Wednesday 9 October 2019

പോസ്റ്റ് ഡേയും* *കത്തോർമ്മകളും* *ഗട്ടിയും കാദറും* / അസ്ലം മാവിലെ



*പോസ്റ്റ് ഡേയും*
*കത്തോർമ്മകളും*
*ഗട്ടിയും കാദറും*
.............................
അസ്ലം മാവിലെ  
.............................
http://my.kasargodvartha.com/2019/10/october-9th-international-post-day.html
ഏറ്റവും കൂടുതൽ അന്താരാഷ്ട്രാ ദിനങ്ങൾ ആചരിക്കുന്നത് ജൂൺമാസത്തിലാണ്. ജൂണിലെ 27 ദിവസങ്ങളും വിവിധ അന്താരാഷ്ട്രാ ദിനങ്ങൾക്ക് മാറ്റി വെച്ചത് പോലെ. പിന്നെ, സജീവമായ രണ്ട് മാസങ്ങളാണ് ഏപ്രിലും ഒക്ടോബറും - 18 വീതം ഇന്റർനാഷണൽ ദിനങ്ങൾ.
ഒക്ടോബർ മാസത്തിലെ 9-ാം തിയ്യതിയാണ് International Post Day യായി ലോകം ആചരിക്കുന്നത്. ഞാനേതായാലും ഒരു ദിവസം മുമ്പേ തന്നെ പോസ്റ്റ് ഡേ ഓർമ്മകളെഴുതുകയാണ്.   അതിനൊരു കാരണം,  പട്ലയിലെ പോസ്റ്റൽ ഡിപാർട്ട്മെൻറും ഇവിടെയുള്ള ഏതെങ്കിലുമൊരു സാംസ്കാരിക കൂട്ടായ്മയും  സംയുക്തമായി ഈ ദിനമാചരിക്കുവാൻ എന്റെ കുറിപ്പ് വഴിവെച്ചാലോ ?  
പോസ്റ്റ് ദിന പശ്ചാത്തലം വളരെ  ചെറിയ വരികളിൽ എഴുതിത്തീർക്കാം. എനിക്കത് നീളത്തിലെഴുതിപ്പിടിപ്പിച്ച് ചരിത്രം ചവയ്ക്കാൻ തീരെ താൽപര്യമില്ല. എന്റെ ചുറ്റുവട്ടത്തെ പഴയകാല തപാലോർമ്മകളും കത്തെഴുത്തും പുതിയ തലമുറയുമായി പങ്കുവെക്കാനാണ്  ഞാനുദ്ദേശിക്കുന്നത്.
1874 ൽ സ്വിസർലാന്റിൽ തുടങ്ങിയ Universal Postal Union എന്ന തപാൽ സംവിധാനത്തിന്റെ വാർഷിക ദിനമാണ് ശരിക്കും ഒക്ടോബർ 9. ഈ ദിവസം  അന്താരാഷ്ട്ര പോസ്റ്റ് ദിനമായി പ്രഖ്യാപിക്കുന്നതിന്ന് ഇന്ത്യയുടെ കയ്യൊപ്പു കൂടിയുണ്ട്. 1969ൽ ടോക്യോയിൽ നടന്ന UPU വാർഷികസമ്മേളനത്തിലാണ്  ശ്രീ ആനന്ദ് മോഹൻ നബുലെയുടെ നേതൃത്വത്തിൽ സംബന്ധിച്ച ഇന്ത്യൻ സംഘം ഇങ്ങനെയൊരു നിർദ്ദേശം മുന്നോട്ട് വെച്ചത്. ലോകതപാൽ ദിനമായി അതംഗീകരിക്കുവാൻ അവിടെ ഒത്തുകൂടിയവർക്ക് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. ചരിത്രമിവിടെ തൽക്കാലം നിർത്തുന്നു. 
