Thursday 2 March 2017

എന്‍പതുകളുടെ ബോംബായ്.../ (ഓര്‍മ്മക്കുറിപ്പ്-5)/ അസീസ് പട്‌ല

എന്‍പതുകളുടെ ബോംബായ്...


(ഓര്‍മ്മക്കുറിപ്പ്-5)

വഴിയോരക്കാഴ്ചകള്‍
➿➿➿➿➿➿➿

ബോംബെ സെന്‍ട്രലില്‍ താമസിക്കേ ആഴ്ചയില്‍ കിട്ടുന്ന ഒരു ഒഴിവു ദിവസത്തില്‍  വെറുതെ കാഴ്ചകള്‍ കണ്ടു നടക്കാനിറങ്ങി, ലിമിഗ്ടന്‍ റോഡിലെ  ഇംപീരിയല്‍ തിയേറ്ററിന് മുമ്പിലെത്തിയപ്പോള്‍ അറിയാതെ നിന്നുപോയി, ഹുകുമത്ത് എന്ന സിനിമയായിരുന്നു അന്ന് അവിടെ കളിച്ചു കൊണ്ടിരുന്നത്, സിനിമ അന്നും ഇന്നും ഹരമാണ്.

കടും ചായക്കൂട്ടുകളില്‍ ആകാര വടിവും  ഭാവ രൌദ്രവും ചാലിച്ചു രണ്ടാള്‍ ഉയരത്തിലുള്ള വാള്‍പോസ്റ്റിലെ വിഖ്യാത നടന്‍ ധര്‍മ്മേന്ദ്ര സിനിമ കാണാതെ നടന്നു നീങ്ങുന്ന എന്നോട് സഹതാപിക്കുന്നതുപോലെ തോന്നി, തൊട്ടടുത്തുള്ള അണ്ണമ്മാരുടെ “കൃഷ്ണ” ഹോട്ടലില്‍ കയറി മസാല ദോശയും സ്റ്റീല്‍ കപ്പിലെ ചായയും കുടിച്ചു പ്രയാണം തുടര്‍ന്നു. റോഡ്‌ വളരെ ക്ലീന്‍ ആണ്, ഡബിള്‍ടക്കറും സിംഗിള്‍ടക്കറുമായ ബെസ്റ്റ്ബസ്‌, സ്റ്റോപ്പില്‍ നില്‍ക്കുന്നു പോകുന്നു, ഫിയറ്റ്കാര്‍ ടാക്സി തലങ്ങനെയും വിലങ്ങനെയും ഓടി, പഴകി തുരുംബെടുത്തവയും അക്കൂട്ടത്തില്‍ കണ്ടു, വിദേശികള്‍ കുതിരവണ്ടിയില്‍ പിന്നിലേക്ക് തിരിഞ്ഞിരുന്നു ക്യാമറയില്‍ പകര്‍ത്തുന്നു.

