Tuesday 22 October 2019

സക്രിയ നേതൃത്വം* *അതിലേറെ ആത്മവിശ്വാസം* *പിന്നെ,* *പ്രശാന്ത് സുന്ദർ മാഷ്* *പറഞ്ഞതും* / അസ്ലം മാവിലെ

*സക്രിയ നേതൃത്വം*
*അതിലേറെ ആത്മവിശ്വാസം*
*പിന്നെ,*
*പ്രശാന്ത് സുന്ദർ മാഷ്*
*പറഞ്ഞതും*

.............................
അസ്ലം മാവിലെ
.............................

https://my.kasargodvartha.com/2019/10/article-about-school-and-teacher.html?Latest=1

ചിലരെ പരിചയപ്പെടണം, ചിലരെ പരിചയപ്പെടേണ്ട ആവശ്യമേയില്ല. ചിലരോട് അടുക്കണം, ചിലരിൽ നിന്നകലം പാലിച്ചാലും വലിയ വിഷയമല്ല. ഒരിരുത്തം മതി ചില വ്യക്തികളെ വായിച്ചെടുക്കാൻ...

പ്രശാന്ത് മാഷെ ഞാൻ കൂടുതൽ കണ്ടുമുട്ടിയിട്ടില്ല. കണ്ടു മുട്ടിയ നേരങ്ങളാകട്ടെ അങ്ങനെ സൗകര്യത്തിലിരുന്ന് സംസാരിക്കാൻ പറ്റിയയതുമായിരുന്നില്ല. ആദ്യം കണ്ടത് പ്രിയമാതാവിന്റെ വേർപാടറിഞ്ഞ് എന്നെ ആശ്വസിപ്പിക്കാൻ വീട്ടിൽ വന്നപ്പോൾ. പിന്നെ മിണ്ടിയത് സ്കൂളിൻ നടന്ന അഞ്ചോ ആറോ പ്രോഗ്രാമുകളിലെ വേദികളിൽ.

ഇന്നലെയാണ് മാഷിനെ  ഞാൻ ശരിക്കും കേട്ടത്, PTA ജനറൽ ബോഡിയിൽ രക്ഷിതാക്കളെയും അധ്യാപകരെയുമദ്ദേഹം അഭിമുഖീകരിച്ച വേളയിൽ.

ഒരു സ്ഥാപനമേധാവി എങ്ങനെയായിരിക്കണമെന്ന് ആ സംസാരം പറയുന്നുണ്ട്. നയം പറയുന്നു. അതിന്റെ വിശദീകരണം പറയുന്നു. ന്യായം പറയുന്നു. അതിനുപോൽബലകമായ പശ്ചാത്തലം പറയുന്നു. കിതക്കാത്ത ഒരിടമാണ് ലക്ഷ്യം. ചാഞ്ചാടാൻ വെമ്പുന മനസ്സുകളെ പരിക്കില്ലാതെ നിയന്ത്രണ വിധേയമാക്കലാണ് ഉദ്ദേശം.

സ്പുടമാണ് കാര്യങ്ങൾ. കണിശമാണ് നിലപാടുകൾ. വിശദീകരണങ്ങൾ കേൾക്കാൻ സുഖമുണ്ട്. ആളുകുറവായ സദസ്സിലാ അഭിസംബോധന വലിയ ആൾക്കൂട്ടങ്ങളുടെ ഫീലുണ്ടാക്കി. വന്ന നിങ്ങൾ ശ്രേഷ്ഠർ, വരാത്തവർ വന്നവരെ വിശ്വാസമർപ്പിച്ചതിനാൽ അതിലേറെ ശ്രേഷ്ഠർ.

പ്രസന്റേഷനുകളിൽ സീനിയർ പ്രൊജക്ട് മാനേജർ Mr.  സഅദ് അൽ ഗാംദി  ഇടക്കിടക്ക് പറയുന്നത് കേൾക്കാറുണ്ട്, യാ അഖീ, കുൻ വഇസിഖാ - ഉടപ്പിറപ്പേ, ആത്മവിശ്വാസം കൈ കൊള്ളൂ എന്നാണെന്ന് തോന്നുന്നു അപ്പറയുന്നത്. (കേട്ടതിലപാകതയുണ്ടെങ്കിൽ അറബിഭാഷാധ്യാപകർ തിരുത്തട്ടെ)

ഇന്നലെ PTA പൊതുസഭയിൽ രക്ഷിതാക്കളുടെ എണ്ണമെങ്ങിനെ കുറഞ്ഞു - വേറിട്ട വായനയിലായിരുന്നു പ്രശാന്ത് സാർ. "ആരും അങ്ങിനെയേ വരൂ. മക്കളുടെ പഠനമാണവർക്ക് വലുത്, ഓണപ്പരീക്ഷയിലെ മാർക്കവർ കണ്ടു.  അതിന്റെ വിലയിരുത്തലുകളിൽ  ഇക്കഴിഞ്ഞ ആഴ്ച മുഴുവൻ രക്ഷിതാക്കൾ വ്യാപൃതരായി, ഉമ്മമാരായിരുന്നു കൂടുതൽ. കേൾക്കേണ്ടതും പറയേണ്ടതും ആ ആഴ്ച മുഴുവനും അവർ ചെയ്തു."