എന്റോർമ്മകൾ വളരെ പിന്നോട്ട്. ചില കത്തുകൾ എന്റെ കയ്യിലിപ്പോഴുമുണ്ട്. അതിലൊന്ന് 09-04-1948 ന് മൂത്താക്ക് അയച്ച ഒരറബി മലയാളക്കത്ത്. 83 ൽ സദറുസ്താദ് വടക്കെ ഇന്ത്യ പര്യടനവേളയിൽ,  ആഗ്രയിൽ നിന്നെഴുതിയ കത്ത്. എന്റെ നല്ലപാതി അയച്ചവയിൽ തെരഞ്ഞെടുത്ത ഏതാനും ചില എഴുത്തുകൾ. 91 - 98 കാലങ്ങൾക്കിടയിൽ എനിക്കുപ്പ അയച്ച ഉമ്മയുടെ കൂടി സ്നേഹസ്പർശമേറ്റ കത്തുകൾ. അതിലൊരു കത്തുണ്ട്, ഇന്നും ഞാൻ തുറക്കാത്ത കത്ത്,  ഉപ്പ എനിക്കവസാനം എഴുതിയത്. അത്  കയ്യിൽ കിട്ടുന്നതിന് മുമ്പ് തന്നെ ഞാൻ നാട്ടിലേക്ക് തിരിച്ചിരുന്നു. ഉപ്പയുടെ ആരോഗ്യം അപ്രതീക്ഷിതമായാണ് വഷളായത്.  മൂന്ന് മാസത്തിനുള്ളിൽ, 1999 ജനുവരി 27ന്,  ഉപ്പ ഞങ്ങളെ എന്നെന്നേക്കുമായി വിട്ടു പോയ്ക്കളഞ്ഞു.   നാട്ടു വർത്തമാനങ്ങളും വീട്ടുവർത്തമാനങ്ങളുമായി ഉപ്പാന്റെ സ്നേഹത്തിൽ ചാലിച്ച കത്തുകളുടെ വരവു കൂടിയാണ് അതോടെ ഇല്ലാതായത്.  തീർത്തും അനാഥനായാണ് ഞാൻ തിരിച്ച് വീണ്ടും ഗൾഫിലേക്ക് തിരിച്ചത്. ഡ്യൂട്ടിയിൽ പ്രവേശിച്ചു  നാലു നാൾ കഴിഞ്ഞില്ല,  എന്റെ മേശപ്പുറത്ത് ഒരു കത്ത്. ഉപ്പ എനിക്കായയച്ച അവസാനത്തെ എഴുത്ത്, എവിടെയോ കെട്ടിക്കുഴഞ്ഞ് വൈകിയെത്തിയതാണ്. (മുമ്പ് എനിക്കൊരു കത്തു കിട്ടിയത് അത് പോസ്റ്റ് ചെയ്ത് 8 മാസം കഴിഞ്ഞായിരുന്നു)
എന്തോ എനിക്കാ കത്ത് തുറക്കാൻ മനസ്സനുവദിച്ചില്ല. അതിനായില്ല എന്നു പറയാം. ഉപ്പയുടെ വേർപാട് മനസ്സിലേൽപ്പിച്ച ആഘാതം നിലനിൽക്കെ, ആ കത്തു കൂടി തുറന്നാൽ  എനിക്കെന്നെ തന്നെ നിയന്ത്രിക്കാൻ സാധിക്കില്ലെന്ന് മനസ്സു പറയുന്നത് പോലെ. ഞാൻ പിന്നെ തുറന്നേയില്ല. അതിപ്പഴും ഒരു നിധിപോലെ എന്റെ കത്തുശേഖരത്തിൽ തന്നെയുണ്ട്, still UNOPENED ! 
