Thursday 9 March 2017

ഹലോ ...., ഈ കമ്പിയിൽ കയ്യും തലയും മുട്ടും വരെ കാത്തിരിക്കണോ ഒരു പരിഹാരം ആലോചിക്കാൻ ?/ അസ്‌ലം മാവില

ഹലോ.....,
ഈ കമ്പിയിൽ
കയ്യും തലയും
മുട്ടും വരെ കാത്തിരിക്കണോ
ഒരു പരിഹാരം ആലോചിക്കാൻ ?


അസ്‌ലം മാവില
________________

ഇലക്ട്രിക് കമ്പിയിൽ വവ്വാലിന്റെ ചിറക്  തട്ടിയാൽ  മാത്രമാണോ  ഷോക്ക് ഏൽക്കുക ? നമ്മുടെ ധാരണ   അങ്ങിനെയെന്ന് തോന്നിപ്പോകുന്നു ഈ  നിസ്സംഗത കാണുമ്പോൾ !

അടക്കയും പേരക്കയും ചുണ്ടിലൊതുക്കി വെളുക്കാൻ നേരത്ത് കുടത്തുണി പോലുള്ള ചിറകും വിടർത്തി ഇലക്ട്രിക്കമ്പി മുട്ടിമുട്ടിയില്ലാ എന്ന മട്ടിൽ ലൈൻ ക്രോസ്സ് ചെയ്യുമ്പോഴാണ് ഈ പാവം  നിശാജീവികൾ കമ്പിയിൽ തട്ടി ഷോക്കടിച്ചു മരിച്ചു തൂങ്ങുന്നത്.

മനുഷ്യനും ഇങ്ങിനെ കയ്യബദ്ധം വന്നാൽ അപകടം വരില്ലേ ? ആ വിഷയത്തിൽ കുറച്ചുകൂടി ഗൗരവം ഉണ്ടായിരുന്നെങ്കിൽ ഇലക്ട്രിക്‌സിറ്റി ജീവനക്കാർ, തളപ്പിൽ കയറുന്നവൻ മുതൽ   എ.എക്സി, എക്സി മൊത്തമാൾക്കാർ  നമ്മുടെ നാട്ടിലെ എത്തിയേനെ ? അത്രയ്ക്കും  വലിയ അപായമണിയാണ് ബൂഡ് പ്രദേശത്തു മുഴങ്ങുന്നത്.

നീളമുള്ള ഒരാൾ ഉപ്പൂറ്റിയിൽനിന്ന് അതിനു താഴെ ഒരു ഇംഗ്ലീഷ് പേപ്പർ കൂടി വെച്ചാൽ തൊടാൻ പാകത്തിലാണ് ആ ഭാഗത്ത് പോകുന്ന ഇലക്ട്രിക് ലൈനുള്ളത്. അത് അങ്ങിനെ തന്നെ നല്ല വലിവിൽ എപ്പോഴും നിൽക്കണമെന്നുമില്ല. ഏത് സമയത്തും അതൽപം അയയാം. പിന്നെയും താഴോട്ട് തൂങ്ങാം.

ഇതൊക്കെ കണ്ടിട്ടും നമുക്ക് ഒരു വിഷയമേ അല്ലേ ?  ടെമ്പോ , ഹെവിലോറിയൊക്കെ കടന്നുപോകുമ്പോൾ അവ കുനിഞ്ഞു പോകാൻ  ആ ഭാഗത്തു കൂടി പോകുന്ന വണ്ടികൾക്ക് പ്രത്യേക സംവിധാനമുണ്ടോ ?  പതിയിരിക്കുന്ന, അല്ല മുമ്പിൽ തന്നെയുള്ള  അപകടം ഏത് സമയത്തും  വന്നു വീണാൽ മാത്രമേ   നാട്ടുകാർ ഉണരൂ എന്നാണോ ? അതല്ല,  ''ഹാ, എല്ലാർക്കാമ്പോലെ ഞമ്മക്കു ആഉം, എൻക്കെന്നിന്ന് ഈന്റെ ബിസ്‍യോ '' എന്ന നിസ്സംഗ സമീപനമാണോ ?

തലക്ക് മുകളിൽ തൂങ്ങുന്ന അപകടം ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുത്. ഉണർന്നേ തീരൂ. അതിനായി ഒരു മാസ്സ് പെറ്റിഷൻ ഉടനെ തയ്യാറാകണം, കൂട്ട ഹർജി ബന്ധപ്പെട്ട ഡിപ്പാർട്ട്മെന്റിൽ നൽകണം. നിരന്തരം ഫോൺകോളുകൾ ഓഫീസിലേക്ക് പോകണം. പത്രമാധ്യമങ്ങളിലും വിഷയമെത്തണം.  കുന്തവും കുടച്ചക്രവുമായി കെ.എസ്.ഇ.ബി ക്കാർ എത്തും വരെ അവർക്ക് സ്വൈരം നൽകരുത്.



