Friday 24 March 2017

ഒരു പ്രസംഗവും ലിറ്റ്മസ് ടെസ്റ്റും / അസ്‌ലം മാവില

ഒരു പ്രസംഗവും
ലിറ്റ്മസ് ടെസ്റ്റും

അസ്‌ലം മാവില

''ചില വായാടികളെ കാണാറില്ലേ ? അവർ ആവശ്യമില്ലാത്തതിന് സംസാരിക്കും . ഒരാവശ്യം വരുമ്പോൾ കാണുകയുല്ല. ആ ആവശ്യം സന്മനസുകൾ ചേർന്ന് നിറവേറ്റുന്നുവെന്നറിഞ്ഞാൽ അതിനിട്ടു പരോക്ഷമായി പാരയും പണിയും; ആ പപ്പാര വർകൗട്ടാകില്ലെന്നറിയാം,  എന്നാലുമൊരു  സുഖം കിട്ടാൻ ഒരു  ശ്രമം നടത്തും. അതുമായില്ലെങ്കിൽ മനസ്സ് കൊണ്ട് പ്രാകി പ്രാകി നേരം വെളുപ്പിക്കും.  ഇവരെ കരുതിയിരിക്കുക. ഇവരെ തിരിച്ചറിയാൻ എളുപ്പമാണ്. അവർ  പണിതാൽ  പൊൻചട്ടി, മറ്റുള്ളവരുടെ പ്രയത്നം മൺചട്ടിയല്ല; പിന്നെയോ മാരണച്ചട്ടിയും. ഈ സ്വഭാവം തലയിൽ പേറി നടക്കുന്നവരെ തിരിച്ചറിഞ്ഞാൽ അജ്ജാതിയെന്ന് കണക്ക് കൂട്ടിക്കൊള്ളുക. ഏതെങ്കിലുമൊരിക്കൽ ഈ ദുസ്വഭാവം നിങ്ങളോരുത്തരെയും കീഴടക്കിയിരിക്കും. ഇല്ലേ ? എങ്കിൽ നിങ്ങളൊരു അസാധാരണ മനുഷ്യനാണ്, an extra ordinary personality ''

കഴിഞ്ഞ വെള്ളിയാഴ്‌ച  യാമ്പുവിലെ ഒരു സാംസ്കാരിക സദസ്സിൽ കേട്ട പ്രസംഗത്തിൽ നിന്ന്. കേട്ടവരൊക്കെ തരിച്ചിരുന്നു. ചിലർ ചിലരെ നോക്കുന്നു. വേറെ ചിലർ വാ പൊത്തുന്നു. മറ്റുചിലരുടെ മുഖം വിളറുന്നു. ചിലർ ആസ്വദിച്ചതായി വരുത്തിത്തീർക്കുന്നു. ആരിഫ് സൈനിന്റെ പിതാവിന്റെ പ്രയോഗം കടമെടുത്താൽ ചിലർക്ക് സൈക്കിളിൽ നിന്ന് വീണ ഒയഞ്ഞ ചിരിയും !

''ആരും അങ്ങോട്ടുമിങ്ങോട്ടും നോക്കണ്ട; അവനവനെ നോക്കുക. അവനവന്റെ മനസ്സിലേക്ക് നോക്കുക. ഞാൻ എന്നെ നോക്കുന്നു.'' കൃത്യം പതിനാല് മിനിട്ട മാത്രമുണ്ടായിരുന്ന  ആ പ്രസംഗം തീർന്നത് അങ്ങിനെ. വളരെ സരസമായി നടത്തിയ ആ പ്രസംഗത്തിനു വിരാമമിടുമ്പോൾ  പെരുമഴ പോലെ കയ്യടി !

''സോഷ്യൽ മീഡിയ കൂട്ടായ്മകളിലെ വിലങ്ങുതടികളും  അരുതായ്കകളും '' എന്നതായിരുന്നു വിഷയം. ഒരു കൗതുകത്തിന്റെ പുറത്താണ് അവിടെ കേൾവിക്കാരനായെത്തിയത്. അതും മറ്റൊരു ഓപ്‌ഷൻ അന്നില്ലാത്തത് കൊണ്ടു ആ ചെറിയ ധന്യമായ സദസ്സിൽ ഒരാളാകാൻ സാധിച്ചു.

ഒന്നും പറയാനില്ല. കണ്ണാടിപോലെ തോന്നേണ്ട വാക്കുകൾ. പല്ലുതുടക്കുന്ന ബ്രഷ് തൂക്കുന്നിടത്ത് ചില്ലിട്ടു തൂക്കേണ്ട ഒന്നായി തോന്നിയത്. സ്വയമൊന്ന് അളക്കാൻ, തൂക്കാൻ, തുറിച്ചു നോക്കാൻ പറ്റിയത്. ''ഒക്ക്വല്ലോ ഇത് ഓനെന്നെ'' എന്നതിന് പകരം ''ഇത് എന്നെ തന്നെ, എന്നെ മാത്രമെന്ന്'' ഉദ്ദേശിക്കാനും കരുതാനും ഉടനെ സ്വഭാവം മാറ്റാനും പറ്റിയ കഷായപ്പൊടി.കുഞ്ഞുണ്ണി മാഷിന്റെ ഭാഷയിലെ  ''നല്ലൊരു ചൂല്''.

ഇതിവിടെ പോസ്റ്റുന്നു. എനിക്ക് നോക്കാനും എന്നെ  തിരുത്താനും. എല്ലവർക്കും നല്ല രാവിലെ നേരുന്നു. നല്ല മുഴുനീളപ്പകലും !

No comments:

Post a Comment