Tuesday 1 October 2019

*കടലെടുക്കുന്ന* *പെന്നെഴുത്ത്* / അസ്ലം മാവിലെ



http://www.kasargodvartha.com/2019/09/about-pen.html?m=1
*കടലെടുക്കുന്ന*
*പെന്നെഴുത്ത്*
.............................
അസ്ലം മാവിലെ
.............................
മിനിഞ്ഞാന്ന് ഞാനൊരാളെ കണ്ടു, സാമാന്യം നന്നായി എഴുതുന്ന വ്യക്തി. നേരത്തെ എനിക്കയാളെയറിയാം. അത്യാവശ്യം നല്ല കയ്യക്ഷരമാണ് അയാളുടേത്. അയാൾ ഒന്നെഴുതാൻ പേനയെടുത്ത രീതി കണ്ടു എനിക്കത്ഭുതമായി. പൊതുവെ നാം പള്ളിക്കൂടത്തിൽ നിന്നും പഠിച്ചെടുത്ത ഒരു ശൈലിയുണ്ട്. പേന പിടുത്തം, അത് അനായാസം എഴുതാൻ നമുക്കാവുന്നത്. Strain ഇല്ലാതെ അക്ഷരം കോറിയിടുന്നത്. അത്രയും Strain ഇല്ലാതെ ഒപ്പുചാർത്തുന്നത്.
ഇതങ്ങിനെയല്ല. കൗതുകത്തിന്  പൂച്ചക്കുട്ടി ഒരു കൊള്ളിക്കഷ്ണം പിടിച്ച കൂട്ട്. അതും കയ്യുറക്കുന്നില്ല. കയ്യുറക്കാതിരിക്കാൻ അത്ര പ്രായവുമായിട്ടില്ലയാൾക്ക്. ചോദിക്കാൻ പാടില്ലായിരുന്നു, പക്ഷെ,  ഞാൻ ചോദിച്ചു - പേനയെടുക്കാതെ കുറെ ആയല്ലേ ? ആ പിടുത്തം പറയുന്നുണ്ട്.
അയാൾ എന്ത് മറുപടി പറയുമെന്ന് എനിക്കറിയാം. പറയാതെ അയാളുടെ മുഖവായന നടത്താനുള്ള ചെപ്പടി മരുന്നൊക്കെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചിട്ടുണ്ട്. വീണ്ടുമയാൾക്ക് മന:പ്രയാസമാകരുതെന്ന് കരുതി ഞാൻ ശ്രദ്ധമാറ്റി, കളിതമാശപറഞ്ഞൊഴിഞ്ഞു മാറി.
ഇനി നിങ്ങൾ സ്വന്തത്തിലേക്ക് കണ്ണു പായിക്കുക. ഒരു കുഞ്ഞു ഞെക്കുവിളക്ക് കത്തിച്ചു നോക്കുക. പേനയെടുക്കാതെ എത്ര നാൾ, എത്ര ആഴ്ചകൾ, മാസങ്ങൾ, വർഷങ്ങൾ, ഒരൊപ്പിനല്ലാതെ... അതും നിവൃത്തിയില്ലാതെ.
അക്കാഡമിക് പഠിപ്പ് കഴിഞ്ഞാൽ പിന്നെ പേനയെടുക്കേണ്ടെന്ന തോന്നൽ,  ആധുനിക യന്ത്രവൽക്കരണം, ഇലക്ട്രോണിക് ഡിവൈസുകളുടെ ആധിക്യം.. ഇതെല്ലാം എല്ലാവരെയും പേനയിൽ നിന്നകറ്റി.
ശീലിച്ച നല്ല ശീലങ്ങളിൽ ഒന്നാണ് എഴുത്തുവിദ്യ. മനുഷ്യന് മാത്രമറിയാവുന്ന,  സ്വായത്തമാക്കാനുള്ള  കഴിവ്, അറിവ്, അഭ്യസ്ഥവിദ്യ. വല്ലപ്പോഴും അല്ല നിരന്തരം,  എന്തെങ്കിലും കുത്തിക്കുറിക്കാൻ, എഴുത്ത് മറക്കാതിരിക്കാനെങ്കിലും ശ്രമിക്കണം.