ഗട്ടിയെ ഓർക്കുന്നു, 30 ചില്ലാനം വർഷക്കാലം എല്ലാ ദിവസവും പട്ല നടന്ന് കണ്ട മനുഷ്യൻ. പട്ലക്കാറെ സ്വന്തം പേദെ. (PD - Postal Dept ആണോ പേദെ കൊണ്ടു നാട്ടുകാർ ഉദ്ദേശിച്ചത്, അറിയില്ല). കന്നഡ മലയാളച്ചുവ കലർന്ന ഗട്ടി.  ചികിയാലുമൊതുങ്ങാത്ത നീണ്ട മുടി വായുവിൽ പറപ്പിച്ച് മുറുക്കിത്തുപ്പിയ വായുമായി ആറടി പൊക്കമുള്ള ഒരു മെലിഞ്ഞ മനുഷ്യൻ പട്ലയുടെ ഊടുവഴികളിൽ കൂടി നടക്കുന്നത് ആരും മറന്നിരിക്കാൻ വഴിയില്ല.
ഒരു പക്ഷെ, യാത്രയപ്പു യോഗത്തിൽ സംസാരിച്ചു കൊണ്ടിരിക്കെ ഞാൻ കരഞ്ഞു പോയത് ഗട്ടിക്ക് യാത്രാമംഗളം നേരുമ്പോഴായിരിക്കും - 1987 ൽ ആകണം ഗട്ടിയുടെ വിരമിക്കൽ വർഷമെന്ന് തോന്നുന്നു. എല്ലാവരെയും സമാശ്വസിപ്പിച്ചിരുന്ന ഗട്ടിയും തന്റെ മറുപടി പ്രസംഗത്തിൽ അന്നു വിതുമ്പുന്നത് കണ്ടു.
എന്തോരം കത്തുകൾ. ബോംബെയിൽ നിന്നും ഗൾഫിൽ നിന്നുമുള്ള  കത്തൊഴുക്കിന്റെ ഒരു കാലം തന്നെ ഉണ്ടായിരുന്നു പട്ലയിൽ. ഊഴം വെച്ചായിരുന്നു ഞങ്ങൾ, കുട്ടികൾ, പരിചയക്കാരുടെയും ബന്ധുക്കളുടെയും വീടുകളിൽ പോയി കാത്തെഴുതിക്കൊടുത്തിരുന്നത്. അതൊക്കെ എഴുതിച്ച് സ്റ്റാമ്പുമൊട്ടിച്ചു ഞങ്ങളുടെ തന്നെ കയ്യിൽ ഉമ്മമാർ കത്ത് പോസ്റ്റ് ചെയ്യാൻ ഏൽപ്പിക്കും. 
ചില വീരന്മാരുണ്ട്. അവർ കത്തിൽ മുത്തം പാർസലയക്കും, അത് വായിക്കാൻ പിള്ളേരും. മിമിക്രിയിലുള്ളത് വെറുതെയൊന്നുമല്ല, ആകെ 100 മുത്തമുണ്ടാകും. അത് കാൽക്കുലേറ്റർ കയ്യിൽ വെച്ചു ഒന്നും തെറ്റാതെ വീതം വെച്ചു വിടും, ഭാര്യക്കും കുട്ടികൾക്കും ഉപ്പാക്കും ഉമ്മാക്കും. അതു കുറഞ്ഞതിൽ ബഹളം വെക്കുന്നവരും ഇല്ലാതില്ല.
ഞാനൊരു കത്തെഴുത്തിനിരുന്നു. അയാൾ മകന് കത്തെഴുതുന്നു. പേരക്കുട്ടിയുടെ വികൃതിയാണ് വിഷയം. *ചെക്കനെ തച്ചിറ്റ് തോല് ബെലിക്കും* - ഇതാണ് അയാൾ പറഞ്ഞ് വരുന്ന കാതൽ.  ഞാനത് എഴുതി. എന്നോടയാൾ വായിക്കാൻ പറഞ്ഞു. ഞാൻ സാധാരണ ഒരു വായന നടത്തി. അയാൾ പറഞ്ഞു - സരിയായ്റ്റ, നേരെ എയ്ദ്. അയാളുടെ മുഖഭാവത്തിലും ആ പറച്ചിലിലും അത് നാല് വട്ടം ഉറപ്പിച്ച് എഴുതിയാലും മതിയാകില്ല എന്നെനിക്കു തോന്നി. ഞാനതിന്റെ മുകളിൽ മൂന്ന് വട്ടം കൂടി എഴുതി (ഇന്നത്തെ ഭാഷയിൽ BOLD എന്ന് പറയാം). എന്നിട്ട് അയാൾ പറഞ്ഞ അതേ സ്ട്രോങ്ങിൽ ഞാനും  വായിച്ചു കൊടുത്തു. അതോടെയാണ് പുള്ളിക്കൽപ്പം സമാധാനമായത് !  
