Monday 28 October 2019

കാൽപ്പന്തുകളിയിലെ* *ജില്ലാ ടീമിൽ* *പട്ലയുടെ ചുണക്കുട്ടി!* /അസ്ലം മാവിലെ

കാൽപ്പന്തുകളിയിലെ*
*ജില്ലാ ടീമിൽ*
*പട്ലയുടെ ചുണക്കുട്ടി!*
............. ...............
അസ്ലം മാവിലെ
............. ...............

മറ്റന്നാൾ അതിരാവിലെ മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന വണ്ടി  കാസർകോട് റയിൽവേ സ്‌റ്റേഷനിൽ യാത്രക്കാർ കയറാൻ രണ്ട് മിനിറ്റ് നിർത്തും;   പിന്നെയത് ചൂളം വിളിച്ചു മുന്നോട്ട് നീങ്ങും;  സാധാരണ പോലെ തിരൂരിലും ഒരു സ്റ്റോപ്പുണ്ട്. അവിടെ  ഇറങ്ങുന്ന പതിവ് യാത്രക്കാർക്കു പുറമെ ഒരു പതിനാറ് തികയാത്ത പയ്യനും കൂടി അന്ന് വണ്ടിയിറങ്ങാനുണ്ടാകും. ആരാലും ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലാത്ത ആ പയ്യൻ.  പക്ഷെ, ഒരു ജില്ലയുടെ പ്രതിനിധിയായാണ് അന്നവിടെ അയാൾ കാല് കുത്തുന്നത്.
പിന്നിൽ ഒതുക്കിക്കെട്ടിയ അവന്റെ ബാക്ക്പാക്കിൽ ഒരു ജില്ലയെ ആലേഖനം ചെയ്ത ജേഴ്സിയുണ്ടാകും;  മനസ്സിൽ നിറയെ വിജയ പ്രതീക്ഷയുടെ പൊടിപാറും ആരവങ്ങളുമുണ്ടാകും.


അന്ന്, പട്ലയും സന്തോഷിക്കും. ഫുട്ബോളിനെ സ്നേഹിക്കുന്ന പട്ലൈറ്റ്സും സന്തോഷിക്കും. ആ ബാല ഫുട്ബോൾ താരത്തിന്റെ കുടുംബം സന്തോഷിക്കും. കൂടെ, യുനൈറ്റഡ് പട്ലയെന്ന വലിയ ക്യാൻവാസും.

അവൻ ആദിൽ, ആദിൽ അബ്ദുല്ല. കെ.എച്ച്. ബഷീർ - ഷമീമ  ദമ്പതികളുടെ മകൻ. 16 വയസ്സിന് താഴെയുള്ളവരുടെ കാസർകോട് ജില്ലാ ടീമിൽ ഇന്നാണ് ആദിലിന് ഇടം കിട്ടിയത്. ചെറുവത്തൂരിൽ നടന്ന 3 ദിവസത്തെ ജില്ലാ ഫുട്ബോൾ പരിശീലനത്തിൽ ആദിൽ ഏറെ മുന്നിലെത്തിയിരുന്നു, നേരത്തെ സബ്ജില്ലാ തല ക്യാമ്പിൽ നിന്നാണ് ആദിൽ ജില്ലാ പരിശീലന ക്യാമ്പിലേക്കെത്തുന്നത്. 

മറ്റന്നാളാണ് മലപ്പുറത്ത് സംസ്ഥാന തല മത്സരമുള്ളത്. ആദിൽ കാസർകോട് ജില്ലയ്ക്ക് വേണ്ടി അന്ന് ജേഴ്സി അണിഞ്ഞ് കളിക്കളത്തിലിറങ്ങും. വിജയക്കൊയ്ത്തോടെ ടീമിനൊപ്പം  ആദിലിന് മടങ്ങാൻ നമുക്കെല്ലാവർക്കും ആശംസ നേരാം.

പൂന കേന്ദ്ര ഇൻസ്സ്റ്റിറ്റ്യൂട്ടിൽ അവസാന വർഷ ഗവേഷണ വിദ്യാർഥിനിയായ  ഷിബ്-ല അടക്കം രണ്ടു സഹോദരിമാരാണ് ആദിലിന്. ചെമനാട് സ്കൂളിലാണ് പഠിത്തം,  പത്താം ക്ലാസ്സിൽ.

ഒന്ന് നേരിട്ട് കണ്ട് എന്റെ സന്തോഷം പറയാൻ  കുഞ്ഞിപ്പള്ളിയിൽ മഗ്രിബ് നിസ്ക്കരിച്ച് ഞാൻ തിരിഞ്ഞു നോക്കിയെങ്കിലും ഇന്ന് മാത്രം അയാളെ  കണ്ടില്ല. ഇശയ്ക്കു കാണുമായിരിക്കും.

മാസ്റ്റർ ആദിൽ, വിഷ് യൂ വെരീ ബെസ്റ്റ് ഓഫ് ലക്ക് ! പഠനവും കാൽപ്പന്തുകളിയും ഒപ്പത്തിനൊപ്പം മുന്നോട്ട് കൊണ്ട് പോവുക, ഒരു ഗ്രാമം മുഴുവൻ നിങ്ങളുടെ കൂടെയുണ്ട്.  അനുമോദനങ്ങൾ !⚽

No comments:

Post a Comment