മുമ്പൊക്കെ കാരണവന്മാരുടെ കീശയിൽ പോലും ഒരു ലക്ഷണമൊത്ത പേന കാണുമായിരുന്നു. അതൊരഭിമാനം. പേന പൊക്കൽ എന്നത് ഒരു കലാപരിപാടി പോലെ നടന്നിരുന്ന കാലവും കഴിഞ്ഞു പോയി.
ഇയ്യിടെ വരെ കയ്യക്ഷരത്തിന് അധ്യാപകർ അമിതപ്രധാന്യം നൽകുമായിരുന്നു. നന്നായില്ലെങ്കിൽ ശിക്ഷ, കൂട്ടത്തിൽ നന്നിന് സമ്മാനം, പ്രോത്സാഹനം. ഇന്നതൊന്നും എവിടെയും കേൾക്കുന്നില്ല. മക്കളുടെ കയ്യക്ഷരം നന്നാകാത്തതിന് രക്ഷിതാക്കൾ സ്കൂളിൽ ഹാജരായിരുന്ന ഒരു കാലം. "കാക്കതൂറി" പ്രയോഗം തന്നെ കയ്യക്ഷരം നന്നാകാത്തവർക്ക്  നാടൻമാർ ചാർത്തിയ ഒരു കാലവും ഇവിടെ കഴിഞ്ഞു പോയിട്ടുണ്ട്.
ഒന്നു രണ്ടു വർഷം മുമ്പ് ഞാനൊരു ക്ലാസ്സിൽ കയറി. ഒരു പുതു അധ്യാപകൻ ബോർഡിൽ എഴുതിത്തുടങ്ങി. ആ ലൈൻ തീർന്നത് മുമ്പെന്റെ തറവാട് മുറ്റത്തുണ്ടായിരുന്ന മുളന്തണ്ട് പോലെ, മാഷറിയാതെ താഴോട്ട്.... വാധ്യാർക്കു പോലും കയ് നിയന്ത്രണമില്ലാതാകുന്നത് പോലെ.
സാംസ്ക്കാരിക കൂട്ടായ്മകൾ മാത്രമല്ല, കുടുംബ കൂട്ടായ്മകൾ ഇടക്കിടക്ക് Handwriting മത്സരങ്ങൾ നടത്തണം, കുട്ടികൾക്കും മുതിർന്നവർക്കും.  കൂട്ടത്തിൽ പ്രോത്സാഹന സമ്മാനങ്ങൾ ഓഫർ ചെയ്യണം. ഇല്ലെങ്കിൽ ഞാൻ മിനിഞ്ഞാന്ന് കണ്ട ദുരന്തക്കാഴ്ച ഇനി മുതൽ നിങ്ങളും കണ്ടുകൊണ്ടേയിരിക്കും. ഇനി മുതലായിരിക്കുമല്ലോ നിങ്ങളും ഇതൊക്കെ ശ്രദ്ധിച്ചു തുടങ്ങുക. 
*കുറിവാക്ക്:*
ഞാനൊരു ലിങ്ക് തരാം.  ആ നീണ്ട ടെക്സ്റ്റ് തുടങ്ങുന്നത് ഇങ്ങിനെ : The way you dot your “i’s” and cross your “t’s” could reveal more than 5,000 different personality traits. ( i എന്ന ചെറിയക്ഷരത്തിന്റെ മുകളിലെ കുത്തും t എന്നക്ഷരത്തിന് കുറുകെയുള്ള വെട്ടും, ഇവ രണ്ടും കുറിക്കുന്ന രീതി,  5000 ലധികം വ്യക്തിത്വ സ്വഭാവ വിശേഷണങ്ങളുടെ കലവറയാണ് തുറക്കുന്നത്. ഇനി താഴെ കാണുന്ന ലിങ്ക് തുറന്ന് വായിക്കുക.
https://www.rd.com/advice/work-career/handwriting-analysis/


No comments:

Post a Comment