Monday 28 October 2019

ചെറിയൊരു വീഴ്ച പറ്റിയാല്‍ മതി, നിങ്ങള്‍ ചെയ്ത നന്മകളെല്ലാം മറക്കാന്*‍ /. അസ്ലം മാവിലെ



*ചെറിയൊരു വീഴ്ച പറ്റിയാല്‍ മതി, നിങ്ങള്‍ ചെയ്ത നന്മകളെല്ലാം മറക്കാന്*‍
............................
അസ്ലം മാവിലെ
............................
http://www.kvartha.com/2019/10/just-small-mistake-others-will-forget.html?m=1
നിങ്ങളുടെ ജീവിതത്തിൽ ഇങ്ങിനെ ഒരു അനുഭവം എപ്പഴെങ്കിലും കടന്നു പോയ്ക്കാണും. എന്താണെന്നോ ?
ചെറുതാകട്ടെ വലുതാകട്ടെ ഒരു കൂട്ടായ്മയിൽ നിങ്ങൾ സജീവമാണ്. പാർട്ടി, പള്ളി, പള്ളിക്കൂടം, കുടുംബക്കൂട്ടായ്മ, ക്ഷേമക്കൂട്ടായ്മ അങ്ങിനെയെന്തെങ്കിലും...
നിങ്ങളുടെ സേവന സന്നദ്ധതയും കഴിവും സമയവും ആത്മാർഥതയും  അവർ മാക്സിമം നന്മയുടെ ഭാഗമായി യഥാസമയം ഉപയോഗിച്ചു. നിങ്ങളും അതിന്റെ പൂർത്തീകരണത്തിന്റെ ഭാഗമായി സഹകരിച്ചു. നന്നായി, 'നര' വരും വരെ.
തടികൊണ്ടാകാം, ബുദ്ധികൊണ്ടാകാം, പണം കൊണ്ടാകാം, പിരിവു കൊണ്ടാകാം, തന്ത്രം കൊണ്ടാകാം, 'ശാന്തിമന്ത്രം' കൊണ്ടാകാം, ശകടം കൊണ്ടാകാം,  സംസാരം കൊണ്ടാകാം, എഴുത്തുകുത്തു കൊണ്ടാകാം, എന്തുമാകാം.....
ഒന്നിൽ , ഒരിടത്ത്, അപ്രതീക്ഷിത നേരത്ത്, ഓർക്കാപ്പുറത്ത്, ഒരിക്കലും നിനച്ചിരിക്കാതെ നിങ്ങൾ ഒന്നിടറി. അത് ചെയ്ത് തീർക്കാൻ നിങ്ങൾക്കായില്ല. നിങ്ങളുടെ സാഹചര്യമതിനനുവദിച്ചില്ല.
അപ്പോൾ, വരമ്പത്ത് ഓടിക്കയറി നിന്ന് നിങ്ങളെ തോട്ടി കൊണ്ട് തോണ്ടാൻ, കുറവ് പറയാൻ, കുറ്റമാരോപിക്കാൻ, വിളിച്ചും നേരിട്ടും കുത്തുവാക്കു പറയാൻ, ഇരുത്താൻ, ചവിട്ടിത്താഴ്ത്താൻ, നിങ്ങളില്ലാത്തിടത്ത് നിങ്ങളെ  കഥാപാത്രമാക്കാൻ, എന്നും പപ്പാതീന്ന് ഓടിയൊളിച്ചവനെന്ന് പെരും നുണകെട്ടിപ്പറയാൻ....
അന്നേരം നിങ്ങൾ ?  നിങ്ങൾ ഒറ്റയ്ക്കായിരിക്കും. നിങ്ങൾ കൂടി ഉണ്ടാക്കിയെടുത്ത തണലിനടിയിൽ നിന്ന്  നിങ്ങൾ മാത്രം വെയിൽ കൊള്ളുന്നവനാകും. മറ്റാരും വിയർക്കുന്നുണ്ടാകില്ല, നിങ്ങളൊഴിച്ച്. 
കൂടെ? ആരുമുണ്ടാകില്ല. ഉണ്ടാകണമെന്നാഗ്രഹിച്ചവർക്ക്  സമ്മർദ്ദങ്ങൾ വരും.  നിങ്ങളുടെ കൂടെ നിന്നവനൊക്കെ 'അവരാൽ'' വിമതനാകുമെന്ന് ഭയന്ന് മിണ്ടില്ല. അന്വേഷിക്കില്ല കാര്യം തിരക്കാൻ വരെ വരില്ല.  മൗനം കൊണ്ട് നീതിയുടെ പട്ടട തീർക്കുമവർ !
