Tuesday 1 October 2019

*പുതിയ കാലത്തെ* *ദാമ്പത്യ പ്രശ്നങ്ങൾക്ക്* *എങ്ങിനെ പരിഹാരം കാണാം* *മഹല്ലുകൾ ഉറ്റുനോക്കുന്നത്* /അസ്ലം മാവിലെ

*പുതിയ കാലത്തെ*
*ദാമ്പത്യ പ്രശ്നങ്ങൾക്ക്*
*എങ്ങിനെ പരിഹാരം കാണാം*
*മഹല്ലുകൾ ഉറ്റുനോക്കുന്നത്*

.............................
അസ്ലം മാവിലെ
.............................
.      ( 7 )

ഇതൊരു ചർച്ചയാകണം. കേരളത്തിലെ ചിലയിടങ്ങളിൽ ഇപ്പറയുന്ന വിഷയത്തിന്റെ ചിലഭാഗങ്ങൾക്ക്  മാത്രമാണ് ശ്രദ്ധ നൽകിയിട്ടുള്ളത്. അതെന്താണെന്ന് പറയാം.

ശരിയാണ് നിക്കാഹിന് മുമ്പായി ചില മഹല്ലുകൾ Premarital Counseling എന്ന പേരിൽ വിവാഹം നിശ്ചയിച്ച (പെൺ)കുട്ടികൾക്കും അവരുടെ കൂടെ വിവാഹ പ്രായമായവർക്കും ഒരു ക്ലാസ്സ് നടത്തുന്നുണ്ട്. അതിന്റെ വിജയം ആ ക്ലാസ്സ് എടുക്കുന്ന വ്യക്തിയുടെ  പ്രസന്റേഷൻ പോലെയിരിക്കും. അതിന് മാത്രമായി കഴിവും പ്രാപ്തിയുമുള്ള വ്യക്തികളെ കണ്ടെത്താൻ മഹല്ല് നേതൃത്വങ്ങളും മതസംഘടനാ നേതൃത്വങ്ങളും ഒന്നു കൂടി ഗൗരവത്തോടു കൂടി ഉത്സാഹിക്കണം. എല്ലാ മത സംഘടനകൾക്കും പറ്റുന്ന വലിയ പാളിച്ച ഇതൊക്കെ മലപ്പുറം - കോഴിക്കോടുൾപ്പെടെയുള്ള ഏതാനും ചില ജില്ലകൾക്ക് മാത്രം ബാധകമാണെന്ന രീതിൽ അവിടങ്ങളിൽ മാത്രം ഒതുക്കുന്നുവെന്നതാണ്. കാസർകോടാണെങ്കിൽ ഇവർക്ക് മൊത്തം പിരിവ് നൽകാൻ വിധിക്കപ്പെട്ട  ഒരു സമ്പന്ന ജില്ലയും !

നേരത്തെ പറഞ്ഞ  Premarital Counseling  പെണ്ണിൽ മാത്രമൊതുക്കരുത്. ആണെന്താ എല്ലാം തികഞ്ഞവരാണോ ? 21 വയസ്സായാൽ ഒരു മഹല്ലിൽ വസിക്കുന്ന ആൺപിള്ളേർ ഈ ഒരു ക്ലാസ്സിന് നിർബന്ധമായും അറ്റൻറ് ചെയ്യണം. കുറഞ്ഞത് അത്തരമൊരു കൗൺസിലിംഗിന്  5 ദിവസത്തെ സിലബസുണ്ടാക്കണം. ഒരു ആയുസ്സൊടുങ്ങുവോളമുള്ള ജീവിതത്തിന് 5 ദിവസത്തെ കൗൺസലിംഗ് വലിയ ഭാരമായി കാണരുത്. ഈ പ്രോഗ്രാം  ഓരോ വിഭാഗങ്ങൾ അവരവരുടെ ബാനറിൽ നടത്തട്ടെ. അതല്ല മൊത്തത്തിലുള്ള പ്ലാറ്റ്ഫോമിലാണെങ്കിൽ അങ്ങനെ. ഇതിന്റെ സാമ്പത്തിക ബാധ്യത മഹല്ല് കമ്മറ്റികൾ വഹിക്കണം.

