Tuesday 28 March 2017

അബ്ദുസലാം മാസ്റ്റർ അധ്യാപനം ഔദ്യോഗികമായി വിരമിക്കുമ്പോൾ

അബ്ദുസലാം മാസ്റ്റർ
അധ്യാപനം
ഔദ്യോഗികമായി വിരമിക്കുമ്പോൾ


അങ്ങിനെ ഒരു തലക്കെട്ട് എത്രത്തോളം ശരിയെന്നറിയില്ല. ശരിയല്ലെന്നുമെനിക്കറിയാം.

സലാം മാഷെന്നാണ് ഞങ്ങൾ വിളിക്കുക. വർഷങ്ങളുടെ പരിചയമുണ്ട്. എന്റെ പ്രീഡിഗ്രി  മുതൽ സലാം മാഷുണ്ട്. കണ്ണാടിപ്പള്ളിയിൽ വെള്ളിയാഴ്ച ജുമുഅ:ക്കായി വരുന്നത് നിസ്കരിക്കുക എന്ന ഉദ്ദേശത്തോടൊപ്പം ഇവരെയൊക്കെ കാണുക എന്നുകൂടിയുണ്ടായിരുന്നു.

പള്ളിക്ക് പുറത്തിറങ്ങിയാൽ ഇരുമ്പ് ഗേറ്റ്; അതിന്റെ ഇടത് ഭാഗത്തു ഞങ്ങൾ കുറച്ചു പിള്ളേർ നിൽക്കും, സുന്നത്ത് നമസ്കാരം കഴിഞ്ഞു മാഷ് പുറത്തിറങ്ങും. കയ്യിൽ ശബാബിന്റെയും അൽമനാറിന്റെയും  ഒരു പൊതിക്കെട്ട്. അത് അദ്ദേഹം  അഴിച്ചു തീരുമ്പോഴേക്കും ഗേറ്റിന്റെ വലത് വശത്തെത്തും.  അതിൽ നിന്ന് ഒന്ന് വാങ്ങി, എനിക്കിഷ്ടപ്പെട്ട പുറങ്ങൾ അവിടെന്ന് തന്നെ ഓടിച്ചു വായിച്ചു സലാം പറഞ്ഞു പിന്നെ നേരെ നാട്ടിലേക്കുള്ള ബസ് പിടിക്കും.

പട്‌ല ബഷീർ അന്ന് കോഴിക്കോടോ മലപ്പുറത്തോ പഠിക്കുകയാണ്‌.; അവിടെ നിന്ന് ബഷീർ തിരിച്ചു വരുന്നതോട് കൂടിയാണ് പള്ളിക്ക് തൊട്ടു പുറത്തു ഇടതു വശം ഓരം ചേർന്നു ഒരു ഓഫീസ് എന്റെയൊക്കെ ശ്രദ്ധയിൽ പെടുന്നത്. കെ.എൻ.എമ്മിന്റെ ഒരു ബോർഡ് ചെരിഞ്ഞു തൂങ്ങുന്നത് ഇപ്പോഴും ഓർത്തെടുക്കാൻ പറ്റും.

ഇസ്ലാഹിപ്രസ്ഥാനം കാസർകോട് ചിട്ടയായി പ്രവർത്തനം തുടങ്ങാൻ സലാം മാഷ് മനസ്സ്‌കൊണ്ടും ശരീരം കൊണ്ടും തയ്യാറെടുക്കുകയായിരുന്നു. പിന്നെ കണ്ണാടിപ്പള്ളിയിൽ നിസ്കാരം കഴിഞ്ഞാൽ ബഷീർ ഞങ്ങളെയൊക്കെ കൂട്ടി മുകളിൽ ഓഫീസിലേക്ക്. മാഷിന്റെ നർമ്മത്തിൽ ചാലിച്ച സംസാരങ്ങൾ. എല്ലാവരോടുമില്ല, അത് ആസ്വദിക്കുന്നവരോട് മാത്രം. സംഘടനാ മികവ് അവിടെ നിന്ന് കാണാനും കേൾക്കാനും തുടങ്ങി.

