Sunday 10 November 2019

പ്രവാചകനും കുട്ടികളും / A M P


*കുട്ടികള്‍ കാരുണ്യമര്‍ഹിക്കുന്നു; ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരുടെ മഹത്വം തിരിച്ചറിയാത്തവരും നമ്മില്‍ പെട്ടവനല്ല; നിറഞ്ഞ സദസിലും കുരുന്നുകള്‍ക്ക് പരിഗണന നല്‍കിയ തിരുനബി; ഓര്‍ത്തെടുക്കാം ആ കാര്‍ക്കശ്യമുള്ള വാക്കുകള്‍*
------------------------------------------
http://www.kvartha.com/2019/11/article-about-prophet-muhammad.html?m=1

ഒരു സദസ്സ്; വേണ്ടപ്പെട്ടവരുണ്ട്.  കുഞ്ഞുമക്കൾ മുതൽ കാരണവവന്മാർ വരെ. സൽക്കാര സമയമായി. ആദ്യം ആർക്ക് നൽകും ?
ആർക്കാണാദ്യം പരിഗണന ?

ഇതാ ഒരു മനുഷ്യൻ ചരിത്രത്തിൽ. ഒരു സദസ്സിന് മധ്യത്തിൽ. കയ്യിൽ സ്വാദിഷ്ടമായ പാനീയം. അദ്ദേഹമതൽപം പാനം ചെയ്തു. വലുതു ഭാഗത്തു നോക്കിയപ്പോൾ കണ്ണുടക്കിയത് ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയിൽ. ആ കുട്ടിയെ അദ്ദേഹം അടുത്ത് വിളിച്ചു.

ഇന്നിയാണ് കാരുണ്യവർഷത്തോടൊപ്പം എളിമയുടെയും പരിഗണനയുടെയും ശീതളഛായ ! അരികത്ത് അരുമപോലെ ഒട്ടിനിന്ന ആ കുട്ടിയോട് അദ്ദേഹം :" കുഞ്ഞു മോനേ, ഈ പാനീയം  പ്രായമുള്ളവർക്ക് കൊടുക്കാൻ നീ എനിക്ക് സമ്മതം തരുമോ?"

അവിടെ ഹീറോ കുട്ടിയാണ്. അവൻ  അനുവാദം തന്നാൽ പാനീയം മുതിർന്നവർക്ക്. ഇല്ലെങ്കിൽ ഇല്ല.    കുട്ടി "നോ" പറഞ്ഞു; തനിക്ക് തന്നെ വേണമെന്നവൻ ശാഠ്യം പിടിച്ചു.

കുട്ടിയുടെ ആ പ്രതികരണമിങ്ങനെയാണ് :
"അങ്ങയിൽ നിന്ന് എനിക്ക് ലഭിക്കുന്ന ഈ പാനീയം മറ്റാർക്കും കൊടുക്കാൻ ഞാൻ തയ്യാറല്ല."

അത് കേട്ടദ്ദേഹം മന്ദസ്മിതം തൂകി. സദസ്സ് നിശ്ചലം. അവിടെ കൂടിനിന്ന മുതിർന്നവരും  കാരണവന്മാരും എല്ലാവരും ഇത് കാണുന്നുണ്ട്. അവരെയൊന്നും കേൾക്കാതെ ആ കുഞ്ഞിന്റെ അവകാശം അദ്ദേഹം വകവെച്ചു കൊടുത്തു, അദ്ദേഹം ചുണ്ടോടടുപ്പിച്ചു ആ പാനീയം ആ കുസൃതിക്കുടുക്കയ്ക്ക് സന്തോഷപൂർവ്വം  നൽകി !

ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഈ സംഭവത്തിൽ,  കുട്ടിയുടെ യെസ്/നോ അനുവാദത്തിനായി കാത്തുനിന്ന ആ മഹാമനീഷി ആരാണെന്നോ ?  പ്രവാചകൻ മുഹമദ് (സ) അല്ലാതെ മറ്റാരുമായിരുന്നില്ല.