കത്തെഴുത്ത് തീരുമ്പോഴായിരിക്കും പിള്ളേരോരോന്ന് മൂക്കൊലിപ്പിച്ച് മുമ്പിൽ പ്രത്യക്ഷപ്പെടുക, ചില പിള്ളേരെ  മുമ്പിലേക്ക് തള്ളിയിടും - അകത്ത് നിന്ന് വീട്ടുകാരിയുടെ ശബ്ദം. ഈ ക്ടാഇന്റെ സലാമെയ്തീറ് മോനേ !
ഓർക്കുന്നു, ഇപ്പോൾ കാണുന്നിടത്തല്ലാതെ  തപാൽപെട്ടി വേറെ രണ്ടിടത്ത് തൂങ്ങിയിരുന്നത്. അബ്ബാച്ച പോസ്റ്റ് മാഷായിരുന്നപ്പോഴുണ്ടായിരുന്ന പോസ്റ്റാഫിസ്, അത് കഴിഞ്ഞു പിന്നെ കുറച്ചുകാലം അവരുടെ പലചരക്കു കടക്കു മുകളിൽ പോസ്റ്റാഫീസ് പ്രവർത്തിച്ചത്. രണ്ടിടത്തും തപാൽപെട്ടി രാവിലെ പളപളാ വെളുക്കുന്നതോടെ നിറഞ്ഞു കവിയും. അതിരാവിലെ പോയാൽ, പെട്ടിയിൽ കയ്യിട്ട് എടുക്കാൻ മാത്രം കത്തുകൾ ഓവർഫ്ലോ ചെയ്തിരുന്ന ഒരു കാലം...
ഗട്ടി രാവിലെ പോകുന്നതും ചാക്കു നിറച്ചു, തിരിച്ചു വരുന്നതും അങ്ങിനെ തന്നെ. എത്രയെത്ര മണിഓർഡറുകൾ, ഡ്രാഫ്റ്റുകൾ, വി വി പികൾ, വിവിധ പ്രസിദ്ധികരണങ്ങൾ, തുറന്നതും ഒട്ടിച്ചതുമായ കത്തുകൾ... അപൂർവ്വം ചില നേരങ്ങളിൽ അപ്രതീക്ഷിത വാർത്തകളുമായി കമ്പിയും.  പോസ്റ്റൽ ഡിപാർട്ട്മെന്റിന്റെ സുവർണ്ണകാലം.
ഓരോരുത്തർക്കും നിശ്ചയമുണ്ട്, ഇന്ന ദിവസം ഭർത്താവിന്റെ, മകന്റെ, ആങ്ങളയുടെ, അമ്മാവന്റെ, സുഹൃത്തിന്റെ കത്ത് ഉറപ്പായും വരുമെന്ന്. അതിന് കണക്കായി ഗട്ടിയുടെ അനർഥത്തിന്റെ സീലടി ശബ്ദവും തീരാൻ കാത്ത്  പോസ്റ്റാഫീസിന് പുറത്ത് അക്ഷമയോടെ നിൽക്കുന്നവർ. കത്ത് കിട്ടാത്തവരെ നാളെ വരുമെന്ന് സമാധാനിപ്പിച്ചു വീട്ടിലേക്ക് പറഞ്ഞയക്കുന്ന ഗട്ടി... അങ്ങിനെയൊരു കത്തുകാലം !
