Tuesday 22 October 2019

*നാരായണൻ മാഷ്* *എഴുപതിനടുത്താണ്...* / അസ്ലം മാവിലെ

*നാരായണൻ മാഷ്*
*എഴുപതിനടുത്താണ്...* 
.............................
അസ്ലം മാവിലെ
.............................

http://www.kasargodvartha.com/2019/10/article-about-narayanan-master.html?m=1

മിനിഞ്ഞാന്ന്  മായിപ്പാടിയിൽ നടന്ന പഞ്ചായത്ത് തല പാലിയേറ്റീവ് കെയർ വർക്ക്ഷോപ്പിൽ വെച്ചാണ് നാരായണൻ മാഷെ ഞാനും വാർഡ് മെമ്പർ മജീദും വീണ്ടും കണ്ടുമുട്ടുന്നത്. പ്രോഗ്രാമിന്റെ ആദ്യസെഷൻ കഴിഞ്ഞതോടെ ഞങ്ങൾ  രണ്ടു പേരും മാഷൊന്നിച്ചു ഫോട്ടോ എടുക്കാൻ ധൃതികൂട്ടി.

മൂന്ന് വർഷം മുമ്പ് ഒരധ്യാപകദിനത്തിൽ നാരായണൻ മാഷെ കുറിച്ച് ഞാനെഴുതിയ ഓർമ്മപ്പകർപ്പ് നിങ്ങളിൽ പലരും  വായിച്ചു കാണും. ഇന്നു കണ്ടപ്പോഴും നാരായണ മാഷിന് വയസ്സൽപ്പം കൂടി എന്നല്ലാതെ ഇടപെടലുകൾക്കോ തമാശപറച്ചിലുകൾക്കോ താത്വികചിന്തയ്ക്കോ ഒരു മാറ്റവുമില്ല.

രണ്ടാം സെഷനിലെ ഗ്രൂപ്പിരുത്തത്തിൽ ചർച്ച ക്രോഡീകരിക്കാൻ മാഷെന്നോടാണാവശ്യപ്പെട്ടത്. മാഷോടെഴുതാൻ ഞാൻ അങ്ങോട്ട് സ്നേഹബഹുമാനങ്ങളോടെ നിർബന്ധിച്ചു, ഒരു കൊച്ചു കുഞ്ഞിന്റെ നിർമ്മല മനസ്സുപോലെ, "അസ്ലം, എന്റെ കയ്യക്ഷരം ഉദ്ദേശിച്ചത് പോലെ കടലാസിലങ്ങട്ട് നീങ്ങില്ല, നീ എഴുത് " -  കടലാസും പേനയും എനിക്ക് നേരെ നീട്ടി പറഞ്ഞു.  എന്നെക്കൊണ്ട് വിഷയം പ്രസന്റ് ചെയ്യാൻ മാഷ് ചമഞ്ഞെടുത്ത ഒരൊഴികഴിവായിരുന്നതതെന്ന്  മണക്കാൻ എനിക്ക് വലിയ സമയം വേണ്ടി വന്നില്ല.
ക്രോഡീകരണവും അവതരണവും കഴിഞ്ഞപ്പോൾ നാരായണൻ മാഷ്  ഉറക്കെ : "മാഡം, അതെന്റെ സ്റ്റുഡൻറാണ്."

ഉച്ചഭക്ഷണത്തിനിടെ  മാഷ് എന്നോട് വിരസമായ ഫിലോസഫി പറഞ്ഞുതുടങ്ങി.  അതു പൊതുവെ എപ്പോൾ കണ്ടാലും പതിവുള്ളതാണ്. വിരസത അത്കൊണ്ടല്ല, എനിക്കെന്റെ ഭാഗം പറയാൻ തോന്നും. അതദ്ദേഹത്തിന് ഉൾക്കൊള്ളാൻ പറ്റുന്നുണ്ടോ എന്ന സംശയം ഉണ്ടാകാറുണ്ട്. ഇടക്കിടക്ക് ഇംഗ്ലീഷ് കാച്ചും. Thats what I am trying to say ... അതന്നും പറഞ്ഞു.

