Tuesday 22 October 2019

എഴുത്ത് നർമ്മാലോചന / അസ്ലം മാവിലെ

എഴുത്ത്
നർമ്മാലോചന

അസ്ലം മാവിലെ

മുകളിൽ കണ്ടല്ലോ, അത് രണ്ടും എന്റെ ഐഡൻന്റിറ്റിയുടെ ഭാഗമാണ്. എന്റെ കുഞ്ഞു മേൽവിലാസം.

ആളെക്കാണണമെന്നില്ല. കുപ്പായം കണ്ടാൽ ആളെ തിരിച്ചറിയാറില്ലേ ?അത്പോലെ ഒന്നെന്ന് കൂട്ടിക്കോളൂ. അങ്ങിനെയുള്ളൊരാൾ കുപ്പായം മാറ്റുമെന്ന് കരുതാമോ ?അറിയില്ല.

തിരിച്ചറിയലാണ് എനിക്ക് കുത്തിക്കുറിക്കൽ കുറുകിച്ചിരിക്കലും.  സമ്മർദ്ദങ്ങളും വിരസതയും വേണ്ടാച്ചിന്തകളും നഷ്ടഭാരങ്ങളും മറക്കാൻ, മറ നീക്കി മുന്നിൽ വരാതിരിക്കാൻ ഒരു പോസിറ്റീവ് വഴിത്താര.

വായിച്ചോ ? ഇല്ലയോ ? കമൻറുമോ കണ്ണടക്കുമോ ? വെറുക്കുമോ ?  (പിറു)പിറുക്കുമോ ? പലർക്കുമവ വിഷയമെങ്കിലും എനിക്കതില്ല. 

ജിവിതത്തിൽ ടെൻഷനടിപ്പിച്ചത് പലപ്പോഴും നർമത്തിൽ മുക്കി നോക്കാറുണ്ട്. എത്ര പിടിച്ചു നിന്നാലും ചിരിക്കാതിരിക്കാനാവില്ല.

വേഷങ്ങൾ, വേഷം കെട്ടലുകൾ, തള്ള്, തള്ള് വരവ്, തള്ളിനിക്കൽ, വായുപിടുത്തം, ഗോത്രത്തഴമ്പ് ,  പ്രദർശനങ്ങൾ,  പ്രകടനങ്ങൾ, അഭിനയങ്ങൾ, കോപ്രായങ്ങൾ - എല്ലാം കഴിഞ്ഞാൽ ബാക്കി എന്ത് ? നർമ്മചിന്തകൾക്കായി കുറച്ച് സമയം മാറ്റി വെച്ചാൽ പിന്നെ ചിരിക്കാനേ നേരമുണ്ടാക്കൂ, അതിൽ സ്വയം കഥാപാത്രമായി നോക്കൂ. 

വിശേഷ ദിവസങ്ങളിൽ ഹീറോ ഫൗണ്ടൻ പേന (HERO) കീശയിൽ കുത്തുന്ന ഒരു കാലം കടന്നു പോയിട്ടുണ്ട്. ഞാൻ കത്തെഴുതി കൊടുത്തിരുന്ന അയാളുടെ കീശയിലെ തിളങ്ങുന്ന പേന കണ്ടപ്പോൾ, കൗതുകത്തിന് അനുവാദമില്ലാതെ ഒന്നെടുത്തു. അന്നയാൾ അലിഞ്ഞില്ലാതെയായി !  ടോപ് മാത്രം കുത്തുന്ന നടപ്പുശീലം ഞാനറിഞ്ഞുപോയതിലായിരിക്കാമത്. അന്ന് മുതൽ കാണുന്ന മിക്ക കല്യാണച്ചമയകീശകളും പിന്നെ, പെന്നും വാച്ചും പൊന്നും മിന്നുമെല്ലാം എനിക്ക് നേർപ്പിച്ച ചിരിമാത്രമാണ് നൽകാറുള്ളത്.

ഇതൊക്കെ ഇന്നത്തെ ജീവിതഫ്രെമിലേക്ക് ഒന്നു മാറ്റി എഴുതിയേ... അത് തന്നെയല്ലേ ഇന്നത്തെ ഒട്ടുമുക്കാലും കെട്ടുകാഴ്ചകൾ ! ഞൊടിഞായങ്ങൾ !

No comments:

Post a Comment