Monday 23 October 2017

പൊലിമയിൽ തെളിഞ്ഞത് ഉത്തര മലബാറിന്റെ ആദ്യ മാപ്പിളക്കവി പട്ല കുഞ്ഞിമാഹിൻകുട്ടി വൈദ്യരുടെ ചരിത്രം /Aslam Mavilae

പൊലിമയിൽ
തെളിഞ്ഞത്
ഉത്തര മലബാറിന്റെ
ആദ്യ മാപ്പിളക്കവി
പട്ല കുഞ്ഞിമാഹിൻകുട്ടി
വൈദ്യരുടെ ചരിത്രം

(വായനക്കാരോട് :
ഈ ലേഖനം ഗൗരവത്തിൽ തന്നെ വായനയ്ക്ക് വിധേയമാക്കുക. ചില സ്ഖലിതങ്ങളുണ്ട്.   പലതും കൂട്ടി വായിക്കുകയും കൂട്ടിച്ചേർക്കുകയും ചെയ്യേണ്ടതുണ്ട്. ഓർമ്മകളും വാമൊഴികളും വളരെ പ്രധാനമാണ്. പഴയ കാല ചെറിയ കുറിപ്പ് പോലും വലിയ ചരിത്രങ്ങളിലേക്ക് വാതിൽ തുറക്കും. വൈദ്യർ കുടുംബത്തോടും അവരുടെ പഴയ അയൽപക്കക്കാരോടും ഒരഭ്യർഥന, പറഞ്ഞ് കേട്ട ചരിത്രങ്ങൾ എത്ര നിസ്സാരമെന്ന് തോന്നുന്നുവെങ്കിലും  പങ്ക് വെക്കാൻ തയ്യാറാകുക. പഴയ ചരിത്ര പരാമർശമുള്ള രേഖകൾ, കവിയുടെ എഴുത്ത്, കത്തിടപാടുകൾ, പുസ്തകങ്ങൾ, പുസ്തക താളുകൾ... കൈമാറാൻ തയാറാവുകയും ചെയ്യുക.  പൊയ്പ്പോയ,  ഗതകാലസാഹിത്യ-സാംസ്കാരിക ലോകത്തെ പുതുതലമുറയ്ക്കും വരും തലമുറകൾക്കും  പരിചയപ്പെടുത്തേണ്ടത്  നമ്മുടെ ബാധ്യത കൂടിയാണ്. ) ഇനി വായിക്കുക.

കേരളത്തിലെ മുസ്ലിംകൾക്കിടയിൽ   രൂപം കൊള്ളുകയും ഇപ്പോഴും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണല്ലോ മാപ്പിളപ്പാട്ട്. 
മാലപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, പടപ്പാട്ടുകൾ, ഉണർത്തുപാട്ടുകൾ,  ഒപ്പനപ്പാട്ടുകൾ എന്നിങ്ങനെ നാടോടി ഗാനങ്ങൾ മുതൽ മാപ്പിള രാമായണം  വരെ  മാപ്പിളപ്പാട്ടുകളിലെ ഇനങ്ങളിൽ പെടുന്നു.

ഖാസി മുഹമ്മദ്, മോയിൻ കുട്ടി വൈദ്യർ, കുഞ്ഞായിൻ മുസ്‌ല്യാർ, ഇച്ച മസ്താൻ തുടങ്ങിയ പൌരാണിക കവികളുടേതടക്കം രചനകൾ മാപ്പിളപ്പാട്ടു ഗണത്തിലുണ്ട്. 