 കൂട്ടത്തിൽ  രണ്ടു ട്രാൻസ്ഫോർമറുകളും  സുരക്ഷിതമാണോ എന്നും ഉറപ്പു വരുത്തണം. മതിയായ സെയ്ഫ്റ്റി റെഗുലേഷൻസ് പാലിച്ചാണോ ഇൻസ്റ്റാളേഷനും ഇറക്ഷനും നടന്നതെന്നും ഉറപ്പ് വരുത്തണം. ആവശ്യമായ അറ്റകുറ്റപണികൾ ഉപേക്ഷ കൂടാതെ അവിടെയും  നടക്കണം. നാട്ടിലെ സാമൂഹ്യ പ്രവർത്തകർ യഥാംവണ്ണം  മുന്നിട്ടിറങ്ങാൻ നേരമായി. .

എത്രയെത്ര സ്‌കൂൾ കുട്ടികളാണ് വെസ്റ്റ് റോഡ് - ബൂഡ് വഴി മായിപ്പാടിയിലേക്ക് പാസ്സാകുന്നത്! അത്പോലെ തിരിച്ചും.  വലിയ വാഹനങ്ങളും നിരന്തരം കടന്നു പോകുന്ന പാത കൂടിയാണിത്. അത്കൊണ്ട് ഉണ്ടായേക്കാവുന്ന അപകട സാധ്യത വളരെ വലുതാണ്.

കയ്യെത്താൻ പാകത്തിൽ എങ്ങിനെ ഇലക്ട്രിക് കമ്പി  താണുവന്നു ?  ഉത്തരം സിംപിൾ - കമ്പി താണതല്ല,  റോഡിനു മണ്ണ്  വീണു ഉയരം കൂടിയപ്പോൾ   താഴെ കുഴിച്ചിട്ട ഇലക്ട്രിക് പോസ്റ്റിനു അതോടെ നീളവും കുറഞ്ഞതാണ്.  കമ്പിയും നിരപ്പും തമ്മിലുള്ള അകലവും കുറഞ്ഞു.

അപ്പോൾ ? ഇനി എന്ത് ?  പോസ്റ്റ് ഊരി റോഡിനു മുകളിൽ നാട്ടണം. അല്ലെങ്കിൽ അടിയിൽ കുഴിച്ചിടണം. രണ്ടാമത്തേത് നടക്കില്ല. ആദ്യത്തേത് സാധിക്കും. അങ്ങോട്ട് റോഡ് പണി നടന്ന  കോൺട്രാക്ട്- ടെർമ്സിൽ ഈ ''ക്ളോസ്''  ഉണ്ടായിരുന്നോ ? ചെയ്യാത്തതാണോ ? കെ.എസ്.ഇ. ബിക്കാർക്ക് ഇതൊന്നുമറിയില്ലെന്നുണ്ടോ ?  എന്നെക്കാളേറെ അവിടെയുള്ളവർക്കറിയാം.

ഞാൻ മുമ്പു ഒന്നോ രണ്ടോ വട്ടം  എഴുതിയിരുന്നു, ABC യെ കുറിച്ച്. ഇപ്പോഴും എഴുതുന്നു,  യാമ്പുവിൽ ഞങ്ങളുടെ പ്ലാന്റിന്റെ മുമ്പിൽ വേലിക്ക് കുറകെയായി ഉലക്ക മുക്കി വലിയ ബോർഡിൽ ഇങ്ങിനെ  എഴുതിയിട്ടുണ്ട്- Safety is as Simple as ABC , Always Be Careful !
 എപ്പോഴും മുൻകരുതലും ജാഗ്രതയും ഉണ്ടാകുക എന്നതാണ് സെയ്‌ഫിറ്റി അഥവാ  അപായകരമല്ലാത്ത അവസ്ഥ.

പ്രിയപ്പെട്ടവരേ,  ചെയ്യണം, എന്തെങ്കിലുമല്ല, ഏറ്റവും യോജിച്ചത്.  കാണണം, എന്തെങ്കിലുമൊന്നല്ല,  സ്ഥിരമായ ഒരു പരിഹാരം.  എല്ലാവരുo  ഇതൊക്കെ വായിക്കുന്നുണ്ടാകുമല്ലോ, അല്ലേ ?

No comments:

Post a Comment