Tuesday 22 October 2019

ഈ നന്മച്ചില്ലകൾ* *എങ്ങും തണൽ വിരിക്കട്ടെ* / അസ്ലം മാവിലെ


*ഈ നന്മച്ചില്ലകൾ*
*എങ്ങും തണൽ വിരിക്കട്ടെ*

.............................
അസ്ലം മാവിലെ
................ ............

ഇന്നലെയോ മിനിഞ്ഞാന്നോ ഒരു അനുജസുഹൃത്ത് സംസാരമധ്യേ ചോദിച്ചു, നാട്ടിലെ സംഘടിത സേവനങ്ങൾ നിങ്ങൾ കാണുന്നില്ലേ ? അതൊന്നും എഴുത്തിൽ കണ്ടില്ല !

എഴുതാൻ അൽപം വൈകിച്ചതാണ്. അത് മന:പൂർവ്വവുമാണ്.

വഴിതടസ്സങ്ങൾ നീക്കം ചെയ്യുക  വിശ്വാസത്തിന്റെ ഭാഗമെന്ന് കരുതുന്ന നടേ പരാമർശിച്ച സേവനങ്ങൾ നാട്ടിൽ ഇയ്യിടെ വർദ്ധിച്ചു വരുന്നതിൽ വളരെ സന്തോഷമുണ്ട്. വഴിതടസ്സം നീക്കുക എന്നാൽ നല്ലവഴിയൊരുക്കുക എന്നാണല്ലോ ഏറെ അർഥമുള്ളവയിൽ ഒരർഥം. 

സംഘടിത ശ്രമങ്ങളുടെ ഒരു ഗുണം അത് നിരന്തരം അനുകരണ വിധേയമാക്കപ്പെടുന്നു എന്നതാണ്. മുമ്പ് നാടെങ്ങുമുണ്ടായിരുന്നത് തോടുകളും കൈവഴികളുമായിരുന്നു.  ഇന്നത് വിതികൂടി നാലുചക്ര വാഹനങ്ങൾക്ക് പോകാൻ പാകത്തിന് വിശാലമാണ്. പുതുതലമുറ ഒരു പക്ഷെ, ഒരു വട്ടം പോലും മുഖം കാണാൻ സാധ്യതയില്ലാത്ത ഒരുപാട് വ്യക്തിത്വങ്ങളുടെ ശ്രമഫലമാണിതൊക്കെ. അന്നത്തെ സാഹചര്യത്തിൽ പോലും  വികസന സ്വപ്നങ്ങൾ മനസ്സു പേറി നടന്നവരായിരുന്നവർ.  അവരുടെ നേതൃഗുണഫലമെന്ന് പറയാം. (നിനച്ചിരിക്കാതെ .ആ വ്യക്തിത്വങ്ങൾ നമ്മുടെ മനോമുകുരങ്ങളിൽ ഈ കുറിമാനം വഴിയുമല്ലാതെയും ഇടക്കിടക്ക് ഓർമ്മത്താളങ്ങൾ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നത് തന്നെ അവർ ചെയ്ത നന്മകൾക്ക് അമരത്വം കൈവരിച്ചത് കൊണ്ടാണ്. )  വികസനകാലത്തിന് മുമ്പേ മുണ്ട് മടക്കി നടന്ന അവരുടെ നിരന്തര കൂടിയിരുത്തങ്ങളും ബോധ്യപ്പെടുത്തലുകളും അംഗീകരിച്ചു മതിയായ സ്ഥലം വിട്ടുനൽകിയവരുടെ മഹാമനസ്കതയ്ക്കും തുല്യ പ്രധാന്യമുണ്ട്. പ്രതീക്ഷകൾ അറ്റുപോകുമ്പോഴും പിന്നെയും ക്ഷമയവലംബിച്ച് നിരന്തരം കൂടിക്കാഴ്ചകൾ നടത്താൻ കാണിച്ച എത്രയെത്ര സന്മനസ്സുകൾ !  അവരിൽ ഒരുപാട് പേർ  ഞാൻ, നിങ്ങൾ ദിവസവും കയറിവരികയുമിറങ്ങുകയും ചെയ്യുന്ന പള്ളിവളപ്പുകളിലെ നേർത്ത പാതക്കിരുവശവും  അന്ത്യവിശ്രമത്തിലാണ്. ആ ബഹുമാന്യരുടെ  പേരുകൾ എഴുതിയാൽ ഒരുപക്ഷെ, ചിലരുടെയെങ്കിലും പേരുകൾ വിട്ടുപോകുമെന്ന ഭയമുള്ളത് കൊണ്ടും അങ്ങിനെ വന്നാൽ, അതവരുടെ കുടുംബാംഗങ്ങൾക്ക് മനഃപ്രയാസത്തിനിടയാകുമെന്ന് കരുതിയും ഇപ്പഴിവിടെ പരാമർശിക്കുന്നില്ലെന്ന് മാത്രം.

