Monday 28 October 2019

മഞ്ചേശ്വര വിജയം* *നൽകുന്ന പ്രതീക്ഷ* /അസ്ലം മാവിലെ


*മഞ്ചേശ്വര വിജയം*
*നൽകുന്ന പ്രതീക്ഷ*
..............................
അസ്ലം മാവിലെ
..............................

http://www.kasargodvartha.com/2019/10/manjeshwaram-by-election-some-facts.html?m=1

ഈ വിജയം  പ്രതീക്ഷിച്ചതാണെന്ന് എല്ലാവരും പറയും. പക്ഷെ, അത്ര തന്നെ അളവിലോ അതിൽ കൂടുതലോ അപ്പറഞ്ഞിരുന്നവർക്ക് ആശങ്കയുണ്ടായിരുന്നുവെന്നതും നേരാണ്.  UDF, LDF ന്റെ ജയത്തേക്കാളേറെ കേരളത്തിലെ ബഹുഭൂരിപക്ഷം പേരും മഞ്ചേശ്വരത്ത് ആഗ്രഹിച്ചത് സംഘ്പരിവാരേതര  വിജയമായിരുന്നു. അത്തരമൊരു പ്രതീക്ഷക്കൊത്തുയരാൻ മഞ്ചേശ്വരത്തെ ജനാധിപത്യ വിശ്വാസികൾക്കായി എന്നതാണ് ഇവിടെ എടുത്ത് പറയേണ്ടത്.

അതേസമയം, ഇപ്പോഴത്തെ സംഘ്പരിവാറിന്റെ പരാജയത്തേക്കാളേറെ മഞ്ചേശ്വരത്തെ ജനങ്ങളുടെ പൊതുവായ മനസ്സ് നേരത്തെ തന്നെ വായിച്ചറിഞ്ഞ ഒരു വ്യക്തിയുണ്ടായിരുന്നു - ബിജെപിയിൽ. അത് മറ്റാരുമല്ല  ശ്രീ സുരേന്ദ്രൻ തന്നെയായിരുന്നു. അത്കൊണ്ടൊക്കെയാകണം വർഷങ്ങളായി രണ്ടും കൽപ്പിച്ച് കാസർകോട് ജില്ലയിൽ താമസമുറപ്പിച്ച് മഞ്ചേശ്വരത്തിന്റെ ഓരോ ഊടുവഴിയും ശ്വാസോച്ഛാസവും പഠിച്ചും തിരിച്ചറിഞ്ഞും ഗൃഹപാഠങ്ങൾ ചെയ്ത അദ്ദേഹം ഇനിയൊരു അങ്കത്തിനു കൂടി മുതിരാതെ തന്നെ, പരീക്ഷണം വേണ്ടെന്ന് വെച്ച് നേരവും കാലവും നോക്കി കാസർകോട് ജില്ല തന്നെ വിട്ടു പോയത്.

മറ്റൊരു വസ്തുത, സാധാരണ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നതിനപ്പുറം പക്വതയോടെയും അതിലേറെ പരുവപ്പെടുത്തിയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ UDF നായിട്ടുണ്ട് എന്നതാണ്. സ്ഥാനാർഥി നിർണ്ണയ വിഷയത്തിൽ ചില കോണുകളിൽ നിന്നുണ്ടായ ബദൽ ശബ്ദങ്ങളെ അതേ വോള്യത്തിൽ മറുശബ്ദം കൊണ്ട്  ദുർബ്ബലപ്പെടുത്തുന്ന  പതിവ് msപ്പുരീതിക്കു പകരം അവരെ ചേർത്ത് പിടിച്ചു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ  നേതൃത്വത്തിനായിട്ടുണ്ട്. അത് തന്നെ UDF നെ സംബന്ധിച്ചിടത്തോളം ആദ്യവിജയമായി മാറിയെന്ന് കരുതണം.

എന്ത് ഫാക്ടർ പറഞ്ഞാലും,  LDF ഉം അത്ര പ്രശസ്തനല്ലാത്ത, ചില പോക്കറ്റുകളിൽ മാത്രം സ്വാധീനം ചെലുത്താവുന്ന ഒരു  വ്യക്തിയെ സ്ഥാനാർഥിയാക്കിയതും UDF തെരഞ്ഞെടുപ് ഗോദയിൽ നേരിട്ടേക്കാമായിരുന്ന വലിയ ഭിഷണിയിൽ നിന്നും അനായാസം വഴി മാറിയ ഒരു പ്രധാന ഘടകമാണ്. തന്ത്രങ്ങളുടെ ആശാനായ സതീശ് ചന്ദ്രനെപ്പോലെയുള്ള CPM നേതൃത്വങ്ങളിൽ നിന്നാണ് ഇങ്ങനെയൊരു സമീപനമുണ്ടാകുന്നതെന്നതും ചേർത്തു വായിക്കുക. 

