Tuesday 1 October 2019

*ഒരഡ്ജസ്റ്റ്മെന്റ്* *അത്രേ മാണ്ടൂ* / അസ്ലം മാവിലെ

*ഒരഡ്ജസ്റ്റ്മെന്റ്*
*അത്രേ മാണ്ടൂ*

.............................
അസ്ലം മാവിലെ
.............................
.      ( 6 )

എന്റെ ഒരു കേൾവിക്കാരൻ എന്നോടയാളുടെ അനുഭവം പറഞ്ഞു. രാത്രി പതിനൊന്നരയ്ക്ക് ഓടിക്കിതച്ചെത്തി ഉറങ്ങുന്ന ഉപ്പയെ തട്ടിയുണർത്തി പുള്ളിക്കാരൻ പറഞ്ഞു പോൽ : ഉപ്പാ, എനിക്ക് കല്യാണം കഴിക്കണം. നല്ലൊരു പെണ്ണിനെ നിങ്ങളെനിക്ക് വേണ്ടി നോക്കണം.
രസികനായ ആ ഉപ്പ സാവധാനത്തിൽ മൺതിട്ടയിൽ നിന്നെഴുന്നേറ്റ് മണ്ണെണ്ണ ചിമ്മിണിക്കൂട് തിരി നീട്ടി കത്തിച്ച്, ബീഡിക്ക് തീയിട്ടൂതി, സ്വന്തം  സീമന്തപുത്രനെ ആപാദചൂഡം കണ്ണുഴിഞ്ഞ്, മതിലിൽ തൂങ്ങിയ ഘടികാരത്തിന്റെ മുള്ള് സൂക്ഷിച്ച് നോക്കിയ ശേഷം,  he kept on patting on his Shoulder,  എന്നിട്ട് നാടൻ മലയാളത്തിൽ ഇങ്ങനെ പറഞ്ഞത്രെ - ബേട്ടാ, തൂ സുബഹ് തക് ഇൻതസാർ കർനാ. അഭീതൊ, ബാറ(ഹ്) ബജ് ഗയാ..നാ!

നേരം വെളുത്തെന്നും അവനു കണ്ണിനിണങ്ങിയ "പൊതു " അയാൾ  ദിവസങ്ങൾക്കകം കണ്ടെത്തിയെന്നും പിന്നത്തെ കഥ. ഈ സംഭവത്തിലെ ഇപ്പോൾ ഞാനുദ്ദേശിച്ച മെസ്സേജ് പറയാൻ ഉദ്ദേശിക്കുന്നത്  ഒരു  ജിവിതപ്പങ്കാളിയെ കണ്ടെത്തണമെന്നുള്ള ത്വര ജന്മസിദ്ധ്യാ എല്ലാ മനസ്സിലും ഉണ്ടെന്ന് പറയാനാണ്; അതാണിനും പെണ്ണിനുമുണ്ട്. അത് ഇപ്പറഞ്ഞ  കഥാനായകന് തന്റെ കാരണവരോട് പറയാൻ പൂങ്കോഴി കൂകുന്നത് വരെ  കാത്തിരിക്കാനുള്ള ക്ഷമ വരെ ഉണ്ടായില്ല എന്നതാണതിലെ അത്യുത്സാഹം. അങ്ങിനെയൊക്കെ  ജീവിതത്തിലേക്ക് കടന്നു വരുന്ന ജീവിതപങ്കാളികളെ വല്ലാണ്ട് വെറുപ്പിക്കാനും അരിശമുണ്ടാക്കാനും അത് വഴി അകൽച്ച തീർക്കാനും ആരും തന്നെ ശ്രമിക്കരുത്. എത്രയോ അന്വേഷണത്തിനൊടുവിൽ  ഒരുവിധം ഒത്തു വന്ന ജീവിത പങ്കാളിയോട് പുതുപ്പെണ്ണും ഒരഡ്ജസ്റ്റ്മെന്റ് ചെയ്യേണ്ടതല്ലേ ?