ഒരു കണ്ണൂർക്കാരൻ പറഞ്ഞതപ്പടി പകർത്തട്ടെ - ലക്ഷങ്ങൾ അയാളുടെ മഹല്ലു കമ്മറ്റിയുടെ അക്കൗണ്ടിലുണ്ടത്രെ, അതും വർഷങ്ങളുടെ ആസ്തിയായി. പള്ളി - മദ്രസ്സാ സേവകർക്കുള്ള ചിലവിലേക്ക് മാത്രം കുറിച്ച് പണം അതിൽ നിന്നെടുക്കുന്നു.  ബാക്കിയപ്പാടെ അവിടെത്തന്നെ കെട്ടിക്കിടക്കുന്നു.  എന്നിട്ടയാൾ പറയുകയാണ് - ഇതൊരു നാടിന്റെ മഹത് കൂട്ടായ്മയല്ലേ ? പണം ആർക്കു വേണ്ടിയാണാവോ കെട്ടിപ്പൂട്ടി വെക്കുന്നത്? ആര് പാപ്പരാകുമെന്നാണ് ഭയക്കുന്നത് ? എന്ത് കൊണ്ട് ഇത്തരം വ്യത്യസ്ത പരിപാടികൾക്ക് അതുപയോഗിച്ചു കൂടാ ? ഇതും വളരെ പ്രധാനപ്പെട്ട അധ്യാപനമല്ലേ ? എന്ത് കൊണ്ട് മറ്റു ക്ഷേമപ്രവർത്തനങ്ങൾക്ക് കുറച്ച് സംഖു വകയിരുത്തിക്കൂടാ ? കടം കൊണ്ട് വലഞ്ഞവർ... രോഗികൾ... ഫീസടക്കാൻ പ്രയാസപ്പെടുന്ന വിദ്യാർഥികൾ ...ഒരു മഹല്ലിൽ എത്രപേർ വേദന തിന്നുന്നു.  അയാളുടെ നൊമ്പരം അങ്ങിനെ നീണ്ടു.

ഞാൻ പറഞ്ഞു:
കേൾക്കുമ്പോൾ പ്രയാസം തോന്നുന്നു. ശരിയാണ് മിക്ക മഹല്ലുകളും വിവാഹ സർടിഫിക്കറ്റ് ഇഷ്യൂ ചെയ്യുവാനും മരിച്ചവർക്ക് ആറടി മണ്ണൊരുക്കുവാനും മാത്രമായി അവരുടെ പ്രവർത്തനം ഒതുക്കുന്നു; ഒതുങ്ങി പോകുന്നു.

ഞാൻ ലേഖനപരമ്പരയുടെ തുടക്കത്തിൽ സൂചിപ്പിച്ച ദാമ്പത്യ സൗന്ദര്യപ്പിണക്കങ്ങൾ ഏത് മഹല്ലിലും കാണും. അവ എന്നെന്നേക്കുമായി തീരാനൊന്നും പോകുന്നില്ല. ഇന്നത്തെ അന്തരീക്ഷം പഴയതിൽ ഒരുപാട് മാറിയിട്ടുണ്ടെന്ന് കൂടി തിരിച്ചറിയണം. അക്കാഡമിക് പഠിപ്പുള്ളവർ വർദ്ധിച്ചു വരുന്നു. ഇനി അതിന്റെ ശതമാനം കൂടുകയല്ലാതെ കുറയില്ല. മറ്റൊരു വിഷയം വിശന്നു ജീവിച്ച സാഹചര്യമല്ല ആർക്കുമുള്ളത് (ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം). അത്കൊണ്ട് അതവരുടെ ജീവിതത്തിന്റെ നിഖില മേഖലകളിലും സ്വാധീനം ചെലുത്തും. വലിയ പ്രശ്നങ്ങൾ, പ്രതിസന്ധികൾ അതിജീവിക്കുവാൻ വരും തലമുറക്കായ്ക്കൊള്ളണമെന്നില്ല. പൂർണ്ണമായോ ഭാഗികമായോ അവർ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ തളർന്നു പോകും. അവിവാഹിതരുടെ എണ്ണവും പെരുകാൻ സാധ്യതയുണ്ട് - വലിയ തോതിലല്ലെങ്കിലും. പഠിപ്പിസ്റ്റുകളിൽ കോംപ്ലക്സ് എന്ന മാറാപ്പുകൂടി മറ്റൊരു ഡീമെറിറ്റായി തലയിൽ വന്നു വീഴും.  ഇപ്പറഞ്ഞ സാഹചര്യങ്ങളും പശ്ചാത്തല ചിത്രങ്ങളും കൂടി പരിഗണിച്ചു മാത്രമേ ഓരോ മഹല്ലു നേതൃത്വത്തിനും കൗടുംബിക ജീവിതങ്ങളിലെ ഫയലുകളിലൂടെ കണ്ണ് പായിക്കാനാകൂ.

നവദമ്പതിമാരുടെ ജീവിതോട്ടങ്ങൾക്കിടയിൽ വന്നേക്കാവുന്ന പ്രശ്നങ്ങൾ,  അവ പഴുക്കുന്നതിന് മുമ്പ് തന്നെ കണ്ടറിഞ്ഞ് കൗൺസ്ലിംഗ് ചെയ്യാൻ സാധിക്കുന്ന മഹല്ല് നേതൃത്വങ്ങൾ എല്ലായിടത്തുമുണ്ടാകണം. അതിൽ മാത്രം പ്രത്യേകം ട്രൈയിനിംഗ് നൽകുവാൻ ഓരോ സംഘടനാ നേതൃത്വവും മുന്നോട്ട് വരണം. ഖത്വീബുമാരുടെ ട്രൈയിനിംഗ് കോഴ്സിൽ ഇപ്പറഞ്ഞ കൗൺസിലിംഗ് ഒരു പ്രധാന വിഷയമാക്കുകയും വേണം.

