Monday 28 October 2019

ഇന്നത്തെ 🐱* *മാർജ്ജാര വിശേഷം*/അസ്ലം മാവിലെ


*ഇന്നത്തെ 🐱*
*മാർജ്ജാര വിശേഷം*
.............................
അസ്ലം മാവിലെ
.............................

ഇന്നതിരാവിലെ. സ്കൂട്ടറിലാണ് യാത്ര. ടൗണിലേക്ക് എത്താൻ കുറച്ചു ദൂരം മാത്രം. അപ്പോൾ ഞൊടിയിടയിൽ നടന്നത് താഴെ.

ഇടത്ത് വശത്തെ കെട്ടിടങ്ങൾക്കിടയിൽ നിന്ന് പൂച്ച ശബ്ദം. ഒന്നേതായാലും അല്ല. റൊമാൻസല്ല അലമ്പും കലമ്പുമാണ്.  സെക്കന്റുകൾക്കുള്ളിൽ ഒരെണ്ണം വണ്ടിക്ക് കുറുകെ ചാടി. മുന്നിൽ നിന്നും മറ്റൊരു വണ്ടി വരുന്നതൊന്നും അതിന് വിഷയമല്ല.

അതിനിടയിൽ കൂടി കൂട്ടത്തിൽ പിടുത്തം വിട്ട ആ പൂച്ച മറുകണ്ടമെത്തി. പിന്നാലെ വന്ന പൂച്ചയ്ക്ക് രണ്ട് വാഹനങ്ങളപ്പോൾ തടസ്സം. അതിന്റെ പ്രതിഷേധം മുഖത്തുണ്ട്. പക്ഷെ, അതും ആയം തെറ്റിയാണെങ്കിലും അപ്പുറത്തെത്തി. പക്ഷെ, കടിച്ചു കീറാനുള്ള ചാൻസ് കയ്യീന്നു വിട്ടിരുന്നു. 

ഇനിയാണ് ആദ്യ പൂച്ചയുടെ ക്വിക്ക് മൂവ്മെൻറ്. ആ പൂച്ച നേരെ ഓടിയത് തൊട്ട് മുമ്പിലുള്ള ആരാധനാലയത്തിനകത്ത്. പിന്നിന്ന് കുതിച്ചോടിയ രണ്ടാം പൂച്ച അത് കണ്ട് അവിടെ ഒരു നിർത്തം,  ബ്രേക്കിട്ടത് പോലെ. അത് ഒന്നു മുരണ്ടു, മെല്ലെ  തിരിഞ്ഞു നടക്കുകയും ചെയ്തു. മറ്റേ കക്ഷിയാകട്ടെ  അകത്തിരുന്ന്  ഒന്നുമറിയാത്തത് പോലെ വളരെ കൂളായി സീൻ കാണുന്നു.

ഒന്നുമില്ല;  റെയിൽവേ സ്‌റ്റേഷൻ എത്തും വരെ  ഞാൻ വെറുതെ ഒന്ന് ഉൽപ്രേക്ഷിച്ചു. (ആ ക്രിയ ഇവിടെ  അനുയോജ്യമല്ലെങ്കിൽ, യോജിച്ചതൊന്ന് ഓർമ്മ വരുന്നത് തൽക്കാലമൊപ്പിച്ചേക്കണം). ഈ മാർജ്ജാരത്തിന്റെ സ്ഥാനത്ത് മനുഷ്യനായിരുന്നെങ്കിലോ ?
എന്തൊക്കെ തൊന്തരവാകുമായിരുന്നു !

അപ്പുറമിപ്പുറവും കെട്ടിടങ്ങളുമുണ്ട്. പൂച്ചയ്ക്ക് എവിടെ ചാടിയാലും  സേയ്ഫ്  സോണാണ്.   അവിടെത്തന്നെ ഇച്ചാട്ടം ആകണമെന്ന് നിർബന്ധമൊന്നുമില്ല. അല്ല, പൂച്ച ഒന്ന് സമകാലീന "മാനവികപുരുഷ" വേഷം കെട്ടിയതാണോ ?

നേരം പളപളാ വെളുക്കുന്നതേയുള്ളൂ. സാക്ഷികൾ ഞങ്ങൾ, പാവങ്ങൾ രണ്ട് മൂന്ന് പേർ മാത്രം, അതും തിരക്കുള്ളവർ ! ▪

No comments:

Post a Comment