മറ്റൊരു പ്രധാന ഫാക്ടർ,  രാജ്മോഹൻ ഉണ്ണിത്താൻ ഇഫക്ട് തന്നെയാണ്. ലോകസഭാ തെരഞ്ഞെടുപ്പു വേളകളിൽ അദ്ദേഹം ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഉണ്ടാക്കിയെടുത്ത സുതാര്യ ജനസമ്പർക്ക രസതന്ത്രമുണ്ട്.  അത് കാസർകോട് ജില്ലയിൽ  വളരെയേറെ സ്വാധീനിച്ചത് കാസർകോട്, മഞ്ചേശ്വരം മേഖലകളിലുള്ളവരെയാണ്,  പ്രത്യേകിച്ച് കോൺഗ്രസ്സ് പ്രവർത്തകരിലും അവരുടെ അനുഭാവികളിലും.

ഒന്നും ചെയ്തില്ലെങ്കിലും തങ്ങളുടെ നേതാവ്  കേൾക്കാനും പറയാനും അരിക്ചേർത്തു നിർത്തുമെന്ന വിശ്വാസവും ധാരണയും  കോൺഗ്രസ് പ്രവർത്തകരിലുണ്ടാക്കിയെടുക്കാൻ ഉണ്ണിത്താന്റെ ശരീരഭാഷക്കായിട്ടുണ്ട്. ഇത് പഴയകാല കോൺഗ്രസ്സുകാരുടെ മനസ്സുകളിലും അനുരണനുണ്ടാക്കിയെന്നത് ലോകസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും UDF നും  കിട്ടിയ വോട്ടുകൾ ശ്രദ്ധിച്ചാൽ തന്നെ മതി.

മഞ്ചേശ്വരത്തെ BJP അനുഭാവികളിൽ 75% ഉം പഴയകാല കോൺഗ്രസ് അനുഭാവികൾ തന്നെയാണ്. അവരെ ഇണക്കാനും  പരിഗണിക്കാനും സന്തോഷിപ്പിക്കാനും  മുമ്പൊന്നും തന്നെ ജില്ലാ - പ്രാദേശിക കോൺഗ്രസ് നേതൃത്വങ്ങൾക്കായിരുന്നില്ല, പക്ഷെ, ഉണ്ണിത്താന്റെ സാന്നിധ്യവും സംസാരവും ഇടപെടലുകളും ഒരു പക്ഷെ, അത് വരെയും പാർട്ടിയിൽ നിന്നകന്ന് നിന്ന്,  താമരയ്ക്ക് വോട്ടു ചെയ്തിരുന്നവരിൽ ഒരു  വീണ്ടുവിചാരത്തിന് വഴിവെച്ചിരിക്കണമെന്ന് തന്നെയാണ് ഞാൻ കാരുതുന്നത്.

മഞ്ചേശ്വരം വിജയം  കേരളത്തിൽ പൊതുവെ സൂചിപ്പിക്കുന്നത്, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംഘ്പരിവാർ മുക്തമായ ഒരു കേരളനിയമ സഭ എന്ന് തന്നെയാണ്. മാത്രവുമല്ല, കാസർകോട് ജില്ലയിൽ മുഖ്യപ്രതിപക്ഷമായും ഒന്നുരണ്ടിടത്ത് ഭരണപക്ഷവുമായുമുള്ള ബിജെപി സ്വാധിന പഞ്ചായത്തുകളിൽ, അവരുടെ അധികാരങ്ങൾ നഷ്ടപ്പെടാനും    ആഘാതമേൽപ്പിക്കുന്ന പരാജയങ്ങൾ ഏറ്റുവാങ്ങാനും ബിജെപിക്ക് വലിയ സാധ്യത തന്നെയുണ്ട്. രാജ് മോഹൻ ഉണ്ണിത്താനെപ്പോലുള്ള ജനകീയ നേതാക്കൾക്ക് ഇതേപോലെ മനസ്സു വെച്ചാൽ എളുപ്പം സാധിക്കാവുന്നതേയുള്ളൂവെന്നതിൽ രണ്ടഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. 

No comments:

Post a Comment