Wednesday 9 October 2019

അസിസ് പട്ല * *കണക്ടിംഗ് പട്ല* *മുതുനെല്ലിക്ക* നോവൽ /.അസ്ലം മാവിലെ


*അസിസ് പട്ല *
*കണക്ടിംഗ് പട്ല*
*മുതുനെല്ലിക്ക* നോവൽ
..............................
അസ്ലം മാവിലെ
...........................

2012- 2013  മുതൽ തന്നെ അസീസ് കണക്ടിംഗ് പട്ലയിൽ സജിവമാണ്. ഞാൻ കേട്ടിടത്തോളം ഈ കൂട്ടായ്മയുടെ തുടക്കക്കാരിലൊരാൾ. അന്നൊരു വാട്സാപ് ഗ്രൂപ്പിൽ 50 പേർ മാത്രമേ ഉൾക്കൊണ്ടിരുന്നുള്ളൂ.

2014 ലാണ് ഞാൻ എന്റെ മൊബൈലിൽ,  വാട്സാപ് download ചെയ്യുന്നത്. കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഗ്രൂപ്പിൽ 100 പേരെ വരെ ചേർക്കാമെന്ന സൗകര്യം നിലവിൽ വന്നു. അന്ന് ഞാനും നിയോഗമെന്ന പോലെ കണക്ടിംഗ് പട്ലയിൽ കയറിക്കൂടി.

Conneting PatIa യിൽ ( അന്ന് CP എന്ന പേരില്ല, എല്ലാവർക്കും പറയാൻ ആ പേര് നാക്കിന് വഴങ്ങുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടതുമുതലാണ് CP ദ്വയാക്ഷരം പൊതുബോധങ്ങളിൽ പരിചയപ്പെടുത്തുന്നത് ) വന്നദിവസം തന്നെ അസീസ് തന്റെ സ്വതസിദ്ധമായ ഇംഗ്ലിഷ് സ്ലാംഗിൽ എനിക്ക് വരവേൽപ്പു പറഞ്ഞത് ഓർക്കുന്നു. ഒരാൾ എനിക്കന്ന് സ്വകാര്യ മെസ്സേജ് അയച്ചു - ഇതൊന്നുമല്ല ഗ്രൂപ്പിലെ ആസ്വാദ്യകരമായ ആക്ടിവിടീസ്, സന്ധ്യ കുറച്ചു കൂടികഴിയണം, മണലാരണ്യത്തിലെ കൂട്ടുകാരുടെ സംഗീതവിരുന്നിന് അപ്പോൾ കാതോർക്കാം.

ശരിയായിരുന്നു, ഇന്ത്യൻ സമയം 9 കഴിയുന്നതോടെ പാട്ടുകളുടെ മലയിറക്കമായി, അതിന്റെ വരവ് അറിയിക്കുന്നത് അസീസും. ദൈവികദാനമായി ലഭിച്ച ശബ്ദമാധുരിമ കൊണ്ട് അസിസ് പിന്നെ ആ രാവ് തീരുന്നത് വരെ പാടിത്തിമർക്കും, കൂട്ടുകാരെ പാടാൻ നിർബന്ധിക്കും, കൂടെപ്പാടും, പാടാൻ മടിയുള്ളവരെ പിന്നാലെക്കൂടി പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരിക്കും. പിന്നെ മിമിക്രി, മോണോ ആക്ട്, കഥ പറച്ചിൽ, വെടിവെട്ടം ... സജിവമായ ദിനരാത്രങ്ങൾ. നല്ല ഹോം വർക്ക് ചെയ്തു നടത്തുന്ന മോറൽ ക്ലാസ്സുകൾ, അവലോകനങ്ങൾ പൊയ്പ്പോയ ദിവസങ്ങൾ ഗൃഹാതുരത്വമായി അവശേഷിക്കുന്നു.

