Monday 23 October 2017

പൊലിമ പ്രചരണോത്ഘാടനം ഗംഭീരം ! ഉഷാർ ! തുടക്കം

പൊലിമ
പ്രചരണോത്ഘാടനം
ഗംഭീരം ! ഉഷാർ !
തുടക്കം തന്നെ കസറി

തുടക്കം തന്നെ പൊളിച്ചു, തിമിർത്തു, കിടുക്കി. പേരുപോലെ തന്നെ പൊലിമയമായി പ്രചരണോത്ഘാടനം.

വെള്ളിയാഴ്ച ദിനം, രണ്ടര മുതൽ ഷരീഫ് മാഷും ഉഷ ടീച്ചറും പൊലിമയുടെ സംഘാടനത്തിലായിരുന്നു, ക്ലാസ്സ് കഴിയുന്ന മാത്രയിൽ അധ്യാപകരോരോന്നും ഊഴം വെച്ചു അങ്കണത്തിൽ എത്തി.

പ്രോഗ്രാം  - എക്സിബിഷൻ  - വോളണ്ടിയർ  - പബ്ലിസിറ്റി കമ്മിറ്റികൾക്കാണ് ആ ദിവസത്തെ ചാർജ്ജ്. അവ നാലിന്റെയും ചെയർമാൻമാരും പരിവാരങ്ങളും നേരത്തെ എത്തി.

ഉപദേശക സമിതിയിലെ  പി. അബ്ദുൽ റഹിമാൻ ഹാജി, ട്രഷറർ പി.പി. ഹാരിസ്, വൈ. ചെയർമാൻ പി.എസ്. മഹ്മൂദ്, സി.പി.ജി. അംഗം കൊപ്പളം കരിം എല്ലാവരും ഉണ്ട്. സെഷനിലെ ശ്രദ്ധാകേന്ദ്രമായ

ലോകപ്രശസ്ത കാലിഗ്രാഫർ ഖലീലുല്ലാഹ് കാറിൽ വന്നിറങ്ങി. എക്സിബിഷൻ ചെയർമാൻ സിറാർ അബ്ദുല്ല, മുഖ്യ രക്ഷാധികാരീ എം.എ. മജിദ്, പ്രോഗ്രാം ഇൻ ചാർജ് ബഷീർ, സ്വാഗത സംഘം കൺവീനർ എം.കെ. ഹാരിസ് എന്നിവർ ചേർന്ന് ഖലീലുല്ലയെ സ്വീകരിച്ചു.

പിന്നെപ്പിന്നെ എക്സിബിഷൻ ഒരുക്കുന്ന തിരക്കായി.  ബി. ബഷീർ, എം. കെ. ഹാരിസ്, എം.എം. ആസിഫ് എന്നിവർ അതിന്റെ ചുമതല സ്വയം ഏറ്റെടുത്തു.

ഇപ്പോൾ സ്കൂൾ അങ്കണം പ്രദർശനമൈതാനിയായി. കറുപ്പിച്ച് വരച്ച അറബ് ഭരണാധികാരികളുടെ അനാട്ടമി കാലിഗ്രാഫികൾ ഒരു ഭാഗത്തും വർണ്ണത്തിൽ ചാലിച്ചവ മറ്റൊരു ഭാഗത്തുമായി പ്രദർശനത്തിന് തയാർ. അധ്യാപകരുടെ അനുവാദം ലഭിച്ചതോടെ കുഞ്ഞുമക്കൾ മുതൽ +2 വിദ്യാർഥികൾ വരെ ലൈനിൽ  നടനടയായി നീങ്ങി. അവരുടെ കൗതുകങ്ങൾക്ക് ബഷീറും എം. കെ. ഹാരിസും വാതോരാതെ ബ്രീഫിംഗ്‌ നടത്തിക്കൊണ്ടേയിരുന്നു.  പിന്നെയാ പ്രദർശനം നാട്ടുകാർക്ക് തുറന്ന് കൊടുത്തു.

മറ്റൊരു ഭാഗത്ത് ശരീഫ് മാഷിന്റെ ആമുഖത്തോടെ പ്രസന്റേഷൻ സെഷൻ. വേദിയിൽ ഹെഡ്മിസ്ട്രസ്സ് ഇൻ ചാർജ് ഉഷ ടീച്ചർ, പ്രിൻസിപ്പൽ ഇൻചാർജ് ബിജു മാസ്റ്റർ. അധ്യക്ഷനായി  പി. അബ്ദുൽ റഹിമാൻ ഹാജിയും.

