Sunday 19 March 2017

പ്രതീക്ഷകള്‍ കൈവിടരുത് / ആരിഫ് സൈൻ

പ്രതീക്ഷകള്‍ കൈവിടരുത്  

ആരിഫ് സൈൻ 

ക്ഷിപ്രകോപികളും അനിഷ്ടമുണ്ടായാല്‍ ഉടന്‍ ജടയഴിച്ചിട്ട് ശപിക്കുന്നവരുമായ മഹര്‍ഷിമാരെയും സംന്യാസിമാരെയും പുരാണങ്ങളെ അധികരിച്ചുണ്ടായിട്ടുള്ള ചിത്രകഥകളിലും മറ്റും അപൂര്‍വ്വമെങ്കിലും കണ്ടിട്ടുണ്ട്. ചെറിയൊരു പ്രകോപനത്തില്‍ തോളില്‍തൂങ്ങുന്ന മാറാപ്പില്‍ നിന്ന് അവര്‍ ശാപവചനങ്ങള്‍ പുറത്തെടുത്ത് വിതറും. ആ ഗണത്തില്‍ പെടുന്ന സംന്യാസിയായിരിക്കണം യോഗി ആദിത്യനാഥ്. ആരെയും ഏതുനിമിഷവും അദ്ദേഹം ശപിച്ച് ഭസ്മമാക്കിയേക്കാം. 

താര്‍ക്കികനായ ഇന്‍ഡ്യക്കാരന്‍ എന്ന് അമര്‍ത്യസെന്‍ അഭിമാനപൂര്‍വ്വം അവതരിപ്പിക്കുന്ന ചര്‍ച്ചകളിലൂടെയും സംവാദങ്ങളിലൂടെയും സജീവമായി നിലനിന്ന ഇന്‍ഡ്യക്കാരന്‍ തല്‍ക്കാലത്തേക്കെങ്കിലും ചരിത്രത്തിന്‍റെ പൂതലിച്ച അലമാരകളില്‍ വിശ്രമിക്കും. ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും സഹചാരത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും വിശാലസ്ഥലികളെ തിളക്കമുള്ള മാജിക് ലോക്കുകള്‍കൊണ്ട് അടച്ചുപൂട്ടും.

വിവിധ മതങ്ങള്‍ക്കും ജീവിതരീതികള്‍ക്കുമിടയിലുണ്ടായ കൊള്ളക്കൊടുക്കകളിലൂടെയും ആദാനപ്രദാനങ്ങളിലൂടെയും വളര്‍ന്നുവന്ന പുകള്‍പെറ്റ ഗംഗാ-യമുനാ സംസ്‌കാരത്തിന്‍റെ അവസാന നാളമാണ് യു.പി.യില്‍ മുനിഞ്ഞുകൊണ്ടിരിക്കുന്നത്. ദലിത് പഠന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ യു.ജി.സി. യൂനിവേഴ്‌സിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണത്രെ. അങ്ങനെ, പഠിച്ച് മനസ്സിലാക്കി ബ്രാഹ്മണ്യത്തിനു നേരെ വരുന്ന ഭീഷണികള്‍ മുളയില്‍ നുള്ളാം. ഇനിയൊരു ദലിത് പിന്നാക്ക മുഖ്യമന്ത്രിയും യു.പി.ഭരിക്കരുത്‌.

ഇന്‍ഡ്യയെന്ന പൂവാടിയില്‍ കറുപ്പും വെളുപ്പും പൂക്കള്‍ മാത്രം വിരിയിക്കുന്ന ബ്ലാക്കന്‍വൈറ്റ് പ്ലാസ്റ്റിക് ചെടികള്‍ തയ്യാറായിവരുന്നു.

സ്വപ്നങ്ങളേ, നിങ്ങള്‍ രാജകുമാരികളാണല്ലോ, അതുകൊണ്ടുതന്നെ ശുഭപ്രതീക്ഷകള്‍ കൈവിടുന്നില്ല. ഈ അവസ്ഥക്കും ഒരന്ത്യമുണ്ടാകും, ഒരു ദര്‍വീഷ് കവിത പറയുന്നതുപോലെ,
 "ചങ്ങലക്കണ്ണികളൊന്നും  
ബാക്കിവെക്കാതെ
 ഈ രാവും മാഞ്ഞുപോകും, 
താഴ്വാരം മുഴുക്കെപ്പൊന്‍-- 
കതിരുകള്‍ വിളയും, 
നീറോ മരിച്ചുപോയി, 
റോമാ മരിച്ചതുമില്ല." 

മോദിയും ആദിത്യനും പിന്നെ ഷായും പോയാലും ഇന്‍ഡ്യ ബാക്കിയാകും

No comments:

Post a Comment