വലതു വശത്തെ കാളീ ദേവീ ക്ഷേത്രത്തിലെ വിഗ്രഹം രക്തം പുരണ്ട വാളുമായ് നാക്ക് തള്ളിച്ചു നിന്ന രംഗം എന്നെ ഭീതിപ്പെടുത്തി, വലീയ പൊട്ടു തൊട്ടു വര്‍ണ്ണസാരികള്‍ പിന്നിലൂടെ വലിച്ചു കെട്ടിയ മറാട്ടി യുവതികള്‍ നടത്തത്തിനിടയില്‍ വിഗ്രഹത്തെ വണങ്ങി  നമിച്ചു കടന്നുപോയി, തൊട്ടപ്പുറത്ത് മരച്ചില്ലകള്‍ക്കടിയില്‍ ചില്ലിനകത്താക്കിയ മിക്സ്‌ട് ഫ്രൂട്ട് പ്ലൈറ്റ് കുരുമുളകും ഉപ്പും ചേര്‍ത്തു  ടൂത്പിക്കില്‍ കുത്തിയെടുത്തു തിന്നാന്‍ കാല്‍നടക്കാര്‍ ധൃതി കൂട്ടി, ഉപയോഗിച്ച ഇംഗ്ലീഷ്, ഹിന്ദി മറാട്ടി ഭാഷയിലുള്ള പുസ്തകങ്ങള്‍ഫ് മാത്രം നിരത്തി ഒരു മേള നടക്കുന്നു; അങ്ങപ്പുറത്തു.
ഈ സ്ഥലം  വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എന്നു മാത്രമല്ല, ഭിക്ഷാടനവും കുട്ടിക്കച്ചവടശല്യവും തീരെ ഇല്ല! വളരെ മനോഹരമായിരിക്കുന്നു,  കമ്പിവേലിക്കരുകില്‍ പുഷ്പിച്ച ചെടികള്‍ കൊണ്ടലനക്രുതമാക്കിരിക്കുന്നു,  നടപ്പാതയിലുള്ള വലീയ ചെടികള്‍ക്ക് പ്രത്യേകം അരപ്പൊക്കത്തില്‍ റൌണ്ട് വേലിയും തീര്‍ത്തിരിക്കുന്നു,

ഗേറ്റ് വേ ഓഫ് ഇന്ത്യയിലൂടെ തഴുകി വന്ന കടല്‍കാറ്റ്  മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിര്‍ ചൊരിഞ്ഞു, തിരക്കിട്ട് യാത്ര ചെയ്യുന്നവരുടെ ആഹ്ലാദ, ചേഷ്ട ഗോഷ്ടികള്‍ ഒറ്റയ്ക്ക് കണ്ടാസ്വദിച്ചു., ഒഴിഞ്ഞ നടപ്പാതയിലേക്ക് എറിഞ്ഞു കൊടുക്കുന്ന ധാന്യമാണികളെ മത്സരബുദ്ധിയോടെ കൊത്തിത്തിന്നുന്ന പ്രാക്കളെ മുട്ടിയുരുമ്മി മുന്നേറുന്ന യാത്രികരുടെ വശങ്ങളിലായി അവ ചിറകിട്ടടിച്ചു മേല്‍ പോട്ടുയര്‍ന്നു., അപൂര്‍വ്വം ചില സിനിമകളിലെ രംഗം നേരിട്ട് കണ്ടത്തില്‍  നിര്‍വൃതി പൂണ്ടു.

ഗ്രില്‍സ് കൊണ്ട് മറച്ച പച്ചപ്പുകള്‍ക്കിടയില്‍ വര്‍ണ്ണപ്പൂക്കള്‍ വിരിയിച്ച റൌണ്ട് അബൌട്ടിലെ നടപ്പാതയിലൂടെ നടന്നു, പൂകളെ കിന്നരിക്കുന്ന ച്ത്രഷലഭങ്ങള്‍ ആ വൃത്താന്തത്തില്‍ മാത്രം ഒതുങ്ങി, ഓരോ ഗ്രില്‍സിലും ഏതോ ഒരു കമ്പനിയുടെ പരസ്യം എഴുതിക്കണ്ടു, ബാബുഭായ് ജഗജീവന്‍ദാസ് എന്നായിരുന്നു, ബസ്‌സ്റ്റോപ്പില്‍ നടന്നെത്തുന്നതിനു മുമ്പ്തെന്നെ ഒരു ഒന്നാം നമ്പര്‍ കടന്നുപോയി, കഷ്ടിച്ച് കയറിപ്പറ്റി, പിന്നാലെകയറിയ, പ്രായം ചെന്ന ഒരാള്‍ ഇടതുകയ്യില്‍ ഡോര്‍ ഹാന്‍ഡ്ല്‍ പിടിച്ചു വലതു കയ്യില്‍ ഒരു ചെറുപ്പക്കാരനെ ബസ്കയറാന്‍ സഹായിക്കുന്ന  രംഗം എന്‍റെ മനസ്സില്‍ ജന്തൂര്‍ച്യവനപ്രാശത്തിന്‍റെ പരസ്യം മിന്നി മറഞ്ഞു.. “സാട് സാല്‍ ക്ക ഭുട്ഡാ യാ... സാട് സാല്‍ ക്ക ജവാന്‍?” അതായിരുന്നു ആ പരസ്യത്തിലെ അടിക്കുറിപ്പ്. “അറുപതുവയസ്സിന്‍റെ കിളവനോ..അതോ അറുപതു വയസ്സിന്‍റെ യുവാവോ?”