മഹാകവി മോയിൻ കുട്ടി വൈദ്യരാണ്  മാപ്പിളപ്പാട്ടിന്റെ ജനകീയ കവി. ജിവിച്ചത് വെറും 34 വർഷം. 1857 മുതൽ 1891 വരെ. ഈ കാലയളവിൽ അദ്ദേഹമെഴുതിയ ഇശലുമീരടിയും ഒരുപാടൊരുപാട്. മലപ്പുറക്കാരനാണ് മഹാകവി മോയിൻ കുട്ടി വൈദ്യർ. ആയുർവ്വേദ വൈദ്യത്തിൽ അവഗാഹമുള്ള ഉണ്ണി മുഹമ്മദാണ് അദ്ദേഹത്തിന്റെ വാത്സല്യപിതാവ്. (ഇവരുടെ പിതാമഹന്മാർ മഹാരാഷ്ട്ര ക്കാരെന്നും പറയപ്പെടുന്നു)

വൈദ്യശാഖയാണോ തായ് വേരുകളിൽ എവിടെയോ ബാക്കിയുള്ള കുടുംബ ബന്ധമാണോ എന്നറിയില്ല പട്ലയിലെ, അല്ല ഉത്തരകേരളത്തിലെ തന്നെ അറിയപ്പെടുന്ന  വൈദ്യ കുടുംബാംഗം കുഞ്ഞിമാഹിൻ കുട്ടി വൈദ്യർ, മലപ്പുറക്കാരനായ ഉണ്ണി മുഹമ്മദ് വൈദ്യരുമായി അഗാധമായ ബന്ധത്തിന് നാമ്പിട്ടുവെന്നത് ചരിത്രം. ആ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള സ്നേബന്ധം ഉണ്ണി മുഹമ്മദ് വൈദ്യരേക്കാളും പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ അദ്ദേഹത്തിന്റെ പുത്രൻ മോയിൻകുട്ടിയിലെത്തി.

അതിനൊരു കാരണം പട്ല കുഞ്ഞി മാഹിൻ കുട്ടി സാഹിബ് നാട്ടുവൈദ്യൻ മാത്രമായിരുന്നില്ല, അറിയപ്പെടുന്ന കവി കൂടിയായിരുന്നു. ഇരുത്തം വന്ന മാപ്പിള കവി.  അഷ്ടാംഗഹൃദയമെന്ന വൈദ്യ ഗ്രന്ഥം പട്ല കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ മാപ്പിളകവിതാ രൂപത്തിൽ മൊഴിമാറ്റം നടത്തിയിട്ടുണ്ടെന്ന്  പഴയ ചരിത്ര രേഖകളിൽ കാണാം.

ഏതാനും മാസങ്ങൾ മുമ്പ് ഞാൻ എന്റെ ഒരു കുറിപ്പിൽ സൂചിപ്പിച്ചത്  പട്ലയുടെ സാംസ്ക്കാരിക കേന്ദ്രം സ്രാമ്പിയായിരുന്നുവെന്നാണ്. ഇന്ന് ഒന്ന് കൂടി തെളിച്ച് പറയാൻ തോന്നുന്നു, സ്രാമ്പിയിലെ പഠിപ്പുരയായിരുന്നു ആ പ്രഭവകേന്ദ്രം.  പടിപ്പുര എന്നത് *പഠിപ്പുര* എന്ന് ഇനി മുതൽ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങളോട് നിർദ്ദേശിക്കുന്നു. കാരണം, ആ പരിസരമാണ് ഒരു കാലത്ത് നമ്മുടെ മാതാപിതാക്കളും അവരുടെ പിതാമഹന്മാരും അക്ഷരം പഠിച്ചിരുന്ന ഓത്തുപള്ളിക്കൂടം. അത് കൊണ്ട് പടിപ്പുരയല്ല, പഠിപ്പുര തന്നെ.

