Friday, 17 March 2017

രചന, ചർച്ച പിന്നെ ബ്ലാക്ക് & വൈറ്റ് / അസ്‌ലം മാവില

രചന, ചർച്ച പിന്നെ
ബ്ലാക്ക് & വൈറ്റ്

അസ്‌ലം മാവില

ഇന്ന് ഓഫിസിൽ വരുന്ന വഴി എൻജിനീയറും ബ്ലോഗ്ഗെഴുത്തുകാരനുമായ ജാർഖണ്ഡുകാരൻ സുഹൃത്തിനോട് ഇന്നെന്നെ ഇൻസ്പയർ ചെയ്യാൻ പാകത്തിൽ ഒരു കവിത ചൊല്ലാൻ പറഞ്ഞു. ഞാൻ പറഞ്ഞു ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ മാമ്പഴക്കാലമാണ്. അതുമായി ബന്ധപ്പെട്ടതായാൽ ഏറ്റവും നല്ലത്.  അദ്ദേഹം പറഞ്ഞു എന്റെ നാട്ടിലും മാമ്പഴക്കാലം തന്നെ ; ഇപ്പോഴുമവിടെ കുട്ടികൾ ഏറെ വൈകുവോളം  മാവിനടിയിലാണ് തമ്പടിക്കുന്നതത്രെ .  പിന്നെ നാലുവരി കവിത ചൊല്ലി. അതിന്റെ ഗദ്യമൊഴിമാറ്റം ഇങ്ങനെ :

പഴുത്ത മാങ്ങ നോക്കി കുട്ടികൾ കല്ലെറിയുന്നു;
മധുരമുള്ള മാവിനാണെങ്കിലോ,  ഏറ് കൂടുതലും !
ഏറ് കൊണ്ട പഞ്ചാരമാവ് നോക്കി പുളിയൻ മാവ്
പരിതപിക്കുമത്രെ, ''അവളെത്ര ഭാഗ്യവതി'' !
കാക്കയും കുരുവിയുമണ്ണാനും കുട്ട്യോളുമവിടം
വിരുന്നുണ്ണുവല്ലോ, മാമാങ്കം തീർക്കുവല്ലോ !

ബുധനിൽ തുടങ്ങി അന്ന് വൈകുന്നേരമൊടുങ്ങാൻ സാധ്യതയുണ്ടായിരുന്ന ഒരു കുറിപ്പിലെ content മനസ്സിലാകാതായപ്പോൾ സ്വാഭാവികമായും ഒരു വായനക്കാരനെന്ന നിലയിൽ എനിക്കും സമാനചിന്താഗതിക്കാർക്കുമുണ്ടായ ഒരു സന്ദേഹം ആദ്യം RT യിലും അതിലെ ചില ഭാഗങ്ങൾ CP യിലും  ഒരു എഴുത്തു രൂപത്തിൽ വ്യാഴാഴ്ച ഞാൻ പോസ്റ്റ് ചെയ്തിരുന്നു.

നമ്മുടെ നാടുമായി ബന്ധപ്പെടുന്ന ഏത്  വിഷയവും പൊതു ഇടത്തിൽ പ്രസിദ്ധീകരിക്കപ്പെടുമ്പോൾ  അവ്യക്തതയുടെയും അനിശ്ച്ചിതത്വത്തിന്റെയും ''പർദ്ദ''യിടുന്നതിലുള്ള അസാംഗത്യമായിരുന്നു എന്നെ എഴുത്തിലെ മർമ്മപ്രധാനമായ ഉള്ളടക്കം. അല്ലാതെ എഴുത്തുകാരന്റെ ഭാഷാപരമായ തെറ്റുകളോ വ്യാകരണ പിശകുകളോ ചൂണ്ടിക്കാണിക്കൽ എന്റെ ഉദ്ദേശം തന്നെയായിരുന്നുല്ല,(അതിന് ഞാൻ ഭാഷാധ്യാപകനുമല്ല ).

