Tuesday 22 October 2019

ഇവരെ സൂക്ഷിക്കുക, മതിയായ അകലം പാലിക്കുക; കൃത്രിമ തിരക്കുകളുടെ ഭാവാഭിനയക്കാര്‍* / *അസ്ലം മാവിലെ*



*ഇവരെ സൂക്ഷിക്കുക, മതിയായ അകലം പാലിക്കുക; കൃത്രിമ തിരക്കുകളുടെ ഭാവാഭിനയക്കാര്‍*
............................
*അസ്ലം മാവിലെ*
............................
http://www.kvartha.com/2019/10/article-about-friendship-and-commitment.html?m=1
ഇവരെ സൂക്ഷിക്കുക. മതിയായ അകലം പാലിക്കുക. അവർ തിരക്കഭിനയിക്കുന്നവരാണ്. കൃത്രിമത്വത്തെ കൂട്ടുപിടിച്ചവർ. നല്ല ഭാവാഭിനയക്കാർ. ഇവരിൽ നാം കൂടി ഉൾപ്പെടാറുണ്ടോ എന്നും പരിശോധിക്കുക.
കണ്ടില്ലല്ലോ ?
തിരക്കാ...
വന്നില്ലല്ലോ ?
തിരക്കാ....
മിണ്ടിയില്ലല്ലോ ?
തിരക്കാ...
എടുത്തില്ലല്ലോ ?
തിരക്കാ...
തിരികെ വിളിച്ചില്ലല്ലോ ?
തിരക്കാ...
എന്തായിത്ര തിരക്ക് ? ആഹ്.....
അത്ര തിരക്കാകാൻ എന്തേലും അധികഭാരം ? ആഹ്....
ഇവർക്കറിയാം,
നാലുദിവസത്തെ നടന-നാട്യങ്ങൾക്ക് തട്ടിൽ കയറിയവരാണ് നാമെന്ന്. അത്രയേയുള്ളൂ ജീവിതമെന്നും. എന്നാലും ഈ കോംപ്ലക്സ് വിടില്ല.
നാലു ചക്രത്തിനുള്ള ഓട്ടപ്പാച്ചിലിൽ  ബന്ധങ്ങൾ, സൗഹൃദങ്ങൾ, സ്നേഹാന്വേഷണങ്ങൾ ഇവയൊന്നും മത്-ലബിൽ സീ-സാ ആടരുത്. ആരാന്റെ സൗഭാഗ്യങ്ങളിൽ വെറുതെ പരിതപിക്കരുത്. അതവനുള്ളത്. നമുക്കുള്ളത് കിട്ടാനായാലത് മതിലും തുരന്നതെത്തും.
തിരക്കാകാം, സ്വഭാവിക തിരക്ക്. പക്ഷെ, തിരക്കഭിനയിക്കരുത്. കാര്യം, ശരിക്കും തിരക്കാകുമ്പോൾ രണ്ടുമറിയാതെ പോകും.
അകലെ നിന്നും കണ്ടാൽ സുന്ദരൻ, അപ്സരസ്സ്. അടുത്തെത്തിയാൽ മണവും ഗുണവുമില്ലാത്തവർ. അത് തിരിച്ചറിയാതിരിക്കാനാകാം ചിലർ തിരിക്കഭിനയിക്കുന്നതെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോയിട്ടുണ്ടോ ! അതിനെ കുറ്റം പറയാൻ പറ്റില്ല.
വിധിയുടെ നിശ്ചയമാകാം, കൃത്രിമ തിരക്കുകാരധികവും ത്സടുതിയിൽ എടുക്കാമുക്കാലുകളാകാറാണ് പതിവ്, ജീവിത വൈകുന്നേരങ്ങളിലേക്കൊന്നുമയാൾ എത്തേണ്ടതില്ല.  തിരിഞ്ഞു നോക്കാൻ സ്വന്തം നിഴൽ പോലുമവർക്കുണ്ടായെന്നും വരില്ല.
ആരും അത്ര തിരക്കിലല്ല; അയാളുടെ മുൻഗണനാ ക്രമത്തിൽ നിങ്ങൾ വളരെ പിന്നിലാണെന്ന് മാത്രം, അതാണയാൾ തിരക്കിൽ സ്വന്തത്തെ കുടുക്കി നിങ്ങൾക്ക് മുഖം നൽകാത്തത്. അയാളുടെ ഷെഡ്യൂളിന്റെ matter അല്ല.  ആ ഷെഡ്യൂളിൽ നിങ്ങളൊരിക്കലും വരാത്തതാണ് വിഷയം.
കവലയിൽ തിരിഞ്ഞു കളിക്കുന്ന പട്ടിക്കുട്ടികളുടെ തിരക്കു കണ്ടിട്ടുണ്ടോ ? വെറുതെയൊന്നു ശ്രദ്ധിച്ചു നോക്കൂ.  എന്തിനായിത്രയത് തിരക്കു കൂട്ടുന്നത് ? അറിയില്ല, അതിന്  പോലും.  എന്നാലും കൃത്രിമ തിരക്കഭിനയിക്കുന്നവരേക്കാൾ അവറ്റകളെത്രയോ ഭേദമാണെന്ന് തോന്നിപ്പോകും !
തിരക്കുവേണം, പക്ഷെ, അത്ര തിരക്കാകരുത്. മദർ തെരേസ പറയും :  Never be So Busy as Not to think Others, ആലോചനാമണ്ഡലത്തിൽ അന്യരുടെ നിഴലെത്താത്തവിധമൊരിക്കലും തിരക്കരുതെന്ന്. ആ അന്യർ - ഉറ്റവനാകാം, ഉടപ്പിറപ്പാകാം, നല്ല കൂട്ടുകാരാകാം, നന്മയാഗ്രഹിക്കുന്നവരാകാം.

No comments:

Post a Comment