Sunday 5 March 2017

സ്മാർട്ട് സ്‌കൂൾ അവധിയിലുള്ള കുട്ടികൾക്ക് ചെയ്യാൻ പറ്റുന്നത് അതിനു മുൻകൈ എടുക്കാൻ മുതിർന്നവർക്ക് പറ്റുമെങ്കിൽ /അസ്‌ലം മാവില

സ്മാർട്ട് സ്‌കൂൾ
അവധിയിലുള്ള കുട്ടികൾക്ക് ചെയ്യാൻ പറ്റുന്നത്
അതിനു മുൻകൈ എടുക്കാൻ മുതിർന്നവർക്ക് പറ്റുമെങ്കിൽ

അസ്‌ലം മാവില

എഴുതാതിരിക്കാൻ പറ്റില്ല, വായിക്കുന്നതും സ്വീകരിക്കുന്നതും നിങ്ങളുടെ ഇഷ്ടം. ആര് പറഞ്ഞു/ ഇടപെട്ടു എന്നതിലല്ല കാര്യം, അതിൽ കഴമ്പുണ്ടെങ്കിൽ ആരാകിലെന്ത് എന്നാകണം ആരുടേയും നിലപാട്.  പ്രാക്ടിക്കൽ അല്ലെങ്കിൽ  വിട്ടേക്കണം. പ്രബുദ്ധസമൂഹത്തിന്റെ നിലപാട്ഗ്രാഫ് എപ്പോഴുമങ്ങിനെയായിരിക്കും, ആകണമല്ലോ.

ഇനി വിഷയത്തിലേക്ക്. ഇന്നത്തോട് കൂടി നമ്മുടെ കുട്ടികൾ പത്തിരുപത് ദിവസത്തേക്ക് റീലാക്സിലാണ്. എന്ന് വെച്ചാൽ കുറച്ചു പരീക്ഷകൾ കഴിഞ്ഞു, ബാക്കിയുള്ളത് മാസാവസാനത്തിലെ രണ്ടോ മൂന്നോ ദിവസങ്ങളിലാണ്. ഒന്നും പറയണ്ട, കുട്ട്യോൾക്കും രക്ഷിതാക്കൾക്കും സന്തോഷം. എന്നുമവർ നമ്മോടപ്പം ഉണ്ടല്ലോ. ഒന്ന് മുതൽ ഒമ്പത് വരെ പഠിക്കുന്ന കുട്ടികളാണ് ഈ പറഞ്ഞത്. ഇനി 10,11,12 ക്‌ളാസ്സുകളിലുള്ള കുട്ടികൾക്ക് പരീക്ഷാകാലമാണ്. അത് അങ്ങിനെ നടക്കട്ടെ.

പട്‌ല സ്‌കൂളിൽ പഠിക്കുന്ന എട്ടിലേയും ഒമ്പതിലെയും കുട്ടികൾ എത്ര വരും ?  ഇരുനൂറ് ? അതിൽ പകുതി പെമ്പിള്ളേരെ മാറ്റി നിർത്താം. ബാക്കിയോ ? നൂറ്ആൺപിള്ളേർ.  അതിൽ 20 കുട്ടികളെ കിട്ടുമോ ? അവർക്കിത് ഒരു സേവനകാലമാക്കാൻ പറ്റുമോ ? അതിന് ആരെങ്കിലും മുൻകൈ എടുക്കുമോ ? എന്തിനെന്നോ ? പറയാം.

നമ്മുടെ സ്‌കൂൾ സ്മാർട്ടാകാൻ പോകുന്നു. ഫെബ്രവരി തിയ്യതി സ്‌കൂൾ അങ്കണത്തിൽ ഒരുപാട് ഉമ്മമാർ, സഹോദരിമാർ വന്നിരുന്നു. അവർ വീട്ടിൽ തിരിച്ചെത്തി അവരുടെ കൂട്ടുകാരികളോട്, അയൽക്കാരോട്, ബന്ധുക്കക്കളോടൊക്കെ നമ്മുടെ കുട്ടികളുടെ സ്‌കൂളിന്റെ കാര്യവും ''എന്തെല്ലോ ആടെ ആന്നെ'' കാര്യവും  പറഞ്ഞിട്ടുണ്ട്. ഉമ്മമാരുടെ മാത്രമായി ഒരു നല്ല സംഖ്യ ഒരുക്കൂട്ടി നമ്മുടെ സ്‌കൂളിന് നല്കാൻ അവർക്ക് താൽപര്യവുമുണ്ടാകും. പക്ഷെ, അതിനു അവരെ സമീപിച്ചാലല്ലേ കിട്ടൂ. അതിനു പറ്റിയ പാർട്ടിയാണ്, ഈ ചുറുചുറുക്കുള്ള എട്ടിലേയും ഒമ്പതിലെയും ചുണക്കുട്ടികൾ.

