Wednesday 23 October 2019

*സോഷ്യൽ മീഡിയകളിലെ* *ഉപദേശികൂട്ടങ്ങൾ!* /S A P

*സോഷ്യൽ മീഡിയകളിലെ*
*ഉപദേശികൂട്ടങ്ങൾ!*


ഉപദേശങ്ങൾക്കുള്ള മേന്മ അത് നൽകാൻ വലിയ ബുദ്ധിമുട്ടില്ല എന്നത് തന്നെയാണ്. ഈ ഉപദേശങ്ങളൊക്കെ എപ്പോഴെങ്കിലും സ്വന്തത്തോട് ചോദിച്ച് നോക്കിയിട്ടുണ്ടോ?
ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഒരു ചെറുശ്രമം എല്ലാവർക്കും നല്ലതാണ്.

ഞാൻ ഉപദേശിച്ചില്ല എങ്കിൽ ഈ സമൂഹത്തിന്റെ ഭാവി എന്താകും എന്ന (വ്യാജ) ആകുലതയിൽ ഗുണകാംക്ഷ എന്നതിനപ്പുറം എനിക്കെങ്ങിനെ അത് വഴി അല്പം പ്രശസ്തി കുറച്ച്  അംഗീകാരം ഇച്ചിരി സെലിബ്രിറ്റി സ്റ്റാറ്റസ് ഒക്കെ നേടിയെടുക്കാമെന്ന ചിന്തയാണ് പലരെയും നയിക്കുന്നത്! ഈ മനോഭാവം  സ്വയം ചെറുതാകാൻ മാത്രം ഉപകാരപ്പെടുന്ന ഒന്നാണ്!

ചില വിഷയങ്ങളിൽ ഞാനാണവസാന വാക്ക് എന്ന നിലപാടാണ് പലർക്കും.  ഉദാഹരണത്തിന് ഫിറോസ് കുന്നംപറമ്പിലിന് പിന്നിൽ ചാരിറ്റി മാഫിയയാണ് എന്നാധികാരികമായി പറയും ചിലർ, ഫിറോസ് ചാരിറ്റിയുടെ അവസാന വാക്കാണെന്നും തെറ്റ് പറ്റാത്ത നന്മ മരമാണെന്നും മറ്റ് ചിലർ, സത്യം ഇതിൽ രണ്ടിന്റെയും മധ്യത്തിൽ എവിടെയോ ആണ്.  എങ്കിലും പക്ഷം പിടിക്കുന്ന ഉപദേശി വൃന്ദങ്ങൾക്കും ഫാൻസ് അസോസിയേഷനുകൾക്കും ഒരു കുസലുമില്ല.
മണ്ണത്തൂർ വിൽസന്മാരാകട്ടെ അതാസ്വദിക്കുകയും ചെയ്യുന്നു. മനംപുരട്ടലുണ്ടാക്കുന്ന മുഖസ്തുതികളും പുകഴ്ത്തലുകളും ഒഴിവാക്കേണ്ടതാണ് എന്നത് പോലെതന്നെ പ്രധാനമാണ് ഒരു സമൂഹത്തിന്റെ തന്നെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്ന തലത്തിലേക്ക് കൂപ്പ് കുത്തുന്ന വിമർശനമെന്ന പേരിലുള്ള അടിച്ചമർത്തലുകളും, സ്റ്റാറ്റസ് വളർത്താൻ ഉപയോഗിക്കുന്ന രാസവളങ്ങളും!

വേറൊരു കൂട്ടർ ബൃഹത്തായ സാമൂഹ്യ സംരഭങ്ങളെ കുറിച്ചും അവയുടെ നേട്ടങ്ങളെ കുറിച്ചും നെടുങ്കൻ ഉപന്യാസങ്ങൾ രചിക്കും എന്നിട്ട് ലൈക്കും കാത്തിരിക്കും.  മികച്ച പ്രതികരണമല്ല ലഭിക്കുന്നതെങ്കിൽ അതിന് നേർവിപരീതമായ വേറൊരു ഉപന്യാസം അടുത്ത ആഴ്ച്ച തന്നെ കീച്ചും.  ഇവർ ഒട്ടും ആത്മാർത്ഥതയോ പ്രതിബദ്ധതയോ ഇല്ലാത്ത
ലൈക്കോമാനിയാക്കുകളാണ്.  ഇതെങ്ങനെ സാധിക്കുന്നു എന്ന് ചോദിച്ചാൽ ഞാൻ മഹാ സംഭവമാണ് എന്ന് സ്വയമങ്ങ് വിചാരിച്ചാൽ മതി. കൂടുതലും രാഷ്ട്രീയ പാർട്ടികളുടെ ചാവേർ ദുരന്തങ്ങളാണ് ഇമ്മാതിരി ഉടായിപ്പ് ഉപന്യാസങ്ങളുമായി വരാറുള്ളത്!

പിന്നെയുള്ളത് ചില നിഷ്ക്കുകളാണ് എന്റെ നിലപാടുകളും എന്റെ ന്യായങ്ങളും മാത്രമാണ് സമ്പൂർണ്ണമായ ശരി എന്ന് സ്വയം മനസ്സ് കൊണ്ട് ഉറപ്പിച്ച് കീബോഡ് കൊണ്ട് വെളിവാക്കാൻ ആഗ്രഹിക്കുന്നവർ. ശരിക്കും ഇവരാണ് യഥാർത്ഥ ദുരന്തങ്ങൾ!  അപരന് വിയോജിക്കാനുള്ള അവകാശം പോലും വകവെച്ചു കൊടുക്കാൻ തയ്യാറാകാത്തവർ!
പാറപോലെ ഉറച്ച അവരുടെ ശരികളെ ശരിയാക്കാൻ ശശി വിചാരിച്ചാൽ പോലും നടക്കില്ല.

ചുരുക്കത്തിൽ എല്ലാ വിഡ്ഢിവേഷങ്ങളും നിലപാടില്ലാത്തവരും പുരനിറഞ്ഞു നിൽക്കുന്ന
വീടാണ് സമൂഹ മാധ്യമങ്ങൾ!

(തുടരണം എന്നുണ്ട്)
😊
*എസ്-എ-പി*
emailtosa@gmail.com

No comments:

Post a Comment