നിങ്ങൾ കേൾക്കണോ ? കുച്ചിൽ കാ കാം നഹീ ആതീന്നും പറഞ്ഞ് ഗുൽമാലുണ്ടാക്കുന്ന മാന്യശ്രീയും എന്നാൽ സാർ തൽക്കാലം കൊർട്ടിപ്പത്തലിൽ ജീവിതം തീർത്തോ എന്ന് തിരിച്ചു വാശിപിടിക്കുന്ന മാന്യശ്രീമതിയും പ്രഭാത ഡൈനിംഗ് ടേബിളിന് അപ്പുറത്തുമിപ്പുറത്തും അന്നല്ല ഇന്നുമുണ്ട്. അഗർബത്തി പരസ്യം പോലെ മെക്കിട്ടു കേറാൻ ഓരോ കാരണങ്ങൾ ! ബാക്കി എന്തൊക്കെ കാരണങ്ങൾ വേറെ  കിടക്കുന്നു.

ചെറുപ്പകാലങ്ങളിലെ ഒരു മനസ്സുണ്ട്. തികച്ചും നിഷ്ക്കളങ്കം. നമുക്കത് 15 തൊട്ടിങ്ങോട്ട് കൂട്ടാം. വരമ്പത്ത് നിന്ന് കൊണ്ട്, നമ്മുടെ ബന്ധുമിത്രാദികളുടെ, അല്ല സ്വന്തം വീട്ടിലെ, അയൽവിടുകളിലെ വർത്തമാനങ്ങൾ എങ്ങനെയായാലും ചെവിയിലെത്തിയിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോൾ "അയ്യയ്യേ ഈ ചേച്ചി, അല്ല ഈ ചേട്ടൻ എന്തായിങ്ങനെ മാതിരി - അയാൾ തീരെ ലെവലല്ലല്ലോ. അവൾക്ക്  പിരിലൂസൽപ്പമുണ്ടല്ലോ. ആകെ മൊത്തം രണ്ടിനും സെൻസ് നേരെ ചൊവ്വെ വർക്കിങ്ങുമല്ല .."
ഇല്ലേ, ഇങ്ങനെ തോന്നിയിട്ടില്ലേ ? ചില മാന്യദമ്പതിമാർ ഉണ്ടാക്കുന്ന പുകില് കാണുമ്പോൾ. ഉണ്ട്, തോന്നിയിട്ടുണ്ട്.

അപ്പോൾ നിങ്ങളുടെ മനസ്സിലെ ക്യാൻവാസിൽ ഒരു ഫൗണ്ടൻ പേനയെടുത്ത് ആരും കാണാതെ ഏകദേശം നിങ്ങൾ അന്ന് ഇങ്ങിനെ എഴുതിയിരിക്കും - "എന്റെ കല്യാണമൊന്ന് വന്ന് കിട്ടട്ടെ, ഞാൻ ഇവർക്ക് ഒന്നേന്ന് എണ്ണി കാണിച്ചു കൊടുക്കാം, എന്താണ് ദാ. ജീ ; എങ്ങനെയാണ് ദാ.ജീ. ഒപ്പം, ദാ. ജീയിലെ വീട്ടുവീഴ്ച എപ്പടിയെന്ന്." അതപ്പടി  സ്വജീവിതത്തിൽ പകർത്തി പ്രക്ടിക്കലാക്കുന്നതോടെ തീരുന്ന വിഷയം മാത്രമേയുള്ളൂ യഥാർത്ഥത്തിൽ ഒരുത്തമ സന്തുഷ്ട ദാ.ജീ.

പ്രൊപ്പോസലിന്റെ നാടൻ മലയാളമാണല്ലോ പൊതു, അഥവാ പൊരുത്തപ്പെട്ട തുടക്കം. ഇങ്ങനെ തുടങ്ങിയ പൊരുത്തപ്പെടൽ,  ഒടുക്കം വരെ സൂക്ഷിക്കാൻ ദമ്പതികൾക്ക് സാധിക്കുമ്പോഴാണ് ഒരു വീട് ശരിക്കും പ്രശാന്തസുന്ദരമാകുന്നത്. ഐശര്യതമമാകുന്നത്. ഇന്നും വികാസം പ്രാപിച്ചിട്ടില്ലാത്ത ചൈനീസ് എഴുത്തു ഭാഷയിൽ,  കുടുംബമെന്ന് ഒന്നെഴുതിത്തരാൻ,  വല്ലപ്പോഴും വഴിവക്കിൽ പിഞ്ഞാൺകേലും സാൺന്റടിയും ഒന്നിച്ച് വീണ ശബ്ദത്തിൽ  ചട്ടിച്ച മൂക്കുള്ള കണ്ണിറുങ്ങിയ ഒരു ചൈനാമങ്കയെ കണ്ടുമുട്ടിയാൽ നിങ്ങളൊന്ന് ആവശ്യപ്പെട്ട് നോക്കൂ, അത് നോക്കി ഒന്നാസ്വദിക്കൂ.കോറിയിട്ടത് എന്തുമാകട്ടെ അതിലൊരു സന്ദേശമുണ്ട്. ഞാനതിനെ +ve ആയേ വ്യാഖ്യാനിക്കൂ.