അമ്പാച്ച സ്വയം വിരമിച്ചു, പിന്നെ പോസ്റ്റ് മാസ്റ്ററായി വന്നത് കുതിരപ്പാടി മാഷ്. പിന്നീട് വർഷങ്ങളോളം പട്ലയിൽ അദ്ദേഹത്തിന്റെ സേവനം. അത് കഴിഞ്ഞ്  സ്ഥിരമായി പട്ല പോസ്റ്റ് ഓഫീസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്  ഇപ്പോഴുള്ള രാധാകൃഷ്ണൻ മാസ്റ്ററാണ്. പോസ്റ്റ് മാഷാരായിക്കൊള്ളട്ടെ  ജനകീയൻ പക്ഷെ, എന്നും പേദെ തന്നെ - പോസ്റ്റ്മാൻ.
ഗട്ടി വിരമിച്ചതോടെ അയാളുടെ പെങ്ങളുടെ മകൻ  'ജൂനിയർ ഗട്ടിയായി' കുറച്ചു കാലം സേവനം ചെയ്തു. അത് കഴിഞ്ഞു അൽപം ദീർഘമായി തന്നെ പോസ്റ്റ്മാനായത് കാദർ അരമനയായിരുന്നു. ഗട്ടി നടന്നെത്തുന്നിടത്ത് ഖാദർ തന്റെ സൈക്കിളോടിച്ചെത്താൻ പിന്നെയും കുറെ സമയമെടുത്തു. ഗട്ടി  കുണ്ടും കുഴിയും കുന്നും കുഞ്ചാറും നീളത്തിൽ നടന്ന് ഉച്ചയോടെ ഡെലിവെറി തീർത്തപ്പോൾ, കാദർ സൈക്കിളോട്ടി എത്തേണ്ടിടത്ത് ഡെലിവെറിയെത്തിച്ചു വീട്ടിലെത്തിയത് നേരമേറെ ഇരുട്ടിയും.
പക്ഷെ, പേദെ ജീവിതം  ശരിക്കുമൊരു അനുഭവമായിരിക്കണം കാദറിന്. എന്റെ observation  ശരിയെങ്കിൽ, മക്കൾ എഴുതി അയച്ച മറുപടിക്ക് ശകാരം പറഞ്ഞു തീർത്തിരിക്കുക ഖാദറിനോടായിരിക്കും, അല്ല അന്നത്തെ പേദയോടായിരിക്കും. മകൻ  പണമയക്കാത്തതിനും ഭാര്യയെ കത്തിൽ രണ്ട് പള്ള് പറയാത്തതിനും നമ്മുടെ ഖാദർ എന്ത് പിഴച്ചു, ആവോ !
അതെ, അന്നൊക്കെ പോസ്റ്റുമാൻമാർ ശരിക്കും സന്ദേശവാഹകരായിരുന്നു,  Go-Between, ഒപ്പം ഒരു ഗ്രാമത്തിന്റെ സുഖദു:ഖങ്ങൾ അറിയുകയും ആശ്വസിപ്പിക്കുകയും സ്വയം ഏൽക്കുകയും ചെയ്തിരുന്ന പാസ്റ്റർമാർ.
എന്റെ  എഴുത്ത് വരുന്നതും നോക്കി  ഉമ്മ ഉമ്മറപ്പടിയിൽ  വഴിക്കണ്ണിട്ട്  കാത്തിരിക്കുന്ന രംഗം  സ്വതസിദ്ധമായ ശൈലിയിൽ എനിക്കെഴുതി അറിയിച്ചു സെന്റിയാക്കുക എന്നത് കാദറിനൊരു സുഖമുള്ള ഏർപ്പാടായിരുന്നു. ഖാദർ നിർത്താതെ സൈക്കിളോടിച്ചു പോകുമ്പോൾ നിരാശയോടെ ഉമ്മ അകത്തേക്ക് പോകുമത്രെ. അങ്ങനെ എത്രയെത്ര ഉമ്മമാർ, ഉപ്പമാർ, നല്ലപാതികൾ ...