ഞാനെപ്പോഴും ഊരാൻ ശ്രമിക്കുന്ന ഒരാളായിരുന്നു. ഉത്തരവാദിത്തമൊക്കെ എന്തെങ്കിലും കാരണം പറഞ്ഞു മാറിക്കളയും. ബഷീറിന്റെയും സലാം മാഷിന്റെയും പിടിയിൽ നിന്നാണെന്ന്  തോന്നുന്നു ഞാൻ രക്ഷപ്പെടാതിരിന്നിട്ടുള്ളൂ.

യു.എ.ഇ .യിൽ കാസർകോട് ജില്ലയിലെ ഇസ്‌ലാഹി കൂട്ടായ്മ ഉണ്ടാക്കാൻ നാട്ടിൽ നിന്നും  നേതൃപരമായ പങ്ക് വഹിച്ചത് സലാം മാഷായിരുന്നു. കാസർകോട് അപ്രതീക്ഷിതമായ സംഘടിത  ഇസ്ലാഹി പ്രവർത്തനം സജീവമാക്കിയത് അദ്ദേഹം തന്നെ. കേൾക്കാനുള്ള അസാമാന്യക്ഷമ കണ്ട് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. സംഘാടകർക്ക് ഒരു പക്ഷെ അന്യം നിന്ന് പോകുന്ന ഒന്നാണല്ലോ, അണികളെ കേൾക്കാതിരിക്കുക, പകരം അനുസരിക്കുക എന്നത്.


രണ്ടായിരത്തി ഒന്നിലാകണം ദുബായിൽ കാസർകോട് ഇസ്ലാഹി സമ്മേളനം നടക്കുമ്പോൾ സുവനീർ എന്ന ആശയം മുമ്പോട്ട് വെച്ചപ്പോൾ അത്തിനുള്ള മുഴുവൻ മെറ്റീരിയൽസ് നൽകിയത് സലാം മാഷിന്റെ പ്രത്യേക താത്പര്യം ഒന്ന് കൊണ്ടായിരിക്കുന്നു. 19 -20 നൂറ്റാണ്ടിലെ ഉത്തര കേരളത്തിലെ ഇസ്ലാഹി ചലനങ്ങളെ കുറിച്ചും നേതാക്കളെ കുറിച്ചും ഇബ്രാഹിം പാലത്തിനോടൊപ്പം അദ്ദേഹം നടത്തിയ പഠനം ഇന്നും എനിക്ക് അത്ഭുതമായി തോന്നിയിട്ടുണ്ട്. കഴിഞ്ഞ വര്ഷം യാമ്പുവിൽ പഴയ കാല ഇസ്ലാഹി നേതാക്കളെയും ഇസ്ലാഹി ചലനങ്ങളെയും കുറിച്ച് പ്രസംഗം കേട്ടപ്പോൾ, അതിലൊന്നും ഉത്തര മലബാർ സ്പർശിക്കാതിരിക്കുമ്പോൾ ഞാൻ അങ്ങോട്ട് സമയം ചോദിച്ചു പ്രസംഗിക്കുമ്പോഴും എന്റെ മുന്നിലുണ്ടായിരുന്ന ലേഖനം നടേ പറഞ്ഞത് തന്നെ.

ഇടയിൽ രണ്ടുപേരും കണ്ടില്ല, പതിനാല് വര്ഷം അപൂർവ്വമായി സന്ധിച്ചു. പക്ഷെ  മനസ്സുകളിൽ ഒന്നും നമുക്ക് പറിച്ചു മാറ്റാനോ മറക്കുവാനോ സാധിക്കുകയില്ലല്ലോ.  പ്രസ്ഥാന ബന്ധുക്കൾ ഒന്നിച്ചപ്പോൾ എന്റെ മനസ്സിൽ ആദ്യമോടിയെത്തിയതും സലാം മാഷ് തന്നെ.

എന്നും അദ്ദേഹം നല്ല അധ്യാപകൻ തന്നെയായിരിക്കണം. അങ്ങിനെ ആകാതിരിക്കാൻ ഒരിക്കലും വഴിയില്ലല്ലോ. നന്മകൾ നേരുന്നു, പ്രിയപ്പെട്ട മാഷ്, അന്വേഷണങ്ങൾ, മറിയക്കുട്ടി ടീച്ചർക്കും, താങ്കളുടെ പ്രിയപ്പെട്ട മക്കൾക്കും. 

No comments:

Post a Comment