Wednesday, 22 March 2017

തമാശയ്ക്ക് പോലും അരുത് / അസ്‌ലം മാവില

തമാശയ്ക്ക് പോലും അരുത്

അസ്‌ലം മാവില

ഇന്ന്/ഇന്നലെ  അതിരാവിലെ എനിക്ക് ഒരു  മെസ്സേജ് കിട്ടി, സിപിജിയിലും അത് പിന്നീട്  എത്തി. പലയിടത്തും എത്തിക്കാണും.  ജിഎച് എച് എസ് പട്‌ലയിൽ അഡ്മിഷൻ എടുക്കാൻ വരുന്നവരോട് ഒരു മുന്നറിയിപ്പ് എന്ന് പറഞ്ഞാണ് തുടക്കം.

 ജാഡ കാണിക്കരുത് പോൽ. കാണിച്ചാലോ ?  വേറെ സ്‌കൂൾ നോക്കണം പോൽ. പഠിച്ചാലും , പഠിച്ചില്ലേലും ഈ പോസ്റ്റ് പിള്ളേർക്ക് പ്രശ്നമില്ല പോൽ, പക്ഷെ അവരെ അനുസരിച്ചിരിക്കണം. അടി ആരോഗ്യത്തിന് ഹാനികരമെന്ന് പറഞ്ഞാണ് ആ കുറിപ്പ് അവസാനിക്കുന്നത്. താഴെ, ഇടത്ത് നിന്ന് വലത്തോട്ട് 45  ഡിഗ്രി ചെരിച്ചു കറുത്ത അക്ഷരത്തിൽ പ്ലസ് ടു കൊമേഴ്സ് & സയൻസ് എന്ന് ഒപ്പും.

ഭേഷ് ! നന്നായിരിക്കുന്നു ! ഇതിന്റെ പ്രഭവ കേന്ദ്രം  പുറം നാട്ടിലെ ഒരു ഗ്രൂപ്പ്,  ആദ്യ റിപ്പോർട്ട് അതാണ് സൂചിപ്പിക്കുന്നത്.  ശരിയാകാം. തമാശയ്ക്ക് എഴുതിയതാണോ ? അറിയില്ല. അങ്ങിനെ തന്നെയെന്ന്  ഞങ്ങൾ,  ആ സ്‌കൂളിലെ രക്ഷിതാക്കളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പരിസര വാസികളും കരുതിക്കോട്ടെ.

രണ്ടോ മൂന്നോ മക്കൾ എഴുതിപ്പിടിപ്പിച്ചതായിരിക്കും. അവരോട് മാത്രം പറയട്ടെ -  മക്കൾ പഠിക്ക്, ഇപ്പോൾ ഒന്നോരണ്ടോ പരൂഷ ബാക്കിയുണ്ടല്ലോ. അതാദ്യം  എഴുതിയെടുക്ക്. നിങ്ങൾ ഇപ്പോഴേ പ്ലസ് ടു ആകരുത്. ജൂണിലെ കാര്യമല്ലേ ? വാളയാർ ചുരം എത്തിയില്ലല്ലോ. അത് കൊണ്ട് ഇപ്പഴേ കുനിയണ്ട. അവിടെയെത്തുമ്പോൾ കുനിഞ്ഞാൽ മതി.  ഇല്ലെങ്കിൽ നടുവൊടിഞ്ഞു പോകില്ലേ മക്കളേ ? കുഞ്ഞിക്കൂനനയായി പോകില്ലേ ? gnome എന്ന ഇംഗ്ലീഷ് പദത്തിന് ''കൂനൻ'' എന്നർത്ഥത്തിന്റെ കൂടെ ''പാതാളഭൂതം'' എന്ന് കൂടി കാണാം. അതാകരുത്, നിങ്ങളൊരിക്കലും. പാതാളഭൂതത്തിന്റെ ട്രോൾ ഭാഷ  ''ലോകദുരന്ത''മെന്നാണ്.

