Sunday 12 March 2017

കന്യാസ്ത്രീ 〰/〰 അസീസ് പട്‌ല

ചെറുകഥ


കന്യാസ്ത്രീ
  〰〰〰〰
അസീസ് പട്‌ല
--------------------

തലസ്ഥാനനഗരിയിലെ  പ്രശസ്തമായ ഒരു കോളേജില്‍ പി.ജി. കൊഴ്സിനു അപ്ലിക്കേഷന്‍ കൊടുത്തു വരുന്ന വഴി, സീറ്റുകള്‍ പരിമിതമാണ്; എങ്കിലും അച്ഛന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി., തിരുവായ്ക്കെതിരുവായില്ലല്ലോ!

ഷോര്‍ണൂര്‍ ജംഗ്ഷനില്‍ നിന്ന് പുലര്‍ച്ചേ അഞ്ചിനു തിരിച്ചതാ, നല്ല ക്ഷീണവുമുണ്ട്, റിസര്‍വേഷന്‍ ഇല്ലാത്തതിനാല്‍ ചെയര്‍കാര്‍ കിട്ടാന്‍ വല്ലാതെ ക്യു നില്‍ക്കേണ്ടി വന്നു, ഹാവൂ .. കഷ്ടിച്ചു കിട്ടി.

ഇപ്പോള്‍ സമയം മൂന്നായി, ഊണ് പോയിട്ട് വിസ്തരിച്ചു ഒരു കാഫി പോലും കുടിച്ചിട്ടില്ല, ബോട്ടിലില്‍ നിന്നും ഒരു മുറുക്ക് വെള്ളം കുടിച്ചു വലതു വശത്തെ വിന്‍ഡോ സീറ്റില്‍ ചാരിക്കിടന്നു ഓരോന്നോര്‍ത്തു, അടുത്ത സീറ്റിലിരുന്ന തടിച്ചു കുറുകിയ മധ്യവയസ്കന്‍  കട്ടിപുരികത്തിലേക്ക് കണ്ണട തള്ളിക്കയറ്റി പത്രത്താളിലെ അക്ഷരക്കൂട്ടങ്ങളില്‍ ഊളിയിട്ടു, തഴുകി വന്ന ഈറന്‍ കാറ്റില്‍ മിന്നിമറയുന്ന ചെറു കുടിലുകളും പാടങ്ങളും  വയലുകളും  പുഴയും ഉപബോധമനസ്സില്‍ അയാള്‍ കണ്ടു അറിയാതെ നിദ്രയിലേക്ക് വഴുതിവീണു...

ഇടയ്ക്കിടെ എതിര്‍ദിശയിലെ എക്സ്പ്രസ്സ്‌ ട്രെയിന്‍ മുഴക്കുന്ന ഇരമ്പല്‍ ഉണര്‍ത്തുമായിരുന്നെങ്കിലും ചായക്കാരന്‍റെ നിര്‍ത്താതെയുള്ള അപസ്വരം എന്നെ അലോസരപ്പെടുത്തി, അര്‍ദ്ധമയക്കത്തില്‍  സീറ്റിലൂര്‍ന്നുപോയ എന്‍റെ  പാദങ്ങള്‍ മുന്‍സീറ്റിലിരിക്കുന്ന യുവതിയുടെ പാദരക്ഷയില്‍ തൊട്ടിരുന്നു, പെട്ടെന്ന് ഉള്‍വലിഞ്ഞു  ലോഫര്‍ ഷു (സോക്സില്ലാതെ ധരിക്കുന്ന)  അണിയുന്നതിനിടയില്‍ അറിയാതെ എന്‍റെ കൈ അടുത്തിരിക്കുന്നയാളില്‍ തട്ടി, മുഖമുയര്‍ത്തി സോറി പറഞ്ഞു.. ങേ... ആളു മാറിയിരിക്കുന്നു, ഒരു കന്യാസ്ത്രീ.. അവരും കയ്യിലുള്ള കട്ടിപ്പുസ്തകമൊഴികളെ  എന്തോ വേദവാക്യം പോലെ ഹൃദിസ്ഥമാക്കുന്നു.. തട്ടിയതും സോറി പറഞ്ഞതൊന്നും അവരുടെ ബോധത്തിലില്ല., ശല്യമാവാതെ എണീറ്റു നിന്നു ചായ വാങ്ങുമ്പോള്‍ സിസ്റ്റര്‍ കണ്ണുകള്‍ മേല്‍പോട്ടുയര്‍ത്തി എന്നെ നോക്കി, ആ മുഖപരിചയം ബോധമണ്ഡലത്തില്‍ അസ്വതത പരത്തി

എന്നെ ഉലച്ചു, ഭാഗ്യത്തിന് ചായ തുളുമ്പിത്തൂവാതെ സീറ്റിലിരുന്നു.