എന്ത് കൊണ്ടാണ് സ്രാമ്പി അക്ഷരവിളക്ക്മാടമായെന്നതിന് വെള്ളിയാഴ്ച ഖലിലുല്ലയുടെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ നമുക്ക് ഉത്തരം നൽകി. പ്രശസ്തി ആഗ്രഹിക്കാത്ത ഒരു മഹാമനീഷി നമ്മുടെ നാട്ടിൽ ജീവിച്ചിരിപ്പുണ്ടായിരുന്നു, മാപ്പിളക്കവി പട്ല, പഠിപ്പുര  കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ. അദ്ദേഹത്തിന്റെ ശ്രമവും തയാറെടുപ്പും തന്നെയാണ് അവിടങ്ങളിലെ ഒറ്റമുറി വിദ്യാലയങ്ങൾ ! ആ പള്ളിക്കൂടത്തെ ചുറ്റിപ്പറ്റി തന്നെ നമുക്ക് പഠിക്കേണ്ടതുണ്ട്. (ചില പരാമർശങ്ങൾ മാസങ്ങൾക്ക് മുമ്പ് ഞാൻ RTPEN ബ്ലോഗിൽ സൂചിപ്പിച്ചിട്ടുണ്ട്. )

സമാന കാലത്ത് തന്നെ മൊഗ്രാൽ കേന്ദ്രമായും മാപ്പിളപ്പാട്ടു ശാഖ തഴച്ചു വളർന്നു. സാവുക്കാർ കുഞ്ഞിപ്പക്കിയെ പോലുള്ളവരുടെ സാഹിത്യ കൂട്ടായ്മകളും കവിസദസ്സുകളും പട്ലയിലെ പഠിപ്പുരയിൽ യഥേഷ്ടം നടന്നിട്ടുണ്ട്. (കുഞ്ഞു ഫക്കിർ എന്നത് ലോപിച്ച് പറഞ്ഞതാണ് കുഞ്ഞിപ്പക്കി).  സാവുക്കാർ കുഞ്ഞിപ്പക്കിയുടെ മകനാണ്
പ്രതിഭാധനനായ മാപ്പിളകവി ബാലാമു ഇബ്നു ഫക്കിർ.  പക്ഷിപാട്ട് രചിച്ച നടുത്തോപ്പിൽ അബ്ദു, മാപ്പിളപ്പാട്ടിലെ കുഞ്ചൻനമ്പ്യാരായ പുലിക്കോട്ടിൽ ഹൈദരാലി, ചാക്കീരി മൊയ്തീൻ കുട്ടി, അമ്പായിത്തങ്ങൽ സൈദുട്ടി തുടങ്ങി അന്നത്തെ മാപ്പിള കവികൾ പട്ല കുഞ്ഞി മാഹിൻ വൈദ്യരുടെ സുഹൃദ് വലയങ്ങളിൽ പെട്ടിരിക്കണം.

മാപ്പിള പാട്ടുമായി ബന്ധപ്പെട്ട് ഗവേഷണത്തിലേർപ്പെട്ടവർക്കിടയിൽ പ്രബലമായ രണ്ട് അഭിപ്രായങ്ങൾ കൂടി രേഖപ്പെടുത്തട്ടെ. അത് "ഹിജ്റ "കാവ്യവുമായി ബന്ധപ്പെട്ടാണ്.  34-ാം വയസ്സിലാണല്ലോ മോയിൻകുട്ടി വൈദ്യർ ഇഹലോകവാസം വെടിയുന്നത്.  അന്ന് അദ്ദേഹം "ഹിജ്റ " കാവ്യരചനയിലായിരുന്നു . 26 ഇശലുകൾ മാത്രമായിരുന്നു എഴുതിത്തീർന്നിരുന്നത്. അതിന്റെ പൂർത്തീകരണം പിന്നീട് നടന്നു. ഒരഭിപ്രായം  മോയിൻകുട്ടി വൈദ്യരുടെ പിതാവ് ഉണ്ണി മുഹമ്മദ് വൈദ്യർ ഹിജ്റയുടെ ബാക്കി ഭാഗം പൂർത്തിയാക്കി എന്നാണ്. രണ്ടാമത്തെ അഭിപ്രായം ഉണ്ണി മുഹമ്മദിന്റെ ആവശ്യപ്രകാരം തന്റെയും മകന്റെയും ആത്മ സുഹൃത്തായ പട്ല കുഞ്ഞി മാഹിൻ കുട്ടി എഴുതിത്തീർത്തു എന്നാണ്.

