Saturday, 4 March 2017

പട്‌ല ഗവ. സ്‌കൂൾ : പുതിയ ബ്ലോക്ക് കുട്ടികൾക്ക് തുറന്ന് കൊടുക്കുമ്പോൾ / അസ്‌ലം മാവില


പട്‌ല ഗവ. സ്‌കൂൾ :
പുതിയ ബ്ലോക്ക് 
കുട്ടികൾക്ക് തുറന്ന് കൊടുക്കുമ്പോൾ 

അസ്‌ലം മാവില 

പട്‌ല ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്റെ  പുതിയ ബ്ലോക്ക്  (ഹൈസ്‌കൂൾ വിഭാഗം)  ഉത്‌ഘാടനം ഇന്ന് ,നാളെ  ,ശനിയാഴ്ച  (xxxxxx  ) രാവിലെ നടക്കുന്നു.  കാസർകോട് എം.എൽ. എ ശ്രീ എൻ. എ. നെല്ലിക്കുന്നിന്റെ അധ്യക്ഷതയിൽ രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ചടങ്ങിൽ  ബഹു. കേരളാ റവന്യൂ വകുപ്പ് മന്ത്രി ശ്രീ ഇ. ചന്ദ്രശേഖരനാണ്  സ്‌കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടനം നിർവ്വഹിക്കുന്നത്.  കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീർ മുഖ്യാതിഥിയായി പങ്കെടുക്കുന്നുമുണ്ട്. 

''ഉപയോഗമല്ലെന്ന് അധികൃതർ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നിലവിലുണ്ടായിരുന്ന ദ്രവിച്ച കെട്ടിടം പൊളിച്ചു മാറ്റിയാണ് പുതിയ ബ്ലോക്ക് നിർമ്മിച്ചത്. ഒരു കോടി 65 ലക്ഷം  രൂപ വകയിരുത്തിയ ഈ കെട്ടിടത്തിന്റെ പണി  9 മാസംകൊണ്ടാണ് പൂർത്തിയായത്. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ ഫണ്ടിൽ നിന്ന് കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്ന് തെരെഞ്ഞെടുത്ത 16 സ്‌കൂളുകൾക്ക് അനുവദിച്ച തുകയാണ് സ്ഥലം എം.എൽ.എ. ശ്രീ എൻ . എ. നെല്ലിക്കുന്നിന്റെ പ്രത്യേക താല്പര്യ പ്രകാരം പട്‌ല ഗവ.  ഹയർ സെക്കണ്ടറി സ്‌കൂളിന് ലഭ്യമായതെന്ന് വാർത്താ സമ്മേളനത്തിൽ വാർഡ് മെമ്പർ എം.എം. മജീദ്,  പിടിഎ  പ്രസിഡന്റ് സൈദ് കെ.എം സ്‌കൂൾ മാനേജ്‌മെന്റ് കമ്മറ്റി ചെയർമാൻ ശ്രീ സി എച് അബൂബക്കർ,  സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് കുമാരി  റാണി ടീച്ചർ  എന്നിവർ   അറിയിച്ചു. 2014 -2015 കാലയളവിലാണ്  സ്‌കൂൾ നിർമ്മാണത്തിനായി  ഗവണ്മെണ്ടിൽ നിന്ന്ഫണ്ട് ലഭിച്ചത്.രണ്ടു നിലകളുള്ള ഈ കെട്ടിടത്തിന് ഒരു നിലകൂടി നിർമ്മിക്കാനുള്ള ഫൗണ്ടേഷൻ വർക്ക് ഒരുക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. നിലവിൽ താഴെയും മുകളിലുമായി പത്ത്  ക്‌ളാസ് മുറികൾ, ലാബ്, സ്റ്റാഫ് റൂം, രണ്ടു ടോയ്‌ലെറ്റ് എന്നിവയാണ് ഉള്ളത്''. 

ഈ വാർത്ത നാമെല്ലാവരും വായിച്ചു കാണും . വളരെ സന്തോഷം നൽകുന്ന ഒന്നാണ്. തങ്ങൾ പഠിക്കുന്ന സന്ദർഭത്തിൽ ലഭിക്കാതെ പോയ സൗകര്യങ്ങളാണ് ഇന്നത്തെ കുട്ടികൾക്ക് ലഭിക്കുന്നത് എന്നത്കൊണ്ട് തന്നെ ഏറ്റവും കൂടുതൽ സന്തോഷിക്കുക ഞങ്ങളെ പ്പോലുള്ള പൂർവ്വ വിദ്യാർഥികളായിരിക്കും. 

ഇനിയും നമ്മുടെ സ്‌കൂളിന് ഒട്ടേറെ പരിമിതികളുണ്ട്, കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഇനിയും നമ്മുടെ സ്‌കൂളിന് വരാനുണ്ട്. അത്തരമൊരു ഇൻഫ്രാസ്ട്രക്ച്ചർ ഉണ്ടായാലേ ആ മേഖലയിൽ വികസനമായെന്ന് നമുക്ക് അവകാശപ്പെടാൻ സാധിക്കുകയുള്ളൂ. പക്ഷെ, അതിനാവശ്യം നിലവിലുള്ളത് പോലെയുള്ള വളരെ പ്രതിജ്ഞാബദ്ധരായ പിടിഎ  & എസ് എം സി കമ്മറ്റികളും സ്കൂൾ നേതൃത്വവുമാണ്. നമ്മുടെ സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കുമാരി റാണി ടീച്ചറുടെ ഇടപെടലുകൾ ഇവിടെയാണ് പ്രസ്കതമാകുന്നത്. സൈദ് & സിഎച്ച് അബൂബക്കറിനെ പോലുള്ളവരുടെ പിടിഎ & എസ് .എം.സി നേതൃത്വങ്ങൾ തോളോട് തോളുരുമ്മി പ്രവർത്തിച്ചതിന്റെ ഫലമാണിതൊക്കെ.  

