Thursday 3 October 2019

ഒരെഴുത്ത്* *(കൈ)വിടുമ്പോൾ ...* /അസ്ലം മാവിലെ


*ഒരെഴുത്ത്*
*(കൈ)വിടുമ്പോൾ ...*
............................
അസ്ലം മാവിലെ
............................

സ്വാഭാവികം രണ്ടും പ്രതീക്ഷിക്കണം,  വായനയും മറു വായനയും. മുൻകൂട്ടി കാണണം, അനുവാചകരുടെ സമ്മിശ്രപ്രതികരണങ്ങൾ.

നിങ്ങൾ കാണാത്തത് വായനക്കാർ കാണും. ശ്രദ്ധിക്കാത്തിടത്ത് അവരുടെ ശ്രദ്ധ പതിയും, ഊന്നും,  ഉഴിയും. ചോദ്യങ്ങൾ വന്നു കൊണ്ടേയിരിക്കും, ഉത്തരങ്ങൾ പ്രതീക്ഷിക്കാതെ.

ഇതെല്ലാം കഴിഞ്ഞ് കാത്തിരുന്ന് വിസ്തരിച്ചെഴുതുക അസംഭവ്യം.  എല്ലാം കണ്ടും കേട്ടും പ്രസിദ്ധീകരിക്കുക എന്നൊന്നില്ലല്ലോ.

ഒരു കാര്യമുണ്ട്. നോൺഫിക്ഷനിൽ നിജസ്ഥിതി, സന്ദേശം ഇവ രണ്ടും രണ്ടാണ്. കണ്ടതപ്പടി പകർത്താൻ "എഴുത്ത് ' ആധാരമെഴുത്തല്ല തന്നെ. 

ഒരു സന്ദേശം അനുവാചകരിലെത്തിക്കാൻ അതിന് ഹേതുവായ സംഭവത്തിന്റെ നിജസ്ഥിതി പൂർണ്ണമായും അറിയും വരെ കാത്തിരിക്കണമെന്നുണ്ടോ ? ഇല്ലെന്ന പക്ഷക്കാരനാണ് ഞാൻ.  പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ എഴുതൂ എന്ന് മീഡിയ റിപ്പോർട്ടർമാർ വാശിപിടിക്കും പോലെയാകുമത്.

വാർത്തകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടേയിരിക്കും. പറഞ്ഞത് പൂഴ്ത്തിവെക്കാൻ, കൈവിട്ടത് മറച്ചു വെക്കാൻ പുതിയ വാർത്തകൾ വരും, പോകും. അപ്ഡേറ്റുചെയ്യുന്നത് മുഴുവൻ ഒന്നരപ്പാട്   സത്യമായിക്കൊള്ളണമെന്നില്ല.

ചില കേസുകൾ ശ്രദ്ധിച്ചില്ലേ ? ഇന്നലെ കണ്ടതിന് നേർവിപരീതമാണ് ഇന്ന് പറയുക. പറയാൻ പറയുക. നല്ലൊരു വാചാലനായ നിയമവിഷാരദനുണ്ടെങ്കിൽ കേസിന്റെ ഔദ്യോഗിക സ്പോക്ക്സ്മാൻ ആരായിരിക്കും ? ടിയാൻ തന്നെ, സ്ഥാപകാംഗം വരെ വാമുടിക്കെട്ടും. 

എഴുത്ത് ഒരു സന്ദേശമാണ്. ഫിക്ഷനായാലും നോൺഫിക്ഷനായാലും.  വായനക്കാരുടെ മനോമണ്ഡലത്തിൽ അതെങ്ങിനെ നിഴൽ പരത്തുന്നു,  അത് പോലെയവ വായനയ്ക്ക് വിധേയമാക്കപ്പെടും. തെറ്റിദ്ധാരണ തിരുത്തേണ്ട ബാധ്യത എഴുത്തുകാരനില്ലെന്ന് തോന്നുന്നു. അത് വായനക്കാർ പറസ്പരം പറഞ്ഞും കുറിച്ചും തീർക്കട്ടെ. 

ഇഎംഎസ് കാലം ഓർമ്മ വരുന്നു. രാഷ്ട്രീയം, ചരിത്രം, സാമൂഹികം, സാംസ്കാരികം  എഴുത്തുകളിലദ്ദേഹം സജീവമാക്കിയ ഒരു കാലം. ദേശാഭിമാനിയിലോ ചിന്തയിലോ തലേദിവസം വന്ന ലേഖനത്തിലെ രണ്ട് വരിയായിരിക്കും മനോരമയ്ക്കോ മാതൃഭൂമിക്കോ അടുത്ത ദിവസം ഒന്നാം പേജിലെ ലീഡ്. ആരും നിനച്ചിരിക്കാത്ത ഒരു വാചകമടർത്തിയെടുത്താകും പിന്നെ കേരളം പുലരുക. താനെഴുതിയ തലക്കെട്ടല്ലല്ലോ നാട്ടുകാർക്ക് തലക്കെട്ടെന്നോർത്ത്, ചാരു കസേരയിലിരുന്ന് ആ മനീഷി പലപ്പോഴും സ്വയം  തലതല്ലിച്ചിരിച്ചിരിക്കും.

പുസ്തത്തോളം വലിയ കൂട്ടുകാരനില്ല എന്ന് പറഞ്ഞു കേൾക്കാറുണ്ട്. വായനയോളം വലിയ കൂട്ടുകെട്ടില്ലെന്ന് നമുക്ക് പറയാം. വിഷയം ഡൈവേർട്ടാകട്ടെ, അല്ലാതെയുമാകട്ടെ വായന അതിന്റെ മുറപോലെ നടക്കട്ടെ.

"No two persons ever read the same book" എന്ന് Edmund Wilson മുമ്പേ പറഞ്ഞു വെച്ചിട്ടുണ്ട്. ഒരേ കുറിപ്പ് വായിക്കുന്ന രണ്ട് പേരില്ലെന്ന് നമുക്കൽപം എളുപ്പത്തിൽ മനസ്സിലാകാൻ വേണ്ടി ഇവിടെ പറഞ്ഞ് വെക്കാം. ▪

No comments:

Post a Comment