കാദറിന്റെ ഒരു മദ്ഹ് പറയട്ടെ. ഉള്ളത് പറയാമല്ലോ,  ഇത്ര രസത്തിൽ കത്തെഴുതി കള്ളം ഫലിപ്പിക്കാൻ കാദറിനെ കഴിച്ചു വേണം പട്ലയിൽ മറ്റാരും തന്നെ. തള്ളലിന്റെ പെരുന്തച്ചൻ. അതിലൊരു  പ്രത്യേക സുഖം കണ്ടെത്തിയിരുന്ന  സ്വപ്നജീവി,  ശരിക്കുമവന്റെ കത്തൊരുഴുക്കും സുനാമിയുമായിരുന്നു. 
ബിസ്മില്ലാഹിയുടെ ബി, 786, ചന്ദ്രികയും നക്ഷത്രവും, ഒബില്ലാഹി തൗഫീഖ്, കൈമുത്തിസലാം, കാൽ പിടിച്ചു സലാം, ബാക്കിയെല്ലാം മറുപടിക്ക് ശേഷം, ബാക്കിയെല്ലാം മുഖഭാവിൽ കണ്ടിട്ട്, നാലഞ്ചു ഡസൻ "അറിയക്കണം",  ആളെ എണ്ണിപ്പറഞ്ഞ് സലാം വിതരണം, അയച്ച പൈസയുടെ വീതം വെപ്പ്.. പിന്നൊരു NB, അതിൽ മറന്നു പോയവർക്കു അന്വേഷണങ്ങൾ... കത്തെഴുത്തിന്റെ ആ പഴയ ഓർമ്മകൾക്ക് മരണമേയില്ല.
കത്ത് വായിക്കാൻ ആരെങ്കിലും  വിളിച്ചാൽ ഉപ്പ എന്നെ ഉപദേശിക്കും. കത്തപ്പടി വായിച്ചു കുളമാക്കി വരരുതെന്നാണാ ഉപദേശത്തിന്റെ ഉള്ളടക്കം. ആ വീട്ടിലെ ആരെയെങ്കിലും കുറ്റപ്പെടുത്തി കത്തിൽ എഴുതിയിട്ടുണ്ടെങ്കിൽ അത് വിഴുങ്ങി അടുത്ത വാചകം വായിക്കണമെന്ന് ഉപ്പ നിർദ്ദേശിക്കും. (ചില വിദ്വാന്മാർ എഴുതിയതിലും കൂടുതൽ കത്തിച്ചു വായിച്ചു എണ്ണയൊഴിച്ചു കൊടുത്ത് തിരിച്ചു പോരുമത്രെ ! )
അന്നൊക്കെ പഞ്ചായത്തിരുത്തങ്ങളിൽ കത്തുകൾക്ക് വലിയ റോളുണ്ടാരുന്നു. കത്തിലെ പദപ്രയോഗങ്ങൾ ഉണ്ടാക്കിയിരുന്ന പൊല്ലാപ്പും പുകിലും, പിന്നെ അതിനുള്ള മഅന: വെക്കലും, ഒന്നും പറയണ്ട.
നാട്ടിലേക്ക് വരുന്ന ഗൾഫ്കാരന്റെ പെട്ടിയിൽ രണ്ട് പാക്കറ്റ് കവറും മുന്നോ നാലോ ലറ്റർ പാഡും നിർബന്ധം. കത്തെഴുത്തിന് അന്നത്രയും വില. കല്യാണം നിശ്ചയിച്ചാൽ പെൺകുട്ടികൾ വേറെയൊന്നും പഠിച്ചില്ലെങ്കിലും Letter Drafting എങ്ങനെയെങ്കിലും പഠിച്ചെടുത്തു കളയും. 