165  ലക്ഷം രൂപ ഫണ്ടനുവദിക്കപ്പെട്ടപ്പോൾ, ഏറ്റവും വലിയ പാടായി തോന്നിയത്  ഉപയോഗ ശൂന്യവും അപകട ഭീതി നിലനിൽക്കുന്നതുമായ  പഴയ,  ദ്രവിച്ച കെട്ടിടം പൊളിച്ചു മാറ്റുന്ന വിഷയത്തിലായിരുന്നു. ഹെഡ്മിസ്ട്രസ്സ്  കുമാരി റാണി ടീച്ചർ രാവും പകലും ഈ കടമ്പ കടക്കാൻ വേണ്ടി നടത്തിയ  പ്രയത്നത്തെ നമുക്കൊരു മാപിനി കൊണ്ടും അളക്കാൻ സാധ്യമല്ല. അവർക്ക് പിന്തുണയുമായി ഒപ്പം ഓടിച്ചാടി നടന്ന പിടിഎ നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ അത്രമാത്രം പ്രയാസങ്ങളും പ്രതിസന്ധികളും അവർ തരണം ചെയ്തത്. വാർഡ് മെമ്പർ എം.എ. മജീദിന്റെ നിർലോഭമായ പിന്തുണയും ഈ സന്ദർഭത്തിൽ വിസ്മരിക്കുന്നില്ല. 

ഒപ്പം, വർഷങ്ങളായി എസ്.എസ്.എൽ. സി. യിൽ നൂറ്മേനി വിജയം കൊയ്യുന്ന ഈ സ്‌കൂളിന്റെ വിജയത്തിന് കാരണം നാട്ടുകാരെയും നിസ്സീമമായ സേവനം ചെയ്യുന്ന  അധ്യാപകരെയും അഭിനന്ദിക്കുന്നു. . പട്‌ല സ്‌കൂളിന്റെ വികസന കാര്യത്തിൽ എപ്പോഴും   ശ്രദ്ധ ചെലുത്തുന്ന  എം.എൽ.എ , ജില്ലാപഞ്ചായത്ത് ഭരണകൂടം , എംപി. എന്നിവർ പ്രത്യേകം പരാമർശം തന്നെ അർഹിക്കുന്നു. 165 ലക്ഷം നമ്മുടെ സ്‌കൂളിന് കിട്ടുന്ന രൂപത്തിൽ ബന്ധപ്പെട്ടവരുടെ മുന്നിൽ അവതരിപ്പിച്ചതും അത് പാസ്സാക്കിയെടുത്തതയും എൻ.എ. നെല്ലിക്കുന്ന് എം. എൽ. എ യാണല്ലോ. 

മധൂർ പഞ്ചായത്തിലെ ഏക ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂളായ പട്‌ല ജി.എച്. എസ്.എസിനു ഇനിയും ഒരു പാട് സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിന് ആവശ്യമായ സൗകര്യം തന്നെയില്ല. ഒട്ടേറെ പ്രശ്നങ്ങൾ ബാക്കികിടക്കുന്നു. 2025 ആകുമ്പോഴേക്കും കേരളം വിദ്യാഭ്യാസ മേഖലയിൽ വലിയ ബൂമിങ് നടക്കുമെന്ന് പറയുന്നു. അതിന്റെ അനുരണനങ്ങൾ നമ്മുടെ സ്‌കൂളിലും ഉണ്ടാകണ്ടേ ? തീർച്ചയായും ആവഴിക്കുള്ള ആലോചനകൾ ഹൈട്ടെക്ക് സ്‌കൂൾ പ്രൊജക്റ്റ് സമർപ്പിക്കുമ്പോൾ ഉണ്ടായാൽ മാത്രമല്ല, ബന്ധപ്പെട്ട ബോഡിയിൽ അപ്പപ്പോൾ അവതരിപ്പിക്കുവാനും കാലവിളംബം കൂടാതെ നേടിയെടുക്കാനും സാധിക്കണം. 

കൂട്ടത്തിൽ ഒന്ന് കൂടി പറയട്ടെ,  ഇപ്പോൾ ഉത്‌ഘാടനം നിർവ്വഹിക്കുന്ന  കെട്ടിടത്തിന്റെ മുകളിൽ  5 ക്‌ളാസ്സ് മുറികൾ നിർമ്മിക്കാനായാവശ്യമായ ഫണ്ട് കൂടി ലഭ്യമാക്കുന്ന രൂപത്തിൽ വളരെ ലളിതമായ  നിവേദനം നമ്മുടെ അതിഥിയായി വരുന്ന മന്ത്രിക്ക് കയ്യോടെ നൽകാൻ പിടിഎ നേതൃത്വം ഏർപ്പാടുകൾ ചെയ്യുമല്ലോ, തുടർന്നവ പാസ്സായിക്കിട്ടാൻ ഫോള്ളോഅപ്പുമുണ്ടാകണം. 

ഈ നല്ല ദിനത്തിൽ നമുക്കെല്ലാവർക്കും ഒന്നിച്ചു സന്തോഷം കൈമാറാം. ആശംസകൾ 

(Inaugural Ceremony has been postponed to April end)

No comments:

Post a Comment