Monday 23 October 2017

വയോജനദിനം മിണ്ടിയും പറഞ്ഞുമിരിക്കാം / അസ്ലം മാവില

വയോജനദിനം
മിണ്ടിയും പറഞ്ഞുമിരിക്കാം

അസ്ലം മാവില

ഇന്നാണ് lnternational Day of Older Persons. 1990 മുതൽ ലോകം, ഐക്യരാഷ്ട്രസഭ, ഇതാചരിക്കുന്നു.

വയോധികരുടെ  മികവും കഴിവും പങ്കാളിത്തവും സമൂഹത്തിന് പകർന്നും പകർത്തിയും ഭാവിക്ക് മുതൽക്കൂട്ടാക്കുക എന്നതാണ് ഈ വർഷത്തെ വയോജനദിന സന്ദേശം.

ഒറ്റപ്പെടലും അവഗണനയുമാണ് വയസ്സുള്ളോർ നേരിടുന്ന ഏറ്റവും വലിയ വിഷയം. മക്കൾ, അടുത്ത ബന്ധുക്കളവരെ അകറ്റാൻ ശ്രമിക്കും. അടുപ്പം കുറക്കും. സ്നേഹത്തിനു പോലും റേഷനിംഗ് ഏർപ്പെടുത്തും.

ഇക്കഴിഞ്ഞയാഴ്ചയാണല്ലോ മറവിരോഗദിനം കടന്നു പോയത്. ആ ദിനം പോലും നമുക്ക് മറന്നിരിക്കുന്നു! 

പ്രായമുള്ളൊരാൾ വീടൊഴിയുന്നത് നിത്യവും നാം കേൾക്കുന്നു. എല്ലാ നാളും മരണവാർത്തകൾ!  നമ്മുടെ വീടുകളിൽ നിന്ന് നന്മയും നല്ല വാക്കുകളും പൊയ്മറയുകയാണ്.

ചൊല്ലിപ്പറഞ്ഞിരിക്കാൻ നമ്മുടെ വീട്ടിൽ പ്രായമുള്ളവരിന്നില്ല.  സ്നേഹമാവോളം കൊടുക്കാൻ പല വീടുകളിലും അവരുടെ സാനിധ്യമില്ല.    ആവലാതിക്കും വേവലാതിക്കും ചെവികൊടുക്കുവാൻ, നമ്മിൽ പലരുടെയും വീടുകളിൽ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആ സ്നേഹനിധികളുള്ള വീടും വീട്ടുകാരും  എത്ര ഭാഗ്യവാന്മാർ ! അവരുണ്ടായിട്ടും പരിഗണിക്കാൻ പറ്റാത്തവർ എത്ര നിർഭാഗ്യവന്മാർ!

അപരനെ സേവിക്കുന്നതിന് മുമ്പ് ,  പ്രായമായ സ്വന്തം ഉപ്പയുടെയും ഉമ്മയുടെയും ചാരത്തെത്താൻ നമുക്കാകണം.  ആ കിടക്കപ്പായയിലിരുന്ന് താലോലിക്കാൻ നമുക്ക് സാധിക്കണം. അവർക്ക് കരുത്താകണം, താങ്ങും തണലുമാകണം. ആ കാൽസ്പർശമേറ്റൊഴുകുമരുവിയോടൊപ്പുമുള്ള  സ്വർഗ്ഗമതുവഴി സിദ്ധിക്കാൻ  സാധിക്കണം.

വയോജനദിനം കേൾക്കുമ്പോൾ സ്വന്തം മനസാക്ഷിക്ക് നീതിസ്വരം കേൾപ്പിക്കാൻ എനിക്ക്, നിങ്ങൾക്ക് സാധിക്കുമെങ്കിൽ ഇന്നത്തെ ഇരവും പകലും ധന്യമാണ്, എന്നത്തെയും.

അതല്ല, നമുക്കത് കേൾക്കുമ്പോൾ മനം പുരട്ടുന്നോ ? എങ്കിൽ ഓർക്കുക. നമ്മുടെ വീടുകളിൽ, ആരാലും ശ്രദ്ധിക്കപ്പെടാതെ,  ചോരയും നീരും കുറഞ്ഞ്കുറഞ്ഞു വരുന്ന പ്രായമുള്ളവരാരോ കൂനിയിരിപ്പുണ്ട്. വഴിക്കണ്ണിട്ട് എന്റെ, നിങ്ങളുടെ  കാലൊച്ചകൾ കേൾക്കാൻ അവരാഗ്രഹിക്കുന്നു.

വരൂ, നമുക്കവരുടെ അടുത്ത്  പോകാം. അവർക്ക് എന്തോ പറയാൻ ആഗ്രഹമുണ്ട്, നാമുക്കത് കേൾക്കാം.   അതിനുള്ള സന്മനസ്സ് നമുക്ക് കാണിക്കാം. അവരെ പരിഗണിക്കാം. അവരോടും വിശേഷത്തിനപ്പുറം മിണ്ടിയും പറഞ്ഞുമിരിക്കാം.

No comments:

Post a Comment