സ്വപ്നം കാണാം. സീരിയലും നോക്കാം. ഒന്നാമത്തെത്  തട്ടിയൊന്നുണർന്നാൽ തീരും, മറ്റേത് വയറൽപം കൈ തട്ടിയാൽ ഓഫാകുകയും ചെയ്യും. പക്ഷെ, ജീവിതത്തിൽ അങ്ങിനെയല്ലല്ലോ. ചില പരീക്ഷണങ്ങൾ വരും, പോകും, വന്നത് ഇക്കാമ അടിച്ച് കുറച്ച് കാലം തങ്ങിയെന്നും വരും -  ദാരിദ്യം, രോഗം, സന്താനദൗർലഭ്യം തുടങ്ങിയവ.അവയൊന്നും അലട്ടാത്തവർക്ക് വേറെച്ചിലവ. അതിനിടയിൽ നമ്മളായുണ്ടാക്കുന്ന ചറപറ, കിരികിരി, പിരിപിരി....ത്ക്ക് ( അവസാനത്തെ ആ രണ്ടക്ഷരം അതിന്റെ ഗുമ്മ് കിട്ടാൻ  വോയിസിലിട്ട് കേൾപ്പിച്ചാൽ തന്നെ അധികമാകില്ല)

ഒരനുഭവം കൂടി പകർത്താം.
ഞാനിന്ന് വണ്ടികയറിയത് ജീവിതത്തിന്റെ 69 ആണ്ട് കഴിഞ്ഞിട്ടും കുടുംബം പോറ്റാൻ തത്രപ്പെടുന്ന ഒരു പ്രവാസവൃദ്ധസഹോദരന്റെ ഞരമ്പാറിയ കൈകളിലും മൂർദ്ധാവിലും കൺനിറഞ്ഞ മുത്തം നൽകിയാണ്. അത്യാവശ്യം ജീവിതസമ്മർദ്ധമുള്ള മനുഷ്യനാണദ്ദേഹം. അതെല്ലാം മറന്ന് തന്റെ ജീവിത സഖിയോട് വൈകുന്നേരങ്ങളിൽ പഞ്ചരിക്കുന്നത് കാണുമ്പോൾ നമ്മുടെ സ്വഭാവത്തെയും മനോഭാവത്തെയും പഴയചാക്കിലിട്ട് കല്ലും കെട്ടി  കിണറ്റിലെറിയാൻ ആലോചിച്ചുപ്പോകും. ചിലപ്പോഴവിടെ നിലത്തു ചുറ്റും വന്നു കൂടുന്ന കുഞ്ഞനുറുമ്പുകളെ കണ്ടാൽ ഈ വൃദ്ധസഹോദരന്റെ സ്നേഹവാക്കുകൾ തെന്നി വീണിടത്ത്  മൂക്കുമണപ്പിച്ചവ വന്നണഞ്ഞതാണോയെന്ന് വരെ തോന്നിപ്പോകും.

അതാണ് ദാമ്പത്യജീവിതം. വേജാറിനവധി നൽകി, വേപഥു കാണിക്കാതെ നിറഞ്ഞാടുന്ന ജീവിതം. പരസ്പരം പറഞ്ഞും തിരിച്ചറിഞ്ഞും ഭാരമിറക്കിവെക്കുന്ന ചുമലുകൾ. ഒന്നിനൊന്നു പരസ്പരാശ്രയം. കെട്ടിപ്പിടിക്കുമ്പോഴും ചുമലുകളിൽ കാണാതിറ്റു വീഴുന്ന കണ്ണുനീരിന്റെ ഊഷ്മാവിനാഴവും പരപ്പുമറിയുന്ന രണ്ടനുഗ്രഹീത മാലാഖമാർ...

നാളെ ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിശകലനമാണ് എഴുതാനുദ്ദേശിക്കുന്നത്, അതാകട്ടെ ഈ  പരമ്പര തുടങ്ങാൻ എന്നെ പ്രേരിപ്പിച്ചവയിൽ  പ്രധാനപ്പെട്ടതുമാണ്.

(തുടരും)

No comments:

Post a Comment