Wednesday, 15 March 2017

എഴുത്ത് എഴുത്തായിരിക്കണം ഇല്ലെങ്കിൽ എഴുതരുത് വായനയിൽ ഏർപ്പെടണം / അസ്‌ലം മാവില

എഴുത്ത് എഴുത്തായിരിക്കണം
ഇല്ലെങ്കിൽ എഴുതരുത്
വായനയിൽ ഏർപ്പെടണം

അസ്‌ലം മാവില

എഴുത്ത്, അതിൽ  ഫിക്ഷനും നോൺ-ഫിക്ഷനുമുണ്ട്.  ആദ്യത്തെത് ഭാവനാസമ്പന്നമായ കല്പിത ആഖ്യാനം. കഥ, നോവൽ അതൊക്കെ നമുക്കതിൽ പെടുത്താം. മറ്റൊന്ന് സാധാരണ ഭാഷ (സാഹിത്യസംപുഷ്ടമാകാം, അല്ലാതെയുമാകാം)കൊണ്ടുള്ള ഗദ്യം. ലേഖനം, കുറിപ്പുകൾ, പ്രബന്ധങ്ങൾ, കത്തുകളൊക്കെ  ഇതിലും പെടും.

ഇവരണ്ടിലും പ്രശംസിച്ചും പ്രകീർത്തിച്ചും അതിലേറെ വിമർശിച്ചും സാമൂഹിക ചുറ്റുപാടുകളെ വരച്ചുകാട്ടാൻ എഴുത്തുകാർ ശ്രമിക്കാറുണ്ട്.തുള്ളൽ, ചാക്യാർകൂത്ത്  പോലുള്ള നടനകലകൾ  (performance art), കഥാപ്രസംഗങ്ങൾ, നാടകങ്ങൾ,  കവിത, ഗാനം....  ഒരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള മാധ്യമമെന്ന നിലയിൽ ഉപയോഗിക്കാറുണ്ട്. അത് അനുവാചകന് എളുപ്പം മനസ്സിലാകുകയും ചെയ്യും.

ഇവയിൽ ഒന്നും പെടാതെ എന്തൊക്കെയോ വരച്ചും കുറിച്ചും വായനക്കാർക്കിടയിൽ അവ്യക്തതയും അനാവശ്യമായ മാനസിക സമ്മർദ്ദവും സംഘർഷങ്ങളും സംശയങ്ങളും ഉണ്ടാക്കുന്ന തികച്ചും അനഭിലഷണീയമായ രീതിയുണ്ട്, അവ തീർത്തും നിരുത്സാഹപ്പെടുത്തേണ്ടതത്രെ.  ദുഃഖകരമെന്ന് പറയട്ടെ, രാഷ്ട്രീയ പാർട്ടികളുടെയും മതസംഘടനകളുടെയും മുഖപത്രങ്ങളിലാണ് ചിലപ്പോഴെങ്കിലും ഈ കൊഞ്ഞനം കുത്തൽ കാണാറുള്ളത്.  ''തുപ്പിക്കളി''യെക്കാളും തികച്ചും മോശമായ ഒന്നാണ് ഇമ്മാതിരിയുള്ള ''കൊഞ്ഞനം കുത്തൽ''.  എന്താണ് അതിൽ കിട്ടുക ? ഒരു സുഖം, ഒരാളെയെങ്കിലും കൺഫ്യൂഷനാക്കിയെല്ലോ എന്ന സുഖം. അല്ലാതെ മറ്റെന്ത് ?

ഉള്ളത് നേരെ ചൊവ്വേ പറയുക, അതിന്റേതായ രീതിയിൽ. കത്തെഴുത്തിൽ പോലും ചില എഴുത്ത് മര്യാദകൾ കാണിക്കാറില്ലേ ? അതെത്ര രൂക്ഷമായ അഭിപ്രായ വ്യത്യാസമാണെങ്കിൽ പോലും.  സമൂഹത്തോട് ഒരു വിഷയം ബോധിപ്പിക്കണമെങ്കിൽ (ബോധ്യപ്പെടുത്തുക എന്നത് നിർബന്ധമുള്ള ഒന്നല്ല) എഴുത്ത് കുത്തുകൾ നടത്തുന്നവർ ചില സാമാന്യമര്യാദകൾ കാണിക്കേണ്ടതുണ്ട്. അത് പാലിക്കാത്തവർക്ക് പ്രോത്സാഹനം നൽകിത്തുടങ്ങിയാൽ പിന്നെ നമ്മുടെ ചിന്തയും നീക്കങ്ങളും അങ്ങോട്ടേക്ക് ചായും. മൗനം പോലും അത്തരക്കാർക്ക് അംഗീകാരമായി മാറും. ക്രിയേറ്റിവായ ചിന്ത വഴിതിരിച്ചു വിടുന്നത് അങ്ങിനെയാണ്. സ്‌കൂൾ - മത പാഠശാലകളിൽ നിന്ന് നേടിയെടുത്ത നല്ല ശീലങ്ങളും സ്വഭാവങ്ങളും കടലെടുക്കുന്നതും അങ്ങിനെ തന്നെ. (അത്കൊണ്ടൊക്കെ തന്നെയാണ്  ദ്വയാർത്ഥ പ്രയോഗങ്ങളും ഗോപ്യഅജണ്ടകളും ശ്രദ്ധയിൽ പെടുമ്പോൾ അവർ എത്ര നല്ല അധ്യാപകനായാലും ചില മതപാഠശാലകളിൽ നിന്ന് രായ്ക്ക് രാമാനം അത്തരമാൾക്കാർ ഡിമോബിലൈസ് ചെയ്യപ്പെടുന്നത്) .