ഇങ്ങിനെ ഇരുന്നവർ ഒരു പാടുണ്ട്. ഇരുന്നവരല്ല,  ഇരുത്തിയവരാണവർ. അന്തർമുഖരായി, നിഷ്ക്രിയരായി, പാസ്സിവായി അവർ ഏത്  കൂട്ടത്തിലും കാണും. ഒഴിഞ്ഞ മൂലകളിൽ അവർ ആരുടെയും അറ്റെൻഷനില്ലാതെ ഇരുന്നിട്ടുണ്ടാകും. ഒതുങ്ങി, അല്ല ഒതുക്കപ്പെട്ട്.
പൊയ്പ്പോയ കഥകളുടെ വെണ്ണീർ തോണ്ടാനല്ല ഈ എഴുത്ത്. അതിലിനിയും ചികഞ്ഞ് കനൽ കെടാത്ത കൊള്ളിതപ്പാനുമല്ല. അവരെയാർക്കും സേവനമെന്ന കനകകൊട്ടാരത്തിലേക്ക് തിരിച്ചു  കൊണ്ടുവരാനൊത്തെന്നും വരില്ല.
പക്ഷെ, അന്യർക്ക് വേണ്ടി പതറുമ്പോൾ, ഇടറുമ്പോൾ, ഒരു ഉത്തരവാദിത്വത്തിൽ തീർക്കാനാവാത്തതിന്റെ തളർച്ച നേരിടുമ്പോൾ ഇതു തന്നെ അവസരമെന്ന പേരിൽ കൂടെനിന്നവരെങ്കിലും  തോണ്ടാതിരിക്കുക. പിച്ചാതിരിക്കുക. നുള്ളാതിരിക്കുക. നോവിക്കാതിരിക്കുക.
ഇതൊക്കെ അതിജീവിച്ചവർ വളരെക്കുറവാണ്. അവരുടെ ആത്മബലം എല്ലാവർക്കുമുണ്ടായിക്കൊള്ളണമെന്നില്ലല്ലോ. കുറ്റപ്പെടുത്തലുകൾ ഉൾവലിക്കുന്നതിന് പകരം, നേർത്ത നല്ലസാധ്യതകൾ പോലും ഇൻസ്പിറേഷന്റെ ഗണത്തിലെടുക്കാൻ എല്ലാവർക്കുമായെന്ന് വരില്ല. 
ഒന്നോ രണ്ടോ  പിഴവിന്റെ പേരിൽ സമൂഹത്തിന് മുഴുനീളം കിട്ടേണ്ടിയിരുന്ന സേവനമരത്തിന്റെ  ചില്ലകൾ ഒളിഞ്ഞും തെളിഞ്ഞും അടർത്തി തണലില്ലാതാക്കുന്നതിൽ നമ്മുടെ കൈകളില്ലെന്ന് ഉറപ്പു വരുത്താൻ ഓരോരുത്തർക്കുമാകണം. അതിനാണീ എഴുത്ത്.
സ്വന്തം നന്മകൾ പറയാം, നാം കേൾക്കാൻ തയ്യാറാണ്. അതോടൊപ്പം മറ്റൊരുത്തന്റെ നന്മകളെ കുറവായും കുറ്റമായും വിലകുറച്ചും പറയുന്നവർ ആരായാലും അവരെ തിരുത്താൻ കൂടെയുള്ളവർക്ക് ആകണം, അതിനാവത് ഇല്ലെങ്കിൽ അവിടെ നിന്ന് പൃഷ്ടവും തട്ടി എഴുന്നേറ്റ് ഓടി രക്ഷപ്പെടാനെങ്കിലുമാകണം. ഓടിയവഴിക്ക് പുല്ലുമുളക്കുമോ എന്നത് തലപുണ്ണാക്കേണ്ട വിഷയമേയല്ല. 
വല്ലപ്പോഴും ഇരുട്ടു വിഴുമ്പോൾ  സൂര്യനൊരിക്കലും ചന്ദ്രനെ കുറ്റപ്പെടുത്താറില്ലത്രെ, അത് സൂര്യന്റെ നന്മ, നല്ല മനസ്സ്. അത് കൊണ്ടാകാം ചന്ദ്രൻ പാലൊളിചിതറി ആകാശത്ത് ഇന്നും സജീവമായുള്ളത്.  ചന്ദ്രന് പാടുകൾ ഉണ്ട്, പരിമിതികളുണ്ട് -  സൂര്യനതറിഞ്ഞത് പോലെ നമുക്കും സഹപ്രവർത്തകരെ അറിയാനാകണം.   അവരും ഈ ഇടത്തിൽ പ്രകാശം പരത്തി സേവന നിരതരാകട്ടെ.
  (www.kvartha.com)

No comments:

Post a Comment