Wednesday 16 October 2019

*കഷ്ടം !* *ഇതരുത് !* *ഇങ്ങനെ ചിന്തിപ്പിച്ച്* *സായൂജ്യം കണ്ടെത്തരുത്* / അസ്ലം മാവിലെ


*കഷ്ടം !*
*ഇതരുത് !*
*ഇങ്ങനെ ചിന്തിപ്പിച്ച്*
*സായൂജ്യം കണ്ടെത്തരുത്*

............................
അസ്ലം മാവിലെ 
............................

ഇന്ന് രാവിലെ മുതൽ ഒരു വോയിസ് നോട്ടും കൂടെ ഒരു  ഫോട്ടോയും സോഷ്യൽ മീഡിയയിൽ ഒഴുകുന്നുണ്ട്. ഇനി അത് ചില സ്വയം പ്രഖ്യാപിത ജനകീയ പ്രസംഗകർക്കും ആശയ ദാരിദ്യം അനുഭവിക്കുന്ന എഴുത്തുകാർക്കും കിട്ടും. അവരത് ഏറ്റെടുത്തു കൊള്ളും. അവരത് ഏറ്റെടുക്കുന്നതിന് മുമ്പ് ഈ വരികൾ വായിക്കണേയ് ..

വിഷയ പശ്ചാത്തലം:
പണിതീരാറായ വീട്, കാർപോർച്ചിൽ ഒരു മയ്യത്ത് കട്ടിൽ. അതുമായി ബന്ധപ്പെട്ട രണ്ട് മിനിറ്റ് ഒച്ച വോയിസ് ക്ലിപ്പിൽ.

മനുഷ്യപ്പറ്റുള്ള നാട്ടുകാരും പുറം നാട്ടുകാരുമായ ആരെ സംബന്ധിച്ചായാലും ആ ചിത്രം ഏറെ  പ്രയാസമുണ്ടാക്കുന്നു. വോയിസിൽ വന്നയാൾ എന്ത് മെസ്സേജാണാവോ നൽകാൻ ഉദ്ദേശിക്കുന്നത് ? ചിന്തിക്കണമെന്നും ചിന്തിക്കാൻ ഒരുപാടുണ്ടെന്നും ശ്വാസം വിടാതെ അയാൾ തട്ടിവിടുന്നുണ്ട്.

പക്ഷെ, ഫോട്ടോ എടുത്ത ആ നാട്ടിലെ വ്യക്തി ( ആരാവട്ടെ ) ആ മരണത്തെ ആഘോഷിക്കാൻ തന്നെയാവണം എടുത്തതും പോസ്റ്റ് ചെയ്തതും. വീടിന്റെ പണി തീരുന്നതിന് മുമ്പ് ആള് മരിച്ചുപോയി, കാർപോർച്ചിൽ വണ്ടി കയറ്റുന്നതിന് മുമ്പ് അയാളുടെ മയ്യത്തുംകട്ടിൽ കയറ്റേണ്ടി വന്നു എന്ന സാഡിസ്റ്റ് ആത്മ നിർവൃതി ആ നാട്ടിൽ എണ്ണത്തിൽ കുറഞ്ഞ ചിലർക്ക് ഉണ്ടാകും. മരണമനുശോചിക്കുന്നതിന് പകരം സകല പരിധിയും വിട്ട് ആഘോഷിക്കുന്നത് ഇങ്ങനെയാണ്.

അല്ലെങ്കിൽ പിന്നെ എന്തിനാണ് (വോയിസ് ശരിയെങ്കിൽ ) ഒരു മരണവീട്ടിൽ വന്ന് അകലെ നിന്ന് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ കൊണ്ടുവന്നു തട്ടുന്നത് ? നാമത് കണ്ടും കേട്ടും ഫോർവേർഡിന് മുതിരുന്നത് ?  പിതാവിനെ നഷ്ടപ്പെട്ട, അത്താണി നഷ്ടിപ്പെട്ട, കുടുംബനാഥൻ നഷ്ടപ്പെട്ട, ഭർത്താവിനെ നഷ്ടപ്പെട്ട ആ വീട്ടുകാരുടെ കണ്ണീരെങ്കിലും ഇവർ കാണേണ്ടതല്ലേ ? അവരെ സാന്ത്വനിപ്പിക്കേണ്ട, അതിന് നിനക്ക് ആവതില്ല, പക്ഷെ, കുത്തിനോവിക്കാതിരിക്കുകയെങ്കിലും ചെയ്യാമല്ലോ.

വീടെന്നത് ആർക്കാണാവശ്യമില്ലാത്തത് ? ഇതങ്ങിനെ പറയാൻ മാത്രം വലിയ ആഡംഭര വീടൊട്ടല്ലതാനും. അകത്തും പുറത്തും തേച്ചു തീരാനാകുന്ന ഒന്ന്. അതിന് മുമ്പ് പാലുകാച്ചൽ നടന്നതാണോ ? അതല്ല പാലുകാച്ചൽ നടക്കുന്നതിന് മുമ്പ്,  ഗൃഹനാഥൻ ആകസ്മികമായി മരണപ്പെട്ടപ്പോൾ ആ വിട്ടിൽ തന്നെ മൃതശരിരം കൊണ്ട് വരണമെന്ന് വീട്ടുകാർ നിർബന്ധം പിടിച്ചതാണോ ? അറിയില്ല.

പക്ഷെ,... നമുക്കെന്തിനിത്ര ധൃതി, ഒരു മരണവീടാഘോഷിക്കാൻ ? കണ്ണീരൊലിക്കുന്ന നെടുവീർപ്പുകൾ മാറാത്ത ആ കുടുംബാംഗങ്ങളെ മുള്ളുതോണ്ടി വേദനിപ്പിക്കാൻ ? 

എന്റെയും നിങ്ങളുടെയും വീടുപണി പകുതി വഴിക്കല്ലേ ?  ഇന്നലെ - മിനിഞ്ഞാന്ന് വീടുകൂടൽ നടന്നതല്ലേ ? ഇതൊന്നും നടന്നതല്ലെങ്കിൽ, ഒരു വീടെന്ന ആലോചന ഊണുറക്കുകൾക്കിടയിൽ ദീപ്തപ്രതീക്ഷ വച്ചു പുലർത്തുന്നവരല്ലേ നാമധികം പേരും ? 

ഫോട്ടോ എടുത്ത മാന്യദേഹമേ.... കഷ്ടം ! വോയ്സിട്ട് ചിന്തിക്കാൻ ആഹ്വാനം ചെയ്യുന്ന മനുഷ്യാ.... അതിലും കഷ്ടം ! മുൻപിൻ നോക്കാതെ കണ്ടിടത്തൊക്കെ ഇവ തട്ടിക്കളിക്കുന്ന ഉടപ്പിറപ്പേ ..

വീടെന്ന സ്വപ്നം പൂർത്തീകരിക്കാതെ, പകുതി വഴിക്ക് പടച്ചനിലേക്ക് മടങ്ങേണ്ടി വന്ന അജ്ഞാതനായ ആ കുടുംബനാഥന്റെ വേർപാടിനു മുന്നിൽ എന്റെ ദുഃഖകണ്ണീർകണങ്ങൾ ! പിതാവിനെ  നഷ്ടപ്പെട്ട ആ കുടുംബത്തോടൊപ്പം എന്റെ വ്രണിത തപ്ത മനസ്സും !

No comments:

Post a Comment