അതെ.. അതേമുഖം.. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് saint mary ഹൈസ്ക്കൂളില്‍
എസ്.എസ്.എല്‍.സിക്ക് പഠിക്കുന്ന കാലം, ഫ്രോക്കും ബ്ലൌസുമാണിഞ്ഞ പ്രായത്തില്‍കൂടുതല്‍ ശരീരവളര്‍ച്ച പ്രകടമാക്കുന്നു എട്ടാംതരം യൂണിഫോമുകാരി, ആരാലും ആകര്‍ഷിതം!, ഞായറാഴ്ചകളില്‍ സങ്കീര്‍ത്തനങ്ങള്‍ പാടി സദസ്സിനെ പിന്‍ ഡ്രോപ്പ് സിലെന്സില്‍ നിര്‍ത്തുന്ന ഈ കുട്ടിയെ അന്നാണ് ഞാന്‍ ശ്രദ്ദിച്ചത്‌.

അധികം ആരോടും സംസാരിക്കാത്ത പ്രകൃതം, ബാക്ക്-പായ്ക്ക് പിന്നില്‍ തൂക്കി  പുസ്തകത്തെ ഇരുകൈകളില്‍ നെഞ്ചോടു ചേര്‍ത്തു താഴോട്ടു മാത്രം നോക്കി നടക്കുന്ന കുഞ്ഞാട് ഒന്ന് പരിചയപ്പെടാന്‍ വഴിയില്‍ നിന്ന എന്നെ കണ്ടതോടെ മാറി നടന്നു., നിരാശനായെങ്ങിലും ഞാന്‍ വിട്ടില്ല, അക്കൊല്ലത്തെ ആര്‍ട്സ് ക്ലബ് സെക്രട്ടറിയായ എന്‍റെ അടുത്ത് പേര് രജിസ്റ്റര്‍ ചെയ്യാന്‍ വന്ന കുഞ്ഞാടിന്‍റെ മുഴുവന്‍ ഡീടൈല്‍സും കിട്ടി, ത്രേസ്യ ജേക്കബ്.. അടക്കവും ഒതുക്കവും എന്നെ ഏറെ ആകര്‍ഷിച്ചു., അച്ഛന്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ അമ്മ മ്യൂസിക്‌ ടീച്ചര്‍ പിന്നീടെന്‍റെ ഓരോ കാല്‍വെയ്പ്പും അവള്‍ക്കു വേണ്ടിയായി, എന്‍റെ പത്താം ക്ലാസ് പരീക്ഷയടുത്തു, നല്ല റിസള്‍ട്ട്‌ വന്നു അച്ഛന്‍ കുറച്ചു ദൂരത്തുള്ള ഒരു ബോര്‍ഡിങ്ങില്‍ ചേര്‍ത്തു.,  മനസ്സില്‍ കുമിഞ്ഞുകൂടിയ ഓര്‍മ്മകളുടെ വേലിയേറ്റം എന്നെ  നിരാശയുടെ നടുക്കയത്തില്‍ മുക്കിത്താഴ്ത്തിക്കൊണ്ടിരുന്നു.

ഓണലീവിന് വീട്ടില്‍ വന്ന ഞാന്‍ ത്രേസ്യയുടെ അച്ഛന് ട്രാന്‍സ്ഫര്‍ കിട്ടി കുടുംബസമേതം പോയി എന്നറിഞ്ഞു..കാലങ്ങള്‍ കഴിഞ്ഞു ഇപ്പോഴും ഞാന്‍ ആ കുട്ടിയെ ഓര്‍ക്കാറുണ്ട് പ്രത്യേഗിച്ചും ഞായറാഴ്ച്ച കുര്‍ബാനകളിലെ സങ്കീര്‍ത്തനങ്ങള്‍ കേള്‍കുമ്പോള്‍.

