Wednesday 9 October 2019

*നിറം മങ്ങിയ* *കലോത്സവ ദിനങ്ങൾക്ക്* *കാലത്തെയല്ലായിരുന്നു* *കുറ്റം പറയാനുണ്ടായിരുന്നത്...* / അസ്ലം മാവിലെ

*നിറം മങ്ങിയ*
*കലോത്സവ ദിനങ്ങൾക്ക്*
*കാലത്തെയല്ലായിരുന്നു*
*കുറ്റം പറയാനുണ്ടായിരുന്നത്...*
............................
അസ്ലം മാവിലെ
............................

മുമ്പിതെഴുതിയിട്ടുണ്ടോ എന്നോർമ്മയില്ല. വായിച്ചവർക്ക് ഒരു പക്ഷെ, ഓർമ്മകാണുമായിരിക്കും. എഴുതിയാൾ ഓർക്കണമെന്നില്ലല്ലോ.

SSLC രണ്ടാം ബാച്ച് മുതലാണ് പട്ല സ്കൂളിൽ യുവജനോത്സവത്തിന് ഒരു കോലം വന്നു തുടങ്ങിയത്. (അന്ന് യുവജനോത്സവം, ഇന്ന് കലോത്സവം ).  കൊല്ലം പറഞ്ഞാൽ 1983- 84. അത് വരെ സ്കൂൾ യുവജനോത്സവം പട്ലയിൽ ശരിക്കുമൊരു കോലം കെട്ട ഏർപ്പാടായിരുന്നു.

അധ്യാപകരധികവും അന്നൊക്കെ തെക്ക് നിന്നുള്ളവരായിരുന്നു. പാവങ്ങൾ, അവർക്ക്  ഗാന്ധിജയന്തിയും സംക്രാന്തിയും ഇപ്പറഞ്ഞ ഫെസ്റ്റിവലുമൊക്കെ  "ആൻഡമാൻ ദ്വീപി"ൽ നിന്നും പരോളിറങ്ങി വീടണയാനുള്ള അവസരങ്ങൾ മാത്രമായിരുന്നു. 

80 തുടക്കത്തിലാണ് കണ്ണൂർക്കാർ കുറച്ചു പേർ സ്കൂളിലെത്തുന്നത്. ഒപ്പം, ശാസ്ത്ര സാഹിത്യപരിഷത്തുകാരും. ശാസാപയുടെ മണവും ഗുണവും അതിന്റെ പ്രവർത്തകർ ഇവിടെ വന്നപ്പോഴും നിലനിർത്തി. വൈകുന്നേരം സ്കൂൾ വിട്ടാൽ മൂന്ന് ദാസന്മാരും  (രമേശ് ദാസ്, തുളസീദാസ്, മോഹൻദാസ് ) അവരുടെ സഹാധ്യാപകരും സ്കൂൾ കാമ്പസിനകത്ത് കറങ്ങിത്തിരിഞ്ഞ് ഉച്ചത്തിൽ പാട്ടുപാടുക, നൃത്തം ചവിട്ടുക, ഏകാങ്കങ്ങൾ അവതരിപ്പിക്കുക ഇതൊക്കെയായിരുന്നു അവരുടെ ഏർപ്പാട്.

വൈകുന്നേരങ്ങൾ അവരങ്ങിനെ സജീവമാക്കി. ആരും കാണാനല്ല, ആരെയും ബോധ്യപ്പെടുത്താനുമല്ല.  അവർക്കതൊരു സക്രിയമായ സായാഹ്നം. അത്ര മാത്രം.

ഇതിനിടയിൽ ഒരു കയ്യെഴുത്തു പ്രസിദ്ധീകരണമവരിറക്കി,  ഒന്നാന്തരം കലക്കൻ പ്രസിദ്ധീകരണം. അവരിൽ തന്നെ നല്ല ചിത്രകാരന്മാരുണ്ടായിരുന്നു. അതിറങ്ങിയത് 1981 ലാണോ 82- ലാണോ എന്നോർക്കുന്നില്ല. ഞാനൊരു കഥയും എഴുതിക്കൊടുത്തു. അത് വാങ്ങി വായിച്ചൊരു അധ്യാപകൻ ഒരാഴ്ച കഴിഞ്ഞു എന്നെ അടുത്തു വിളിച്ചു - എന്താടോ നിന്റെ കഥയിൽ എഴുതിവെച്ചിരിക്കുന്നത് ? ഒന്നും മനസ്സിലാകുന്നില്ല, നിനക്ക് കിറുക്കാണോ ?
ഞാൻ : എന്തായാലും ആ പുസ്തകത്തിൽ ഇത് വരുമോ, സാർ ?
മാഷ് ചില കൈ ക്രിയ നടത്തിക്കാണണം - പുസ്തകം പുറത്തിറങ്ങിയമ്പോൾ താളുകളിൽ മധ്യഭാഗത്തായി എന്റെയും പേരുണ്ട്.