ഇപ്പോൾ പട്‌ല സ്‌കൂൾ ഒരുപാട് മാറിയില്ലോ. അറിഞ്ഞില്ല അല്ലേ  ?  പിടിഎ ഭാരവാഹികൾ  മാത്രമല്ല, അവിടെ നാട്ടുകാരും പൂർവ്വ വിദ്യാർത്ഥികളും ഇനി വന്നും പോയിക്കൊണ്ടുമിരിക്കും. അവിടെ ഹൈട്ടെക്കും സ്മാർട്ടുമാകാൻ പോവുകയാണ്. കൂട്ടത്തിൽ  സിസി ടിവി ഉടനെ ഇടം പിടിക്കും. എന്തെന്ത് മാറ്റങ്ങളാണ് വരാൻ പോകുന്നത് ! 100 കോടിയുടെ പദ്ധതി തയ്യാറായിക്കഴിഞ്ഞു. 1 കോടിയുടെ അടുത്ത് നാട്ടുകാർ ഓഫറും  നൽകി. എന്തിനെന്നോ ?  ഹയർ സെക്കണ്ടറി അടക്കം  സ്‌കൂളിന്റെ ഭൗതിക സൗകര്യമൊരുക്കാൻ.  അതൊന്നും അറിഞ്ഞില്ലെന്നോ ? അല്ല, സ്ക്രോൾ അപ്പ് ആൻഡ് ഡൗണിൽ  കണ്ടില്ലെന്നോ ?

ഏകജാലകമെന്നാൽ എന്തിനുമുള്ള ലൈസൻസല്ല. ജാലകത്തിനു തുറക്കാൻ മാത്രമല്ല, അടക്കാനും സംവിധാനമുണ്ടെന്ന് ആര് പറഞ്ഞില്ലെങ്കിലും ആശാരിമാരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും. കളിച്ചു കളിച്ചു, തമാശയ്ക്കാണെങ്കിലും, മുറത്തിൽ കേറി കളിക്കരുത്. തോന്ന്യാസം പോസ്റ്റി ആളാകരുത്.  എഞ്ചുവടി ഏഴു വട്ടം എഴുതിപ്പിക്കും. ഏത്തമെഴുന്നൂറ് വട്ടം ഇടേണ്ടിയും  വരും. ദുർഗ്ഗുണ പാഠശാല യ്ക്കുള്ള ദൂരം അതിവിദൂരവുമല്ല. നാട്ടുകാരെ നോക്കി പീക്കിരി പിള്ളേർ  കൊഞ്ഞനം കുത്താൻ ഇനി നിക്കരുത്.

ഇത് കൂടി വായിക്കുക.  അടുത്ത അധ്യയനവർഷം സൗഹൃദാന്തരീക്ഷത്തിൽ തുടങ്ങുക.  അനിയന്മാരെയും അനിയത്തിമാരെയും we are with you എന്നാപ്തവാക്യം പറഞ്ഞു സ്വീകരിക്കാൻ ഇപ്പോഴേ മനസ്സ്‌കൊണ്ട് തീരുമാനിക്കുക. അവർ ജൂനിയേഴ്സ് അല്ല, നിങ്ങൾ സീനിയേഴ്സുമല്ല. നിങ്ങളുമവരും  ജേഷ്ഠാനുജന്മാരാണ്, ജേഷ്ഠാനുജത്തിമാരാണ്.

ഒന്ന്കൂടി സേവന രംഗത്ത് സജീവവുമാകുക. പട്‌ല സ്‌കൂളിന്റെ മേനിയും മേന്മയും നല്ലകുട്ടികളുടെ സാന്നിധ്യമാണ്. അതിൽ നിന്ന് നിങ്ങളൊരിക്കലും ഒഴിവാകരുത്. അതിനുള്ള സാഹചര്യവുമുണ്ടാകരുത്.  വേനലവധിക്കാലം നല്ല പുസ്തകങ്ങൾ നിങ്ങളുടെ  കൂട്ടാകട്ടെ. പ്ലസ് ടു കുട്ടികളെ എതിരേൽക്കാൻ ഞങ്ങൾ നാട്ടുകാരുണ്ട്. പൂർവ്വ വിദ്യാർത്ഥികളുണ്ട്. നിങ്ങളുടെ അധ്യാപകരുണ്ട്. ഞാനടക്കമുള്ള പരിസരവാസികളുണ്ട്.

പ്ലസ്സ്വൺ കുട്ടികളേ, ബാക്കിയുള്ള പരീക്ഷയ്ക്ക് എല്ലാ ആശംസകളും. 

No comments:

Post a Comment