക്കളും  ഭാര്യയും മക്കളും സഹോദരരുമെല്ലാം ഈ കൊലപാതകികൾക്കുമുണ്ടാകുമല്ലോ. ഒരു കുടുംബത്തിന്റെ തന്നെ  പ്രതീക്ഷകളും അവസാനത്തെ അത്താണിയുമാണല്ലോ ഈ ക്രൂരർ ഇല്ലാതാക്കുന്നത് ? വീട്ടിലേക്ക് തിരിച്ചുവരുമെന്ന്  കാത്തിരിക്കുന്ന പൊന്നുമക്കളോടും ഭാര്യയോടും കുടുംബത്തോടും എന്ത് മറുപടി കൊണ്ടാണ്  അയൽക്കാർ മുഖം കാണിക്കേണ്ടത് ?  ഇരുട്ടിന്റെ മറവിൽ, ആർക്കോ വേണ്ടി  അശാന്തി വിതറാനായി സായുധരായി  വാതിൽ മുട്ടുന്നവർ എപ്പോഴാണ് മാറിചിന്തിക്കുക ?

മനുഷ്യത്വം മരവിച്ചവരേ, നിങ്ങൾ ആരെക്കൊന്നാലും  നിങ്ങളോടൊപ്പം ആഹ്ലാദം പങ്കിടാൻ ഇവിടെ ആരുമുണ്ടാകില്ല.  കാരുണ്യം വറ്റിയില്ലാതായ ഭാഗ്യംകെട്ട മനുഷ്യരുമല്ല ഇവിടെയുള്ള ബഹുഭൂരിഭാഗവും.  വേദനകൊണ്ട് ജീവന്  വേണ്ടി കെഞ്ചിയ ഒരു പച്ചമനുഷ്യന്റെ, ആ  കുടുംബനാഥന്റെ,   മുഖം നിങ്ങൾക്കൊരു തിരിച്ചറിവുണ്ടാകുന്നത് ഊണിലുമുറക്കിലും  കണ്മുന്നിൽ തന്നെയുണ്ടാകും,  ഉണ്ടാകട്ടെ.

ജാതി, മതം, ഭാഷ, വർണ്ണം, വർഗ്ഗം എന്നിങ്ങനെ കാസർകോടിന് ഒരു പാട് വൈവിധ്യങ്ങൾ പറയാനുണ്ടായിരുന്നു. മറ്റൊരിടത്തുമില്ലാത്ത സർപ്ലസ് ബഹുത്വസമൂഹമുൾക്കൊള്ളുന്ന പ്രദേശം കൂടിയാണ് കാസർകോട്. അതിന്റെ നെഞ്ചകമാണ് ഈ രക്തരക്ഷസ്സുകൾ ഇത്തരം നികൃഷ്‌ട വൃത്തിയിൽ കൂടി പിളർക്കുന്നത്.

ജില്ലയുടെ മറ്റെങ്ങുമില്ലാത്ത ഒരു തരം  അസഹിഷ്‌ണുത എന്ത് കൊണ്ടാണ് ഈ ഭാഗങ്ങളിൽ ഉണ്ടാകുന്നുവെന്നതും സാമൂഹ്യ നിരീക്ഷകരും പഠിക്കണം.  ജില്ലാ പോലീസ് ആസ്ഥാനം വളരെ അടുത്ത്. ആംഡ് പോലീസ് വിളിപ്പാടകലെ. ആഘോഷങ്ങളും അനുഷ്ഠാനങ്ങളും നമ്മുടെ നാട്ടിൽ എത്തുന്നതിനും ആഴ്ചകൾ മുമ്പ് തന്നെ   കടകൾക്കും  കവലകൾക്കും മുമ്പിലായി ജാഗ്രതയുടെ ഭാഗമായി  ഒന്നിലധികം പോലീസുകാരേയും കാണാറുമുണ്ട്.

കഴിഞ്ഞ മൂന്ന് വർഷക്കാലം അരുതാത്തത് ഒന്നും കാണാത്തപ്പോൾ സമാധാനപ്രേമികൾ മനസ്സ് നിറഞ്ഞു സന്തോഷിച്ചുപോയി ! പ്രതാപകാലത്തെ തലയെടുപ്പോടെ നമ്മുടെ നാടും സംഘർഷ രഹിതമായെന്ന തോന്നൽ എല്ലാവർക്കുമുണ്ടായി. ആദാനപ്രദാനങ്ങൾ അതിന്റെ നല്ലവ്യയാമത്തിലേർപ്പെട്ടുതുടങ്ങി. ജനജീവിതം സാധാരണ നിലയിലായി. അതിനനുസരിച്ചു കമ്പോളവും ഉണർന്നു. ഓണവും വിഷുവും പെരുന്നാളും നാട്ടുത്സവങ്ങളുമെല്ലാം എത്ര ഭംഗിയായാണ് നടന്നുപോയത് !

നമ്മുടെ പ്രദേശങ്ങൾ  നന്നായികാണാൻ ആഗ്രഹില്ലാത്തവർ തന്നെയായിരിക്കണം ഇന്നലെ രാത്രി നടന്ന ക്രൂരകൃത്യത്തിന് പിന്നിൽ.  പുറം നാട്ടിൽ നിന്ന് വന്നു അധ്യാപക ജോലിയിൽ ഏർപ്പെട്ട  ഒരു മനുഷ്യനെയാണ്  ''കുരുതി'' ചെയ്യാൻ  ആ ഛിദ്രശക്തികൾ ഇക്കുറി നറുക്കിട്ടത്. ശാന്തിയും സമാധാനവും വിശ്വാസ്യതയും സുരക്ഷിതാവസ്ഥയും ഇല്ലാത്ത കാസർകോടാണോ അവരുടെ ലക്‌ഷ്യം ?

അതാണവരുടെ ലക്ഷ്യമെങ്കിൽ അതിന്റെ പിന്നിലെ വേറെയും അജണ്ടകൾ ഉണ്ടായിരിക്കണം. അവ തിരിച്ചറിയാൻ കൈമെയ് മറന്നൊന്നിക്കാൻ എല്ലാവരും ഒന്നാകണം. അവിടെ ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വീക്ഷണ വ്യത്യാസങ്ങൾ ഒരിക്കലും വിലങ്ങു തടിയാകരുത്.

ഇന്നലെ വരെ ജാതി-മത-വർഗ്ഗ വ്യത്യാസമില്ലാതെ കഴിഞ്ഞിരുന്ന സാധാരണക്കാർക്കാണ് ഇനി ഏറ്റവും വലിയ ഉത്തരവാദിത്തം. പരസ്പര വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ഒന്നിലേക്കും ഒരാലോചനയും പോകരുത്. എങ്ങനെ ഇതുവരെ അയൽപക്കങ്ങളെ അരികിൽ ചേർത്ത് നിർത്തിയോ അത്പോലെ ഇനിയുമുണ്ടാകണം. കണ്ണിമയിൽ പോലും കരട് വീഴരുത്.

ക്ഷമ എന്നുമൊരു പരിചയാകട്ടെ,  പരസ്പര വിശ്വാസം നമ്മിൽ നിന്നും കടലെടുക്കാതിരിക്കട്ടെ,  സ്നേഹവും സൗഹൃദവും കൊണ്ടുകൊടുക്കലുകളും  നമുക്കെല്ലാവർക്കും എന്നുമെന്നും നിലനിൽക്കട്ടെ. 

No comments:

Post a Comment