Monday 28 October 2019

നാലുകവിതകൾ / S A P

(1)

*മഴ*

പുറത്ത് നല്ല
മഴ പെയ്യുന്നു.
കാറ്റ് വീശുന്നു

ഇടിമിന്നലില്ലാത്ത
ചിന്നം പിന്നം മഴ
പുറത്തിരിക്കാൻ
തോന്നുന്നു

പുറത്തിറങ്ങി
മഴ നനയാൻ
തോന്നുന്നു.

രാത്രിയായല്ലോ
ഇനി പുറത്തിറങ്ങണ്ട
എന്ന് പ്രണയിനി

മഴയെ പ്രണയിച്ചവർക്കെന്ത്
പ്രണയിനി എന്ന് ഓഷോ സാഹിബ്.

നനയാൻ മനസ്സുള്ളവരുടെ
അകം പൊള്ളിക്കുന്ന
കുളിർ മഴ

സ്നേഹ മഴയുടെ
മരം വീണ കറന്റക്കാടുകളിൽ
ഫാസിസത്തിന്റെ
അവുളക്കുട്ടി അദ്ധ്യക്ഷൻ.

മഴ പെയ്യട്ടെ
രാഷ്ടീയം ചത്ത
രാത്രികളിൽ
മഴ തിമർത്തു
പെയ്യട്ടെ

ഇടികൾ
മുട്ടട്ടെ
മിന്നലുകൾ
എറിയട്ടെ.


(2)



*തീവണ്ടി*


തീവണ്ടി പായുന്നു
ചൂളം വിളിക്കാതെ
ജനാല തുറന്നിരിക്കുന്നു
ഇളം തെന്നൽ തലോടുന്നു

അകം നിറഞ്ഞിരിക്കുന്നു
ജനം തളർന്നിരിക്കുന്നു
ദൂരെ നിന്നും വരുന്നവർ ചിലർ
ചിന്തയുടെ ഭാരവുമായി പലർ

കുട്ടികൾ കരയുന്നു
തൊട്ടടുത്തൊരാൾ ഉറങ്ങുന്നു
പഴയയാളുകൾ ഇറങ്ങുന്നു
പുതിയ ജനം കയറുന്നു.

കാറ്റ് വീശുന്നു
തണുത്ത കാറ്റ് വീശുന്നു
ഇരുട്ട് കേറുന്നു
ഉറക്കം തൂങ്ങുന്നു.

ഇനിയുമുണ്ട് ദൂരം
എവിടെയെത്തിയെന്നൊരാൾ
ആപ്പ് തുറന്ന് നോക്കി ഞാൻ
കണ്ണപുരം കഴിഞ്ഞെന്ന് മൊഴിഞ്ഞു വീണ്ടും
കവിതയായ് മുന്നിൽ
താഴ്മയോട് നിൽക്കുന്നു.

അടുത്ത കവിത
വിമാനം കയറി വരും
തീവണ്ടിയിൽ വന്ന കവിതെ
നിന്നെ ഇനിയെന്ന് കാണും പ്രിയെ....


(3)


*എയർപോർട്ട്*


വിമാനത്താവളം
ആളുകളെ അങ്ങകലെയുള്ള
ഏതോ ചില വിഷാദ താവളങ്ങളിലേക്ക്
ആനയിക്കും.

എല്ലാ കടമ്പകളും
അനസ്യൂതം കടന്നു പോകും

ബന്ധങ്ങളെ അറുത്തു മാറ്റുന്ന വൃത്തിയും വെടിപ്പുമുള്ള
വ്യാജ മനുഷ്യർ
വാഴുന്ന പൊതുയിടം.

വിമാനം വന്നു കഴിഞ്ഞാൽ
നിങ്ങൾ പോയോ തീരൂ.
വിളിക്കുമ്പോൾ പോകണം
ജീവിതം പോലെ
മരണം പോലെ
ഒരു വിളിയാണ്
ഒരോ വിളിയും
കിളിനാദം പോലെ
സംഗീതാത്മകം!

തണുത്തു വിറക്കുന്നു
ശീതീകരണ യന്ത്രത്തിന്
തണുപ്പ് കാലത്ത്
ശുഷ്കാന്തി കൂടുതലാണ്.

പെൺകുട്ടി വരട്ടെ
ഒരു പുതപ്പ് ചോദിക്കണം
കേട്ടില്ല?
അതെ, കമ്പിളിപ്പുതപ്പ് തന്നെ.

ഇനി അടുത്ത സ്റ്റോപ്പിൽ
മരുഭൂമിയിലെ
ചൂടുള്ള കവിതയെ
കാണും വരെ
എനിക്കുറങ്ങണം.


(4)



*ദുബായ്*


തിമർത്തുപെയ്യുന്ന
മഴയുടെ താളം പതിയെ
വരണ്ട മിതോഷ്ണ
കാലത്തിലേക്ക്
മിഴിനട്ട്
വലതുകാൽ വെച്ച്
ബസ് കയറും

അനേകം വർഗ്ഗവംശങ്ങളെ
മാറോടണച്ച്
ദുബായ് നഗരം നിങ്ങളെ
രണ്ട് ടാബ് അടിച്ച
മായാ ലോകത്തിലേക്ക്
കൂട്ടിക്കൊണ്ട് പോകും.

നഗരകാഴ്ച്ചകളുടെ
വർണ്ണ പ്രപഞ്ചത്തിൽ
കൂട്ടുകാരുടെ സൊറ പറച്ചിൽ
രാത്രി വളരെ വൈകിയും
ഉച്ചത്തിലുയരും.

നഗരത്തിലെത്തിയാൽ
അന്ന് വിളിക്കാമെന്നുറച്ച വാക്ക് കൊടുത്തവർ കാത്തിരിക്കും
നിങ്ങൾ എല്ലാം മറന്ന്
ഏതോ കിനാവിന്റെ ലോകത്ത്
നിലാവിന്റെ അറ്റത്ത്
മയങ്ങി വീഴും.

പിന്നെയെല്ലാം
പഴയ ഓർമ്മകളാണ്
സന്ധ്യാനേരം
കടൽക്കരയിൽ
വർഷം ഒന്ന് തികക്കാൻ
കണ്ണും നട്ടവൻ
പതിറ്റാണ്ടുകൾ പൊള്ളിച്ചു
കടന്നു പോയവൻ
പ്രതീക്ഷയുടെ വൻകടൽ
താണ്ടിയവൻ
വീണ്ടും പഴയ
കടൽത്തീരം തേടിപ്പോകും
ജീവിച്ച വർഷങ്ങളുടെയും
വർഷിച്ച ജീവിതങ്ങളുടെയും
കണക്കെടുപ്പുമായി
മെല്ലെ മിഴി തുറക്കും
നിലാവ് പെയ്യുന്ന
നഗരം സാക്ഷിയാക്കി
സ്വപ്നങ്ങൾ നെയ്ത് കൂട്ടും.

No comments:

Post a Comment