കഴിഞ്ഞ വർഷം ഓണപ്പരീക്ഷയ്ക്ക് മുമ്പായിരുന്നു ജനറൽ ബോഡി, അന്നാധിക്യമുണ്ടായി രക്ഷിതാക്കളുടെ ; ഒക്ടോബർ മാസത്തിലെ ജനറൽ ബോഡി പരീക്ഷണങ്ങൾ ഇനി വേണ്ടെന്ന് കൂടിയുള്ള സൂചനകളായി ആ വാക്കുകൾ.

ഇത്തരം കരുവാളിച്ച ഘട്ടങ്ങളിൽ സംഘാടകർക്കും ഇരിക്കുന്നവർക്കും രക്ഷകർതൃപ്രതിനിധികൾക്കും സെയ്ഫ് സോൺ കാണിക്കുന്ന സ്ഥാപന മേധാവിയെ ഞാനാദ്യമായി കാണുകയാണ്. ഇവരുള്ളിടത്ത് വർക്ക് ചെയ്യുന്ന സഹജീവനക്കാർക്ക്, സഹാധ്യാപകർക്ക് വഴിത്താര കണ്ടെത്താൻ മറ്റൊരു ഞെക്കുവിളക്കാവശ്യമില്ല.

നല്ല ലീഡർഷിപ്പിനെകുറിച്ച്‌ പറയാറുള്ളത് ഇങ്ങനെ : 
ബലിഷ്ഠം, ദീർഘകാലം നിലനിൽക്കുന്നത് - സഹപ്രവർത്തകരോടുള്ള ബന്ധമതായിരിക്കും.  നിർമ്മാണാത്മകം, ഉൽപാദനപരം - കൂട്ടുകെട്ടിലിലേക്ക് ആ ബന്ധം  നയിക്കുന്നതിന്റെ ഉദ്ദേശങ്ങളാണ്. മുന്നിൽ ഒരവ്യക്തതയുമില്ല. രാജവീഥിക്കിരുവശമെങ്ങും പ്രതീക്ഷകളുടെ കത്തുന്ന വിളക്കുകാലുകൾ പ്രഭചൊരിഞ്ഞു കൊണ്ടിരിക്കും. 

പ്രശാന്ത് സുന്ദർ മാഷിന്റെ ഇരുത്തം വന്ന നിലപാടുകളും ഇടപെടലുകളും പട്ല സ്കൂളിലെ പുതിയ അധ്യാപക-രക്ഷാകർതൃ , വികസന, നടത്തിപ്പ് സമിതികൾക്കു മൊത്തം വലിയ മുതൽക്കൂട്ടാണ്. വരുന്ന അഞ്ചുവർഷങ്ങൾ നമ്മുടെ സ്കൂൾ പരിസരങ്ങൾക്ക്  പുതിയ വർത്തമാനങ്ങൾ പറയാനുണ്ടാകുമെന്ന്  മാത്രമിവിടെ കുറിക്കുന്നു. അന്നും നേതൃത്വങ്ങളിലുണ്ടാകേണ്ടത് പരിണിതപ്രജ്ഞരായിരിക്കണം, നിസ്വാർഥ സേവകരായിരിക്കണം, കഴിവും കാര്യ പ്രാപ്തിയുമുള്ളവരായിരിക്കണം. ദീർഘദൃഷ്ടിയും പുരോഗനചിന്തയും കൈമുതലായുള്ളവരുമായിരിക്കണം.

.....................................

ഈയ്യിടെ എനിക്കു കുറച്ചു കപ്പൽ ജോലിക്കാരെ സുഹൃത്തുക്കളായി കിട്ടി. രാത്രിയിലെ ഏറെ വൈകിയുള്ള ഒന്നിച്ചിരുത്തങ്ങളിൽ ഞാൻ ചോദിക്കും - ആഴിക്കടൽ യാത്രാ കഥകൾ തുടരെത്തുടരെ കേൾക്കുമ്പോൾ എനിക്കൊന്നറിയണം, എങ്ങിനെയാണ് ആടിയുലയുന്ന കരകാണാ സാഹസിക യാത്രകളിൽ മനസ്സ് ധൈര്യപ്പെടുത്തുന്നത്, സ്ഥൈര്യപ്പെടുത്തുന്നത് ?

അവരുടെ മറുപടി  : ആർത്തിരമ്പുന്ന തിരമാലകൾക്കിടയിലും ഭീതിജനിപ്പിക്കും കടലട്ടഹാസങ്ങളിലും മനംകോച്ചുന്ന തണുപ്പിലും സർവ്വ പ്രതികൂല കാലാവസ്ഥയിലും അവമുഴുവൻ അതിജീവിച്ചു മുന്നോട്ട് നയിക്കുന്ന ഞങ്ങളുടെ കപ്പിത്താൻ കണ്ണിമ പൂട്ടാതെ മുന്നിലുള്ളപ്പോൾ ഞങ്ങൾക്കെങ്ങിനെ ആത്മധൈര്യവും ആത്മവിശ്വാസവും ചോരും ? 

അവസാന വാക്ക്:
"സംസാരങ്ങൾ, കൂടിക്കാഴ്ചകൾ, ഇരുത്തങ്ങൾ, സാന്നിധ്യങ്ങൾ ഇവ നിങ്ങൾക്കെപ്പോഴും പുതിയ അറിവുകൾ നൽകിക്കൊണ്ടേയിരിക്കുമെങ്കിൽ നിങ്ങൾ വഴിതെറ്റിയിട്ടില്ല." അപ്പറഞ്ഞ അജ്ഞാത വ്യക്തിയെ അന്വേഷിക്കുകയാണ് ഞാൻ.

No comments:

Post a Comment