ഉള്ളത് നേരെ ചൊവ്വേ, സെൽഫ് റെസ്പെക്റ്റോടെയും ഗുണകാംക്ഷയോടും പറയുക, അതെത്ര വലിയ വിമർശനമായാലും. അല്ലാതെ കുത്തും കൊമയും കോളനും സെമികോളനുമില്ലാതെ എഴുതരുത്, ആരും ഒരിക്കലും.  ആ ശൈലി തുടർന്നാൽ പിന്നെ അങ്ങിനെ തന്നെ ആയിപ്പോകും, തുടർകാലം മൊത്തം. അത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.  ഒരു നാട്ടിലെ, അയൽപ്പക്കത്തോ, ചുറ്റുവട്ടങ്ങളിലോ കാണുന്ന വിഷയങ്ങൾ തെരെഞ്ഞെടുത്തു ശ്രദ്ധയിൽ കൊണ്ട് വരുന്നതിന് ഒരു രീതിയുണ്ട്. അത് എങ്ങിനെയെന്ന് ആർജ്ജിച്ചെടുക്കണമെന്നതിന് ഇടപെടലിനും കൂട്ടത്തിൽ കൂടുന്നതിനും ചെറുതല്ലാത്ത പങ്കുണ്ട്.

പരാമർശ വിഷയവുമായി ബന്ധമില്ലെങ്കിലും വ്യക്തിപരമായ ഒരു കാര്യം കൂടി : എന്റെ എഴുത്തുകളെ സ്ഥാനത്തും അസ്ഥാനത്തും നിരന്തരം സഭ്യവും സഭ്യേതരവുമായ രീതിയിൽ ഒരു സുഹൃത്ത് കുറിപ്പിടാറുള്ളത് അദ്ദേഹത്തിന്റെ സാന്നിധ്യമുള്ള ഗ്രൂപ്പുകളിലുള്ളവർ ശ്രദ്ധിച്ചു കാണും.  പേരെടുത്തു പറയുന്നത് കൊണ്ട് അത് ആരെയാണ് ലക്ഷ്യമാക്കുന്നതെന്ന്  ആർക്കും എളുപ്പം മനസ്സിലാകും. വല്ലപ്പോഴും ചില കുട്ടികൾ എനിക്കവ  അയച്ചുതരാറുമുണ്ട്. തിരുത്തേണ്ടിടത്തു തിരുത്താനത്   വഴിവെക്കാറുമുണ്ട്. അതൊക്കെ പിന്നെയും സഹിക്കാം.   (എന്നെയൊക്കെ പ്രൊമോട്ട് ചെയ്യാനും എനിക്കനാവശ്യ  പബ്ലിസിറ്റി കിട്ടാനും  ഇത്തരം പരാമർശങ്ങൾ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുമ്പോൾ ആ എഴുത്തുകൾ താനേ നിൽക്കുകയും ചെയ്യും )

വായനക്കാർ RT യിൽ പോസ്റ്റ് ചെയ്യുന്ന ഓരോന്നും വളരെ സസൂക്ഷ്മം നോക്കുന്നതും വായിക്കുന്നതുമാണ്. അവിടെ കലപിലകൊണ്ട് സജീവമാകണമെന്നു ഒരു നിർബന്ധവുമില്ല. RT യിലെ മൗനം പോലും സ്നേഹസാന്നിധ്യങ്ങളുടെ ട്രാൻസ്മിറ്റലാണ്, അതാകട്ടെ  ബൗദ്ധിക വ്യായാമങ്ങളിൽ ഇടക്കിടക്ക് കിട്ടുന്ന ഇടവേളകളും !

നന്മകൾ, സ്നേഹാശംസകൾ !

No comments:

Post a Comment