ധൃതിയില്‍ അപ്പര്‍ ബോഗ്ഗിയില്‍ കയറിയ എനിക്ക് കാഴ്ചകള്‍ കാണാന്‍ പാകത്തില്‍ വശത്തെ സീറ്റ് തെന്നെ കിട്ടി, മെറൂണ്‍ നിറത്തിലുള്ള  പര്‍ദ്ദയണിഞ്ഞ ഒരു ഫാഴ്സി സ്ത്രീ തൊട്ടു മുമ്പിലെ സീറ്റിലിരുന്നു അരുമയെ പുന്നരിക്കുന്നു,  കണ്ടക്ടറെ കണ്ടില്ല, ഇടയ്കിടയ്ക്ക് പേപ്പര്‍ പഞ്ച് ചെയ്യുന്ന ശബ്ദം കേള്‍ക്കമായിരുന്നു.,മുമ്പിലെ സീറ്റ്‌ ഹാന്‍ഡില്‍ പിടിച്ചു നൂറ്റി എണ്‍പത് ഡിഗ്രിയില്‍ തിരിഞ്ഞു എന്‍റെ ക്യാമറക്കണ്ണുകള്‍ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു.

നിരത്തില്‍ നിന്നും കണ്ടത്തില്‍ മനോഹരം! ഫ്ലാറ്റിലെ ജനലിലൂടെ കയ്യിലൂന്നിനിന്നു നഗരദൃശ്യങ്ങള്‍ കാണുനവര്‍, തൂക്കിയിട്ട പൂച്ചട്ടിയിലേക്ക് വെള്ളമോഴിക്കുന്നവര്‍, മിന്നിമറയുന്ന ടെലിവിഷന്‍ രംഗങ്ങള്‍.. കൂട്ടിലടക്കപ്പെട്ട കലപില കുരുവികള്‍... ആ പഞ്ചിംഗ് ശബ്ദം എന്‍റെ ശ്രദ്ദ തിരിച്ചു, അമ്പതു പൈസ വാങ്ങി അക്കങ്ങളിട്ടു പത്തു പതിനാറോളം കളങ്ങള്‍ തീര്‍ത്ത  നീളന്‍ കളര്‍ ടിക്കറ്റിന്‍റെ അറ്റത്ത് പഞ്ച് ചെയ്ത് എനിക്കും തന്നു ഒരെണ്ണം, അടുത്ത സിഗ്നലില്‍ ബസ്‌ നിര്‍ത്തി.

കൂട്ടത്തില്‍ കൊലാബയും ചുറ്റിക്കാണണമെന്നുണ്ടായിരുന്നു, ഇപ്പോള്‍ തെന്നെ നേരം ഉച്ചയായി, വൈകിയാല്‍ കുംബോക്കാറെ ഹോട്ടലിലെ ഊണ് തീര്‍ന്നുപോകും, അതോര്‍ത്തപ്പോള്‍ ബസിനു വേഗത പോര എന്നു തോന്നി, എന്‍റെ കൂട്ടുകാരന്‍ കെ. എച്. ബഷീര്‍ (ഖാദര്‍ ഹാജിയാര്‍ച്ചാന്‍റെ അബ്ദുല്ലച്ചയുടെ الله يرحمه  )മകന്‍ കൊലാബയിലെ കാക്കാന്‍റെ ഫാന്‍സി കടയില്‍  ജോലി ചെയ്യുന്നു എന്നറിയാം. ലീവുള്ള ദിവസം റൂമില്‍ ഒരു പ്രാവശ്യം കണ്ടിട്ടുമുണ്ട്, ബഹുരസികനാ.. സീനിയോരിട്ടിയുടെ തലക്കനം കാണിക്കാതെ അടുത്തിടപഴുകി, എന്‍റെ ഡ്യൂട്ടി സമയം കുശലം പറച്ചലിനു തടസ്സമായി.

