Thursday 3 October 2019

അരുത്,* *വലിച്ചെറിയരുത്* *കത്തിക്കരുത്* *പട്ല സ്കൂളിലെ* *നിലപ്പറവകൾ വീടുതോറും ..* /അസ്ലം മാവിലെ

*അരുത്,*
*വലിച്ചെറിയരുത്*
*കത്തിക്കരുത്*
*പട്ല സ്കൂളിലെ*
*നിലപ്പറവകൾ വീടുതോറും ..*
.............................
അസ്ലം മാവിലെ
.............................

ഇന്ന് രാവിലെ തന്നെ വീടിന് മുന്നിൽ ഒരു നീലപ്പട. അതിലൊരാൾക്ക് മുമ്പെങ്ങോ ശ്രദ്ധയിൽ പെട്ട സിനിമയിലെ ബാലതാരത്തിന്റെ മുഖച്ഛായ. വീട്ടിലെ കുട്ടികൾ പുറത്ത് തലയിട്ട് നോക്കി ഉറപ്പിച്ചു - ഇത് അവൾ, ശ്രീവിദ്യ, ഉപ്പ സംശയിച്ച ആൾ തന്നെ.  ദ ഗ്രേറ്റ് ഫാദർ, പുള്ളിക്കാരൻ സ്റ്റാർ തുടങ്ങിയ ചലചിത്രങ്ങളിൽ മുഖം അഭിനയിച്ച കുട്ടി.

ശ്രീവിദ്യയുടെ നേതൃത്വത്തിൽ ഇന്ന് വീടുതോറും കയറിയിറങ്ങിക്കൊണ്ടിരിക്കുന്ന പട്ല സ്കൂളിലെ ഉഷടീച്ചറുടെ നീലപ്പറവകളുടെ ദൗത്യം ഇതായിരുന്നു - പ്ലാസ്റ്റിക്  വലിച്ചെറിയരുത്, കത്തിക്കരുത്.

എന്നെയും വീട്ടുകാരിയെയും മക്കളെയും വിസിറ്റ് വന്ന പെങ്ങളെയും മക്കളെയും  പുറത്തേക്ക് വിളിച്ചു വരുത്തി,  കോലായിൽ നിർത്തി ഞങ്ങൾക്കവർ കുഞ്ഞുവായിൽ പ്ലാസ്റ്റിക് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങൾ പറഞ്ഞു തന്നു. അതു കഴിഞ്ഞവർ പൂമുഖമിറങ്ങി അരഫോർലോങ്ങായിക്കാണണം. ദേ, മറ്റൊരു നീലപ്പട, ഷെറിനും കൂട്ടരും.

ഇവർക്ക് കാര്യമായി ഞങ്ങളോട് ചിലതൊക്കെ പറയാനുണ്ട്. ഞങ്ങളോട് ഈ ദിവസത്തിന്റെ പ്രമേയം പറഞ്ഞു തന്നതിങ്ങനെ - *അരുത്, വലിച്ചെറിയരുത്, കത്തിക്കരുത്.*

പ്ലാസ്റ്റികിന്റെ ദുരുപയോഗം, അമിതോപയോഗം, അത് ഡീകേയ് ചെയ്യാൻ എടുക്കുന്ന 2500 വര്ഷങ്ങൾ. അത് കത്തിയമരുമ്പോൾ പുറത്ത് വമിക്കുന്ന വിഷവായു, അതു മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ, അർബുദം പോലുള്ള രോഗസാധ്യതകൾ....  സ്വായത്തമാക്കിയ പുതു അറിവുകളിലൂടെ  കുട്ടികൾ കത്തിത്തീരുകയാണ്.

കടയിൽ പോകുമ്പോൾ ഒരു തുണി സഞ്ചി എന്തു കൊണ്ടായിക്കൂടാ ? ഒരു കുട്ടി ഇങ്ങോട്ട്.

ശരിയാണ് 300 - 400 gm വരുന്ന ഒരു മൊബൈൽ കീശയിലും വാനിറ്റിബാഗിലും തൂക്കി നടക്കുന്ന നമുക്ക് 100 gm ൽ താഴെ വരുന്ന ഒരു തുണി സഞ്ചി അധികഭാരമാകില്ല.

"സൂക്ഷിക്കണം - പ്ലാസ്റ്റിക് കത്തിച്ചാൽ, ശ്രദ്ധയിൽ പെട്ടാൽ, അധികൃതർ ഒരു
ലക്ഷം രൂപ വരെ പിഴയിടാം" - മറ്റൊരു പെൺകൊടിയുടെ മുന്നറിയിപ്പ്.

വലിച്ചെറിയരുത്, കത്തിക്കരുത് ' പിന്നെ ഞങ്ങൾ എന്ത് ചെയ്യണം ? ഞങ്ങളുടെ സംശയങ്ങൾക്ക്  ആ മക്കളുടെ മറുപടി താഴെ:

*കഴുകി അഴുക്ക്  മാറ്റി, വൃത്തിയിൽ അടുക്കി വെക്കുക. ഞങ്ങളെ അറിയിക്കുക, ശേഖരിക്കാൻ ഞങ്ങളെത്തും.*

ഇത് ഉഷ ടീച്ചറുടെ മക്കളാണ്. പറഞ്ഞാൽ പറഞ്ഞതാ. അതെ, വെറും വാക്കു പറയില്ലവർ, അതും ഗാന്ധിജയന്തി ദിനത്തിൽ.

തീർച്ചയായും നമുക്കീ യജ്ഞത്തിന്റെ ഭാഗമാകാനാവണം. ഒരു കുട്ട ഇതിനായി മാത്രം പുറത്ത് വെക്കാം. അതിൽ പ്ലാസ്റ്റിക് നിറയുമ്പോൾ, വൃത്തിയാക്കി, അതിലും വെടിപ്പിൽ  കെട്ടിവെച്ചു നീലപ്പറവകളെ വിളിച്ചറിയിക്കാം.

ഒക്ടോബർ രണ്ട്, സ്കൂൾ മക്കൾ ഇങ്ങനെയാണ് ആചരിക്കുന്നത്. സബാഷ് പട്ല ഗൈഡ്സ് വിംഗ്. !


No comments:

Post a Comment