ഇക്കഴിഞ്ഞ മുംബൈ പോക്കിൽ ചുരുങ്ങിയ ദിവസങ്ങളിൽ എന്റെ  സുഹൃദ് വലയത്തിലായ ഒരു രസികൻ പറഞ്ഞ അനുഭവം കേട്ടും 'മുദ്ര' ഓർത്തും ഇടക്കിടക്ക് ചിരിച്ചു പോകാറുണ്ട് - പുള്ളിയുടെ കല്യാണം കഴിഞ്ഞു, ലീവ് തീർന്നതോടെ വളരെ പെട്ടെന്ന് തന്നെ ഖതറിലേക്ക് തിരിച്ചു പോകേണ്ടി വന്നു. അയാൾ ഖത്തറിലെത്തിയ ഉടനെ തന്നെ  നാട്ടിലേക്ക് രണ്ടു കത്തുകൾ എഴുതി. ഗമ കുറക്കേണ്ടെന്ന് കരുതി, കത്തെഴുതി ഒട്ടിച്ച്  രണ്ട് കവറിലും അഡ്രസ് ടൈപ്പ് ചെയ്യാൻ വേണ്ടി ഓഫിസിലെ ടൈപ്പിസ്റ്റായ രമേശണ്ണനെ ഏൽപിച്ചുവത്രെ, അതിൽ ഒന്ന് കെട്ട്യോൾക്കുള്ളത്, മറ്റൊന്ന് കെട്ട്യോളെ മാതാശ്രീക്കുളളതും. നാട്ടിൽ രണ്ടു കത്തുകളും അഡ്രസ് തെറ്റാതെ പോസ്റ്റ്മാൻ രണ്ടു വീട്ടിലും എത്തിച്ചു, പക്ഷെ, അകത്ത് എഴുതിയ കടലാസ് മാത്രം പരസ്പരം മാറിപ്പോയ് പോലും ! (അയാൾക്കും ഞാനീ എഴുത്ത് ഇന്ന് പോസ്റ്റ് ചെയ്യുന്നുണ്ട് )
മുമ്പെഴുതിയിട്ടുണ്ട്, എങ്കിലും നന്ദിയും കടപ്പാടും ഒരുവട്ടമെഴുതി തീർക്കേണ്ടതല്ലല്ലോ ഇവയൊന്നും തന്നെ. മായിപ്പാടി മമ്മസ്ച്ചാഉം കരോഡി മമ്മുക്കുച്ചാഉം, എനിക്കവർ ഒരിക്കലും മറക്കാനാവാത്ത രണ്ടു നന്മ ജിവിതങ്ങളാണ്. എന്റുപ്പയുമുമ്മയും ഭാര്യയും നിരന്തരമെനിക്കയച്ചിരുന്ന കത്തുകൾ മാറ്റിവെക്കുകയും അവർ ജോലി ചെയ്തിരുന്ന ശഫീഖ് റെസ്റ്ററന്റിൽ ഞാൻ വരാൻ വൈകിയാൽ ആരോടെങ്കിലും കത്ത് വന്ന കാര്യം പറഞ്ഞേൽപ്പിക്കുകയും, അവിടെ എത്തിയാലുടൻ എത്ര തിരക്കാണെങ്കിലും ആ കത്തുകൾ എന്നെയേൽപിക്കുകയും ചെയ്തിരുന്ന ജേഷ്ടസഹോദരർ.. കത്ത് ജീവിതങ്ങളിൽ ഇതൊക്കെയാണെനിക്ക് ഒളിമങ്ങാതെയുള്ളത്.
ഇന്നതൊക്കെ മാറി, Mail മാറി, Email ആ പണിയേറ്റെടുത്തു. പോസ്റ്റാഫീസ് ഇപ്പോൾ പാസ്പ്പോർട്ടും പാൻകാർഡും ആധാറും ലൈസൻസും എത്തിക്കുവാനുള്ള വെറും കൊറിയർ സർവ്വീസ് പോലെയായി മാറി. DD, M0 എവിടെ ? എല്ലാം നെറ്റ് ബാങ്കിംഗ് കയ്യിലെടുത്തു. പോസ്റ്റ്മാൻമാർ തരപ്പെടുത്തിയിരുന്ന കൈപ്പണമതോടെ നിന്നു.
