Sunday 19 March 2017

മിതവാദിയാകുന്ന വിധം / ആരിഫ് സൈൻ

മിതവാദിയാകുന്ന വിധം

ആരിഫ് സൈൻ

സാമുദായികമോ വര്‍ഗീയമോ പ്രാദേശികമോ ആയ ഏതെങ്കിലും തരത്തിലുള്ള വികാരം ഇളക്കിവിട്ട് മാധ്യമ ശ്രദ്ധ നേടി നേതാവുക, പിന്നീടതൊഴിവാക്കി മിതവാദി ചമയുക എന്നാതയിരുന്നു ഇതുവരെ നാട്ടുനടപ്പ്‌. മഹാനാകാന്‍ അതൊരു കുറുക്കു വഴികൂടിയാണ്. കടന്നു പോയ വഴിയുലുള്ളതെല്ലാം വെട്ടിപ്പിടിച്ച് ലോകം കീഴടക്കിയ മാസിഡോണിയക്കാരന്‍ അലെക്സാന്‍ഡര്‍, മഹാനായ അലെക്സാന്‍ഡര്‍ ചക്രവര്‍ത്തിയായത് തീവ്രതയും യുദ്ധക്കൊതിയും പാതിവഴിയിലുപേക്ഷിച്ചതു കൊണ്ടാണ്. കൊള്ള നടത്താന്‍ നിനക്കെങ്ങനെ ധൈര്യം വന്നു എന്നാരാഞ്ഞ അലെക്സാന്ഡറോട് കടല്‍ കൊള്ളക്കാരന്‍ പറഞ്ഞുവത്രേ, “ഒരു ചെറിയ കപ്പലുമായി കടലില്‍ കൊള്ള നടത്തുന്ന ഞാന്‍ കൊള്ളക്കാരന്‍; വലിയ സന്നാഹങ്ങളോടെ ലോകം ചുറ്റി കൊള്ള ചെയ്യുന്ന അങ്ങ് ചക്രവര്‍ത്തി.” നൂറു സഹോദരന്മാരെ കൊന്ന അശോകന്‍ മഹാനായ അശോക ചക്രവര്‍ത്തിയായത് ഇതേ നയതന്ത്രമുപയോഗിച്ചാണ്.

നമ്മുടെ മുന്‍ പ്രധാനമന്ത്രി ബഹുമാന്യനായ അടല്‍ജിയുടെ കാര്യം തന്നെയെടുക്കൂ, അദ്ദേഹത്തിന്‍റെ അത്യന്തം പ്രകോപനപരമായ പ്രസംഗമാണ് 1983 ലെ കുപ്രസിദ്ധമായ നെല്ലി കൂട്ടക്കൊലക്ക് പ്രത്യക്ഷ കാരണമായത്. ആ കടുത്ത നിലപാട് വലിച്ചെറിഞ്ഞു കൊണ്ടാണദ്ദേഹം മിതവാദിയായതും സ്വന്തം പാര്‍ട്ടിയിലെ പരശ്ശതം മിതവാദികളുടെ നേതാവായതും. അദ്ദേഹത്തെ മിതവാദിയെന്നു വിളിക്കണമെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ അമിതവാദികളായ കുറേ പേര്‍ ഉണ്ടായിരിക്കമല്ലോ.

അതുവരെ അവരുടെ നേതാവായിരുന്ന ലാല്‍ കിഷന്‍ ആഡ്വാണിക്കാണ് പിന്നീട് മിതവാദികളുടെ നേതാവാകാന്‍ വിധിവശാല്‍ ഭാഗ്യം സിദ്ധിച്ചത്. സ്വന്തം നിലക്കു സൃഷ്ടിച്ചെടുത്ത ചോരക്കളങ്ങള്‍ നീന്തിയാണ് ആഡ്വാണീജി നേതാവായത്. ആ പരിവേഷം വലിച്ചെറിഞ്ഞ് അദ്ദേഹം ഒരു മുഴുസമയമിതവാദിയായി. അദ്ദേഹത്തിന് ശേഷം മിതവാദിപ്പട്ടം അണിയാന്‍ പാര്‍ട്ടിയില്‍ അവസരം ലഭിച്ചത് നരേന്ദ്ര മോദിക്കാണ്, അദ്ദേഹം മിതവാദിയായി പരിലസിക്കുമ്പോള്‍ വികസന പുരുഷുവുമാണ്.

പുതിയ വികസന പുരുഷന്‍ യു.പി.യില്‍ അവതരിച്ചിരിക്കുന്നു. അതിനിടെ നിങ്ങള്‍ ശ്രദ്ധിച്ചോ? മിതവാദി എന്ന പട്ടം ആവശ്യമില്ലാതായിക്കഴിഞ്ഞിരിക്കുന്നു. നോക്കൂ, ആദിത്യസ്വാമിക്ക് മിതവാദിയെന്ന യാതൊരു അവകാശവാദവുമില്ല. നേര്‍ക്കുനേര്‍ വികസനസ്വരൂപം. വികസനം എന്നാല്‍ വര്‍ഗ്ഗീയഘോഷണത്തിന്‍റെ മറുപേരും. പണ്ട് ഗോവിന്ദാചാര്യയെ പ്രകോപിപ്പിച്ച മുഖമ്മൂടിയിതാ അഴിച്ചുമാറ്റിയിരിക്കുന്നു. മായമില്ലാത്ത മറിമായം

No comments:

Post a Comment