Wednesday 30 October 2019

*കേരളോത്സവം:* *ഒന്നു ഒരുക്കൂട്ടാൻ* *പറ്റുമോ ?* /അസ്ലം മാവിലെ

*കേരളോത്സവം:*
*ഒന്നു ഒരുക്കൂട്ടാൻ*
*പറ്റുമോ ?*
...........................,,
അസ്ലം മാവിലെ
...........................,,

കേരളോത്സവത്തിന്റെ നോട്ടിസ് ഓൺ ലൈനിൽ മിനിഞ്ഞാന്നേ കണ്ടു. നന്നായി, കുറച്ചാൾക്ക് അറിയാനും പറ്റി. മിക്കവാറാളുകളും അറിഞ്ഞു കാണും.  അത് മതിയോ ?

മുമ്പ്, മുമ്പ് എന്ന് പറഞ്ഞാൽ 1980-90 കളിൽ OSA യായിരുന്നു ഇതിനൊക്കെ മുൻകൈ എടുത്തിരുന്നത്. സ്പോൺസറും അവർ തന്നെ ഓടിച്ചാടിയിരുന്നതും അവർ തന്നെ.

ലൈബ്രറിയിൽ വൈകുന്നേരം ഒരാൾ ഇരിന്നിട്ടുണ്ടാകും - അയാളുടെ കയ്യിൽ പേര് നൽകും, പേര് തരാത്തവരെ ഇവര് പോയി കാണും  ആവശ്യമായ രേഖകൾ നൽകും. കൂട്ടിക്കെട്ടി പഞ്ചായത്തിൽ നൽകും.

അന്നൊക്കെ പഠിപ്പു നിലവാരം കുറവെങ്കിലും നമ്മുടെ സ്കൂളിലെ സ്പോർട്സ് മാഷും മറ്റും  മുൻകയ്യെടുത്ത് ഒഎസ് എ ക്ക്  ഇതിനൊക്കെ താങ്ങായി വരും. അന്നൊക്കെ വൈകുന്നേരം ഗ്രൌണ്ടിൽ കളിക്കാൻ ചുരുങ്ങിയത് 3- 4 അധ്യാപകർ എന്തായാലും ഉണ്ടാകും.  ഏതു സ്കളിലും അങ്ങിനെ തന്നെ.  ഹാ.... അതൊരു കാലം !

ഇന്നെങ്ങിനെ എന്നറിയില്ല. സിസ്റ്റമൊക്കെ നമ്മളുണ്ടാക്കുന്നതാണ്, അതിന് മുൻകൈ എടുക്കുന്ന കൂട്ടായ്മകൾ. 

വാട്സാപ്പില്ലാത്തവൻ ആരാ ഉള്ളത് ? ഒരു ഗ്രൂപ് അല്ലല്ലോ ഈ വാർഡിൽ ഉള്ളത് ! ആണോ ? 18 വയസ്സ് തികഞ്ഞ വാട്സാപ്പില്ലാത്ത 10 ചെറുപ്പക്കാരുടെ പേര് പറ. ഉണ്ടാകില്ല. ഈ കാര്യങ്ങളൊക്കെ എങ്ങിനെയും എല്ലാവരിലും എത്തും. അബദ്ധത്തിൽ മെസേജ് കിട്ടിയില്ലെങ്കിൽ കൂട്ടുകാർ എത്തിക്കും.

എന്തേ നാട്ടിലെ ഏതെങ്കിലും ക്ലബിനോ കൂട്ടായ്മകൾക്കോ ഈ കൂട്ട് സംരംഭത്തിന് ഇന്നും നാളെയും ഒന്നിറങ്ങിയാൽ ?. അതിന്റെ സാങ്കേതിക വശം ആദ്യം പഞ്ചായത്തിൽ ആരായണം. മെമ്പറെ സഹായത്തിന് വിളിക്കണം.

4 ഷീറ്റ് A4 സൈസ് പേപ്പറും നാല് ഗഡ്ഡിപ്പെന്നും മാത്രം മതി, ഇരിക്കാൻ പഴയ ഒപ്പുതെങ്ങ് പരിസരത്ത് കുറെ സൗകര്യങ്ങളുണ്ട്. മുന്നിട്ടിറങ്ങാൻ താൽപര്യം ഉള്ളവർക്ക് ഇതൊക്കെ മതി.

അല്ലാതെ ഓരോത്തര് പഞ്ചായത്താപ്പിസിലേക്ക് പോയി കേരളോത്സവത്തിന് പേര് കൊടുത്ത് പ്രോഗ്രാം ഉഷാറാക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഉണ്ടെങ്കിൽ ആ വിശ്വാസം  രക്ഷിക്കട്ടെ.

കണ്ടറിഞ്ഞ് ചെയ്യുക എന്നത് ചർച്ച അർഹിക്കുന്ന വിഷയമാണ്. അതിന് കൂട്ടായ്മകൾക്ക് കഴിയട്ടെ. കലാ-കായിക പേരുളള സംഘടനകൾ ഏറ്റവും അവശ്യം ഇടപെടേണ്ടത് ഇങ്ങനെ കിട്ടുന്ന സന്ദർഭങ്ങളിലാണ്.

ഇതൊന്നും നടന്നില്ലെങ്കിൽ നവംബർ മാസത്തിൽ ഉത്ഘാടന സെഷന്റെ കുറെ ഫോട്ടോസ് ഗ്രൂപ്പുകളിൽ ഒഴുകും.  ഞാൻ സ്റ്റേജിലുണ്ടെങ്കിൽ എന്റെയും പോട്ടം കാണും. അത് കണ്ട് ഞാനടക്കം നിർവൃതി കൊള്ളും.

www.rtpen.blogspot.com

No comments:

Post a Comment