രണ്ടാമത്തെ അഭിപ്രായത്തിന് ബലം നൽകുന്നവർ പറയുന്ന ഞായം ശരിയുമാണ്. മാപ്പിള പാട്ട് രചനയിൽ ഹിജ്റ പൂർത്തീകരിക്കാൻ മോയിൻകുട്ടി വൈദ്യരോളം കിടപിടിക്കുന്ന വ്യക്തി അന്ന് പട്ല കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ തന്നെ. അത് മനസ്സിലാക്കി ഉണ്ണി മുഹമ്മദ് തന്റെ സുഹൃത്തിനെ തന്നെ ഏൽപ്പിച്ചതിൽ അത്ഭുതപ്പെടാനുമില്ല. (കാവ്യഹൃദയങ്ങളിൽ കളങ്കമില്ലല്ലോ.) അങ്ങിനെ വന്നാൽ ഹിജ്റ മഹാകാവ്യത്തിന്റെ ഇരുപത്തേഴാം ഇശൽ മുതൽ നമുക്ക് നെഞ്ചോട് ചേർത്ത് പാടണം, ഹൃദിസ്ഥമാക്കണം, അത് പട്ലയുടെ, പഠിപ്പുരയുടെ ഉണർത്തുപാട്ടാണ്.

ചരിത്രം ഒരളവുവരെയും ഒരു കാലം വരെയും മാത്രമാണ് മറച്ചുവെക്കപ്പെടുന്നത്.  ഒരു ചരിത്ര നിമിഷം മതി അതിന്റെ ഗതി മാറിയൊഴുകാൻ. അവകാശപ്പെട്ട ചരിത്രസത്യം  തട കെട്ടി നിർത്തിയതെന്തിന് ? ഒളിപ്പിച്ച് വെച്ചതെന്തിന് ?  അതിലേക്കൊന്നും നമുക്കിപ്പോൾ പോകേണ്ടതില്ല.  അതിന് മുമ്പ് ചരിത്രരേഖ നമുക്ക് പരതേണ്ടതുണ്ട്. ബാക്കി വെച്ച കാലടിപ്പാതകൾ ഒന്നുപോലും, ബാക്കി വെക്കാതെ മുഴുവനും മാഞ്ഞു പോയിരിക്കുകയൊന്നുമില്ല. ഒരു കാൽവിരലിന്റെ അമർത്തിയ "കല" എവിടെയെങ്കിലും കാണാതിരിക്കില്ല.  എം. എ. റഹ് മാൻ , ഖലിലുല്ലാഹ് ചെംനാട് പോലുള്ള ചരിത്ര കുതുകികൾ നമുക്ക് കൂട്ടായുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഉത്തര മലബാറിന്റെ ആദ്യ മാപ്പിള(പ്പാട്ട്) കവി പട്ലക്കാരൻ പഠിപ്പുര കുഞ്ഞി മാഹിൻ കുട്ടി വൈദ്യർ എന്നത് ഞങ്ങൾക്കിനി തലമുറകളോട് പറഞ്ഞു കൊടുക്കാനുള്ളതാണ്. പൊലിമയിൽ ആ നാമം മറക്കാത്ത ഒന്നായിരിക്കും.

ഗവേഷണ പടുക്കൾക്ക്  ഈ വിഷയം ശ്രദ്ധയിൽ വരണം, ആ ചരിത്രാന്വേഷണത്തിന്  അൽപം ചിലവായാലും അധികമാകില്ല. പട്ല ഇപ്പോൾ ചെറിയ നാടല്ല. പൊലിമ ഇപ്പോൾ ചെറിയ ആഘോഷവുമല്ല. 

No comments:

Post a Comment