RT കൂടി സജീവമായതോടെ അസിസ് വാമൊഴിയോടൊപ്പം എഴുത്തും സജീവമാക്കി. നേരത്തെ തന്നെ സഊദിയിൽ നിന്നിറങ്ങുന്ന മലയാള ന്യൂസിൽ അസിസ് കുഞ്ഞു കോളങ്ങൾ എഴുതിത്തുടങ്ങിയിരുന്നുവെന്ന് കൂട്ടത്തിൽ സൂചിപ്പിക്കട്ടെ.

തനിക്ക് ശരിയെന്നത് തോന്നിയത് അസിസ് എഴുതി, യോജിപ്പും വിയോജിപ്പും നോക്കിയതേയില്ല,  അഭിപ്രായാന്തരങ്ങൾ വായനക്കാർക്ക് വിട്ടുകൊടുത്തു. ലേഖനം, കവിത, കഥ, നാടകം, അനുഭവക്കുറിപ്പുകൾ, ഓർമ്മകൾ, യാത്രാവിവരണങ്ങൾ എല്ലാത്തിലും തനിക്ക് പറ്റുന്നത് പരമാവധി അസിസ് കുറിച്ചിട്ടു. 

പക്ഷെ, അസിസിന് കൈവഴക്കം കൂടുതൽ വന്നത് കഥ പറച്ചിലിലായിരുന്നു, അസീസിന്റെ കഥ വായിച്ചിട്ടില്ലേ ? വളരെ നിസാരമെന്ന് തോന്നുന്നതാണ് അദ്ദേഹത്തിന് വിഷയവും വിശേഷവും. സൂക്ഷമമായ നിരീക്ഷണം, അസാധാരണമായ ഓർമ്മശക്തി, സർഗ്ഗ ഭാവന, അതിലുപരി നർമ്മവിചാരം ഇതൊക്കെ ഒത്തുവന്നതാണ് അസിസിന്റെ ഫിക്ഷനെ ധന്യമാക്കുന്നത്.

ഇയ്യിടെ ഒരു ഓൺലൈൻ പത്രക്കാരൻ എന്നോട് ചോദിച്ചു : അസിസ് പട്ലയെ അറിയുമോ ? ഞാനദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകൾ വായിച്ചു ചിരിച്ചു വയറു പുണ്ണായിരിക്കുന്നു. പുതിയ എഴുത്തുകൾ ഞങ്ങൾ വഴി വായനക്കാർ വായിക്കട്ടെ. ഞാൻ ആ നിർദ്ദേശം അസിസിനോട് പറഞ്ഞു : വലിയ താത്പര്യം കാണിക്കാതെ അസീസ് പക്ഷെ,  ഒഴിഞ്ഞു മാറിക്കളഞ്ഞു.

ഇതൊക്കെ എഴുതാൻ കാരണം ഇന്നെനിക്കു അസിസ് അയച്ചു തന്നെ ആദ്യ നോവലിന്റെ ഒന്നാം ഭാഗമാണ്. *മുതുനെല്ലിക്ക* എന്ന പ്രഥമ നോവൽ.    ഈ നോവൽ അസിസിന്റെ ആദ്യകാല തട്ടകത്തിൽ തന്നെ (CP യിൽ) അദ്ദേഹത്തിന്റെ അറിവോടു കൂടി  പോസ്റ്റ് ചെയ്യുന്നു. വായനക്കാർ ഏറെയുണ്ടെന്നറിയാം. അവർ ഈ നോവൽ സ്വീകരിക്കും എന്നു തന്നെ പ്രതീക്ഷിക്കുന്നു.

അഭിപ്രായങ്ങൾ അറിയിക്കുക.

നോവൽ മുഴുമിപ്പിക്കാനും പുതിയ രചനകളിലേർപ്പെടാനും  നമ്മുടെ പ്രിയപ്പെട്ട  എഴുത്തുകാരൻ അസിസിന് സാധിക്കട്ടെ എന്ന് നമുക്ക് അകമഴിഞ്ഞ് ആശംസിക്കാം.

NB :
ഈ നോവൽ ഖണ്ഡശയായി RTPEN ബ്ലോഗിൽ പിന്നീട് പ്രസിദ്ധപ്പെടുത്തും.


No comments:

Post a Comment