ബാങ്ക് കടലാസുകൾ, പഞ്ചായത്താപ്പീസ് മെമ്മോകൾ, ഒഫിഷ്യൽ കറസ്പോണ്ടൻസ് ഇതൊക്കെയാണ് ഇപ്പോൾ പോസ്റ്റ് വഴി നടക്കുന്നത്. മറ്റൊന്നും വലുതായില്ല. ചില പരീക്ഷണങ്ങൾ തുടങ്ങി, എന്തോ പബ്ലിസിറ്റിയുടെ കുറവാകാം, ആരും അറിയുന്നല്ല.
വഴിവക്കിൽ വാ തുറന്ന് വിശന്ന വയറുമായി മതിൽതൂങ്ങുന്ന / കുത്തി നാട്ടിയ തപാൽപ്പെട്ടികൾ ഇന്ന് നിത്യ കാഴ്ചയാണ്. ചിലതൊക്കെ തുരുമ്പും പിടിച്ചിരിക്കുന്നു. if l am not wrong, ആളുകൾക്കതൊരു ആവശ്യമേ അല്ലാതായിട്ടുണ്ട്.
ഞാൻ മുമ്പൊരിക്കൽ എഴുതിയിട്ടുണ്ട്, പോസ്റ്റാഫിസുദ്ധരിക്കാൻ തുടക്കം കുറിക്കേണ്ടത് പോസ്റ്റാഫിസ് ഉദ്യോഗസ്ഥർ തന്നെയെന്ന്. ഊർദ്ധ്വശ്വാസം വലിക്കുന്ന ഏരിയകളിൽ നൂതനാശയങ്ങൾ ഇംപ്ലിമെൻറ് ചെയ്താൽ മാത്രം പോര. അത് ശരിയാം വണ്ണം ജനങ്ങളിലെത്തിക്കാനുമാകണം. ചിലയിടങ്ങളിൽ Postal activities  നന്നായി വർക്ക് ചെയുന്നു:ണ്ട്. ചില പക്ഷെകൾ അവിടെയുണ്ട്. 
മനസ്സുണ്ടെങ്കിൽ നമുക്കും  പഴയ കത്തു കാലത്തേക്ക് തിരിച്ചു പോകാവുന്നതാണ്. പഴയ തൂലികാ സൗഹൃദങ്ങളെ ( Pen Pals)  വീണ്ടും പൊടിതട്ടി സജീവരാക്കാം. അങ്ങിനെ കത്ത് കൈമാറ്റം PD വഴിയുമാവാം. ആശംസാകാർഡുകൾ, അനുമോദനച്ചീട്ടുകൾ, കല്യാണക്കുറികൾ എല്ലാം പോസ്റ്റ് വഴി. പക്ഷെ, ബഡ്ജറ്റ് ഇത്തിരി കൂടും, കയ്യൽപം പൊള്ളും. അതിനുള്ള ഏകപരിഹാരം,  ഇത്തരം സേവനങ്ങൾക്ക് പോസ്റ്റiലധികൃതർ പൊതു സ്വീകാര്യമായ ഇളവുകൾ നൽകുക എന്നത് മാത്രമാണ്.
*അവസാനവാക്ക്:*
"നിങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന അപഖ്യാപിത സന്ദർശനങ്ങളാണ് കത്തുകൾ; പോസ്റ്റ്മാനോ ?  ഔചിത്യബോധമില്ലാത്ത ആ അത്ഭുതങ്ങളെത്തിക്കുന്ന കേവലം ശിപായിയും"  Friedrich എഴുതിയ വരികൾ (A letter is an unannounced visit, the postman the agent of rude surprises)  എനിക്കിങ്ങനെ ഭാഷാന്തരം ചെയ്യാനാണിഷ്ടം.

No comments:

Post a Comment