കുറെ വേണ്ട, നാലഞ്ചു ദിവസം. എല്ലാനാളും രണ്ടു മൂന്ന് മണിക്കൂർ. രാവിലെയാണ് നല്ലത്. 8 മണി മുതൽ 11 ആകുമ്പോൾ നടത്തം  നിർത്തണം. കുറഞ്ഞത് 10 പേർ വീതമുള്ള രണ്ടേ രണ്ടു ടീം. ഒന്ന് കിഴക്ക് ഭാഗത്തേക്കും മറ്റൊന്നും പടിഞ്ഞാറ് സൈഡും നടക്കട്ടെ. നല്ല ആകർഷണമുള്ള തൊപ്പിയോ കളർഫുള്ളായ പ്ളേക്കാർഡോ എന്തെങ്കിലും ഒന്ന് വേണം. ഈരടിയൊപ്പിച്ചു ഒരു സംഘഗാനവും ആകാം. ബക്കർ മാഷ് , സാപ്, കൊപ്പളം,  അനസിനെ  പോലുള്ളവർ നല്ല ഈരടികൾ എഴുതും. അതാകുമ്പോൾ കിളിവാതിലിൽ കൂടി കുട്ടികളുടെ വരവും നോക്കി ഉമ്മ-പെങ്ങന്മാർ അവരുടെ വിഹിതവുമായി കാത്തിരിക്കാൻ എളുപ്പം.

പുറപ്പെടുന്ന ഒരു സെന്ററിൽ നിന്നാകട്ടെ, അവരെ യാത്രയാക്കാൻ. മുതിർന്നവർ ഉണ്ടാകണം. ബോറടിക്കാത്ത രൂപത്തിൽ 5 മിനിറ്റ്, ഒരു ഒരു എന്താ പറയാ, ഇൻസ്പയറിങ് ടോക്ക്, അത് കേട്ടാൽ പിള്ളേർ ഒന്ന് ഇളകണം. പുറം തട്ടി, ഷെയ്ക്ക് ഹാൻഡ് നൽകി അവരെ യാത്ര വിടുക. കുട്ടികൾ തിരിച്ചു വരുന്നതിന് പത്ത് മിനിറ്റ് മുമ്പ്  സംഘാടകർ അവരെ കാത്തിരിക്കുക. എന്ത് കിട്ടി, അതിൽ സന്തോഷം പ്രകടിപ്പിച്ചു അവരെ പുറം തട്ടി തിരിച്ചു വീട്ടിലേക്ക് അയക്കുക. കൂട്ടത്തിൽ ഒരു ലൈറ്റ് റിഫ്രഷ്മെന്റ് ഒക്കെയാകാം. തന്ന സംഖ്യയുടെ റസീപ്റ്റ് നിർബന്ധമായും അവരുടെ വീട്ടിലെത്തിക്കുന്നത് കുറച്ചു മുതിർന്ന ആളുകൾ തന്നെയായാൽ അതാണ് നല്ലത്.

അവസാന ദിവസം ഒരു ചെറിയ പരിപാടി. അതിൽ കുട്ടികളെ അനുമോദിക്കാം. നല്ല ഒരു ഗസ്റ്റിനെ വിളിക്കാം. കുട്ടികൾക്ക്  നല്ല കളർഫുൾ സർട്ടിഫിക്കറ്റും നൽകാം. അതംഗീകാരം.  എന്റെ മകനും ഒമ്പതിലാണ് പഠിക്കുന്നത്. നിങ്ങൾ ഒരുന്നെങ്കിൽ, ഇരുപതിലൊരാളായി അവനെയും കൂട്ടിക്കോളൂ.

ഇത് സ്ത്രീകളുടെ മാത്രം സംഭാവനയായി കരുതണം. ആണുങ്ങളുടെ കോൺട്രിബ്യൂഷനും ഓഫറും ഇവരുടെ സമ്മാനവും തമ്മിൽ കൂട്ടിക്കുഴക്കരുത്. അത് വേ......ഇത് റേ....

ഗാന്ധിജി സ്വാതന്ത്ര്യ സമരാവേശവുമായി വിഭവ സമാഹരണത്തിനു ജനങ്ങളെ സമീപിച്ചപ്പോൾ അതിന്റെ ഭാഗമാകാൻ കൈവളകളും കാതിലെ മിന്നിയുമൂരി ആദ്യം മുന്നോട്ട് വന്നത് സ്ത്രീകൾ. ഇത് വായിച്ചു  പൊന്നും മിന്നൊന്നും ആരും ഊരിത്തന്നേക്കല്ലേ, ചെറിയ ചെറിയ സംഭാവനകൾ, മനസ്സിൽ തട്ടിയത്, മനസ്സ് പറഞ്ഞത് ! അത് മതി, അത് തന്നെ ധാരാളം.  

No comments:

Post a Comment