Thursday 31 October 2019

ഒമ്പതാം ക്ലാസ്സുകാരായ* *ഞങ്ങളന്ന് ഇന്ദിരയുടെ* *മരണവാർത്ത കേട്ടത്../അസ്ലം മാവിലെ

*ഒമ്പതാം ക്ലാസ്സുകാരായ*
*ഞങ്ങളന്ന് ഇന്ദിരയുടെ*
*മരണവാർത്ത കേട്ടത്..*

ഈ വാർത്ത   കേൾക്കുമ്പോൾ (ഇന്ദിരാഗാന്ധിക്ക് വെടിയേറ്റത്)  ഞങ്ങൾ മായിപ്പാടി  ഗ്രൗണ്ടിൽ സ്കൂൾ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർഥികൾ. ഇംഗ്ലിഷിലായിരുന്നു വാർത്ത.

ഒരു മിശക്കാരൻ മാഷാണ് താഴെ ഭാഗത്തു നിന്നോ മറ്റോ ഓടിക്കിതച്ച് വന്ന് പവലിനിൽ പകുതി സംശയത്തിൽ  ആ വാർത്ത പുറത്തുവിട്ടത്. അന്നവിടെ ഞങ്ങൾക്ക് ഇംഗ്ലീഷും ഹിസ്റ്ററിയും  പഠിപ്പിച്ചിരുന്ന തോമസ് മാഷ്ന്‌ ഡ്യൂട്ടി,  ഗ്രൗണ്ടിന്റെ അeങ്ങയറ്റത്തായിരുന്നു. അതിനിടയിൽ ചായക്കടയിൽ നിന്നോ  സ്കൂളിൽ നിന്നോ മറ്റോ ഒരു ടു - ബാൻഡ് ബ്രൌൺ കളറിലുള്ള റേഡിയോ  ആരോ സംഘടിപ്പിച്ചു പവലിനിലെത്തിക്കുകയും ചെയ്തു.

 പവലിനിൽ ആളുകൾ കൂടിക്കൊണ്ടേയിരുന്നു.  വാർത്തി എല്ലായിടത്തും എങ്ങിനെയൊക്കെയോ  എത്തി. "ഇന്ദരാന്തി മര്ച്ചിനല്ലോ" എന്നു പറഞ്ഞു പിള്ളേര് മൊത്തം ഓട്ടവും ചാട്ടവും നിർത്തി റോഡ് വക്കിലും  കയറി. ആകാശവാണിയിൽ നിന്നും വാർത്ത വന്നു കൊണ്ടേയിരുന്നു. റേഡിയോയ്ക്ക് എല്ലാവരും ചെവികൊടുത്തു - വാർത്ത ഇംഗ്ലിഷിലും. വാർത്ത കേട്ട് കൂട്ടത്തിൽ  ആംഗലേയത്തിൽ കുറച്ചു തിരി പാടുള്ള ഒരു സാർ പറഞ്ഞു - നിങ്ങൾ കേട്ട വാർത്ത പൊള്ളാണ്. ഇന്ദിര ഗാന്ധി മരിച്ചിട്ടില്ല, ആസ്പത്രിക്ക് കുതിച്ചു എന്നാണ് ( Indira rushed) പറഞ്ഞത്. ആർക്കോ വെടിയേറ്റതാകാം. അവരെ കാണാൻ പ്രധാനമന്ത്രി അങ്ങോട്ട് കുതിച്ചതാകാം.

 കുതിച്ചെന്നോ ? മാഷന്മാരുടെ ഇടയിൽ സംശയം ഉടലെടുത്തു. ഏത് അഭിപ്രായ വ്യത്യാസവും പറഞ്ഞു തീർക്കാം, ഈ മാഷന്മാരുടെ സംശയവും ഗുൽമാലും അങ്ങിനെയങ്ങ് എവിടെയും പൊതുവെ തീരാറില്ലല്ലോ. അതോടെ സാറന്മാരും സാറിമാരും ബുദ്ധിപരമായ വക്കാണത്തിൽ ഏർപ്പെട്ടു തുടങ്ങി.

