Monday 23 October 2017

പൊലിമ നൽകുന്ന സന്ദേശം നമുക്കുൾക്കൊള്ളാനാകണം /അസ്ലം മാവില

പൊലിമ നൽകുന്ന
സന്ദേശം നമുക്കുൾക്കൊള്ളാനാകണം

അസ്ലം മാവില

ക്ഷമിക്കൂ എന്നൊരാളോട്, ആൾക്കൂട്ടത്തോട് പറയാൻ എളുപ്പം; ക്ഷമിച്ചു എന്ന് പറയുന്നത് കേൾക്കാനും എളുപ്പം. അതിന് നമുക്ക് ഒന്ന് ചെവികൊടുത്താൽ മാത്രം മതി.
പക്ഷെ, ക്ഷമിച്ചു എന്ന് പറയുന്നത് അത്ര എളുപ്പമല്ല.

ക്ഷമിക്കുന്നവന്റെ മനസ്സ് കാണാൻ പലപ്പോഴും പറ്റാറില്ല. അവന്റെ/അവളെ  ഔന്നത്യം, അവർ കാണിച്ച സന്മനസ്സ്, ഹൃദയവിശാലത. അത് കാണാനാണ് നാം കണ്ണുതുറക്കേണ്ടത്.

ഒരു വീട്കുടീലിന്റെ തൊട്ട്  തലേദിവസം  നാലഞ്ച് കൂട്ടുകാർ അവിടെ പോയ ഒരു സംഭവം അവരിലൊരാൾ എന്നോട് പറഞ്ഞതോർക്കുന്നു.

പുതുതായി അവിടെ സ്ഥലം കിട്ടി വീട് കെട്ടിയതാണ്. ആ വീട്ടുകാർക്ക് അഞ്ചാറ് അയൽപക്കക്കാരുണ്ട്.   ഒരു അയൽപക്കക്കാരിയോട് ഈ വീട്ടുകാർ കാരണമെന്നുമില്ലാതെ തെറ്റിപ്പിരിഞ്ഞുവത്രെ,   പരുഷമായും മോശമായും സംസാരിച്ചു പോൽ. അയലോത്തുള്ള ഒരുമ്മയുടെ അഭിമാനത്തിന് ആ വാക്കുകൾ ക്ഷതമേറ്റു. പിന്നെ മിണ്ടുമ്മുറിയുമില്ലാതായി.

പോയ സുഹൃത്തുക്കൾ ആദ്യം ചെയ്തത് ആ നരെഗരെക്കാരെ ഒന്നിപ്പിക്കാനാണ്. "അറിയായ്മ കൊണ്ട് പറഞ്ഞുപോയി,  ക്ഷമിക്കൂ " എന്ന് പുതുവീട്ടുകാരി പറയുന്നത് കേട്ടപ്പാട്, കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് കൊണ്ട് "നമ്മളൊന്നല്ലേ, ക്ഷമിച്ചിരിക്കുന്നു" എന്ന് ആ വൃദ്ധയായ ഉമ്മ പറഞ്ഞുവത്രെ, അപ്പോൾ  അവിടെ കൂടി നിന്നവർ മുഴുവൻ കണ്ണുനീർ പൊഴിച്ചുവത്രെ!

എന്നിട്ടവൻ എന്നോട് പറഞ്ഞു :
അത്രയൊക്കെ വിഷമമുണ്ടായിട്ടു പോലും  ആ ഉമ്മ "ക്ഷമിച്ചു മോളേ " എന്ന് പറയുന്നത് കേട്ടപ്പോൾ ഞങ്ങളെത്രയോ ചെറുതായിപ്പോയി, വലിയ സാക്ഷരത പോലുമില്ലാത്ത ആ ഉമ്മയുടെ ഹൃദയവിശാലത അളക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലായിരുന്നു.

ഹഫ്വ് ചെയ്യുക എന്നത് ചെറിയ സംഗതിയല്ല. ഒരാളിൽ നിന്ന് ഒന്നിലേറെപ്പേർ ആകുമ്പോൾ പ്രത്യേകിച്ചും. ഒരു വീട്ടിൽ, കുടുംബത്തിൽ, അയൽപക്കത്ത്, നാട്ടിൽ സന്തോഷം നിലനിൽക്കുന്നത് പരസ്പരം ക്ഷമിക്കുന്നത്  കൊണ്ടാണ്.

ഒരാൾ ക്ഷമിക്കുന്നത്, മറ്റൊരാൾക്ക് എന്തും എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കാനുള്ള ലൈസൻസല്ല.  എത്ര സുക്ഷമത കാണിക്കുന്നുവോ അത്ര നാം പക്വത കാണിക്കുന്നു.  വാക്കുകൾ ഉപയോഗിക്കുന്നത് സൂക്ഷിച്ചാൽ മാത്രം തീരുന്ന വിഷയങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്. ആരുടെയും അഭിമാനം വാക്കും നോക്കും കൊണ്ട് മുറിവേൽക്കരുത്.

അഭിമാനം സംരക്ഷിക്കുക എന്നത്  അറഫാ ദിനത്തിൽ മാത്രം ഓർക്കാനും  പറയാനുമുള്ളതല്ല. അത് ജിവിതം മുഴുവൻ പകർത്താനുള്ളതാണ്.  നമുക്കതിന് സാധിക്കണം, അതിന് സാധിച്ചില്ലെങ്കിൽ നമ്മെ മറ്റുള്ളവർ അളന്ന് തൂക്കിക്കളയും.

ഒരാളെയോ അയാളുടെ ഇഷ്ടപ്പെട്ടവരെയോ പരസ്യമായി അഹിതം പറയുന്നതിന്റെ  പേരാണ് അഭിമാനത്തിന് ക്ഷതമുണ്ടാക്കൽ.
ക്ഷമിച്ചെന്നു പറയുന്നവരോടും അവർ പാലിക്കുന്ന സംയമനത്തോടുമാണ് എന്റെ ഹൃദയം ഒട്ടിനിൽക്കുക, പച്ചക്കരളുള്ളവരുടെ മുഴുവൻ കരളും അവരുടെ ഓരം ചാരി നിൽക്കും.

പൊലിമയെ കുറിച്ച് പറയാറുണ്ട്, വൈവിദ്ധ്യങ്ങൾ നിലനിർത്തി ഐക്യപ്പെടുന്നതാണതെന്ന്. പൊലിമയുടെ സുന്ദരമായ അർത്ഥം സമൃദ്ധി എന്നാണല്ലോ.  ആ സമൃദ്ധി മനസ്സിന്റെ കൂടി സമൃദ്ധിയാണ്. മനസ്സ് സമൃദ്ധമാകണമെങ്കിൽ,  പരസ്പരവിശ്വാസം, ബഹുമാനം, വിട്ടുവീഴ്ച, ഇടപെടലിന്റെ നല്ല ഭാഷ, അന്യനെ ഉൾക്കാണാനുള്ള കഴിവ് ഇവയൊക്കെയുണ്ടാകണം. പട്ലക്കാറെ പിരിശപ്പെരുന്നാളായ പൊലിമ അതിന് വഴിവെക്കട്ടെ .

No comments:

Post a Comment