അടുത്ത സ്റ്റേഷനില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ ഞാന്‍ സീറ്റില്‍ ഓരം ചാരിയിരുന്നു കാഴ്ചകള്‍ കണ്ടു, ഒഴിഞ്ഞ വെള്ളക്കുപ്പി കളഞ്ഞു ജനലിലൂടെ പുതിയൊരെണ്ണം വാങ്ങി സീറ്റിലേക്ക് തിരിഞ്ഞ എന്‍റെ മേല്‍ വെള്ളത്തിനു വേണ്ടി കൈ നീട്ടുന്ന സിസ്റ്ററുടെ കൈ തട്ടി... വെപ്രാളത്തില്‍ സോറി പറഞ്ഞു അവര്‍ സീറ്റിലേക്ക് മടങ്ങി, ഞാന്‍ ശരിക്കും കണ്ടു.......അതേ..ത്രേസ്യ തെന്നെ.. വേഗം വെള്ളക്കുപ്പി പൌച്ചില്‍ തിരുകി, മൂടി തുറന്നു വെള്ളം കുടിക്കാന്‍ നില്‍കുന്ന സിസ്ടറുടെ ചെവിയില്‍ മന്ത്രിച്ചു.. “ത്രേസ്യ.?”, വായില്‍ കമഴ്ത്തിയ കുപ്പി ഒരു ചുമയോടെ തിരിച്ചെടുത്തു എന്നെ നോക്കി... പഴയ നിര്‍വൃതിയോടെ ഞാന്‍ സസന്തോഷം പുഞ്ചിരി തൂകി കണ്‍പോളകള്‍ താഴ്ത്തി ആംഗ്യം കാണിച്ചു.. അതേയെന്നഅര്‍ത്ഥത്തില്‍....... കുപ്പി മൂടി കൊണ്ടടച്ചു കീഴ്ചുണ്ട് തുടച്ചു ചുണ്ടുകള്‍ മന്ത്രിച്ചു... ജോ.. ജോബിന്‍?,  അതേയെന്നഅര്‍ത്ഥത്തില്‍ ഞാന്‍ വീണ്ടും കണ്ണടച്ചു മുഖം കുലുക്കി, എന്‍റെ മനസ്സില്‍ ഒരായിരയം പൂത്തിരികള്‍ കത്തി നിന്നപോലെ, പറുദീസയില്‍ ഒഴുകിനടക്കുന്ന പരമാനന്ദം, അവര്‍ണ്ണനീയം ആത്മസായൂജ്യം....

“ത്രേസ്യ ആകെ മാറിയിരിക്കുന്നു”, അഭിമുഖമായി ഇടതു കാല്‍ സീറ്റില്‍ മടക്കി വച്ചു കറുത്ത താടിയില്‍ തടവിക്കൊണ്ട് ഇന്നലെ കണ്ടു പിരിഞ്ഞ ചാപല്യത്തോടെ ഞാന്‍ പറഞ്ഞു, നിറഞ്ഞ പുഞ്ചിരിയില്‍ മ്ലാനത വീഴ്ത്തി സിസ്റ്റര്‍ തിരുത്തി.. “വെറും ത്രേസ്യയല്ല, സിസ്റ്റര്‍ ത്രേസ്യ”, ഓ.. അം സോറി.. ഞാന്‍ സിസ്റ്ററെ എവിടെയൊക്കെ അന്വേഷിച്ചെന്നറിയാമോ? ഈ ജന്മം  കണ്ടുമുട്ടില്ലെന്നാ കരുതിയത്‌, കര്‍ത്താവിനു സ്തോത്രം.. ഞാന്‍ കുരിശ് വരച്ചു.