ക്ലബ്ബുകൾ, പ്രദേശിക കൂട്ടായ്മകൾ, രാഷ്ട്രീയയുവനേതൃത്വങ്ങൾ ഇവരൊക്കെ വഴിയോരത്തടസ്സങ്ങൾ നീക്കുന്നതിലും  റോഡുവൃത്തിയാക്കലിലും അറ്റകുറ്റപണി തീർക്കുന്നതിലും പ്രശംസപിടിച്ചു പറ്റിയിരിക്കുന്നു. സംഘം ക്ലബ്, ലക്കി സ്റ്റാർ, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ നന്മചില്ലകൾ ഇപ്രാവശ്യം കാണിച്ച സേവന താത്പര്യം ഏറെ അനുകരണീയമാണ്. തൊട്ടുമുമ്പുള്ള വർഷം സി.പി. അടക്കമുള്ള നേതൃത്വങ്ങളും പ്രദേശിക കുഞ്ഞു കൂട്ടായ്മകളും ഇതേ വിഷയത്തിൽ സജീവമായിട്ടുണ്ട്.

ഇത്തരം ചലനാത്മക സേവനദൃശ്യങ്ങൾ യഥാസമയം ഒപ്പിയെടുത്ത് E-കൂട്ടായ്മകളിൽ ഇനിയും സജീവമാക്കണം. ഇട്ടതെന്നെയിട്ടാലും അതൊന്നും ബോറടിക്കാഴ്ചകളല്ല. (ബോറടിക്കുന്നവൻ തൽക്കാലം നോക്കാതിരുന്നാൽ മതിയല്ലോ). "ചിന്തിക്കൽ ഫോർവേർഡ്" ഫോട്ടോ, വീഡിയോ, ഓഡിയോകളേക്കാളും  എത്രയോ ഭേദമാണിത്തരം സൽപ്രവർത്തന ചിത്രങ്ങൾ !

നന്മനാമ്പിടുന്നതും അതൊരു നാടിന്റെ നാഡിമിടുപ്പാകുന്നതും ഇങ്ങനെയാണ്. അതേ പോലെ,  ഇങ്ങനെയൊക്കെ ഇക്കഴിഞ്ഞ കൊല്ലം വരെ ചെയ്തിരുന്നു, ഇനി നിങ്ങളാണത് ചെയ്യേണ്ടതെന്ന് എല്ലാ കാലകാലങ്ങളിലും യഥാസമയം
ഓർമ്മിപ്പിക്കാൻ അഭ്യുദയകാംക്ഷികളും ഉത്സാഹം കാണിക്കുകയും വേണം. കൂട്ടത്തിൽ പറയട്ടെ, നമ്മുടെ നാട് അത്തരം നിൽക്കാത്ത, നിലയ്ക്കാത്ത സേവനപ്രവർത്തനങ്ങൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഏറെ വളക്കൂറുള്ള മണ്ണുകൂടിയാണ്.  നിരാലാബരെ സഹായിക്കൽ, ആതുരശുശ്രൂഷാ സേവനങ്ങൾ,  സംഘടിത ബലികർമങ്ങൾ, സംഘടിത ഫിതർ സകാത്ത്, ലൈബ്രറി മുന്നേറ്റങ്ങൾ,  പുതുമകൾ ഉൾക്കൊള്ളിച്ചുള്ള മദ്രസ്സാവാർഷികാഘോഷങ്ങൾ തുടങ്ങിയവ ചിലതു മാത്രം.

ഇപ്പറഞ്ഞതിൽ നിന്നൊക്കെ പുതുതലമുറകൾക്ക് പഠിക്കാൻ, പകർത്താൻ ഒരുപാടുണ്ട്. മക്കളെ മുഴുവൻ  ഇത്തരം പ്രവർത്തനങ്ങളിൽ സജിവമാകുന്നതിന് വേണ്ടി വീട്ടിന്ന് പുറത്തിറക്കാൻ രക്ഷിതാക്കൾ ഒന്നു കൂടി മനസ്സു വെക്കണം. "മോൻ വേണ്ട, ഞാൻ വരാം" എന്ന് പറയുന്നതിന് പകരം "മോനോടൊപ്പം ഞാനും ഉണ്ട് " എന്ന സമീപനത്തിലേക്ക് മുതിർന്ന തലമുറ അവസരത്തിനൊത്തു ഉയരണം. ഇതല്ല ഏതും  ചിലരുടെ മാത്രം ഉത്തരവാദിത്വമായി മാറരുതല്ലോ.  സേവനരംഗത്തേക്ക് ഇറങ്ങിയ നടേപറഞ്ഞ കൂട്ടായ്മകൾ പറയാതെ പറയുന്നതും ഇതൊക്കെ തന്നെയാണ്.

തലക്കെട്ടിലെഴുതിയത് ലേഖനവസാനവുമാവർത്തിക്കുന്നു.  നന്മച്ചില്ലകൾ എങ്ങും തണൽ വിരിക്കട്ടെ. അവർ കൊണ്ട വെയിലിന് ദൈവസാമിപ്യവുമനുഗ്രഹവും പാരിലുണ്ടാകട്ടെ. ആ തണലുകൾ എന്നുമെന്നും നിലനിൽക്കട്ടെ. 

ഓർമ്മപ്പെടുത്തലുകൾക്ക് ധൃതി കൂട്ടിയ അനുജസുഹൃത്തിന് നന്ദി. താങ്കളെന്നോ പറയാൻ കാണിച്ച ആ ധൃതിയുണ്ടല്ലോ, അതേറെ പ്രസക്തം തന്നെയാണ്. 

No comments:

Post a Comment