  "വിധി, തലവര, തലയിലെഴുത്ത്" ഇതായിരുന്നു പുതിയ സംസാരവിഷയങ്ങൾ. അദ്ദേഹത്തിന്റെ വീക്ഷണങ്ങൾക്ക്  ഒരു ഡിഗ്രിപോലും ഇപ്പഴും മാറ്റമില്ല. ഇക്കുറി തർക്കുത്തരത്തിന് നിൽക്കാതെ മാഷ് പറഞ്ഞു തീരുന്നത് വരെ അദ്ദേഹത്തിന്റെ കൂടെ ഇരുന്ന് ഞാനെന്റെ രണ്ടു കാതും നൽകി. 

കുടുംബം, നിത്യവൃത്തി, പഴയ ശിഷ്യന്മാരുടെ ക്ഷേമാശ്വൈര്യങ്ങൾ എല്ലാം നാരായണൻ മാഷിന് അറിയണം. ഞാനോരോന്നും പറഞ്ഞു കൊണ്ടേയിരുന്നു.

സെഷൻ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ഒന്നു കൂടി ആ കരങ്ങൾ രണ്ടും സ്പർശിച്ചു.
"മാഷേ, മാഷ് റിട്ടയർഡായി പത്ത് - പത്രണ്ട് വർഷമായിക്കാണും അല്ലേ ? "
"പത്ത് വർഷം "
"അപ്പോൾ പ്രായമേകദേശം 68 ആയിരിക്കുമല്ലേ ? "
"തെറ്റി, 69 കഴിഞ്ഞു "
"എന്നാപ്പിന്നെ, അടുത്ത വർഷം സപ്തതി ?" 
മാഷതിന്നുള്ള മറുപടി ഒരു നിറചിരിയിലൊതുക്കി. അപ്പോൾ മാഷിന്റെ കണ്ണുകൾക്ക് സ്കൂൾ കാലങ്ങളിൽ ഏഴാം ക്ലാസ്സിൽ ഞാൻ കാണാറുള്ള അതേ ശാന്തത. മുഖം വിടർന്ന്,  കൺകോണുകൾ രണ്ടും വലിഞ്ഞപ്പോഴും പണ്ടുകണ്ട അതേ മുഖഭാവം.

മുടി നീട്ടിയതും ചികിയൊതുക്കിയതും  ഒന്നും തന്നെ മാറ്റത്തിനായി നിന്ന് കൊടുത്തിട്ടില്ല. ചിട്ടവട്ടങ്ങളിൽ കണിശതയും കൃത്യതയും പുലർത്തുന്ന ഞങ്ങളുടെ അരുമയധ്യാപകൻ.  മുൻ പല്ലുകളിലൊന്നിന്റെ വലതറ്റം വിണ്ടും നോക്കി ഉറപ്പുവരുത്തി. അതെ,  ചെറുതായി മുറിഞ്ഞ് വീണപാട് അതിലിപ്പഴുമങ്ങിനെത്തന്നെയുണ്ട്.

മാഷിന്റെ ശിഷ്യന്മാർക്ക് മുമ്പിൽ ഈ രാവിലെ സപ്തതിയടക്കമുള്ള വിശേഷങ്ങളൊന്നോർമ്മപ്പെടുത്തിയെന്നേയുള്ളൂ. അദ്ദേഹത്തിന്റെ ശിഷ്യസമ്പത്തിലധികവും പട്ലയിൽ നിന്നുള്ളവരാണല്ലോ. 

എല്ലാവരുമൊന്ന് മനസ്സ് വെച്ചാൽ അവിടം വരെ പോകാൻ വലിയ വഴി ദൂരമൊന്നുമില്ല. മാഷിന്റെ കൂടെ എന്നും കാണാറുള്ള  രാഘവൻ മാഷ് പറയുന്നത് പോലെ  ശിഷ്യസ്നേഹപരിചരണങ്ങൾ മാഷിനും കൂടി അവകാശപ്പെട്ടതാണല്ലോ !

ഒരു മകൻ, ഒരു മകൾ. കുടുംബത്തോടൊപ്പം കഴിയുന്ന  നാരായണൻ മാഷിന് ആയുരാരോഗ്യ സൗഖ്യങ്ങൾ !

No comments:

Post a Comment