ആ സ്കൂളില്‍ നിന്നും അച്ഛന്‍ എന്നെ ഒരു മഠത്തില്‍ ചേര്‍ത്തു, ഒരു വര്ഷം കഴിഞ്ഞാ ഞാനറിഞ്ഞത് അത് ഒരു കന്യാസ്ത്രീകള്‍ക്കുള്ള ധ്യാനകേന്ദ്രമായിരുന്നുവെന്നു, അപ്പോഴേക്കും റോമില്‍ എന്‍റെ പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞിരുന്നു., അച്ഛന്‍ പണ്ടെങ്ങാണ്ടോ ചെയ്ത ഒരു നേര്‍ച്ചയാത്രെ.. എന്നെ കന്യാസ്ത്രീയാക്കിക്കൊള്ളാമെന്നു....ആദ്യത്തില്‍  അംഗീകരിക്കാന്‍ പ്രയാസപ്പെട്ടെങ്കിലും ആ നാലു കെട്ടുകള്‍ക്കിടയിലുള്ള ധ്യാനവും, മന്ത്രവും, സുവിശേഷവും എന്നെ അവരിലോരാളാക്കി, ഇപ്പോള്‍ ഞാന്‍ ഡിഗ്രിക്ക് പഠിക്കുന്നു.


വിദൂരതയില്‍ നോക്കി സിസ്റ്റര്‍ പറഞ്ഞു തീര്‍ത്തു...പതുക്കെ എന്നെ തിരിഞ്ഞു നോക്കി മന്ദഹസിച്ചു., ആ മന്ദഹാസം ഒരു ചാട്ടുളിപോലെ ഹൃദയത്തില്‍ തറച്ചു., നിശ്ശബ്ദ്ദം.. എന്‍റെ ഇടതു കൈ അറിയാതെ സിസ്റ്ററുടെ വലതുകൈമേല്‍ സ്പര്‍ശിച്ചു, മനസ്സിനെ നിയന്ത്രിച്ചാലും ശരീരം കീഴ്പെട്ടില്ല... അവരുടെ കൈ പതുക്കെ അയവു  വരുന്നതുപോലെ തോന്നി, ഒരു മാന്‍പേടയെപ്പോലെ .... പെട്ടെന്ന്‍ കൈ പിന്നോട്ട് മാറ്റി... അരുത്... ഞാന്‍ കര്‍ത്താവിന്‍റെ മണവാട്ടിയാണ്., പുറംകയ്യില്‍ ഇറ്റിവീണ ചുടുകണ്ണീരിനു ഉപ്പുരസം മാത്രമല്ല, രോദനത്തിന്‍റെ തീഷ്ണതയും ഞാന്‍ അനുഭവിച്ചറിഞ്ഞു. ഇപ്പോള്‍ എവിടെ പോകുന്നു?, മംഗലാപുരത്തു ഒരു ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി, അടുത്ത സ്റ്റേഷനുകളില്‍ നിന്ന് ഒത്തിരി പേര്‍ കയറാനുണ്ട്‌., ഞാന്‍  അഡ്രസ്സും മൊബൈല്‍ നമ്പറും വാങ്ങിച്ചു സ്വകാര്യമായി ചോദിച്ചു........

“റോമില്‍ നിന്നു വിടുതല്‍ പത്രം വാങ്ങിയാല്‍ എന്നെ മനസ്സമ്മതം ചെയ്യുമോ?” ഒന്നും മിണ്ടാതെ താഴോട്ടു കണ്ണും നാട്ടു സിസ്റ്റര്‍, ഇറങ്ങേണ്ട സ്ടെഷനിലെത്തിയ ട്രെയിന്‍ നിശ്ചലമായി, ബാഗും വെള്ളവുമെടുത്തു ഞാന്‍ വിളിക്കുമെന്നുരക്കെ പറഞ്ഞുകൊണ്ട് പ്ലാറ്റ്ഫോമിലിറങ്ങി, മുമ്പിലുള്ള സ്ടാളില്‍ നിന്നും ഒരോ പൊതി ഹല്‍വയും മൈസൂര്പാക്കും  വാങ്ങി ജനാലയിലൂടെ നീട്ടി........സങ്കോചത്തോടെ വാങ്ങി നന്ദി പറയുമ്പോള്‍ ആ കണ്ണിലെ തിളക്കം എനിക്ക് വായിക്കാന്‍ കഴിയുമായിരുന്നു, ട്രെയിന്‍ കണ്ണില്‍ നിന്നും മറയുന്നതുവരെ ഞാന്‍ നോക്കി നിന്നു.

No comments:

Post a Comment