Wednesday 22 March 2017

വിവേകമാവശ്യപ്പെടുന്ന വേളകൾ / എം. ആർ. കിനാലൂർ

വിവേകമാവശ്യപ്പെടുന്ന വേളകൾ 

കാസർക്കോട്ട്‌ റിയാസ്‌ മൗലവിയെ വെട്ടിക്കൊന്ന സംഭവം മുസ്ലിം ന്യൂനപക്ഷങ്ങളിൽ കടുത്ത അരക്ഷിത ബോധം സൃഷ്ടിക്കുന്നുണ്ട്‌..;  കൊടിഞ്ഞി ഫൈസൽ വധം സൃഷ്ടിച്ച ആഘാതം വിട്ടുമാറും മുമ്പാണു പുതിയ സംഭവം. ഫൈസൽ വധം ഹിന്ദുത്വ വർഗ്ഗീയ ശക്തികൾ ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് തെളിഞ്ഞിട്ടുണ്ടെങ്കിലും റിയാസ്‌ വധത്തിന്റെ ഉത്തരവാദികൾ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ്‌ അന്വേഷണം പൂർത്തിയാകും വരെ അതുസംബന്ധിച്ച കുറ്റാരോപണങ്ങളിൽ നിന്ന് വിട്ടുനിൽക്കാം. റിയാസ്‌ വധത്തെ തുടർന്ന് ഇന്നലെ കാസർക്കോട്‌ നടന്ന ഹർത്താൽ അക്രമാസക്തമായി എന്നാണു വാർത്തകളിൽ കാണുന്നത്‌. പോലിസിനും മാധ്യമങ്ങൾക്കും നേരെ ആക്രമണമുണ്ടായതായി പത്രങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.

ഒരു മദ്രസാധ്യാപകനെ പ്രകോപനമില്ലാതെ പള്ളിയിൽ കയറി വെട്ടിക്കൊന്ന സംഭവം അങ്ങേയറ്റം ഭീകരവും അപലപനീയവുമാണന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ പിന്നിലെ ഗൂഢശക്തികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ നിയമവാഴ്ചയിലുള്ള പ്രതീക്ഷ ഇല്ലാതാകുകയും അത്‌ സാഹചര്യം കൂടുതൽ സങ്കീർണമാക്കുകയും ചെയ്യും.

അതേസമയം, ഈ സംഭവത്തെ മുൻനിർത്തി ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്ന പ്രതികരണങ്ങൾ അപക്വവും അവിവേകവുമാണെന്ന് പറയാതെ വയ്യ. ചിലർ ഭരണകൂടത്തെ പഴിക്കുന്നു, പൊലീസിനെ കല്ലെറിയുന്നു, ' മതേതരത്വ'ത്തോട്‌ കലിപ്പ്‌ തീർക്കുന്നു. സത്യത്തിൽ ഇവർ, ഈ ഹീന കൃത്യം ചെയ്തവരുടെ ലക്ഷ്യം നേടിക്കൊടുക്കുകയാണു ചെയ്യുന്നത്‌. മതേതര പൊതുസമൂഹത്തിൽ നിന്ന് ന്യൂനപക്ഷങ്ങളെ അടർത്തി മാറ്റി ഒറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നവരും അവരെ എതിർക്കുന്നവരും ഒരേപോലെ പഴിക്കുന്നത്‌ 'സ്യൂഡോ സെക്കുലറിസത്തെ' ആണു എന്നതാണു വിരോധാഭാസം. 

വർഗ്ഗീയ ധ്രുവീകരണമാണു മതേതര രഷ്ട്രീയത്തെ തോൽപിക്കാനുള്ള സിമ്പിൾ ഫോർമുല എന്ന് വർഗ്ഗീയവാദികൾ തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു ഘട്ടത്തിൽ, എടുത്തു ചാടി ആത്മഹത്യ ചെയ്യാതിരിക്കാനുള്ള വിവേകമെങ്കിലും നമുക്കുണ്ടാകട്ടെ! വികാരം തിളപ്പിക്കാൻ എളുപ്പമാണു, അത്‌ കൊടുക്കേണ്ടി വരുന്ന വില ചെറുതാകില്ല.

എം. ആർ. കിനാലൂർ 

No comments:

Post a Comment