പ്രവാചകന് കുട്ടികൾ അത്ര ഇഷ്ടമായിരുന്നു. അവരുടെ കാര്യത്തിൽ അത്രമാത്രം ശ്രദ്ധയായിരുന്നു. അവരുടെ ഇഷ്ടങ്ങൾക്ക് അദ്ദേഹം കുന്നോളം പരിഗണന നൽകിയിരുന്നു. അവരുടെ അഭിപ്രായങ്ങൾക്ക് അർഹിക്കുന്ന  മുഖവില നൽകിയിരുന്നു.

പ്രവാചകൻ അരുളി: "ചെറിയവരോട് കരുണ കാണിക്കാത്തവരും വലിയവരുടെ മഹത്വം തിരിച്ചറിയാത്തവരും നമ്മിൽ പെട്ടവനല്ല."

കുട്ടികൾ കാരുണ്യമർഹിക്കുന്നു, അവരിൽ എളിമയുടെ തണൽക്കുട വിരിക്കാൻ മുതിർന്നവർക്കാകണം എന്ന പ്രാവാചകന്റെ കാർക്കശ്യമുള്ള നിർദേശം.

പ്രവാചചക പത്നി ആയിശ (റ) പറയും:  നബി(സ)യുടെ അടുക്കൽ കുഞ്ഞുങ്ങളെ കൊണ്ടുവരികയും, അദ്ദേഹം അവർക്ക് അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം നുണയാൻ അവർക്ക് മധുരവും  നൽകിയിരുന്നു.

മക്കയിൽ ഒരിക്കൽ നബി (സ) വന്നപ്പോൾ അദ്ദേഹത്തെ സ്വീകരിച്ചത് ഏതാനും കൊച്ചു കുട്ടികളായിരുന്നു. അവരിൽ ഒരാളെ പൊക്കിയെടുത്ത് നബി തന്റെ ഒട്ടകത്തിന്റെ മുന്നിൽ ഇരുത്തി, മറ്റൊരാളെ പിറകെയും. ഊഹിക്കുന്നതിലപ്പുറം. തികച്ചും അപ്രതീക്ഷിതം. ഒന്നോർത്തു നോക്കൂ,  അന്നേരം ആ കുരുന്നുകളുടെ സന്തോഷം എത്രമാത്രമായിരിക്കുമെന്ന് !

പ്രവാചകന്റെ ഒരു ഭൃത്യൻ പറയുന്നുണ്ട്:  ജനങ്ങളിൽ വെച്ച് ഏറ്റവും നല്ല സ്വഭാവമുള്ള വ്യക്തിയായിരുന്നു എനിക്ക് തിരുനബി. എനിക്ക് അബൂ ഉമൈർ എന്ന് പറയുന്ന ഒരു സഹോദരനുണ്ടായിരുന്നു. നബി(സ)യുടെ അടുക്കൽ ചെന്നാൽ അദ്ദേഹമവനോട് കളിതമാശ പറയും. സല്ലാപത്തിലേർപ്പെടും.  അവന്റെ ഓരോ ക്ഷേമകാര്യങ്ങളും അദ്ദേഹം ചോദിച്ചറിയും. ഉത്സാഹത്തോടെ കുഞ്ഞനിയൻ മറുപടി പറഞ്ഞുകൊണ്ടേയിരിക്കും.  ഒരു ദിവസം കുഞ്ഞനിയനോട് നുഗൈറിനെ കുറിച്ചായിരുന്നു ആരാഞ്ഞത് !  (നുഗൈർ എന്നത് ആ കുട്ടി വീട്ടിൽ ലാളിച്ചു വളർത്തുന്ന ഒരു കുഞ്ഞു പക്ഷിയായിരുന്നു). ആ കുഞ്ഞനിയന്റെ കുഞ്ഞിക്കിളിയുടെ കൊഞ്ചലിന് പോലും പ്രവാചകന്റെ മനസ്സിൽ കുരുവിക്കൂടുപോലെ ഒരിടമുണ്ടായിരുന്നു.

No comments:

Post a Comment