മാഷിന്റെ ആ പ്രയോഗം തന്നെയാകണം ഒരു വാശിപോലെ എന്നെ എന്തെങ്കിലും എഴുതാൻ നിർബന്ധിച്ച ഇന്ധനം. പ്രോത്സാഹനം മാത്രമല്ല മുനവെച്ച പദങ്ങളും നിങ്ങളുടെ  മുന്നോട്ടുള്ള പ്രയാണത്തിനുള്ള രാസത്വരകങ്ങളാണ്. ചിലതൊക്കെ കാണുമ്പോൾ, നിരീക്ഷിക്കുമ്പോൾ കിറുക്ക് ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ.

ശാസാപയുടെ ആ പ്രവർത്തനങ്ങൾ സ്റ്റാഫ് റൂമിൽ നിരന്തരം ചർച്ചയുണ്ടാക്കിയിരിക്കണം. പുറത്ത് നിന്നും അവർ കണ്ട യുവജനോത്സഹത്തെ പട്ല സ്കൂളിൽ നിരുത്തരവാദിത്വം ഒന്നു കൊണ്ട് മാത്രം "ചക്കക്കറി"യാക്കുന്നത് ആ ചെറുപ്പക്കാരായ അധ്യാപകർ ചോദ്യം ചെയ്ത് കാണണം. ആ ഒരു കാലയളവിൽ തന്നെ ഓഎസ്എ കൂടി സജീവമായതും മറ്റൊരു നിമിത്തവുമാകാം. ഏതായാലും 1983ലെ യുവജനോത്സവത്തിന് ചില ചിട്ടവട്ടങ്ങൾ. ഞങ്ങൾ നേരിൽ കണ്ടു. 

അതിങ്ങനെ :
മത്സരത്തിൽ പങ്കെടുക്കുന്നവർ ആദ്യം ആ ഇനം അധ്യാപകരുടെ മുമ്പിൽ അവതരിപ്പിക്കണം. ലളിതഗാനം പറഞ്ഞാൽ മാപ്പിളപ്പാട്ടാകരുത്. ഏകാങ്കങ്ങളുടെ സ്ക്രിപ്റ്റ് നേരത്തെ ഏൽപ്പിക്കണം. അധ്യാപകരാരും പരോളിൽ പോകില്ല. ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ടാകും. പ്രസംഗം കാണാപാഠം പറച്ചിലല്ല, 10 മിനിറ്റ് മുമ്പ് വിഷയം തരും. എല്ലാ മത്സരങ്ങൾക്കും മൂന്ന് വീതം ജഡ്ജസ് മാർക്കിടും. അവർ മുമ്പിലിരിക്കും. സ്‌കോർബോർഡുണ്ട്, ഹൗസ് തിരിച്ചാണ് മത്സരങ്ങൾ. എല്ലാവർക്കും വലിഞ്ഞു കേറാൻ പറ്റില്ല, കൂട്ടത്തിൽ ഭേദപ്പെട്ടവർ പേരു തരിക.
ഇമ്മാതിരി ഇടിത്തീ വർത്തമാനങ്ങളായിരുന്നു അധ്യാപകർക്കും വിദ്യാർഥികൾക്കും കിട്ടിക്കൊണ്ടിരുന്നത്. അതോടെ മേലേ പറഞ്ഞ രണ്ടു ഗണത്തിലെയും നടീനടന്മാർ നിർബന്ധപൂർവ്വം "തത്തമ്മേ പൂച്ച പൂച്ച" ഏർപ്പാടിൽ നിന്നും പിൻവലിയാൻ നിർബന്ധിതരായി. അതോടെയാണ് യുവജനോത്സവ പ്രഹസനങ്ങൾക്ക് പട്ലയിൽ കാര്യമായ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചത്. ഓഎസ്എ ഡേ ആഘോഷവും കളർഫുള്ളായി അതേ വർഷത്തിൽ തന്നെ തുടങ്ങിയതോടെ ഞങ്ങളുടെ ക്യാമ്പസിലും ഇങ്ങനെയൊക്കെ നടക്കുമെന്ന കുട്ടികളുടെ പ്രതീക്ഷയ്ക്ക് ചിറക് മുളച്ചത്.

(ഒഎസ്എ കൂടി കൽച്ചറൽ ആക്ടിവിട്ടീസിൽ സജിവമായതോടെ മറ്റൊരു വിവാദത്തിനും തുടക്കമിട്ടു - "ആബാ, ഇതൊന്നുമാബാ". വോട്ടിൽ ജയിച്ച്‌ വെടി പൊട്ടിച്ചാൽ ഓക്കേയ്, അല്ലാതെ പൊട്ടിയാൽ പോക്കേയ് എന്നതിനോട് പൊതുമനസ്സ് കാണിക്കുന്ന സമീപനം പോലെ ഇതും,  ഇന്നത്തെ പോലെ അന്നും ആരും മൈണ്ട് ചെയ്യാറുണ്ടായിരുന്നില്ല എന്നത് വേറെകാര്യം )

83 ന് മുമ്പു നടന്നിരുന്ന യൂത്ത് ഫെസ്റ്റിവലുകൾ ഓർക്കുമ്പോൾ ശരിക്ക് ചിരി വരും, പിള്ളേരെ നൈസായി തേച്ചവരെയോർത്ത് അമർഷവും.

