Wednesday 16 October 2019

വികസന രാഷ്ട്രീയത്തിന്റെ കോൺക്രീറ്റ് പാളികൾ / S A P



*വികസന രാഷ്ട്രീയത്തിന്റെ കോൺക്രീറ്റ് പാളികൾ*


ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകളാണ്
നാൽപ്പത് വർഷങ്ങൾക്കപ്പുറമുള്ള
പട്ല, നിഷ്കളങ്കമായ ഗ്രാമീണ ജീവിതത്തെ പരുവപ്പെടുത്തിയ ഇടങ്ങളിലൊന്ന് കുഞ്ഞാമുച്ചാന്റെ ചായമക്കാനിയും, മജൽ അബ്ദുല്ലച്ച (ഖാദർ ഹാജി) യുടെ പലചരക്ക് കടയും, പോസ്റ്റാഫീസും അടങ്ങുന്ന അങ്ങാടിയായിരുന്നു.  രാഷ്ടീയവും മതവും ഉൾപ്പെടെ ആകാശത്തിന് കീഴെയുള്ള സകലതും ചർച്ച ചെയ്യപ്പെടുകയും നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്തിരുന്ന കാലം, റേഡിയോ വാർത്തകളും ഒന്നോ രണ്ടോ പത്രപാരായണങ്ങളും കേൾക്കാനും വായിക്കാനും ആളുകൾ സ്ഥിരമായി വന്നിരുന്ന സ്ഥലം, ചൂടേറിയ ചർച്ചകൾക്കുള്ള വേദി.  സാംസ്കാരിക പ്രബുദ്ധതയുടെ പ്രഥമ വിദ്യാലയങ്ങളായിരുന്ന ആ സ്ഥലം ഇന്ന് പൊട്ടിപ്പൊളിഞ്ഞും കാടു പിടിച്ചും കിടക്കുന്നുവെങ്കിലും അതിന്റെ പരിസരങ്ങളാണ് പട്ല സെൻറർ എന്നറിയപ്പെടുന്ന പട്ല ജംഗ്ഷൻ.

നമ്മുടെ നാടിന്റെ എല്ലാ അർത്ഥത്തിലുമുള്ള വികസന കുതിപ്പിന് പിന്നിലും സംഘ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലായുള്ള വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെയും സന്നദ്ധസംഘടനകളുടെയും യുവതയുടെ കഠിന പരിശ്രമങ്ങളുണ്ട്.  ഗതാഗത സൗകര്യങ്ങളുടെ കാര്യത്തിൽ ഒരുപാട് മുന്നേറി. നാടിന്റെ മുഖഛായ തന്നെ സമ്പൂർണ്ണമായ മാറ്റത്തിന് വിധേയമായി.  വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച പല നന്മ മരങ്ങളും പ്രസ്ഥാനങ്ങളും അവരുടെ സ്ഥാനം അടയാളപ്പെടുത്തി കടന്നു പോയി!

പ്രൗഢമായ ആ പാരമ്പര്യത്തിന്റെ അനന്തരഗാമികളുടെ മുൻ നിരയിൽ നട്ടെല്ല് നിവർത്തി നിൽക്കുകയാണ് ഇന്ന് പട്ല മുസ്ലിം യൂത്ത് ലീഗ്.

തികച്ചും മാതൃകായോഗ്യമായ വലിയൊരു ഉദ്യമത്തിന്റെ പ്രയോക്താക്കളാവുകയാണ് യൂത്ത് ലീഗ്.  പട്ല സെൻറർ പരിസരത്തെ റോഡിനിരുവശവും ജനകീയ സഹകരണത്തോടെ കോൺഗ്രീറ്റ് ചെയ്ത് ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്തിയിരിക്കുകയാണിവർ. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ജനങ്ങൾക്ക് വേണ്ടി രാഷ്ട്രീയ സംഘടനകൾ ചെയ്യാൻ മുന്നിട്ട് വരുന്നു എന്നത് ചെറിയ കാര്യമല്ല!

"അകലങ്ങൾ"എങ്ങിനെ അടിച്ചേൽപ്പിക്കാം എന്ന് മാത്രം ആകുലപ്പെടുന്ന പുതിയ മാറിയ രാഷ്ട്രീയ കാലത്തും ശുഭാപ്തി വിശ്വാസത്തോടെ ക്ഷേമ പ്രവർത്തനങ്ങളിൽ വിപ്ലവങ്ങളും പുതു രീതികളും പരീക്ഷിച്ച്  നമുക്കെങ്ങിനെ നാടിന് വേണ്ടി നാട്ടുകാർക്ക് വേണ്ടി ചേർന്നിരിക്കാം എന്ന് കാണിച്ചു തരികയാണിവർ!.

സത്യത്തിൽ, നിങ്ങൾ  റോഡിനിരുവശവുമുള്ള പുല്ലും കാടും വെട്ടിത്തെളിക്കുക വഴി വികസനത്തിന്റെ പുതുവഴികൾ തീർക്കുകയായിരുന്നു.  നിങ്ങളുടെ സ്വപ്നങ്ങൾ കാണാനും സാക്ഷാത്കരിക്കാനുമുള്ള ആർജവത്തെ അഭിവാദ്യം ചെയ്യുന്നു.

അല്ലെങ്കിലും ബൈത്തുറഹ്മയും സി എച്ച് സെന്ററുകളും പോലുള്ള മാതൃകാപദ്ധതികൾ ആവിഷ്കരിച്ച് സേവന രംഗം സമ്പന്നമാക്കിയ രാഷ്ട്രീയ നന്മയെ അഭിനന്ദിക്കാതിരിക്കാൻ ആർക്കാണ് കഴിയുക!

കക്ഷി രാഷ്ട്രീയ ഭേദമന്യേ സകല മനുഷ്യരുടെയും മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായ  യൂത്ത് ലീഗിന്റെ ഈ സദുദ്യമത്തെ അഭിനന്ദിക്കുന്നു.

*എസ്-എ*
emailtosa@gmail.com

No comments:

Post a Comment