Sunday, 19 March 2017

വീണ്ടും വായിക്കാൻ / സാഹിത്യ അക്കാദമി പ്രവർത്തനം പ്രവാസലോകത്തേക്കും / കെഎം അബ്ബാസ്

കേരള സാഹിത്യ അക്കാദമിയുടെ പ്രവർത്തനം ഗൾഫ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് ശ്ലാഘനീയം. മെയ് ആദ്യവാരം ദുബൈയിൽ കേരളീയതയെ കുറിച്ച് ചർച്ച നടക്കുന്നു. സാഹിത്യം, സംസ്‌കാരം, സാമൂഹികം എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള പ്രഭാഷണങ്ങളാണ് നടക്കുക. നാട്ടിൽനിന്ന് പ്രമുഖ എഴുത്തുകാരും ചിന്തകരും എത്തുമെന്ന് ഉറപ്പ്.

ഏതാനും ആഴ്ചകൾക്ക് മുമ്പ്, അബുദാബിയിൽ ഒ എൻ വി, അഴീക്കോട് അനുസ്മരണ പരിപാടികൾ നടത്താൻ അക്കാദമി മുന്നോട്ടു വന്നു. കേരള സോഷ്യൽ സെന്റർ, മലയാളി സമാജം എന്നീ സംഘടനകൾ സഹകരിച്ചു. കഥ, കവിത ശിൽപശാലകൾ അടക്കം എല്ലാ സെഷനുകളും ഒന്നിനൊന്ന് മികച്ചതായിരുന്നു. ഗൾഫിലെ എഴുത്തുകാരുടെയും സാംസ്‌കാരിക പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പുവരുത്തിയിരുന്നു. നാട്ടിൽനിന്ന് അക്കാദമി അധ്യക്ഷൻ വൈശാഖൻ, സെക്രട്ടറി ഡോ. മോഹനൻ, കഥാകൃത്ത് സുഭാഷ് ചന്ദ്രൻ, നിരൂപകൻ ഇ പി രാജഗോപാലൻ തുടങ്ങിയവർ എത്തി.
അന്ന് പലരും അഭ്യർഥിച്ചതനുസരിച്ചാകണം, ദുബൈയിലും സാംസ്‌കാരിക പരിപാടി നടത്താൻ അക്കാദമിക്ക് പ്രചോദനമായത്. വിജയിപ്പിക്കേണ്ട ഉത്തരവാദിത്വം യു എ ഇയിലെ മലയാളീ എഴുത്തുകാർക്കും സാംസ്‌കാരിക പ്രവർത്തകർക്കുമുണ്ട്.

എന്നാൽ, കാര്യപരിപാടികൾ തയ്യാറാക്കുമ്പോൾ ചില കാര്യങ്ങൾ സംഘാടകർ ശ്രദ്ധിക്കണം. എഴുതിത്തുടങ്ങുന്നവർക്കും കുട്ടികൾക്കും ഉപകാരപ്പെടണം. ധാരാളം മാധ്യമങ്ങൾ ഉള്ളതിനാൽ, സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ എളുപ്പം.
പലർക്കും സർഗ സൃഷ്ടികൾ നടത്താൻ ആഗ്രഹമുണ്ട്. എങ്ങനെ മികച്ചതാക്കാം എന്നത് സംബന്ധിച്ച് പക്ഷേ രൂപമില്ല. നൈസർഗികതയും പരന്ന വായനയും അനുശീലനവും മതിയെന്നൊക്കെ പറയാറുണ്ടെങ്കിലും പലർക്കും ആത്മവിശ്വാസമുണ്ടാകില്ല. അത് നേടിക്കൊടുക്കുകയാണ് ശിൽപശാലകളുടെ ധർമം. ഒരു മികച്ച പ്രഭാഷണം, അനേകം പുസ്തകങ്ങൾക്ക് തുല്യം. എഴുതിത്തുടങ്ങുന്നവർക്ക് വലിയ പ്രചോദനമാകും.

ഗൾഫിലെ മലയാളീ കുട്ടികൾ മാതൃഭാഷയിൽ നിന്ന് അകന്നുപോകുന്നു. സാഹചര്യത്തിന്റെ സമ്മർദം കൊണ്ടാണത്. മാതൃഭാഷ പഠിക്കാൻ താത്പര്യമുള്ള കുട്ടികൾക്ക് പോലും പലപ്പോഴും അതിന് പറ്റാറില്ല. വിദ്യാലയങ്ങളിൽ മിക്കവയിലും കേന്ദ്ര പാഠ്യപദ്ധതിയായതിനാൽ മലയാളം നിർബന്ധമല്ല. ചില മാതാപിതാക്കൾ വീട്ടിൽ മലയാളം പഠിപ്പിക്കാൻ ശ്രമിക്കുന്നത് വലിയ വിജയം കാണാറുമില്ല.

അക്കാദമിക്ക് ഈ വിഷയത്തിൽ ഒരു പദ്ധതി തയ്യാറാക്കാൻ കഴിയും. അതിനുള്ള തുടക്കം, മെയിൽ ദുബൈയിൽ നടക്കുന്ന സാംസ്‌കാരികാഘോഷങ്ങളിൽ കുറിക്കട്ടെ.

നാട്ടിൽ നിന്നെത്തിയ പഴയ തലമുറ ഇപ്പോഴും മലയാളത്തെ നെഞ്ചോട് ചേർത്തുപിടിക്കുന്നു. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ഏറ്റവും വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളിലേറെയും മലയാള നോവലുകളും കഥകളുമാണ്. പഴയ തലമുറയുടെ ഗൃഹാതുരതയാകാം കാരണം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം വിത്തുപാകിയ വലിയ നന്മകളിലൊന്നിനെ തിരിച്ചുപിടിക്കാനുള്ള ശ്രമവും അക്കൂട്ടത്തിലുണ്ട്.
എന്തുതന്നെയായാലും അക്കാദമിയുടെ പ്രവർത്തനം കുറേക്കൂടി വിപുലമാകുന്നത് മലയാളികൾക്കാകെ അഭിമാനം പകരുന്നതാണ്. വായനക്ക് വലിയ പ്രാധാന്യം നൽകുന്ന രാജ്യങ്ങളുള്ള ഗൾഫിലാകുമ്പോൾ ഇരട്ടി സാംഗത്യമുണ്ട്. k m abbas

No comments:

Post a Comment