എഴുത്തുകാരന്റെ ഏറ്റവും വലിയ സന്തോഷമുള്ള മുഹൂർത്തം  തന്റെ രചന വായനക്കാർ ചർച്ചയ്ക്ക് വിധേയമാക്കുന്ന സന്ദർഭമാണ്. പല രൂപത്തിൽ അതാകാം.  എഴുത്തിന്റെ ശൈലി, അതിലെ ഘടന, ഉള്ളടക്കം തുടങ്ങിയവ. സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ  അധികം പേരും ഉള്ളടക്കത്തിനാണ് ശ്രദ്ധ നൽകുന്നത്. അതാകുമ്പോൾ എഴുതി തഴമ്പ് വരണമെന്ന നിർബന്ധമില്ല. വിഷയം നേരെ ചൊവ്വെ പറയുക എന്നതാണ് അതിലെ ഏറ്റവും അഭികാമ്യമായ രീതി. ഞാൻ ആ പക്ഷക്കാരനുമാണ്. ആ ഒരു പക്ഷം പിടിച്ചാണ് ഞാൻ എഴുതിയതും.

എന്റെ നിലപാടിനോട്പൂർണ്ണമായി  യോജിക്കുന്നത് പോലെ വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം വായനക്കാർക്കാണ്. രചന പ്രസിദ്ധീകരിക്കപ്പെട്ടാൽ അത്  വായനക്കാരുടെ പൊതുസ്വത്താണ്. ആ രചനയോട്/  സൃഷ്ടിയോട് യോജിപ്പും വിയോജിപ്പും അവർ പ്രകടിപ്പിക്കും. അതിനുള്ള മൃദലമൂല (soft corner) എഴുതുന്നവർ  കൂടി വായനക്കാർക്ക്നൽകുമ്പോഴാണ്,  ആത്മാർത്ഥതയോടും വേലിക്കെട്ടുകളുമില്ലാതെയും   വായനക്കാർ പ്രതികരിക്കുവാൻ തുനിയുക.  അങ്ങിനെയൊരു ''പുരയിടം'' ഒരുക്കുവാനുള്ള  ശ്രമമാണ് എഴുതുന്നവരിൽ നിന്നും അവരെ അനുകൂലിക്കുന്നവരിലും നിന്നുമുണ്ടാകേണ്ടത്.

ഏതായാലും പരാമർശ വിഷയവുമായി വളരെ ആരോഗ്യകരമായ സംവാദം പല ഇടങ്ങളിലും നടന്നു, നടക്കുന്നു, സന്തോഷം. (ഞാൻ CP & RT ഇടങ്ങളിലേ ഉള്ളൂ.) . ഞാനും നിങ്ങളുടെ ചർച്ചയുടെ ഭാഗമായി എന്നതിലും സന്തോഷമുണ്ട്.

വ്യക്തി വേറെ, അയാളുടെ രചന വേറെ. അത്കൊണ്ട് രചനയിലെ ഉള്ളടക്കത്തോട് എതിർപ്പുണ്ടെങ്കിൽ അവയോട് കൃപ കാണിക്കേണ്ട ആവശ്യവുമില്ല, പ്രതിപക്ഷ ബഹുമാനത്തോടെയുള്ള വിമർശനങ്ങൾ വായിക്കാൻ തന്നെ സുഖവുമുണ്ടാകുമല്ലോ. നിങ്ങൾ വായിക്കപ്പെടുന്നു എന്നത് തന്നെ വലിയ കാര്യമല്ലേ. അപ്പോഴും എന്റെ സന്ദേഹം  ബാക്കിയാവുന്നു, എഴുതിയ content ഇപ്പോഴും ചർച്ചയ്ക്ക് വിധേയമായിട്ടില്ല, അതിന്റെ കാരണവും ഞാൻ എന്റെ ഒന്നാം ലേഖനത്തിൽ സൂചിപ്പിച്ചതിൽ നിന്ന് ഇപ്പോഴും വിടുതി നേടിയിട്ടുമില്ല.  ''അത് അവ്യക്തമാണ്, it is NOT  black and white.''  ( ബ്ലാക്ക് & വൈറ്റ് :  http://dictionary.cambridge.org/dictionary/english/black-and-white).

മറ്റു വല്ല ഇടങ്ങളിൽ വിഷയം മാറി ഞാൻ അതിരൂക്ഷമായും  അനഭിലഷണീയമായ രീതിയിലും  വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ലേഖന തുടക്കത്തിൽ പറഞ്ഞ  പഞ്ചാരമാവിന്റെ സന്തോഷവും നിർവൃതിയും  ഇവിടെ പ്രകടിപ്പിക്കട്ടെ, അതൽപം കൂടിപ്പോയാൽ എന്നോട് ക്ഷമിക്കുകയും ചെയ്യുക. നന്ദി എല്ലാവർക്കും.

No comments:

Post a Comment