കാരണം, ഒന്നുകൂടി,  കാരണം, പഴയ കാല ശൈലിയിൽ  പഞ്ചായത്തിരിക്കാൻ പുതിയ കാലത്തെ ദമ്പതിമാർ റെഡിയായിക്കൊള്ളണമെന്നില്ല. പിന്നൊന്ന് പുതിയ തലമുറയുടെ മനസ്സു വായിക്കാൻ പഴയ "കണ്ണട" പാകമായിക്കൊള്ളണമെന്നുമില്ല.
പരാതിക്കാരുടെ മർമ്മം 'അർമ്മെ' കണക്കിലെടുക്കാതെ കണ്ണുരുട്ടി, ഒച്ചയിട്ട് പഞ്ചായത്ത് തീർക്കാമെന്നത് ഇന്നത്തെ കാലത്ത് വെറും വെറുതെയാണ്.

ഇരുപക്ഷം കേൾക്കുക മാത്രമല്ല, "എന്നെയും പരിഗണിച്ചു" എന്ന് തോന്നുമാറ് വിഷയാപഗ്രഥനം നടത്തി, റൂട്ട്കോസ് (മൂലകാരണം) തിരിച്ചറിഞ്ഞ് വിണ്ട ബന്ധങ്ങൾക്ക് മുറിവ് പുരട്ടുന്ന സമീപനത്തോടെ ഓരോ നാട്ടിലും മൂന്നോ നാലോ ഫാമിലി കൗൺസിലർമാർ ഉണ്ടായേ തീരൂ. ഞാൻ പണ്ടേ പഞ്ചായത്തിനിരിക്കുന്നവനാണ്, എനിക്കെന്ത് ഇനി പഠിക്കാൻ എന്ന മനോഭാവം മാറ്റി, സ്വയം ഇത്തരം വിഷയങ്ങളുടെ പശ്ചാത്തലങ്ങൾ പഠിക്കാനും കേസ് ഡയറികൾ നിരന്തരം അപ്ഡേറ്റ് ചെയ്യാനും അവർ തയ്യാറാകണം.  പരാതിക്കാർ വീട്ടിലെത്തും മുമ്പ് പത്താളോട് വിളിച്ചു പറഞ്ഞു ഞാനൊരു പഞ്ചായത്ത് മുഖ്യനെന്ന് മേനി പറയാത്ത, അവിടെ കേട്ട വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഒരു ചെവിയിലുമറിയിക്കാതെ  തികച്ചും വിശ്വസ്തതയോടെ ഗുണകാംക്ഷയോടെ എളിമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരുമായിരിക്കണമവർ.

അവർ, അവർക്ക് മാത്രമാണ് പുതിയ കാലത്തെ സാമൂഹുപ്രശ്നങ്ങൾക്കും ' ദാമ്പത്തിക ജീവിതത്തിലെ സ്വരച്ചേർച്ചക്കുറവിനും എന്തെങ്കിലും ഗുണപരമായ പരിഹാരം കണ്ടെത്താൻ സാധിക്കൂ. അവരെയാണ് ഏത് മഹല്ലിനും എപ്പോഴുമാവശ്യം. ആ ഒരു ശുഭചിന്ത നൽകി ഈ പരമ്പര നിർത്തുന്നു.

അല്ലാതെ, പഞ്ചായത്തിനിരുന്ന് ഏച്ചുകെട്ടി ഒരു പരിഹാരമുണ്ടാക്കി, സ്വന്തം വീട്ടിലൽപം വൈകിയെത്തി,  ബെല്ലടിച്ച് ഉണരാൻ വൈകിയ നല്ലപാതിയെ വായിൽ തോന്നിയതും പറഞ്ഞു, മൊബൈൽ സയലന്റിൽ വെച്ചുറങ്ങിപോയ മകനെ ഒച്ചയിട്ട് മതിലിലൊട്ടിച്ചും ഡൈനിംഗ് ടേബിളിൽ തണുത്തുപോയ ചപ്പാത്തിയെ കുറ്റംപറഞ്ഞും അതിനിടയിൽ പല്ലിന്റിടയിൽ കുടുങ്ങിയ മീൻമുള്ള് കണ്ണുചിമ്മി വലിച്ചെടുക്കുമ്പോൾ താനൊരു പഞ്ചായത്ത് സുൽഹാക്കിയ തോന്നൽ ഓർമ്മ തികട്ടിത്തികട്ടി വരുന്നവർക്ക് നീതിബോധവും കമ്മിറ്റ്മെൻറും വെറും പാഴ്വാക്കാണ്.
ഇവർക്കും ഇതിൽ ഒരു റോളുമില്ലെന്ന് പറഞ്ഞു വെക്കട്ടെ.

ഈ വിഷയം എവിടെയും ചർച്ചയ്ക്ക് വിധേയമാക്കാം. വിദൂരമല്ലാത്ത ഭാവിയിൽ തന്നെ വിധേയമാക്കേണ്ടി വരും.

(അവസാനിച്ചു)

No comments:

Post a Comment