കണ്ണും കാതും കൂർപ്പിച്ചിരുന്ന പ്രേക്ഷകരുടെ മുന്നിൽ ഖലിലുല്ലാഹ് എത്തി. തന്റെ ബാല്യകാലം തൊട്ട്തലോടിത്തുടങ്ങിയ പ്രസംഗത്തിൽ കാലിഗ്രാഫി ലോകത്തെ കുറിച്ച് ആധികാരികമായി സംസാരിക്കാൻ അദ്ദേഹം സമയം കണ്ടെത്തി. കലയുടെ വിശാലമായ ലോകത്ത് അക്ഷരങ്ങളിൽ വിസ്മയങ്ങൾ തീർക്കുന്ന മന്ത്രിക വിദ്യ പ്രേക്ഷകർ സാകൂതം കേട്ടു .

ഝടുതിയിൽ ഉദ്ഘാടന സെഷനായി. അധ്യക്ഷൻ പി. അബ്ദുൽ റഹിമാൻ ഹാജിയുടെ അളന്ന് മുറിച്ച വാക്കുകൾ. ഐക്യപ്പെരുന്നാളും ഐക്യപ്പെടലും പൊലിമ കൊണ്ടായതിൽ അദ്ദേഹം കണക്ടിംഗ് പട്ലയെ പ്രശംസിച്ചു. പലമയാണ് പൊലിമയെന്ന് അദ്ദേഹം പറഞ്ഞു.

ആ സമയം.വേദി തന്നെ നിറഞ്ഞു കവിഞ്ഞു.  എം.എ. മജിദ്, സിറാർ അബ്ദുല്ല, ഫൈസൽ, പി.എസ്. മഹ്മൂദ്, സി.എച്ച്. അബൂബക്കർ , ഷരീഫ് മാസ്റ്റർ, അബ്ദുൽ റസാഖ്, കൊപ്പളം കരീം, സൈദ് കെ. എം., പി. അബ്ദുൽ കരീം, അഷ്റഫ് പി. സീതി, പവിത്രൻ മാഷ്  എല്ലാവരും വേദിയിൽ.  സ്കൂൾ അങ്കണം മൊത്തം പൊലിമക്കാരായ കുട്ടികളും അധ്യാപകരും നാട്ടുകാരും.

ഉദ്ഘാടന പ്രസംഗത്തിൽ കാലിഗ്രാഫിയുടെ രാജകുമാരൻ  ഖലിലുല്ലഹ് പറഞ്ഞത്  പട്ലയുടെ പൊയ്പ്പോയ സാംസ്ക്കാരിക സുവർണ്ണ ചരിത്രം! ഉത്തര മലബാറിന് മാപ്പിളപ്പാട്ടെഴുതിയ ആദ്യ കവി 1800 ന്റെ അവസാനത്തിൽ ജീവിച്ച   പട്ലക്കാരനായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞപ്പോൾ പലരുമത് അത്ഭുതത്തോടെയാണ് കേട്ടത്. (വിശദമായ ഒരു ലേഖനം പ്രതീക്ഷിക്കാം - മാവില)

തുടർന്ന് നടന്നത് ആശംസാ വചനങ്ങൾ. ജാസിർ മാഷിന്റെ നന്ദി പറച്ചിലോടെ ആർടിസ്റ്റ് ഖലിലുല്ലാഹ് കുഞ്ഞുങ്ങൾക്ക് വേണ്ടി ഇരുന്നു. അരമണിക്കൂറിലധികം അദ്ദേഹം പട്ല സ്കൂളിലെ മക്കൾക്ക് വേണ്ടി വരച്ചു. കാലിഗ്രാഫിയിൽ അവരുടെ പേരുകൾ കടലാസിൽ കോറിയിട്ടുകൊണ്ടേയിരുന്നു.

അന്നത്തെ സന്ധ്യക്ക് വല്ലാത്ത ശോഭയായിരുന്നു, പൊലിമയോളം ശോഭ.

മാവിലപ്പൊലിമ

No comments:

Post a Comment