"റ" മോഡൽ സ്കൂൾ ബിൽഡിംഗിലായിരുന്നു  ഈ കലാ പരിപാടികൾ. ഉത്തരവാദിത്വപ്പെട്ടവരൊക്കെ ആ ദിവസങ്ങളിൽ നാടണഞ്ഞു കാണും. ഹെഡ്മാസ്റ്റർ ഫയലിൽക്കിടന്ന് മറിഞ്ഞ്  പുറത്തിറങ്ങാൻ പറ്റാത്ത കോലത്തിലായിരിക്കും, പുറത്തിറങ്ങില്ല. (എന്താണിയാൾ ഇത്രയും കെട്ടിമറിഞ്ഞ് എഴുതിക്കൂട്ടുന്നതെന്ന് എനിക്ക് എപ്പോഴും മനസ്സിലായിട്ടില്ല.) ഒന്ന് രണ്ട് നാടൻ മാഷന്മാരും  നാട്ടിൽ പോകാൻ പറ്റാത്ത ഹതഭാഗ്യരായ  ക്വോട്ടേർസിൽ താമസമുള്ള രണ്ടോ മൂന്നോ ടീച്ചേർസും പിന്നെ പ്യൂൺ ഡേവിഡും. കഴിഞ്ഞു, ഇവരാണ് സംഘാടകർ. ഇതിൽ പിടിഎയുടെ റോൾ എന്തെങ്കിലും അന്ന് ഉണ്ടായിരുന്നോ എന്ന്  എന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല,   

ഒരു ഗൈഡും ഗൈഡൻസുമില്ലാതെ കുട്ടികൾ കോതയെപ്പോലെ പാടി. അപ്പോൾ തോന്നിയത് അവർ സ്ക്രിപ്റ്റ് ഇല്ലാതെ നാടകമാക്കി. സജ്ജിഗെ അടുപ്പിൽ കത്താതെ ബാക്കിയായ കരിക്കട്ടയിൽ വെള്ളമൊഴിച്ചു കെടുത്തി ചൂടോടെ മീശയും താടിയും വരച്ചു. കുപ്പായം പരസ്പരം മാറി വേഷമിട്ടു. മാജിക്ക് തൊപ്പിയും കൂളിംഗ് ഗ്ലാസ്സും മാറിമാറി വെച്ച് വേഷപ്രച്ഛന്നരായി.  വേദിയിൽ ശക്തിയിൽ ചാടി ബെഞ്ചിന്റെ കാലൊടിക്കുന്നതാണ് നൃത്തമെന്ന് തെറ്റിദ്ധരിച്ചു. മദ്രസാ വാർഷികത്തിന് കാണാപാഠം പഠിച്ച വിഷയം തന്നെ പ്രസംഗമാക്കി, സാഹിത്യ സമാജങ്ങളിൽ പാടിയ പാട്ടുകൾ ഇവിടെയും എല്ലാ ഇനങ്ങൾക്കും ആലപിച്ചു.  ഓഫ്സ് സ്റ്റേജ് മത്സരങ്ങൾ ? ഇല്ല, അങ്ങിനെയൊരു ഇനം ഓർമ്മയെത്തുന്നില്ല ( ഇല്യാ, ഓർക്കണില്യാ).

ഓരോ കലോത്സവങ്ങൾ മുറതെറ്റാതെ വരുമ്പോഴും എന്റെ, ഞങ്ങളുടെ ഓർമ്മകളിൽ തികട്ടിത്തികട്ടി എത്തുന്നത് അവസരങ്ങൾക്കുമവതരണങ്ങൾക്കുമാസ്വാദനങ്ങൾക്കും  കരിമ്പടമിട്ട പള്ളിക്കൂട ദിവസങ്ങളാണ്.

( നാടുനീളെ അൺഎയിഡഡ് സ്കൂളുകൾ മുളച്ചു പൊന്തിയപ്പോഴാണല്ലോ വടക്കൻ മലബാർ മേഖലയിലധിക ഭാഗങ്ങളിലും  അധ്യാപകർ മൊത്തത്തിൽ എല്ലാകാര്യങ്ങൾക്കും ഞെട്ടിയുണർന്നത് തന്നെ. )

ആഗ്രഹിച്ചു പോകാറുണ്ട്. പൊയ്പ്പോയ ബാല്യം തിരിച്ചു തന്നാൽ ഞാനും എന്റെ സതീർഥ്യരും ആദ്യം സജീവമാകുക നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ കലോത്സവ ദിനങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകാനായിരിക്കും ! 

 

No comments:

Post a Comment