അതിങ്ങിനെ ചൂടുപിടിച്ചിരിക്കെയാണ് കോട്ടയക്കാരനും ഇംഗ്ലീഷിൽ MA യുമുള്ള തോമസ് മാഷ് അവിടെ പവലിനിൽ കയറി വരുന്നത്. MA ക്കാരനായത് കൊണ്ടും ഇംഗ്ലീഷ് പത്രം വായിക്കുന്ന കക്ഷി എന്ന് പൊതുവെ ഒരു പറച്ചിൽ ഉള്ളത് കൊണ്ടും പുള്ളിക്ക്  സ്കൂളിലും അധ്യാപകരുടെ ഇടയിലും പ്രത്യേക ആദരവുണ്ട്.

അതിനിടയിൽ ആകാശവാണി നിലയം സ്പെഷൽ വാർത്താ ബുള്ളറ്റിനുകൾ  പ്രക്ഷേപണം ചെയ്തു കൊണ്ടേയിരുന്നു. വിയർത്തു കുളിച്ചു വന്ന തോമസ് മാഷിനോട് നാരായണൻ മാഷ് ഒരു മൂലയിൽ കൊണ്ട് പോയി കാര്യം പറഞ്ഞു. തോമസ് മാഷ് റേഡിയോ വാങ്ങി ചെവി വട്ടം പിടിച്ചു.

വാർത്ത കേട്ട തോമസ് മാഷ് ഉറക്കെ പറഞ്ഞു "ഒന്നു മിണ്ടാതിരിക്കൂ, ഇത് സീരിയസ്സാണ് കേസ്, വെടിയേറ്റ ഇന്ദിരാ മാഡത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിരിക്കുകയാണ്. lndira Rushed അല്ല Indira is Rushed എന്നാണ് വാർത്ത. Active Voice അല്ല Passive Voice എന്ന്. കുതിച്ചു അല്ല കുതിക്കപ്പെട്ടുന്ന്."
അപ്പോൾ നാരയണൻ മാഷ് - "ഓഹ്... കർമ്മണി - കർത്തരി  പ്രയോഗങ്ങളുടെ ഒരു കളിയേയ്."

 ഞങ്ങൾക്കൊന്നും മനസ്സിലായില്ല, ഞങ്ങൾക്കെന്ത് Active Voice ?  എന്ത് Passive Voice ? ഞങ്ങൾക്ക് ആകെ അറിയേണ്ടത് അന്നും പിറ്റേന്നും സ്കൂളുണ്ടോ എന്നായിരുന്നു. അതിനിടയിൽ ഒരു പഹയൻ സ്ഥലകാലബോധമില്ലാതെ കേറി അങ്ങ് ചോദിച്ചും കളഞ്ഞു, ഉറക്കെ ചോദിച്ചതിനാകാം, കരണക്കുറ്റി നോക്കി എവിടന്നോ അടിയും കൂടെ തന്നെ വീണിരുന്നു.
..................................
ഇന്ദിരാഗാന്ധിയെ ഇന്ത്യയുടെ ആധുനിക ഉരുക്കു വനിത എന്നാണ് പറയുക. അതിധീരവനിതയായിരുന്നു അവർ. ഏറ്റവും നന്നായി രാഷ്ട്രീയം പയറ്റിയ രാഷ്ട്ര തന്ത്രജ്ഞ. ആദരാഞ്ജലികൾ!

...              *അസ്ലം മാവിലെ*

(ഓർമ്മ ശരിയെങ്കിൽ ഇത് രണ്ടാം വട്ടമാകണം ഞാൻ ഇതെഴുതുന്നത്. പക്ഷെ, എഴുതിയ രീതിയിൽ മാറ്റമുണ്ടാകാം. ബോറടിക്കില്ലെന്ന് കരുതുന്നു)

www.rtpen.blogspot.Com

No comments:

Post a Comment