Friday 29 November 2019

ഫ്രീക്കൻ* " *പ്രേക്ഷകാസ്വാദനത്തിനപ്പുറം നൽകിയത്* / അസ്ലം മാവിലെ

" *ഫ്രീക്കൻ* "
*പ്രേക്ഷകാസ്വാദനത്തിനപ്പുറം നൽകിയത്*
.................................
അസ്ലം മാവിലെ
.................................

http://www.kasargodvartha.com/2019/11/article-about-darama-freaken.html?m=1

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇന്നലെ  നടന്ന "ഫ്രീക്കൻ" നാടകം എല്ലാ ആസ്വാദകർക്കും ഒരേ വാർപ്പിൽ തീർത്ത സന്ദേശമായിരിക്കില്ല നൽകിയിരിക്കുക. അങ്ങിനെ ഒരാസ്വാദനം നൽകുന്നതും ശരിയല്ലല്ലോ.

അരങ്ങൊരുക്കിയ കലാവിരുത് മുതൽ ഫ്രീക്കൻ കാഴ്ചാനുഭവം നൽകിത്തുടങ്ങി. ഏറ്റവും ചടുലമായി അവതരിപ്പിക്കേണ്ട കുട്ടി തന്നെ മുഖ്യകഥാപാത്രമായി പ്രേക്ഷകരുടെ മനവും കവർന്നു.

നിലവിലുള്ള സാമൂഹിക രാഷ്ട്രിയ ചുറ്റുപാടുകളിലേക്ക് ഒളിയമ്പെയ്താണ് നാടകം തുടങ്ങുന്നതും തുടരുന്നതും പര്യവസാനിക്കുന്നതും. ഏകശിലാ സംസ്കാരവും ഏകകക്ഷീ അധികാരവും തുടങ്ങി സർവ്വ ഒറ്റമുഖ ശാഠ്യങ്ങൾക്കും ഒറ്റക്കണ്ണൻ പ്രതിഭാസങ്ങൾക്കും നേരെ  നാനാത്വഭാരതം ( ജനത )  പ്രകടിപ്പിക്കുന്ന പ്രതിഷേധശബ്ദമാണ് കുഞ്ഞുമക്കൾ അവരുടെ പരിമിതികൾക്കകത്ത് നിന്ന് ഫ്രീക്കനിലൂടെ അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിച്ചത്.

ഒരു സ്കൂൾ പശ്ചാത്തലത്തിൽ നിന്നാണ് കഥാപാത്രങ്ങൾക്ക് ജീവൻ വെച്ചു തുടങ്ങിയത്. കർക്കശക്കാരനും വെള്ള ജുബ്ബക്കാരനുമായ അധ്യാപകനും അധ്യാപകനെ അരയ്ക്ക് മുകളിൽ അനുകരിക്കുന്ന വെള്ളക്കുപ്പായക്കാരുമായ കുട്ടികളും നല്ല നാടകവായന സുഖം തരുന്നുണ്ട്.

മതിലിൽ തൂക്കിയ യൂണിഫോം തന്നെ തലയില്ലാത്ത മനുഷ്യർ ആർക്കോ വേണ്ടി തൂങ്ങിയാടുന്നതു പോലെയാണ് പ്രേക്ഷകന് ഒറ്റനോട്ടത്തിൽ തോന്നുക. അതൊരു അടിച്ചേൽപ്പിക്കലിന്റെ പ്രതീകമായിരുന്നു. നമുക്കിഷ്ടമില്ലാത്തത് ധരിപ്പിക്കാനുള്ള (വസ്ത്രമായാലും നിയമ ശാസനകളായാലും)  അധികാരികളുടെ പണ്ടുക്കും പണ്ടേ തുടങ്ങിയ ശ്രമങ്ങൾ നമുക്കാ നാടകമാസ്വദിക്കുമ്പോൾ കൺമുന്നിൽ മിന്നി മറയും.

ഫ്രീക്കൻ പയ്യൻ മാത്രമാണ് അപവാദം. അവൻ തോന്നുമ്പോൾ വന്നും തോന്നിയത് ധരിച്ചും,  (നമുക്ക് ) തോന്നേണ്ടതു പറഞ്ഞും കൊണ്ടേയിരുന്നു. ഉച്ചയൂണിന് എത്തിയത് പോലും പേടിച്ചല്ല, പേടിച്ചവന്റെ കുപ്പായച്ചെലവിലാണ്.  അധ്യാപകന്റെ -  അധികാരിയുടെ - കണ്ണുരുട്ടലുകൾ ഫ്രീക്കന്റെ ആത്മവിശ്വാസത്തിന് വീര്യം നഷ്ടപ്പെടുത്തിയതേയില്ല, മറിച്ച് അവന്റെ നിലപാടുകൾക്കും ശരികൾക്കും ഇടപെടലുകൾക്കും ആത്മവീര്യം നൽകിക്കൊണ്ടേയിരുന്നു. ആവശ്യമുള്ളപ്പോഴൊക്കെ ഫ്രീക്കൻ അധികാരിയുടെ - അധ്യാപകന്റെ - മുറ്റത്ത് എത്തി. അവന്റെ മുഖം മാത്രം പ്രസന്നമായിരുന്നു, ബാക്കിയുള്ളവരൊക്കെ അധ്യാപകന്റെ ചൂരലിനെ പേടിച്ചു പനി പിടിച്ചു കൊണ്ടേയിരുന്നു,

