Thursday, 23 March 2017

തൈക്ക്വണ്ടോ നമ്മുടെ സ്‌കൂളിലും ഒരു കായിക ഇനമാകുമ്പോൾ / അസ്‌ലം മാവില

തൈക്ക്വണ്ടോ നമ്മുടെ സ്‌കൂളിലും
ഒരു കായിക ഇനമാകുമ്പോൾ

അസ്‌ലം മാവില

Martial Arts എന്ന് പറഞ്ഞാൽ ആയോധന കല. അവിടെ വാളും പരിചയും കുന്തവും കുടച്ചക്രവുവൊന്നുമില്ല . നിരായുധ പ്രതിരോധം. ചൈനീസ് ആയോധനകലയും കരാട്ടെയും പരസ്പരം സമ്മേളിച്ച, ജനകീയ  സമ്മിശ്ര ആയോധന കലയാണ്  Taekwondo. പത്തേഴുപത് വർഷത്തെ പ്രായമേ തൈക്ക്വണ്ടോക്കുള്ളൂവെങ്കിലും   നമ്മുടെ പട്‌ലയിൽ പോലും ഇത് എത്തിക്കഴിഞ്ഞുവെന്നത് അതിന്റെ ജനകീയതയുടെ നല്ല ഉദാഹരണമാണ്.

തെക്കൻ കൊറിയയിൽ പട്ടാളക്കാർ പരിശീലിച്ചു തുടങ്ങി പിന്നെ പിന്നെ സിവിലിയൻസിലേക്ക് അതെത്തി. 1950 കളിലാണ് ഇതിന്റെ തുടക്കം. ഇതിന്റെ ആദ്യത്തെ പേര് Tae Soo Do എന്നായിരുന്നു. SU ന്റെ സ്ഥാനത്ത് KWO ഫിറ്റ് ചെയ്തു. SU means HAND , KWO meant by  FIST. ഒരുമാതിരി മുഷ്ടി  ചുരുട്ടി, കയ്യും കാലും കൊണ്ട് പഞ്ഞിക്കിടുക എന്നാണ് തൈക്ക്വണ്ടോ എന്ന് പറഞ്ഞാൽ തന്നെ.  1988 മുതൽ ഒളിമ്പിക്സിലിത്  പ്രദർശന ഇനമാണ്. 2000 മുതൽ തൈക്ക്വണ്ടോ ഒളിമ്പിക്സിൽ മത്സരം ഇനമാക്കി, 2010 കോമൺവെൽത് ഗെയിമ്സിലും സ്ഥാനം പിടിച്ചു. അത്കൊണ്ട് ഈ വെറൈറ്റി  ആള് ചില്ലറക്കാരനല്ല എന്നർത്ഥം. ആകെ  രണ്ടു ആയോധനകലകളാണ് ഇന്ന് അന്താരാഷ്‌ട്ര മത്സരയിനങ്ങളിൽ ഉള്ളത്, രണ്ടാമത്തേത് ജൂഡോ.

(നമ്മുടെ കളരിപ്പയറ്റൊക്കെ എന്നേ ഒളിമ്പിക്സിൽ കയറിപ്പറ്റേണ്ട കാലം കഴിഞ്ഞു പോയി, അതിനു മാത്രം മൂള നമുക്കില്ലാത്തതിന് കൊറിയക്കാരെയോ ചൈനക്കാരെയോ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ. എല്ലാ കാലത്തും നമ്മുടെ  ഭരണാധികാരികൾ സ്പോർട്സ് & ഗെയിംസ് പച്ചപ്പിടിപ്പിക്കാനായിരുന്നില്ല നോക്കിയിരുന്നത്, മറിച്ചു അതിന്റെ പിൻബലത്തിൽ എങ്ങിനെ കുഞ്ചിക സ്ഥാനങ്ങളിൽ ''മ്മടെ'' നാലാളെ തിരുകിക്കയറ്റാമെന്നും ടി.എ യും ഡി ഏ യും ഏത് വഴിയിൽ  അടിച്ചെടുക്കാമെന്നുമായിരുന്നല്ലോ.)

ഈ ആയോധന കലയുടെ സൗന്ദര്യവും സജീവതയുമെന്ന് പറയുന്നത് തന്നെ  അതിന്റെ ചടുലതയും ചുറുചുറുക്കുമാണ്. ജൈവ സാങ്കേതികതയും ന്യോട്ടോണിയൻ ഊർജ്ജതന്ത്രവും ചൈനീസ് ആയോധനകലയും തൈക്ക്വണ്ടോയിൽ കാണാം. ഫാർഈസ്റ്റ് രാജ്യങ്ങളിൽ തൈക്കിളവന്മാർ വരെ ഇതിന്റെ ആശാന്മാരാണ്. ജനറൽ Choi Hong Hi പോലെയുള്ളവർ ഈ ആയോധന കലക്ക് ക്‌ളാസിക്കൽ നിർവ്വചനം മാത്രമല്ല ശാസ്ത്രീയ പ്രായോഗികത കൂടി നൽകുന്നതിൽ വലിയ സംഭാവന നൽകിയിട്ടുണ്ട്.

നമ്മുടെ സ്‌കൂളിലെ പെൺകുട്ടികൾ ഇനി മെഡൽ നേടാനല്ലെങ്കിൽ  സ്വരക്ഷയ്ക്ക് വേണ്ടിയെങ്കിലും തൈക്ക്വണ്ടോ പഠിക്കട്ടെ. ഇപ്പോൾ തന്നെ 40 കുട്ടികളുണ്ട്. വരും വർഷങ്ങളിൽ അതിന്റെ എണ്ണം കൂടുകയേയുള്ളൂ. കുട്ടികളിൽ   മാനസികസമ്മർദ്ദം കുറക്കാനും സുരക്ഷാബോധമുണ്ടാക്കാനും അപകര്ഷതാബോധമൊഴിവാക്കാനും തീർച്ചയായും ഈ ആയോധന കല കാര്യമായ  പങ്ക് വഹിക്കും. അങ്ങിനെത്തന്നെയാകട്ടെ. ഉമ്മമാർ കുട്ടികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കരുത് എന്നർത്ഥം.

ഏത് ആയോധനകലയുടെയും ആത്മാവ് കുടികൊള്ളുന്നത് അച്ചടക്കം, സഹനശക്തി , കരുത്ത് (discipline, endurance and stamina) എന്നിവയിലാണ്. തൈക്ക്വണ്ടോ പിള്ളേർ എപ്പോഴുമതോർക്കുക. ഭാവുകങ്ങൾ !

No comments:

Post a Comment