Wednesday 16 October 2019

ഇതൊന്നും* *കണ്ടില്ലെങ്കിൽ* *പിന്നെ എന്ത് കാണാനാണ്* *കണ്ണുകൾ ?* / അസ്ലം മാവിലെ

*ഇതൊന്നും*
*കണ്ടില്ലെങ്കിൽ*
*പിന്നെ എന്ത് കാണാനാണ്*
*കണ്ണുകൾ ?*

....... .....................
അസ്ലം മാവിലെ
....... .....................

ഹേയ്, കേൾക്കണം.
വെടിവട്ടങ്ങൾക്കും തമാശപറച്ചിലുകൾക്കുമിടയിൽ ഇതൊന്ന് ശ്രദ്ധിക്കണം.

മധൂർ പഞ്ചായത്തിലെ രണ്ടാം വാർഡംഗത്തിന്റെ ഒരു കുഞ്ഞുനോട്ട് ഒന്നും രണ്ടും വാർഡുകളിലെ മിക്ക വാട്സാപ് ഗ്രൂപ്പുകളിലും ഇന്ന് സന്ധ്യ മുതൽ കറണ്ടുന്നുണ്ടാകണം,  ആരുടെയും ശ്രദ്ധപതിയാതെ.

എന്നാൽ കണ്ണുതുറന്നൊന്ന് കൂടി ആ നോട്ടീസ് നോക്കുമാറാകണം. നാളെ മായിപ്പാടിയിൽ പാലിയേറ്റിവ് കെയറിന്റെ അരദിവസത്തെ ശില്പശാലയാണത്.

ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ എന്ന് പറഞ്ഞിരുന്ന കാലം പൊയ്പ്പോയ്. ശാരീരികവും മാനസികവും ആത്മീയവുമായ സൗഖ്യത്തെയാണ് ആരോഗ്യമെന്ന് ഇപ്പോൾ പറയുന്നത്.

അസുഖത്തിന് മരുന്ന് മാത്രമല്ല അവസാന വാക്ക്.  ഡോക്ടറുടെ പ്രിസ്ക്രിപ്ഷനുമപ്പുറമായി മോഡേൺ മെഡിക്കൽ സയൻസിന്റെ ആലോചനാ പരിധിയിൽ പെടാത്ത ചിലതൊക്കെ മരുന്നായി മാറുന്നു, അതാണ് സാന്ത്വന പരിചരണം (Paliative Care ).

രോഗിയെ കൺകുളിർക്കെ കാണുക. അവരോട് മിണ്ടിയും പറഞ്ഞും തടവിയും തലോടിയുമിരിക്കുക. രോഗിയുടെ ഒരു തൊണ്ടയനക്കത്തിന്  മറുതൊണ്ടയനക്കി അടുത്തു തന്നെയുണ്ടെന്ന ധൈര്യം നൽകുക. ഊന്നുന്ന വടിയുടെ കൂടെ നീയുമൊരു ഊന്നുവടിയാകുക. ഒന്നാടുമ്പോൾ, മാലുമ്പോൾ, ഉലയുമ്പോൾ, ഉറക്കക്ഷീണം വരുമ്പോൾ നീ , നിന്റെ നല്ലപാതി, മക്കൾ,  അയൽക്കാരൻ, അടുത്തുള്ളവൻ സമീപത്തുണ്ടെന്ന ധൈര്യം നൽകുക. ഓർമ്മകൾക്ക് മറവി ബാധിച്ചവരുടെ വീണ്ടുപറച്ചിലുകൾക്ക് കാതു കൂർപ്പിച്ച് ആദ്യമായി കേൾക്കുന്ന ക്ഷമ മരമാകുക, അതിലെ ചില്ലകളും, അവയിൽ കൂടു കൂട്ടിയ കുരുവികളുമാകുക.

20-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് യൂറോപ്പിൽ സംഘടിത സാന്ത്വന പരിചരണം കേൾക്കുന്നത്. 1990 ന്റെ തുടക്കത്തിൽ കേരളത്തിലും ഈ സംഘബോധം നാമ്പുകിളുർത്തു.   ഡോ. സുരേഷ് കുമാറും ഷാഹുൽ ഹമീദും മറ്റും നമുക്ക് മറക്കാൻ പറ്റാത്ത പേരുകളാകുന്നത് സാന്ത്വന പരിചരണത്തിന് സംഘ നേതൃത്വം നൽകിയത് കൊണ്ടാണ്.

ഇക്കാര്യത്തിൽ കേരള സർക്കാർ 2011 മുതലുണ്ട്. അയൽക്കൂട്ടത്തിന് കീഴിൽ പഞ്ചായത്ത് തോറും ഇത് സംഘടിതമായുണ്ട് - NNPC എന്ന പേരിൽ. SIPC എന്ന പേരിൽ സ്കൂൾ കുട്ടികളുടെ സാന്ത്വനബോധ്യങ്ങൾ ഉണ്ടെന്നത് ഓലപ്പുര സൗകര്യത്തിൽ പഠിപ്പിക്കുന്ന അധ്യാപകർ ഉണ്ടെങ്കിൽ അവർ പോലും മനസ്സിൽ കുറിച്ച് വെക്കണം.

"skip a tea is a Life" എന്ന ആശയപ്പുറത്ത് 40 കോളേജുകളിലെ വിദ്യാർഥികൾ ഒരു ചായ ഒഴിവാക്കി ആ പൈസ പാലിയേറ്റിവ് കെയറിന് നൽകി അത്ഭുതം കാണിച്ച ഭൂമികയാണ് മലയാളം. മായിപ്പാടി ഡയറ്റ് മാത്രമല്ല, ഒഴിവുള്ള എവിടെയും ഈ വർക്ക്ഷാപ്പ് നടത്താം, അതിന് സൗകര്യം ചെയ്ത് തരാമെന്ന് പറയാൻ മനുഷ്യത്വത്തിന് മുന്നിൽ മറ്റു സാങ്കേതിക തടസ്സങ്ങൾ ഭൂതത്താൻമല സൃഷ്ടിക്കരുത്.

എന്നെ വായിക്കുന്ന രണ്ട് വാർഡുകളിലെ സകല കൂട്ടായ്മകളും കണ്ണു തുറന്ന് വായിക്കുക. രോഗികൾ നമ്മുടെ  ചുറ്റുവട്ടത്തുണ്ട്. അവരെ ശുശ്രൂഷിക്കാൻ ഡോക്ടർമാർ മാത്രമല്ല ആവശ്യം. സ്നേഹസ്പർശവുമായി ഒരു പറ്റം മനുഷ്യസ്നേഹികളെയും കൂടെ ആവശ്യമാണ്, ആണും പെണ്ണും.

നാളെക്ക് നല്ല തിരക്കുണ്ടാകും. മിക്കതും കൃതൃമ തിരക്കുകളായിരിക്കും. സ്വന്തത്തോട് ചോദിക്കുക. കുറച്ചു സമയം മാറ്റി വെക്കുക. സാന്ത്വനപരിചരണ വർക്ക്ഷാപ്പിൽ  എത്തുക. മായിപ്പാടി ഡയറ്റിൽ - നാളെ ( ചൊവ്വ ) - രാവിലെ പത്ത് മണി മുതലാണത്. ആണിനോടും പെണ്ണിനോടുമാണിപ്പറഞ്ഞത്.

No comments:

Post a Comment