തുറന്ന ചർച്ചക്ക് മതിലെഴുതുന്ന അധികാരിയുടെ ആസ്ഥാനകലാകാരനും ( ആസ്ഥാന ബു ജിക്കും) സംസ്ക്കാരം എന്ന മതിലെഴുത്തിലെ വാക്കിന് ലളിത സാരം പറഞ്ഞു കൊടുക്കുന്നതും ഫ്രീക്കൻ തന്നെയാണ്. നിറക്കൂട്ടുള്ള കുപ്പിവളകൾ വിൽക്കുന്ന   വാണിഭക്കാരന്, സാധാരണക്കാരന് വേണ്ടി പാടിത്തിമർത്ത മണിയുടെ ജനകീയ വായ്പ്പാട്ടുകൾ പാടി വൈവിധ്യങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ  മാർക്കറ്റിംഗ്‌ തന്ത്രം പറഞ്ഞു കൊടുക്കുന്നതും ഫ്രീക്കൻ തന്നെ. ഒറ്റ ബ്രാൻഡല്ല എന്നുറപ്പുവരുത്തിയാണ് ഫ്രീക്കൻ അതിന് തുനിയുന്നതും.

അസംസ്തൃപ്തരായ ശിഷ്യരുടെ - പ്രജകൾ - മുന്നിൽ അതിലും അസ്വസ്ഥനായ അധികാരി അവസാനം  രോഗസ്ഥനാകുന്നു. അയാളുടെ  ചികിത്സക്ക് വഴിയൊരുക്കാൻ ശിപായി സഹായം തേടുന്നതാകട്ടെ ഫ്രീക്കനെയും;   "ഫ്രീക്കൻ മോഡൽ" ദിവ്യനെ ഒരുക്കി ഫ്രീക്കൻ ടച്ചുള്ള മരുന്ന് നിർദ്ദേശിക്കുവാൻ അരങ്ങൊരുക്കുന്നതിലും ഫ്രീക്കന്റെ  ഇടപെടലുണ്ട്.

വൈവിധ്യങ്ങളും വൈജാത്യമുള്ളിടത്തേ മാനവിക സംസ്ക്കാരങ്ങൾ പടർന്നു പന്തലിക്കുകയുള്ളു. അതിന്റെ സ്വാതന്ത്ര്യ പുലരിയാണ് ഈ തലമുറയിലുണ്ടാകേണ്ടതെന്ന സന്ദേശം  സ്വാതന്ത്ര്യദിനമൊരുക്കി  ഫ്രീക്കൻ നൽകുന്നു. ഉടുക്കാനും കഴിക്കാനും കുടിക്കാനും ആടാനും പാടാനും പറയാനും സംസാരിക്കാനും ഭരണകൂടവും അധികാരികളുമല്ല അജണ്ട നിശ്ചയിക്കേണ്ടതെന്നും  വസ്ത്രവും ഭക്ഷണവും പാനീയവും  കലയും ഭാഷവും തെരഞ്ഞെടുക്കാനുള്ള അവകാശം പൗരന്റെതാണെന്നു,  ജയിക്കാനല്ല തോൽക്കാനുള്ള മനസ്സാണ് എല്ലാവർക്കും ഉണ്ടാകേണ്ടതെന്നും നാടകം ഓർമിപ്പിക്കുന്നു.

ഫ്രീക്കൻ എന്ന് പറയാൻ എളുപ്പമാണ്. അതാകാൻ നമുക്കാവതുണ്ടോ എന്നത് സ്വയം ഒന്നുകുറമുപ്പത് വട്ടം ചോദിക്കേണ്ട ആദ്യ ചോദ്യങ്ങളിൽ ഒന്നാണ്. തന്റെ കുപ്പായം - വൈവിധ്യങ്ങൾ ആകാശം തീർത്ത വർണ്ണശലഭക്കുപ്പായം - അധികാരിക്കും അധ്യാപകനും ധരിപ്പിച്ചേ ഫ്രീക്കൻ കളം വിട്ടുള്ളൂ. അധികാരിയുടെ മൊഴിഭാഷയും ശരീരഭാഷയും മാറ്റാനും മറന്നതുമില്ല.

വർത്തമാനകാലത്തെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലിൽ ഏറെ പ്രസക്തമായ നാടകം. കാണേണ്ട നാടകം. ഫ്രീക്കൻ പയ്യനായി അരങ്ങിൽ വന്ന കുട്ടിയെ ഉമ്മ വെക്കാൻ തോന്നി, അത്രയും നന്നായിരുന്നു കുഞ്ഞു നാടകകലാകാരന്റെ അഭിനയം. 

( www.kasargodvartha.com )

No comments:

Post a Comment