കൊലാബയിലോക്കെ ശമ്പളം ഇല്ലെങ്കിലും ജോലി ചെയ്യാന്‍ ചെറുപ്പക്കാര്‍ റെഡി, അതൊക്കെ ഗോള്‍ഡന്‍ ബെല്‍ട്ടില്‍ പെട്ട പോഷ്  ഏര്യകളാണ്, ഫാഉണ്ടയിന്‍, കപ്പ്‌പരേഡ് (മിക്ക രാഷ്ട്രങ്ങളുടെയും കൊണ്സുലറ്റ് ഓഫീസ് അവിടെയാണ് സ്ഥിതി ചെയ്യുന്നത്) ചര്‍ച്ഗേറ്റ്, ബോംബൈസെന്‍ട്രല്‍, വി.ടി. നരിമന്‍പോയിന്‍ടു ഒക്കെ അതില്‍പെടും., ഇവിടെ ഇന്ഗ്ലിഷ് പഠിക്കാനും വിദേശികളുമായി ഇടപഴകാനും ഭാഗ്യം കടാക്ഷിച്ചാല്‍ ചുമ്മ ഒരു വേള അക്കര കടക്കാന്‍ വരെ സാഹചര്യമൊരുങ്ങും., അങ്ങിനെ കരപറ്റിയ ഒരുപാട് കാസര്‍ഗോടുകാര്‍ പില്‍കാലത്ത് പച്ച പിടിച്ചിട്ടുണ്ട്.

ഞാനിപ്പോള്‍ ബേണ്ടിബസാറില്‍ ബസ്സിറങ്ങി, ഇവിടെ നേരെ മറിച്ചാണ് അനുഭവപ്പെട്ടത്, ബഹളവും ആള്‍ക്കൂട്ടവും, തെരുവ് ചന്തയും തട്ടിപ്പുമൊക്കെ നടമാടുന്ന കാലം, ഇക്‌ബാൽ ഹസ്സൻ ആൻറ് കമ്പനിയുടെ ഇങ്ങേ അറ്റത്ത് ഗുൽസാൻ ഹോട്ടലിനു അഭിമുഖമായി നിന്ന് റിസ്വാൻ ഇൻശാഅല്ലാഹ്‌ മാഷാഅല്ലാഹ്‌ അത്തർ ഷോപ്പും എനിക്ക് നന്നായി കാണാം. റെഡ് സിഗ്നലിൽ ഒട്ടുമിക്ക വാഹനങ്ങളും എൻജിൻ ഓഫ് ചെയ്തിട്ടിരിക്കുന്നു. പെഡസ്ട്രിയൻ സിഗ്നൽ ഓണായി സീബ്രാ ലൈനിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് എന്നെ ബലമായി പിന്നോട്ട് തള്ളി ഒരു കൂട്ടം ഹിജഡകൾ പ്രത്യേക താളത്തിൽ കൈമുട്ടിപ്പാടി അംഗചേഷ്ടകളാൽ പൃഷ്ഠംങ്ങൾ കുലുക്കി ധൂളികൾക്കുള്ളിലേക്ക് മറഞ്ഞു.

▪▫▪▫▪▫

No comments:

Post a Comment