Tuesday 1 October 2019

കത്താനല്ല തീക്കൂട്ടേണ്ടത് കായാനാണ് / അസ്ലം മാവിലെ

കത്താനല്ല തീക്കൂട്ടേണ്ടത്
കായാനാണ്
.............................
അസ്ലം മാവിലെ
.............................
.      ( 4 )

ഈ തലക്കെട്ട് വായനക്കാർ എങ്ങിനെ മനസ്സിലാക്കുമെന്ന് എനിക്കറിയില്ല. സംഹാരമല്ല, സംരക്ഷണമാണ് അത് കൊണ്ടു എന്റെ ഉദ്ദേശം.

"നീയാണല്ലോ ഈ പ്രൊപോസലിന് കാരണക്കാരൻ. നീ തന്നെ പയ്യനോട് സീരിയസായി പറയണം, അവളെ ചെക്ലോസോവാക്യയിലേക്ക് കൂടെ കൊണ്ട് പോകാൻ, അവനില്ലാതെ ആ വീട്ടിലവൾക്കത്ര സുഖം പോരാ.." ഇക്കാലത്ത് ഇങ്ങിനെയൊന്നു കേൾക്കാൻ ഭാഗ്യം ലഭിക്കാത്ത "സർവ്വീസ് -ഫ്രീ-ബ്രോക്കർമാർ" അപൂർവ്വമാണ്. ഒരു ജാതി ചൊറിയൽ. മാതാപിതാക്കളുടെ ഇത്തരം അനാവശ്യ ആധിയും വ്യാധിയും വെപ്രാളവും വെഞ്ചളിപ്പും തന്നെയാണ് ചെറുതല്ലാത്ത അളവിൽ ''പുകയാൻ" കാരണമാകുന്നത്. താങ്ങാനാളുണ്ടെങ്കിൽ മോങ്ങാൻ വലിയ ചെലവില്ലല്ലോ. പിന്നെ, പുതുപ്പെണ്ണ് മുക്കിയും മൂളിയും പയ്യനെ ധരിപ്പിക്കും. അതിന് മുമ്പ് തന്നെ അരഫർലോംഗ് ദൂരം സംഭവം സ്മെല്ലടിച്ച് അയാൾ ഒരുവിധമായിരിക്കുകയും ചെയ്യും.

മകളുടെ നന്മയും ഭാവിയും ആഗ്രഹിക്കുന്ന മാതാപിതാക്കൾ ആവശ്യമില്ലാതെ ഏടാകൂടം വലിച്ചിടരുത്. ഏത് നാട്ടിലും സമ്പന്നർ എന്നത് എണ്ണത്തിൽ തുലോം കുറവായിരിക്കും. പിന്നെയുള്ളവരൊന്നും അതല്ല, അവരല്ല. അതല്ലെന്നും അവരല്ലെന്നും കാണുന്നതൊക്കെ മിണിമിണിയും ഷോബാജിയെന്നും എല്ലാവരെയും പോലെ ഇവർക്കും അറിയാം. പിന്നെ, പതം നോക്കി ഈർക്കിൽ കുത്തണോ ? കുത്തിക്കുത്തി പുണ്ണാക്കിയേ അടങ്ങു എന്ന് വാശിപിടിക്കണോ ?

ദാമ്പത്യജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ബാഹ്യഇടപെടലുകളിൽ നിന്നും മുക്തമായ ജീവിതമാണ്. അവർ തമ്മിൽ ഒരു പ്രശ്നമില്ല. പിന്നെ കൈഎത്താപ്രതീക്ഷകൾ വലിച്ചിഴച്ചുകൊണ്ടിട്ട് വഴിതടസ്സം ഉണ്ടാക്കണോ ? അവൻ പൊക്കോട്ടെ, ജീവിച്ചു പോകട്ടെ, കടം തീർത്തോട്ടെ, ലോണടച്ചോട്ടെ ... ശ്വാസം വിടാൻ സമയം കൊടുക്കൂ.

എന്താണ് മകളുടെ ദാമ്പത്യജീവിതം കൊണ്ട് കുടുംബം ഉദ്ദേശിക്കുന്നത് ? ഉത്തരം ഇല്ലെങ്കിൽ ഞാൻ പറയാം - (ജീവിത)പങ്കാളിയുടെ സുഖദു:ഖങ്ങളിൽ ഒട്ടിയും മുട്ടിയും ഒരുമ്മിയും ഒരുമിച്ചുമുള്ള ജീവിതയാത്ര. ആ തോണിയിൽ അവർ രണ്ടുപേർ തുഴഞ്ഞ് മുന്നോട്ട് നീങ്ങട്ടെ.

മുമ്പൊക്കെ പുതുപ്പെണ്ണിന് ധൈര്യവും സ്ഥൈര്യവും ആത്മബലവും ആത്മധൈര്യവും നൽകുക അവളുടെ മാതാപിതാക്കളും ബന്ധുമിത്രാതികളുമായിരുന്നു. ഞങ്ങൾ കൂടെയുണ്ട്, പക്ഷെ ഇത് കേൾക്കാനും ഇടംവലം നോക്കാതെ ആക്ഷൻ എടുക്കാനുമല്ല എന്നതായിരുന്നു അവർ നൽകിയിരുന്ന സന്ദേശം.  ഇന്നോ ? ചിലരുടെ കുടുംബകഥകൾക്ക് അബദ്ധവശാൽ ചെവി എറിഞ്ഞപ്പോൾ "ഛെ കേൾക്കേണ്ടിയിരുന്നില്ല" എന്ന് തോന്നിപ്പോയിട്ടുണ്ട്.

ഇതൊരു ഭാഗത്ത്. മറുഭാഗത്തോ ?

(തുടരും)

No comments:

Post a Comment