Monday 23 October 2017

പൊലിമ ലോഗോ വായിക്കുന്നത്

പൊലിമ
ലോഗോ
വായിക്കുന്നത്

വരയ്ക്ക് ചില  പ്രത്യേകതകളുണ്ട്. ചിത്രങ്ങൾക്കു മുന്നിൽ ഹൃദയമുള്ളവൻ സാകൂതം മണിക്കൂറുകളോളം നിൽക്കും. ഹൃദയത്തോടവ മൗന സംഭാഷണം നടത്തും.  ഹൃത്തിൽ ഓളങ്ങളും ആന്ദോളനങ്ങളും സൃഷ്ടിക്കും. മനസ്സ് ആർദ്രമാകും, മൃദുലമാകും, കാഠിന്യം കയ്യൊഴിയും. ആസ്വാദ്യതയുടെ പാരമ്യമവനനുഭവിക്കും.

കലാസ്വാദനത്തിന് ബഹുഭാവമുണ്ട്.  ഇപ്പോൾ ആസ്വദിക്കുന്നത് സ്ഥായിയല്ല, കുറച്ച് കഴിഞ്ഞാൽ മറ്റൊന്നാകാം, അത് മാറിക്കൊണ്ടേയിരിക്കാം.  അതൊരിക്കലും അരോചകമാക്കുന്നില്ല. ആസ്വാദനത്തിൽ മടുപ്പുമുണ്ടാക്കുന്നില്ല. എല്ലാവർക്കും ഏറ്റക്കുറവിൽ  ഈ അനുഭവമുണ്ടാകും.

വളരെ ലളിതമാണ് പൊലിമ, അതിലും ലളിതമാണ് അതിന്റെ മുദ്രണം. പ്രസന്നമായ ആകാശം, അതിലും പ്രസന്നമായ ആകാശപ്പറവകൾ, കൊക്കുരുമ്മി കിന്നരിക്കുന്ന രണ്ടരിപ്രാവുകൾ, ശാന്തതയുടെ കുഞ്ഞു ചിറകുകൾ, പലമയിലെ  താളവും താരാട്ടും;  പൊലിമയിലെ സന്ദേശവും സന്തോഷവും.

ഒഴിയാൻ കൂട്ടാക്കാത്ത കൂര, തണലായ് നിൽക്കുന്ന ആൾക്കൂട്ടം. പരസ്പര സഹായ-സഹവർത്തിത്വ ഭാവം.  ആധുനികതയുടെ യാന്ത്രിക ജീവിതം മേലാളത്തവും മേധാവിത്വവുമുണ്ടാക്കാൻ ശ്രമിക്കുമ്പോഴും പലമയും പഴമയും  കൈയ്യൊഴിയാൻ കൂട്ടാക്കാത്ത പ്രതീക്ഷ നിറഞ്ഞ ശാന്തമായ പശ്ചാത്തലം.  ഗ്രാമീണതയുടെ  വശ്യത ചോരാതെ അക്ഷികളടച്ച് നിൽക്കുന്ന ഒരു കുഞ്ഞിപ്പെണ്ണായി പട്ലയെ,  മൂന്ന് വരകൾ കൊണ്ട് കലാകാരി കോറിയിട്ടത് തന്നെ പൊലിമയുടെ പൂർണ്ണത.

വെറും ഒരാഘോഷമെന്നതിനപ്പുറം പൊലിമ നമ്മുടെ വികാരമാണ്, ഹൃദയങ്ങൾ തമ്മിലുള്ള സംസാരമാണ്. നിഷ്ക്കളങ്ക സ്നേഹത്തിന്റെ കലർപ്പില്ലാത്ത ആവിഷ്ക്കാരമാണ്.

പൊലിമ മുദ്രണം ഞാനിഷ്ടപ്പെടുന്നു, അതിന്റെ കാരണങ്ങൾക്കാകട്ടെ  അത്ര തന്നെ തീഷ്ണതയുമുണ്ട്.

          *മാവിലപ്പൊലിമ*

No comments:

Post a Comment